Friday, January 31, 2020

rejishankar


പ്രയം
ആൽക്കെമി പോലെയാണ്
 .
ദേശാന്തരങ്ങളിലൂടെ
മറ്റെല്ലാം ഊരിയെറിഞ്ഞ്
ഹൃദയത്തിന്റെ വാതായനങ്ങൾ തുറന്നിട്ട്
മഞ്ഞും മഴയും എരിവെയിലുമറിയാതെ
നദിപുളിനങ്ങളും വനനികുഞ്ചങ്ങളും 
മണൽക്കാടുകളും താണ്ടി
പ്രണയത്തോട് മരണംകൊണ്ടു
പ്രതികാരം ചെയ്തവരുടെ വിലാപങ്ങളും
 പ്രണയത്തിൽ കുതിർന്നുപോയവരുടെ 
പതുപതുപ്പും കടന്ന്‌ താമരകൾക്കിടയിൽ
 മേയുന്ന ഇണയരയന്നങ്ങളുടെ
 അനുരാഗാനദിയിൽ മുങ്ങി നിവർന്നു,
നിലാവിൽ വീണ പിരമിഡുകളുടെ,
 പനയോലകളുടെ നിഴലിലിരുന്ന് 
അലിഞ്ഞലിഞ്ഞ് പാടി
ചന്ദ്രികയെ അലിയിച്ചുതിർത്തൊരു
 വെളിച്ചക്കടലാക്കിയാലും പ്രണയത്തിന്റെ
 ഒരിലയനക്കം പോലും ഉണ്ടാകണമെന്നില്ല.

ഉറകെട്ട ജീവിതങ്ങൾ
ഏഴല്ല, എഴുന്നൂറ് ജന്മങ്ങൾ 
ഒരുമിച്ചു സഞ്ചരിച്ചാലും 
മരിച്ചവരെപ്പോലെ പുണർന്നും വേർപെട്ടും 
മൈലുകൾ മനസ്സുകൊണ്ടളന്നങ്ങനെ നീളും.

നിന്റെ ഹൃദയാഴങ്ങളിലേക്കുള്ള 
എന്റെ മുങ്ങിക്കപ്പൽ ചലിക്കുന്നതില്ലന്ന് 
നീ മാത്രമറിഞ്ഞ രഹസ്യം.

കളഞ്ഞുപോയ പ്രിയപ്പെട്ടതിനെ
ഓർക്കാതിരിക്കെ കണ്ടെത്തിയ
നടുക്കം പോലൊരു ഇഷ്ടത്തെ
 കണ്ടെത്തുമ്പോളാണ്,
ഹൃദയം രോമകൂപങ്ങലിലൂടെ 
ശാഖികൾ നീട്ടി തളിർത്ത്
 ഉടലാകെ പൂത്തുലയുന്നത്.
അതിൽ, കണ്ണിൽ വിരിയുന്നതിനെയാണ് 
മാലാഖമാർ പൂജയ്ക്കെടുക്കാറുള്ളത്.


പ്രണയം,
ആൽക്കമിയാണ്.
അതു, ഉള്ളിൽ ചടഞ്ഞുപോയ 
താമരനൂലുകൾ
സ്വർണ്ണ നാരുകളാക്കുന്നു.
വാക്കുപോയ ഹൃദയങ്ങളെ 
പരസ്പരം പണിയുന്നു.

മായാത്ത കാഴ്ചകളിലല്ല
വിനാഴികളുടെ കൈക്കുമ്പിളിലും
വിദൂരതയുടെ സുതാര്യതയിലുമാണ്
അതിരിക്കുന്നതെന്ന് 
ഞാനറിയുന്നില്ലന്നത്
നീ മാത്രമറിയുന്ന രഹസ്യം.

എന്തിനാണിങ്ങനെ
പൂക്കൾ വിരിയുന്നതെന്ന്‌
ഞാൻ തലപ്പുകയുമ്പോൾ
നിന്റെമുഖം എന്തായിരുന്നുവെന്ന് 
ഞാൻ അറിഞ്ഞിരുന്നില്ലന്നത് മാത്രം 
ഒരു രഹസ്യമല്ല.

Thursday, January 30, 2020

സുൽത്താൻ സൈനുൽ ആബിദിൻ നാശത്തെ
മുന്നറിയിച്ച  നക്ഷത്രം തെളിഞ്ഞു മറഞ്ഞു 
സംവത്സരങ്ങൾ കടന്നുപോയി 
വെള്ളം മണിമകുടങ്ങളെ മൂടിപ്പുതച്ചു 
പറഞ്ഞു വെച്ചതുപോലെ 
ഇളനീർ കൂടുകളോടെ ഗോപുരങ്ങളെ ചവുട്ടി കടന്നുപോകുമ്പോൾ 
ഓന്നൊന്നായ് പാൽപ്പല്ലുകൾ പോലെ വീണ സാമ്രാജ്യങ്ങൾ 

മുൻപ് കിഴക്കു നിന്നും പുറപ്പെട്ട മൂന്നു ജ്ഞാനികൾക്കും 
അവരുടെ ഒട്ടകങ്ങൾക്കും വഴികാട്ടിയത് ഇതേ നക്ഷത്രമായിരുന്നു 
നിങ്ങൾക്കറിയുമല്ലോ യൂദന്മാരുടെ രാജാവു പിറന്നപ്പോൾ ..
ഇത് വീണ്ടും വരുമ്പോൾ നാമുണ്ടായിരിക്കാം ഒരുവേള 
ഒട്ടകങ്ങൾ ഇല്ലാതായേക്കാം അല്ലെങ്കിൽ  ആരുമറ്റുപോയേക്കാം 
ഒന്നിനുമൊരുറപ്പില്ല എന്തെന്നാൽ 
എല്ലാം മുമ്പെങ്ങോ നടന്നുകഴിഞ്ഞിട്ടുള്ളതാണ് 
ഈ ഉച്ചയുമീ പാട്ടും എന്നെ കടന്നുപോകും വാഹനങ്ങളും 
എല്ലാം ശിഥിലമായ താഴികക്കുടത്തിൽ അമർന്നിരിക്കും പീലിമയിലിനെ 
എന്നോ ഒരുനാളിൽ ഞാൻ കണ്ടതാണ് .എവിടെയെന്നറിയില്ല.
 
കാലം അലകൾ മേയ്ച്ചുകൊണ്ടിരിക്കുകയാണ് 
ഞാൻ മറ്റൊരു ഗ്രാമത്തിലേക്ക് പോകുകയാണ് 
കർപ്പൂര മരങ്ങൾ മുജ്ജന്മ സ്മൃതിയിൽ അലയടിക്കുന്ന 
അവിടെയും എങ്ങനെയോ വന്നു ചേരുന്ന പേക്കിനാവുകൾ 
പച്ചമരുന്ന് തേടിപ്പോകും കാട്ടുവൈദ്യരുടെ കത്തിലെ 
കരിംപൂതങ്ങളുടെ മുരൾച്ച  എന്റെ വീട്ടിലെനിക്കു കേൾക്കാം
ദൂരെ മലകളിൽ തീ പടരുന്ന ഈ രാത്രിയിൽ 
ഇതും എനിക്ക് പരിചയമല്ലൊ 
.




Tuesday, January 28, 2020

ശിഥില താളം:krishnakumar


നിയും പിറക്കുമോ പുലരിയിൽ നിറവാർന്ന
മധുക്കണം പെയ്യുന്ന നല്ല നാളെ
ഇനിയും ഞാൻ കാണുമോ പത്രത്തിൽ
നന്മതൻ നനവൂറി നിൽക്കുന്ന നല്ല കാഴ്ച്ച.
എവിടെയും ചോരക്കറയാലെ വിങ്ങിയ
ഹൃദയത്തുടിപ്പിന്റെ വിരഹ താളം
എവിടെയും നന്മകൾ മരവിച്ചുണങ്ങിയ
ഇരുൾ വീണ മനസ്സിന്റെ ശിഥില താളം.
ഇന്നത്തെ പത്രം മെല്ലേയെടുത്തു ഞാൻ
ഒന്നാം പുറത്തിലെ കാഴ്ച്ച നോക്കി,
ട്രെയിൻ തട്ടി ചത്ത കാട്ടാനയെ ഞാൻ
സഹതാപമോടെ നോക്കി നിന്നു.
കസ്റ്റഡിമരണവും കർഷക മരണവും
ഒന്നാം പുറത്തിൽ നിറഞ്ഞു നിന്നു.
ചായയോടൊപ്പം ഒന്നു കടിക്കുവാൻ
രണ്ടാം പുറം ഞാൻ മറിച്ചു നോക്കി
പൊട്ടിയ റോഡും മലവെള്ളപാച്ചിലും
പൊള്ളുന്ന വിലയുള്ള പെട്രോളിൻ വാർത്തയും
രണ്ടാം പുറത്തിന്റെ മാറ്റുകൂട്ടി
പിന്നെയും പിന്നെയും കാണാപുറങ്ങളിൽ
ഒരുപാട് കാഴ്ച്ചകൾ കണ്ടുപോയ് ഞാൻ,
ചോര മണക്കുന്ന പിഞ്ചുകിടാവിനെ
പള്ളിമുറ്റത്തേക്ക് തൂക്കിയെറിഞ്ഞതും,
മുലകുടി മാറാത്ത പിഞ്ചു കിടാവിനെ
ക്രൂരമായ് കാമിച്ച് കൊന്നു കളഞ്ഞതും
പെങ്ങളായ് മകളായ് അമ്മയായ് തീരണ്ട
പൊന്നു കിടാങ്ങളെ പിച്ചിയെറിഞ്ഞതും,
ദൈവത്തെ രക്ഷിക്കാൻ തെരുവിലിറങ്ങി
മുറിയാതെ ഉച്ചത്തിൽ ജാഥ വിളിച്ചതും
സഹതാപമോടെ ഞാൻ നോക്കി നിന്നു.
കാണാപുറങ്ങളിൽ തേടി നടന്ന ഞാൻ
ചരമ കോളത്തിന്റെ അരികിലെത്തി
ഇതുവരെ കാണാത്ത പലവിധം ചിത്രങ്ങൾ
ചരമ കോളത്തിൽ നിറഞ്ഞുനിന്നു.
എവിടെയും ചോരക്കറയാലെ വിങ്ങിയ
ഹൃദയത്തുടിപ്പിന്റെ വിരഹ താളം
ഇനിയും പിറക്കുമോ പുലരിയിൽ നിറവാർന്ന
മധുക്കണം പെയ്യുന്ന നല്ല നാളെ..


എന്റെ രാഷ്ട്രത്തിന്റെ ആകാശത്ത് : വിഷ്ണു പ്രസാദ്‌

ന്റെ രാഷ്ട്രത്തിന്റെ ആകാശത്ത്
ഒരു രാത്രി ഒരു തല ഉദിച്ചു വന്നു.
ആ രാത്രി പുറത്തിറങ്ങിയവരെല്ലാം
ആകാശത്ത് ഒരു തല കണ്ട് സ്തബ്ദരായി.

കുന്നുകളിൽ നിന്നും സമതലങ്ങളിൽ നിന്നും
കാടുകളിൽ നിന്നും കായലുകളിൽ നിന്നും
നദികളിൽ നിന്നും നഗരങ്ങളിൽ നിന്നും
അവരതിനെ നോക്കി നോക്കി വിസ്മിതരായി

ആദ്യമൊക്കെ സംശയിച്ചും
പിന്നെപ്പിന്നെ ഉറപ്പിച്ചും
അവർ ആ തലയെ നോക്കി വിളിച്ചു :
ഹിറ്റ്ലർ ... ഹിറ്റ്ലർ ...
മുറിമീശയുള്ള ആ ഭീകരൻ തല
എന്റെ രാജ്യത്തെ നോക്കിച്ചിരിച്ചു.
ആകാശത്തു നിന്ന് ചോര പെയ്തു.

ഞങ്ങൾ ഭയന്ന് കതകടച്ചും കണ്ണടച്ചും കിടന്നു.
ഉണർന്നപ്പോഴും ഇരുട്ടിന്റെ ചിറകുവിരിച്ച്
ആ തല അവിടെത്തന്നെ നിന്നു .
അതിന്റെ മുഖരോമങ്ങൾ വളർന്നു
അത് ഞങ്ങളെ നോക്കി വിളിച്ചു :
'ഭായിയോം ബഹനോം ...'
പക്ഷേ, രക്തമൊഴുകുന്ന ഒരു വാൾത്തല
അദൃശ്യമായ കരങ്ങളാൽ
മേഘങ്ങൾക്കിടയിൽ നിന്ന്
അത് വലിച്ചൂരി
ഞങ്ങളുടെ വീടുകളിലേക്ക് ചൂണ്ടി.
അതിന്റെ വാൾത്തല നീണ്ടു നീണ്ടു വന്ന്
ഞങ്ങളുടെ വീട്ടു വാതിലുകളിൽ കുത്തി നിന്നു.

ആ വാൾത്തലയുടെ അസഹ്യമായ ചൂടിൽ
ഞങ്ങളുടെ പാടങ്ങൾ കരിഞ്ഞു.
ഞങ്ങളുടെ കർഷകർ സ്വന്തം മണ്ണിൽ
കരിഞ്ഞു വീണു.
ഞങ്ങളുടെ കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ
പിടഞ്ഞു വീണു.

'ഹിറ്റ്ലർ ഹിറ്റ്ലർ ഇറങ്ങിപ്പോകൂ
ഞങ്ങളുടെ രാജ്യത്തിന്റെ ആകാശം
തിരിച്ചു തരൂ 'എന്ന്
ഒഴിഞ്ഞ പാത്രങ്ങൾ മുട്ടി ഞങ്ങൾ പാടി.

ഓരോ വീടുകളിൽ നിന്നും ഞങ്ങൾ ഇറങ്ങി
വരി വരിയായി നടന്ന് തെരുവുകളിൽ കൂടി
മനുഷ്യരായ മനുഷ്യരെല്ലാം കെട്ടിപ്പിടിച്ച് കരഞ്ഞു.
ആകാശത്തേക്ക് നോക്കി
ഞങ്ങൾ ഉച്ചത്തിൽ പാടി :
ഹിറ്റ്ലർ ഹിറ്റ്ലർ ഇറങ്ങിപ്പോകൂ
ഹിറ്റ്ലർ ഹിറ്റ്ലർ ഇറങ്ങിപ്പോകൂ

ഞങ്ങളുടെ പാട്ടുകൾ മേഘങ്ങളായി പൊന്തി
മേഘങ്ങളിൽ ഞങ്ങൾ കരുതി വെച്ചിരുന്ന ഇടിവാളുകൾ
ആ തല നൂറായ് നുറുക്കി കടലിലെറിഞ്ഞു
നക്ഷത്രങ്ങൾ വീണ്ടും തെളിഞ്ഞു.
മനുഷ്യർ മനുഷ്യരെ സ്നേഹിച്ചില്ലെങ്കിൽ
ആ തല നമ്മുടെ ആകാശത്ത് വീണ്ടുമുദിക്കുമെന്ന്
ഞങ്ങൾ ഞങ്ങളുടെ കുട്ടികളോട് പറഞ്ഞു

Thursday, January 16, 2020

മരണത്തെ കവർന്നവൻ rejishankar bodhi


നിയവൻ
ഒരവദൂതനേപ്പോലെ
മുളവടിയുമേന്തി മുന്നിലുണ്ടാവും.
മരണം.!
അതെ,ആത്മഹത്യ!
ഭീരുവിൻറെ,പിടികിട്ടാ മറവിലേക്കുള്ള
 ഒളിച്ചോട്ടമാണന്ന് പറഞ്ഞ വിഡ്ഢിയാര്?
അവനറിയില്ലല്ലോ,മരണം
ചിലതവസാനിപ്പിക്കാനുള്ളവരുടെ
തുടക്കമാണന്ന്!
നരഭോജികളായ നായ്ക്കൾ 
ഉറങ്ങാതെ ഓരിയിട്ട് നടക്കുന്ന
ഈ തെരുവുകളിൽ
ഇനിയവൻറെ നിഴലില്ലാത്ത
അനക്കങ്ങളുണ്ടാവും
ഭയമില്ലാത്ത ലോകത്തേക്കൊരു വാതിൽ 
ഈ തെരുവുകൾ
തുറന്ന് വെക്കും.
നീയിത്കേൾക്കുന്നുണ്ടോ?
മുഴുനിലാവ്
മലക്ക് പിന്നിൽ നിന്ന്
നിഴൽ വീഴ്ത്തുന്ന ഈ പാതിരാത്രിയിൽ
അടിവാരത്ത്,
പണ്ടെങ്ങോ വറ്റിപ്പോയ
മഹാനദിക്കരയിൽ,
അതേ ഉണക്കമരത്തിൽ ചാരിയിരുന്ന്
ചത്ത് കെട്ട്പോയവർ ജീവൻറെ
പാട്ട്പാടുന്നു.
പോയാണ്ടിലെ നൊമ്പരവും
വേദനയും ഇപ്പോഴതിനില്ല.!
ഇനി
നീയിതോർത്ത് വെക്കണം:
നിൻറെ ആരംഭങ്ങളിലൊക്കെയും
ഒരു മുളയൊച്ചയായ്
മുമ്പേ അവനുണ്ടാവും.
അവസാനമായി;
(ഇത് നീ അറിഞ്ഞില്ലെങ്കിൽ പോലും)
ശരികെടുമ്പോൾ,
നീയവനെ ധരിച്ച് എരിഞ്ഞ് നിൽക്കും.!!
അവൻ;
കടന്ന്ചെന്ന് മരണത്തെ
കവർന്നെടുത്തവൻ.
മരവിച്ച് കിടന്ന
യാത്രകളുടെ തുടക്കം!!

ഉന്മാദിയുടെ ഊട്ടുപുര - അരുന്ധതി മധുമേഘ







ത്, 
ഉന്മാദിയുടെ ഊട്ടുപുര
അവള്‍ വിശപ്പിനൊപ്പം നൃത്തം ചെയ്യുന്നു
പച്ചയിറച്ചി കടിച്ചുവലിച്ച് 
ഹൃദയതാളത്തിന്റെ ഗതിക്കൊപ്പമല്ലാതെ 
തെരുവിലൂടെ കുണുങ്ങി നടക്കുന്നു.
ചിലനേരം ഉള്ളിലിരിപ്പുകളോട് തര്‍ക്കിച്ച്, 

കലഹിച്ച്
കലിമൂത്ത് കുലുങ്ങിയോടുന്നു.

ഇവള്‍ മുഷിഞ്ഞവള്‍, വായത്തലപോലെ വെട്ടരിവാള്‍
മനസ്സിന്റെ വാതില്‍ മലര്‍ക്കെത്തുറന്ന് 
ചടച്ച മുടിയിഴകള്‍ വലിച്ചിഴച്ച് 
ജീവിതം കെട്ടിമുറുക്കുന്നു
പിടലി ക്ഷയിച്ച ഗതകാലത്തിലേക്ക് 
ഉറ്റുനോക്കിയിരുന്ന് വിലപിക്കാതെ
വിശപ്പ് വെന്ത വയറിന്റെ വേവറിയാതെ
വേനല്‍പ്പൂക്കളെയെല്ലാം പറിച്ചെടുത്ത്
മഴക്കെടുതിയിലേക്കെറിഞ്ഞു രസിക്കുന്നു.
തുറിപ്പിച്ച കണ്ണുകളില്‍ തീ നട്ട്
ഉച്ഛ്വാസത്തിന്റെ ഉലച്ചൂടില്‍ തീപിടിച്ചവള്‍
ചെതുക്കിച്ച വിറക് തിരുകിയെരിച്ച് 
പുകപ്പുരയില്‍ കിതക്കുന്നു
ഇവള്‍,
കഴുത്തുളുക്കി ചെരിഞ്ഞു നില്‍ക്കുന്ന

ശിഥില സ്വപ്നത്തിന്‍ നീളന്‍ നിഴല്‍.

വരണ്ട മുഖം ചുവന്ന് വാളയാർ Arundhathi madhumegha




ബീഡിപ്പുക ചുവയ്ക്കുന്ന
നരിപ്പല്ലുകൾ കടിച്ചുകീറിയ

ചൊടിയിലെ മുറിവ് ചേർത്ത്
 വാ പൊത്തി

ഹൃദയതാളം മുറുക്കി

കാറ്ററുതിയുടെ  ഗതി മാറ്റിയപ്പോഴും 

കുഞ്ഞുടലുകൾ ഞെരിച്ചുടച്ചു

അഗ്നിലാവ തുളഞ്ഞിറങ്ങി

ഗർഭപാത്രം വിറച്ചപ്പോഴും


പകൽ മുറിച്ച്, പുര ചുവന്ന്
,മൂത്രച്ചുടിച്ചിലിൽ നമ്മൾ
ചുട്ടുനീറിപ്പുളഞ്ഞു 
പച്ചമുറിവിന്റെ ചുടുചോരയിൽ 
പാതി ജീവനിൽ പിടയ്ക്കുന്ന
 നാളികൾക്കുള്ളിൽ
വീണ്ടുമവർ അമ്ലസ്രവം 
ഒഴിച്ചുപൊള്ളിച്ചതെന്തിന്?

കണ്ണു തോണ്ടി കുഴികുഴിച്ചു
വായ കീറി നാവറുത്തു
മടമ്പ് വെട്ടി കരൾ പറിച്ചു
ഉടലുരുക്കി ഉയിരെടുത്തിട്ടും
പിന്നെയും നിങ്ങൾക്കെങ്ങനെ
ഉഭയസമ്മതത്തിൻ്റെ കഥ പറയാനാകും?

  കൊത്തി മുറിച്ചു
വികൃതമാക്കിയ  മുഖപ്പിലൂടെ

എങ്ങനെ ഉഭയ പ്രക്രിയയുടെ 

സുഖമുനയിലെത്താൻ കഴിയും?


 ആൾപ്പാടുകളുടെ പേച്ചുകൾക്കു 
ചെവിവട്ടം പിടിക്കാതെ
 മുഖം കുനിച്ചു മിണ്ടാതിരുന്നത്‌
തലക്കു മുകളിൽ തൂങ്ങിക്കിടന്നാടും
നരിച്ചീറുകളുടെ   സ്രവത്തിന്റെ
നാറ്റം വമിക്കുന്നിടം ഞങ്ങളെ
ശ്വാസം മുട്ടിച്ചിരുന്നതുകൊണ്ട്.

കളിപ്പാവകൾ സ്വപ്നം കണ്ട്‌
ഞങ്ങൾ ഉമ്മവെച്ചു നടന്നപ്പോൾ
സ്നേഹത്തിന്റെ കലഹത്തിന്റെ,
വാത്സല്യത്തിന്റെ,അലിവിന്റെ
ശബ്ദസമന്വയങ്ങൾ
ഇടകലർന്നുയരുന്ന വീട്ടിൽ നിന്നും
അമ്മ,തീറ്റതേടി പോയനേരം
പകൽ നേരങ്ങളിൽ വരുന്ന
ആളനക്കങ്ങളുടെ ചുവടുവെയ്പ്പിലെ
നിഗൂഢതകൾ ഇരുട്ടിനൊപ്പവും വന്നുപോയി.

ഉടുവസ്ത്രങ്ങളിൽ വിയർപ്പും
ചെളിയും വിസർജ്ജസ്രവങ്ങളും
വൃത്തിഹീനമാക്കുമ്പോൾ
നിങ്ങൾക്കെങ്ങനെ വിഭവസമൃദ്ധമായി 
പുത്തരിയുണ്ണാൻ കഴിയുന്നു?

ആയുസ്സിന്റെ വെണ്ണക്കല്ല്
ഉരച്ചു തേക്കുന്നതിന്റെ ഞരക്കം
മുഖാമുഖം നിന്നിട്ടും കേൾക്കാൻ കഴിയുന്നില്ലേ?

" ഒന്നുകൂടി " എന്ന നിന്റെ ആർത്തിയിലേക്ക്
എന്റെ രക്ത നിലവിളി ഇനിയും
 ഉയർന്നുകൊണ്ടേയിരിക്കും.

പലവട്ടം മരിച്ച് ഞങ്ങൾ മടുത്തിരുന്നു.
കൊന്നുകൊന്ന് കെട്ടിത്തൂക്കി
ആത്മാവിനെ പിഴുതെറിഞ്ഞെങ്കിലും
ഞങ്ങളിപ്പോഴും നരിച്ചീറുകൾ മുരളുന്ന
പട്ടടയിൽ മുനിഞ്ഞു കത്തുന്ന കരിനാളങ്ങളാണ്.

മുഖമില്ലാത്ത ഇരുണ്ട മുഖങ്ങൾ.
ഈർപ്പമില്ലാത്ത വരണ്ട് ചുവന്ന മുഖം.

ചിരികൾ അട്ടഹാസങ്ങൾ ശീൽക്കാരങ്ങൾ..
ക്യാമറക്കണ്ണുകൾ..പണം വാരൽ..നീതി..
മുൻപും പിൻപും ഇനിയെത്ര...!!!

ഉഭയ സമ്മതം..!! അരുന്ധതിമധുമേഘ



കുഞ്ഞേച്ചീ,
മിണ്ടാട്ടം മുട്ടി പലവട്ടം
മരിച്ചവരായിരുന്നില്ലേ നമ്മൾ?

നിലാവ് പൂക്കുന്നിടത്തും
ഭയത്തിന്റെ നിഴലിൽപ്പാടിൽ
നമ്മൾ പതുങ്ങിയിരുന്നു.
പച്ചക്കീറലിന്റെ മുറിവിൽ,
കടുംചോര നോവിലും
ചൊടി കടിച്ചു മുറിച്ചപ്പോഴും
ഇറുക്കി ഉടൽ ഞെരിച്ചപ്പോഴും
ചുട്ടു നീറി നമ്മൾ മിണ്ടാതിരുന്നിട്ടും കെട്ടിത്തൂക്കി
ചത്ത എന്നെ വീണ്ടുമഴിച്ച്
"ഒന്നുകൂടി " ചതച്ച് കൊന്നു
എന്നിട്ടുമെന്തിനാണവർ കെട്ടിത്തൂക്കിയത്?
"വാവേ...ഇതാണ് ഉഭയ സമ്മതം..!!"

മെലാനിൻ എന്ന വർണ്ണ വസ്തു ARUNDHATHI MADHUMEGHA




മെലാനിൻ നീ ഊറിയുറഞ്ഞ്

കൃഷ്ണമണിയെ കറുപ്പിക്കുമ്പോൾ

കണ്ണുകൾ,ഉൾത്തിരകളുയരുന്ന ആഴക്കടൽ
നീ ആഴ്ന്നിറങ്ങി മുടിയിഴകൾ കറുക്കുമ്പോൾ 
കത്തുന്ന യൗവ്വനത്തിൻ്റെ കരുത്തിനടയാളം
മെലാനിൻ ,നീ ചിലരുടെ തൊലിയെ കറുപ്പിക്കുമ്പോൾ 
കാർവർണ്ണൻ എന്നും കറുപ്പിന് ഏഴഴക് എന്നും

പക്ഷേ, ഇത്തിക്കണ്ണികൾ തഴച്ചു നിറഞ്ഞ ഞങ്ങളുടെ ഉടലിൽ നീ കറുപ്പ് തേക്കുമ്പോൾ എങ്ങനെ ഞങ്ങൾ മാത്രം കറുത്തവരായി     ?
ഞാൻ കേട്ടിട്ടുള്ളത്
നിറങ്ങളെല്ലാം കൂട്ടി കുഴച്ച് ചേർത്തത് കറുപ്പ് !
അങ്ങനെയെങ്കിൽ ,വർണ്ണത്തോടു കൂടിയവർ തന്നെയല്ലേ കറുത്തവർ?
സർവ്വ നിറങ്ങളും ഉരുകിചേർന്നവർ!

മെലാനിൻ,
വെളുപ്പ്, നിൻ്റെ കുറവിൻ്റെ അടയാളം മാത്രമാണ്.
കറുപ്പ് അധികത്തിൻ്റെയും പിന്നെ എന്തിനീ കീഴ്മേൽ വഴക്കങ്ങൾ?

ഞങ്ങൾ
ലോകത്തിൻ്റെ ശില്പികൾ.
ശിലകളാക്കി മാറ്റി ഉടക്കപ്പെട്ടവർ ,
കലർപ്പില്ലാത്ത ബീജത്തിൻ്റെ
അടിസ്ഥാന പരിണാമങ്ങൾ.
ഇടമില്ലാതായ മണ്ണകങ്ങൾ

വെളുപ്പിനെ നിങ്ങൾ അഴകിൻ്റെ അലങ്കാരമാക്കി മാറ്റുമ്പോൾ.
കറുപ്പിനെ ഞങ്ങൾ കരുത്തിൻ്റെ ഊർജ്ജമായി വിലമതിക്കുന്നു

മെലാനിൻ
ഉള്ളിലെ ഉലയിലിട്ട്
നിൻെറ കനൽക്കണ്ണുകളെ ഊതിത്തെളിച്ച് ,
തീ പിടിച്ച് ,ഉടൽകരിഞ്ഞ്,
ഉരഞ്ഞുരഞ്ഞ് കറുകറുത്ത
കരിങ്കൽപ്പാറകളായി അമർന്നുറച്ചപ്പോൾ
ഞങ്ങളുടെ ആകാശവും സമുദ്രവും ആഴങ്ങളോളം
കരിനീലിച്ച കറുപ്പായി.
ഭൂമി ഇരുണ്ട മരുഭൂമിയും

നീ
ചിതറപ്പെട്ടവരുടെ ഇരുൾനിറഞ്ഞ
നൂറ്റാണ്ടുകളെ
തുടച്ച് മായ്ക്കപ്പെട്ട ചരിത്ര സത്യങ്ങളെ
മണ്ണിന്റെ മണം നിറഞ്ഞ വിയർപ്പിനെ
പ്രതിരോധത്തിന്റെ കിതപ്പടിഞ്ഞ്
ഉണങ്ങിക്കട്ടയായ രക്തക്കണ്ണീരിനെ,
അടയാളപ്പെടുത്തുന്നു.

അതുകൊണ്ട്,
ഈ അന്ധതമസ്സിൽ
വെളിച്ചമെന്തെന്ന് തിരിച്ചറിയിക്കാൻ
നിൻ്റെ ഉറവക്കണ്ണുകൾ തുറന്നൊഴുകി
ഞങ്ങളിൽ മാത്രം നിറഞ്ഞ്പടരുക.


Sunday, January 12, 2020

മരയോന്ത്‌:Arundhathi madhumegha



സൂര്യനുനേരെ നാവു നീട്ടി
വെയിൽ നക്കിക്കുടിച്ച മരയോന്തിന്
ചുവപ്പു നിറമായി
മുക്രയിട്ടു തല കുടഞ്ഞ് കാളയും
സൂര്യനുനേരെ മുഖമുയർത്തി
പുല്ലുവീട് പുകഞ്ഞു പുകഞ്ഞ്
ആകാശത്തിലെ മേഘങ്ങൾക്ക്
ചാരനിറം വന്നു
പുല്ല് പെയ്ത് പുര പെയ്ത്
നിൻ്റെ മുടിയിഴകൾ പെയ്ത്
പൊങ്ങിയ ഈയലുകൾ
നാട്ടിയ നെടുംതൂണിൽ
ചിതലുകൾ മെനഞ്ഞ
മൺപ്രതിമകൾക്ക് നിൻ്റെ
ഛായയുണ്ടായി
അടുക്ക പൊളിച്ചു കുഴിച്ച
കുഴിയിൽ നീയും
വരണ്ട കാറ്റിൻ്റെ കണ്ണിലെ ഉപ്പുനീര്
എന്നെയും കരിച്ചു
മരയോന്ത്, പിന്നെയും
പച്ചില നക്കി നിറം മാറി.

Friday, January 10, 2020

കരിങ്കോളിതെയ്യങ്ങൾ arundhathimadhumegha



ണ്ണുകത്തിക്കൊള്ളിയാൻ മിന്നി,
കരിങ്കോളി ചീറ്റുന്ന 
പേമഴപ്പെയ്ത്തായ് 
നിന്നുതുള്ളി നിലന്തുളച്ചുരുകി തിള പൊങ്ങിയൊഴുകുന്ന തീക്കുന്തം വെയിലായ്‌ വന്നുനിന്നു നിലവിളിച്ചുറയുന്ന ചാവുതെയ്യങ്ങൾ 
കണ്ണുനീരിൽ കടുംചോര ചാലിച്ച നോവുകൾ ഞങ്ങൾ
മടമെടയാൻ 
മേഞ്ഞൊന്നു കെട്ടാൻ
 കരിമ്പൊളികളായി
ഉടലുരഞ്ഞൊന്നുരുകിയുറച്ച കരിമ്പാറ കണക്കെ
ചൂഴ്ന്നെടുത്ത് ചുഴറ്റി വലിക്കുന്ന ചുഴലികൾ പോലെ
തിരയെടുത്തു ഉൾക്കണ്ണിലേക്കാഴ്ത്തുന്ന കടലുകൾ ഞങ്ങൾ.

തോള് തോളോട് ചേർന്നൊന്നുറഞ്ഞാടി ചെഞ്ചോര ചിന്തുന്ന തെയ്യങ്ങളായി
നേരുനേരിനായ് ചൂഴ്ന്നാടി പൊരുതുന്ന പോരുകൾ ഞങ്ങൾ
കൂരിരുട്ടിൽ കൂടെത്തെളിയുന്ന കൺവെളിച്ചങ്ങൾ കൂട്ടിനായെന്നും കൂടെ നടക്കുന്ന കൂട്ടങ്ങളിന്നും 

കനലു കത്തി പിടയുന്ന നെഞ്ചിന്റെ കരളു പൊട്ടിയ കടുന്തുടികൾ ഞങ്ങൾ
തിളഞരമ്പിൽ കുതിച്ചൊഴുകുന്ന കലിയടങ്ങാത്ത നേരിൻറെ,നെറിവിൻറെ ചോരത്തിളപ്പുയരും ഉടലാഴങ്ങൾ
നിന്ന് പെയ്യാൻ പ്രളയം നിറക്കാൻ ഉള്ളിൽ തോരാത്ത
 തീ മഴയൊളിപ്പിച്ച കരിമേഘക്കൂട്ടം


സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...