Thursday, January 16, 2020

വരണ്ട മുഖം ചുവന്ന് വാളയാർ Arundhathi madhumegha




ബീഡിപ്പുക ചുവയ്ക്കുന്ന
നരിപ്പല്ലുകൾ കടിച്ചുകീറിയ

ചൊടിയിലെ മുറിവ് ചേർത്ത്
 വാ പൊത്തി

ഹൃദയതാളം മുറുക്കി

കാറ്ററുതിയുടെ  ഗതി മാറ്റിയപ്പോഴും 

കുഞ്ഞുടലുകൾ ഞെരിച്ചുടച്ചു

അഗ്നിലാവ തുളഞ്ഞിറങ്ങി

ഗർഭപാത്രം വിറച്ചപ്പോഴും


പകൽ മുറിച്ച്, പുര ചുവന്ന്
,മൂത്രച്ചുടിച്ചിലിൽ നമ്മൾ
ചുട്ടുനീറിപ്പുളഞ്ഞു 
പച്ചമുറിവിന്റെ ചുടുചോരയിൽ 
പാതി ജീവനിൽ പിടയ്ക്കുന്ന
 നാളികൾക്കുള്ളിൽ
വീണ്ടുമവർ അമ്ലസ്രവം 
ഒഴിച്ചുപൊള്ളിച്ചതെന്തിന്?

കണ്ണു തോണ്ടി കുഴികുഴിച്ചു
വായ കീറി നാവറുത്തു
മടമ്പ് വെട്ടി കരൾ പറിച്ചു
ഉടലുരുക്കി ഉയിരെടുത്തിട്ടും
പിന്നെയും നിങ്ങൾക്കെങ്ങനെ
ഉഭയസമ്മതത്തിൻ്റെ കഥ പറയാനാകും?

  കൊത്തി മുറിച്ചു
വികൃതമാക്കിയ  മുഖപ്പിലൂടെ

എങ്ങനെ ഉഭയ പ്രക്രിയയുടെ 

സുഖമുനയിലെത്താൻ കഴിയും?


 ആൾപ്പാടുകളുടെ പേച്ചുകൾക്കു 
ചെവിവട്ടം പിടിക്കാതെ
 മുഖം കുനിച്ചു മിണ്ടാതിരുന്നത്‌
തലക്കു മുകളിൽ തൂങ്ങിക്കിടന്നാടും
നരിച്ചീറുകളുടെ   സ്രവത്തിന്റെ
നാറ്റം വമിക്കുന്നിടം ഞങ്ങളെ
ശ്വാസം മുട്ടിച്ചിരുന്നതുകൊണ്ട്.

കളിപ്പാവകൾ സ്വപ്നം കണ്ട്‌
ഞങ്ങൾ ഉമ്മവെച്ചു നടന്നപ്പോൾ
സ്നേഹത്തിന്റെ കലഹത്തിന്റെ,
വാത്സല്യത്തിന്റെ,അലിവിന്റെ
ശബ്ദസമന്വയങ്ങൾ
ഇടകലർന്നുയരുന്ന വീട്ടിൽ നിന്നും
അമ്മ,തീറ്റതേടി പോയനേരം
പകൽ നേരങ്ങളിൽ വരുന്ന
ആളനക്കങ്ങളുടെ ചുവടുവെയ്പ്പിലെ
നിഗൂഢതകൾ ഇരുട്ടിനൊപ്പവും വന്നുപോയി.

ഉടുവസ്ത്രങ്ങളിൽ വിയർപ്പും
ചെളിയും വിസർജ്ജസ്രവങ്ങളും
വൃത്തിഹീനമാക്കുമ്പോൾ
നിങ്ങൾക്കെങ്ങനെ വിഭവസമൃദ്ധമായി 
പുത്തരിയുണ്ണാൻ കഴിയുന്നു?

ആയുസ്സിന്റെ വെണ്ണക്കല്ല്
ഉരച്ചു തേക്കുന്നതിന്റെ ഞരക്കം
മുഖാമുഖം നിന്നിട്ടും കേൾക്കാൻ കഴിയുന്നില്ലേ?

" ഒന്നുകൂടി " എന്ന നിന്റെ ആർത്തിയിലേക്ക്
എന്റെ രക്ത നിലവിളി ഇനിയും
 ഉയർന്നുകൊണ്ടേയിരിക്കും.

പലവട്ടം മരിച്ച് ഞങ്ങൾ മടുത്തിരുന്നു.
കൊന്നുകൊന്ന് കെട്ടിത്തൂക്കി
ആത്മാവിനെ പിഴുതെറിഞ്ഞെങ്കിലും
ഞങ്ങളിപ്പോഴും നരിച്ചീറുകൾ മുരളുന്ന
പട്ടടയിൽ മുനിഞ്ഞു കത്തുന്ന കരിനാളങ്ങളാണ്.

മുഖമില്ലാത്ത ഇരുണ്ട മുഖങ്ങൾ.
ഈർപ്പമില്ലാത്ത വരണ്ട് ചുവന്ന മുഖം.

ചിരികൾ അട്ടഹാസങ്ങൾ ശീൽക്കാരങ്ങൾ..
ക്യാമറക്കണ്ണുകൾ..പണം വാരൽ..നീതി..
മുൻപും പിൻപും ഇനിയെത്ര...!!!

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...