Thursday, August 1, 2019

തിമിര"കാഴ്ചകൾ"; സാൻറി മിററത്താനി


പുറമെ എല്ലാം ഒന്നു പോലെങ്കിലും
കാഴ്ചകൾ പലകണ്ണിലും
വിഭിന്നമായിരിയ്ക്കും
പക്ഷേ സതൃം ഒന്നു മാത്രമാണ്

യാഥാർത്ഥ്യത്തെ നീതിയോ;
സതൃത്തെ കണ്ണുകളോ;
തിരിച്ചറിയുന്നേയില്ല.......

ഒരു തിമിരക്കാഴ്ച പോലെ
മുഖമോ മുഖംമൂടികളോ
കാണാനാകുന്നില്ല


Wednesday, July 3, 2019

ജ്ഞാനവഴികൾ :ടി. കെ.മോഹൻദാസ്   പ്രത്യക്ഷ രക്ഷാ ദൈവസഭ യുടെ ജ്ഞാനവ്യവഹാരങ്ങളിൽ പാഠവൽക്കരിക്കുന്ന "പാപം, ശാപം,മരണവിധി" എന്നിങ്ങനെ മൂന്നുപരികല്പനകൾ ഇന്നുവളരെയേറെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. അപ്പച്ചൻ നിരാകരിച്ച ചില വ്യവസ്ഥകളുടെ അനുബന്ധവും മറ്റ്ചില അന്ധതാ വിശ്വാസങ്ങളുടെ തുടർച്ചയുമായി ചിലരെങ്കിലും ഈ വിഷയത്തെ സമീപിച്ചു പോരുന്നുണ്ട്.  ഈ പരികല്പനകൾ  പൊയ്കയിൽഅപ്പച്ചൻ തന്റെ ജ്ഞാനഭാഷണങ്ങളിലൂടെ നിർദ്ധാരണംചെയ്ത്  വ്യക്തപ്പെടുത്തിയിട്ടുള്ളതാണ്. ഈ വിഷയനിർദ്ധാരണം രക്ഷാനിർണ്ണയ യോഗങ്ങളിൽ അതിപ്രധാനമായി നിർവഹിച്ചു പോരുന്നതുമാണ്.  പൊയ്കയിൽ അപ്പച്ചന്റെ ഭൗതികശരീരം വല്യ താന്നിക്കുന്നിൽ പണിതുയർത്തിയ സംരക്ഷണ അറയിൽ ജ്ഞാനനിക്ഷേപം ചെയ്യുന്നതിന് ഏറ്റവും ഒടുവിലായി, അപ്പച്ചന്റെ അനുഗാമിവൃന്തത്തിൽ നേതൃത്വപരമായി ഏറ്റവുംമുതിർന്ന വ്യക്തിത്വം ഞാലിയാകുഴിആശാൻ, അപ്പച്ചന്റെ  ശരീരത്തിനു മുമ്പിൽ സന്നിഹിതനായി,
 " അടിമസന്തതികൾക്കു വന്നു ചേർന്ന പാപവും ശാപവും മരണവിധിയും ഈ ശരീരത്തിൽ വച്ച് എന്നെന്നേയ്ക്കുമായി നീക്കിയിരിക്കുന്നു, നീക്കിയിരിക്കുന്നു, നീക്കിയിരിക്കുന്നു" എന്നൊരു  പ്രഖ്യാപനം നടത്തിയിട്ടുള്ളതും  ഈ വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെടാൻ കാരണമായിട്ടുണ്ട്.

O1

അടിമസന്തതികൾ കൊടിയപാപം ചെയ്ത് പാപികളായിത്തീർന്നവരാണ്  എന്നതല്ല "പാപം" (Miff )എന്ന പരികല്പന കൊണ്ട് PRDS വ്യവഹാരങ്ങളിലെ വിവക്ഷ. നിരവധി നൂറ്റാണ്ടുകളായി മതങ്ങളും മാർഗ്ഗങ്ങളും ആഭിചാര -സേവാമൂർത്തി ആരാധകരും ഒരേപോലെ, മനുഷ്യർ പാപികളാണെന്ന് പേർത്തും പേർത്തും പ്രഘോഷിക്കുക വഴി, മനുഷ്യ സമുദായത്തിനുമേൽ ജനിതക ഘടനയിലേക്കു  പോലും രൂഢമൂലമാക്കപ്പെട്ട വ്യാജനിർമ്മിതിയായ  പാപബോധം (Sence of iniquity ) സന്നിവേശിപ്പിക്കപ്പെട്ടിരുന്നു . മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള കല്പിത കഥകളിൽ മണ്ണു കുഴച്ച്  മനുഷ്യനെ നിർമ്മിച്ച് മൂക്കിലൂടെ ജീവവായു ഈതിക്കയറ്റുന്നതിനൊപ്പം ( മറ്റെല്ലാ മനുഷ്യസൃഷ്ടി കല്പനകൾക്കൊപ്പവും ) മതങ്ങൾ ഈ പാപബോധവും ഉൾച്ചേർത്തിരുന്നു. മനുഷ്യർ പൊതുവിൽ പാപികളാണെന്നും അടിമകളും അവമതിപ്പ് നേരിടുന്നവരും സ്ത്രീകളും കൊടുംപാപികളാണെന്നും  കഴിഞ്ഞ ജന്മത്തുവച്ച്  അവർതന്നെയോ  അവരുടെ മുൻഗാമികളോ ചെയ്തുപോയ പാപങ്ങൾ മൂലമാണ് ഇങ്ങനെയൊക്കെ ആയിപ്പോയതെന്നുമുള്ള  ബോധക്കേട് നിർമ്മിച്ച് നിലനിർത്താൻ മതചിന്തകൾക്ക് വലിയഅദ്ധ്വാനമില്ലാതെ സാധിച്ചിട്ടുണ്ട്. ഈ പാപബോധം, വ്യവസ്ഥകളെയും നിശ്ചയങ്ങളെയും മാറ്റമില്ലാതെ ഹിംസാത്മകമായി തുടരുന്നതിനും മതങ്ങൾക്ക് മനുഷ്യരെ നിർബാധം ചൂഷണംചെയ്യുന്നതിനും സഹായകരമായി ഭവിച്ചു.(എന്നാൽ യഹൂദരും ബ്രാഹ്മണും തങ്ങൾ പാപികളാണെന്ന് കരുതുന്നില്ല.) അടിമകളെ പാരമ്പര്യ അടിമകളായി നിലനിർത്തുന്നതിൽ പാപബോധത്തിന് വലിയ പങ്കുണ്ട്. മനുഷ്യസമുദായത്തെ വിടാതെ പിൻതുടരുന്ന ഈ പാപബോധത്തെയും "പാപി"യെന്ന വ്യാജസ്വത്വവിചാരത്തെയും (False Identity Thinking) നിർമ്മൂലനം ചെയ്യുന്നതിനുള്ള ജ്ഞാനപദ്ധതിയാണ് അപ്പച്ചൻ പ്രദാനംചെയ്തത്.പാപം നീക്കിയിരിക്കുന്നുവെന്ന് അപ്പച്ചൻ പറയുന്നത് ഈ ജ്ഞാനപദ്ധതിയുടെ പ്രയോഗമെന്ന രൂപത്തിലാണ്.

"പാപിയാമെന്നെയവൻ
കണ്ടുകരളലിഞ്ഞു
കരങ്ങളിലേന്തിക്കൊണ്ട്
കവിളുകളിന്മേൽ മുത്തി"
എന്നിങ്ങനെ പുല്ലാന്നി മണ്ണിൽ എബ്രഹാം പാടുമ്പോഴും  "പാപബോധം പേറുന്ന അടിമപ്പെട്ട തലമുറയെ " എന്നതാണ് നാം മനസിലാക്കേണ്ടത്.

O2

മതചിന്തകൾ പ്രചരിപ്പിക്കുന്നതുപോലെ പാപം ചെയ്തമനുഷ്യന് / മനുഷ്യപദത്തിന് പ്രതിഫലമായി ലഭിച്ച ദൈവികശിക്ഷ എന്ന രൂപത്തിലല്ല അപ്പച്ചൻ ശാപം (Revilement) എന്ന പരികല്പനയെ  ജ്ഞാനനിർദ്ധാരണം ചെയ്തിട്ടുള്ളത്. ശാപം ഒരു സാമൂഹ്യശാസ്ത്ര പരികല്പനയാണ്. അടിമജനപദങ്ങൾക്കുമേൽ സംഘടിത മതങ്ങളും അധികാരം കയ്യാളുന്ന സമൂഹങ്ങളും ഭരണകൂടങ്ങളും നടത്തുന്ന തിന്മവൽക്കരണത്തെയും  സാമൂഹ്യഭത്സനങ്ങളെ
യും  മുടിയാൻപ്രാക്കുകളെയുമാണ് ശാപമെന്ന് അപ്പച്ചൻ വിവക്ഷിച്ചത്. ശാപവച സുകൾ ഉരുക്കഴിച്ച് തലമുറകളിലേക്ക് ശാപദണ്ഡനം ചെയ്യുന്ന വ്യവസ്ഥകളെ നിഷേധിക്കുവാനും  നിരാകരിക്കുവാനുമുള്ള അവബോധ നിർമ്മിതിയാണ് പാപമെന്ന പരികപ്പനയുടെ നിർദ്ധാരണശേഷിപ്പ്.

" ഉർവ്വിയിൽ ശപിക്കപ്പെട്ട
സന്തതിയെന്നു നിത്യം
സർവ്വരും പഴിച്ചിടുന്നു
കൂസലില്ലാതെ " ........

എന്ന് അപ്പച്ചൻ തന്നെ പാടിയിട്ടുണ്ട്. ചരിത്രത്തിലുടനീളം തുടരുന്ന  ശപിക്കപ്പെട്ടവർ/മുടിഞ്ഞവർ / അപശകുനങ്ങൾ / അശ്രീകരങ്ങൾ/പൈശാചികജന്മങ്ങൾ എന്നിങ്ങനെയെല്ലാമുള്ള വരേണ്യരുടെ മുദ്രചാർത്തലും  ക്ഷുദ്രകല്പനകളുമാണ് ശാപമെന്ന് അപ്പച്ചൻ വ്യക്തതപ്പെടുത്തിയിട്ടുണ്ട്. ലോകത്തെവിടെയുമുള്ള അടിമകളും നിരന്തരം സാമൂഹ്യമായി ശപിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സാമൂഹ്യമായിത്തന്നെ ഈ മനോഗതിയെ / അതിക്രമത്തെ മറികടന്നു കൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ജ്ഞാന ബോധ്യവികാസമാണ് പാപത്തെ നീക്കുന്നു  എന്നുള്ള പ്രഖ്യാപനം.

O3

മരണവിധി (Sentenced to death),വ്യവസ്ഥിതിയുടെ (രാഷ്ട്രം/മതം/ദണ്ഡനീതി) നിശ്ചയങ്ങളാൽ അപ്രതിരോധാമാംവിധം  കൊലചെയ്യപ്പെടുക അല്ലെങ്കിൽ വ്യവസ്ഥിതിയുടെ ചക്രവ്യൂഹത്തിൽ  മരിക്കാനായി മാത്രം ജീവിക്കുക എന്നുള്ള വരേണ്യതയുടെ വിധിന്യായമാണ് (Judgement).മരണവിധി വിവിധ രൂപത്തിൽ നടപ്പിലാക്കിയിരുന്നത്, ആചാരങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും വഴക്കങ്ങളുടെയും അധികാരത്തിന്റെയും  ആഢ്യത്വത്വത്തിന്റെയും സംരക്ഷണത്തിനും  പ്രകടനപരതയ്ക്കും വേണ്ടിയായിരുന്നു. അതിനു പാത്രീഭവിക്കുന്നില്ലെങ്കിൽ നരകിച്ച് മരിച്ചൊടുങ്ങാനും വിധിന്യായത്തിൽ വ്യവസ്ഥയുണ്ട്. മരണത്തിന്റെ/ ഹിംസയുടെ ഇത്തരം വ്യവസ്ഥാപിത നിശ്ചയങ്ങളെയാണ് മരണവിധി നീക്കുന്നതിലൂടെ നിർമ്മൂലനം ചെയ്യുന്നത്.

"മരണമേ മൂർച്ഛയെവിടെ
പാതാള ജയമെവിടെ...
മരണത്തെ വെൽവിളിച്ചു
സദാനേരം ജീവിച്ചീടുവതിനായ് ".......

എന്ന് അപ്പച്ചന്റെ അനുഗാമികൾ പാടുകയും അപ്രകാരം ജീവിക്കുകയും ചെയ്യുന്നുണ്ട്.


Monday, July 1, 2019

വായിച്ച് വിശപ്പ് മാററിയവർ : രജിശങ്കർ
   


       1978ലാണ് ഞാൻ നാഷണൽ ലൈബ്രറിയിൽ അംഗമാകുന്നത്.അന്ന് 30 പൈസ ആയിരുന്നു കുട്ടികൾക്കുള്ള മെമ്പർഷിപ്പിന് എന്നാണോർമ്മ.കത്തിപ്പാറയിൽ നിന്നും അടിമാലിവരെ കുട്ടികൾക്ക് ബസ്ചാർജ്ജ് 15 പൈസ ആയിരുന്നു.രണ്ടു വൈകുന്നേരങ്ങൾ 8 കിലോമീറ്റർ വീതം നടന്നാണ് അതിനുള്ള വക കണ്ടെത്തിയത്.അറുബോറൻ ക്ലാസുകൾക്കിടയിൽ ടോൾസ്റ്റോയിയെയും ചെക്കോവിനെയും മടിയിലൊളിപ്പിച്ചു വെച്ചു വായിച്ചു.ചിലപ്പോഴൊക്കെ ഓർക്കാതിരിക്കെ പുറത്തു അടിവീണിട്ടുണ്ട്.കയ്യോടെ പിടികൂടി ഓഫീസിൽ എത്തിക്കുമ്പോൾ കള്ളുകുടിച്ചാൽ സംഹാര രുദ്രനും,അല്ലാത്തപ്പോൾ കരുണാമയനും ആയ ഹെഡ്മാസ്റ്റർ "പുസ്തകം വായിച്ചതല്ലേ "എന്നുപറഞ്ഞു എന്നെ  രക്ഷപെടുത്തുന്നത് എനിക്ക് വളമായെന്നു മാത്യു സാർ പലപ്പോഴും പറയുമായിരുന്നു.അതിലിതിരി അഹങ്കാരവും എനിക്കുണ്ടായിരുന്നു.ഒരിക്കൽ ഓഫീസിനു മുന്നിലെത്തിയപ്പോൾ ഹെഡ്മാസ്റ്റർ എന്നെ തടഞ്ഞുനിർത്തി. " നീയിപ്പോൾ ഏതു പുസ്തകമാ വായിക്കുന്നത് ?"
"'അമ്മ"
സാർ നെറ്റി ചുളിച്ചു അടിമുടി എന്നെ നോക്കി."കൊള്ളാം...!പക്ഷെ ക്ലാസിൽ വെച്ചു വായിക്കേണ്ട."

പിന്നെ ഞാൻ ക്ളാസ്സിൽവെച്ചു വായിച്ചില്ല.വായനയങ്ങു  വളർന്നു.ഞാനും.angel ജോൺ ചേട്ടന്റെ കൂടെ പരസ്യകള പഠിക്കാൻ ചേരുമ്പോൾ ലൈബ്രറിയുടെ അയൽക്കാരനായതാണ് ഏറെ സന്തോഷിപ്പിച്ച കാര്യം.ബാബുസാർ വർക്കിസാർ സുകുമാരൻ സാർ ഈ ത്രിമൂർത്തികൾ അതിനെ സജീവമാക്കി നിർത്തി.തിയ്യേറ്ററിൽ സിനിമ ഓടിക്കുമ്പോഴും പിന്നീട് സർക്കാർ ജോലിയിലിരിക്കുമ്പോഴും ബാബു സാറിന്റെ ജീവൻ ലൈബ്രറിയിൽ തന്നെ ആയിരുന്നു.വലിയവലിയ വായനക്കാർ ഉണ്ടായിരുന്നെങ്കിലും അത്രത്തോളം ലൈബ്രറിയെ ഹൃദയം കൊണ്ടേറ്റവർ വേറെയുണ്ടാകില്ല.

    സമപ്രായക്കാരായ ചെറുപ്പക്കാർ ഞങ്ങൾ ഒഴിവു നേരങ്ങളിൽ ലൈബ്രറിയിൽ സമ്മേളിച്ച.അന്നൊക്കെ സമയത്തിന് നല്ല നീളവും വീതിയും ഉണ്ടായിരുന്നു.തലേന്ന് വായിച്ചതിനെക്കുറിച്ചു,കണ്ട,മാതൃഭൂമിയിൽ നിന്നും വായിച്ചറിഞ്ഞ നല്ല സിനിമകളെക്കുറിച്ചു,രാഷ്ട്രീയത്തെക്കുറിച്ചു..പറഞ്ഞു ആസ്വദിച്ചു.onv യും ചുള്ളിക്കാടും ഈണത്തിലും ഈണമില്ലാതെയും  പുറത്തു വന്നു.സായാഹ്‌ന വായനയും ചർച്ചയും 8 മാണി കഴിയുമ്പോൾ ബാബുസാർ തത്തിച്ചിറക്കണം.എന്നാലേ സുഖം വരൂ.


എന്നെ നാലക്ഷരം എഴുതാൻ പ്രാപ്തനാക്കിയത് ഞങ്ങളുടെ ലൈബ്രറിയും കൂട്ടുകെട്ടും മാത്രമാണ്.ലോകത്തെ വിടർന്ന കണ്ണുകളോടെ നോക്കിയവർ 80 കാലിലെ കൗമാര,യൗവ്വനങ്ങളാണെന്നു ഞാൻ പറയും,നിങ്ങൾക്കിഷ്ടപ്പെട്ടില്ലെങ്കിലും.അത്രഏറെ സഗ്ഗാത്മകതയുള്ള സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവത സമൂഹത്തിൽ തുളുമ്പി നിൽക്കുന്നത് പിന്നെയൊരിക്കലും കണ്ടിട്ടില്ല.ഇന്നത്തെപ്പോലെ വിജ്ഞാനം വിരൽ ത്തുമ്പിലില്ലാതിരുന്നകാലം,എഴുകടൽ നീന്തിക്കടന്നു അറിവിന്റെ സൗരഭ്യം കണ്ടെടുത്ത സാഹസികർ അന്നേ ഉണ്ടായിരുന്നുള്ളു. വായനശാലകളും വാർഷികാഘോഷങ്ങളും ഉത്സാഹിപ്പിച്ച ഇടുക്കിയുടെ മധ്യവേനലുകൾ ..നാടകങ്ങൾ ത്രസിപ്പിച്ച ആ രാത്രികൾ..തിരികെ ലഭിക്കാത്തത് വായനായില്ലാത്ത തലമുറയുടെ റെഡിമെയ്ഡ് ജീവിത വീക്ഷണംകൊണ്ടാണ്.മൊബൈൽ ഫോണിൽ ബ്യൂട്ടിക്യാമറയിൽ മാത്രം ഫോട്ടോയെടുക്കുന്നവർ ജീവിതത്തിന്റെ യഥാർത്ഥ നിറവും മണവും അറിയാൻ കഴിയാത്തവരാണ്.

ആളും അനക്കാവുമില്ലാത്ത ലൈബ്രറികൾ .എങ്കിലും നാഷണൽ ലൈബ്രറി ഇപ്പോഴും കുറെയൊക്കെ സജീവമായിത്തന്നെയിരിക്കുന്നു.നിലവാരത്തിലും.എല്ലാവിഷയത്തിലും റഫറൻസ്‌കളുള്ള ഈ ഗ്രന്ഥശാലയെ ഉപയോഗപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്താനുള്ള ബാധ്യത പഴയവർക്കുണ്ട്.

********************************************

കാലമൊത്തിരി കഴിഞ്ഞിട്ടും ഓർമ്മകളിലെ പഴയ വായനശാലയിൽ പുസ്തകമെടുക്കുന്നവരുടെ തിരക്കാണ്.പുറത്തിരുന്നു ചിലർ കഥ പറയുന്നു.

നാടകാന്തൃം ശുഭപരൃവസായി :സാൻറി മിറ്റത്താനി


ല്ലാത്തതു പറയിയ്ക്കാനും
അറിയുന്നതു പറയാതിരിയ്ക്കാനും തല്ല്
ആത്മഹതൃ ചെയ്തോൻെറ ദേഹത്ത് കല്ലേറേററ മുറിപ്പാടുകൾ..
മർദ്ദനമേററു തകർന്ന കണങ്കാലുകൾ
ഉടഞ്ഞ നെഞ്ചിൻകൂട്..
മൂന്നാം പക്കം
കഴുക്കൾ കൊത്തിപ്പറിയ്ക്കുന്ന
ചീർത്തുവീർത്ത ശരീരം
ഉയിർത്തു പൊന്തി:
ആഫ്രിക്കൻ മുഷികൾ
ചുരന്നു തിന്ന ദൃക്സാക്ഷിയായ കണ്ണുകൾ.
ഒരിയ്ക്കലും
വെളിവാക്കപ്പെടാത്ത മനസ്സ്
തുറക്കപ്പെടാത്ത നാവ്.....!
Monday, June 24, 2019

അക്ബറിന്റെ കവിത
ഈ രാത്രിയെ

ഒരാൾ പകലായും
മറ്റൊരാൾ സന്ധ്യയായും
വേറൊരാൾ പുലരിയായും
വരയ്ക്കുന്നുണ്ട്...
അതുകൊണ്ടുതന്നെയാണ്
ഓരോ നിറങ്ങളും
സ്വപനത്തിന്റെ പാലറ്റിൽ നിന്നും കാണാതാവുന്നത്
ഈ രാത്രിയെ  രാത്രി എന്നുമാത്രമല്ല
ഇടക്കൊക്കെ പകലേ എന്നും വിളിക്കാവുന്നതാണ്
അല്ലെങ്കിൽ വിളക്കുകൾക്കു ചുറ്റും
ഇങ്ങനെ കറങ്ങുവാൻ
ചിറകുകൾ ഉണ്ടാവില്ലായിരുന്നു.Sunday, June 23, 2019

'ഉണ്ട'സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചു k.k.ബാബുരാജ്.
'ണ്ട'യിലെ മണികണ്ഠൻ എന്ന പോലീസ് സബ് ഇൻസ്‌പെക്ടർ ഒരു ദലിതനോ പിന്നാക്കക്കാരനോ ആയിരിക്കാമെന്നു ഏ .എസ് അജിത്‌കുമാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട് .അദ്ദേഹത്തിന്റെ ഭാര്യ നടത്തുന്ന ഡേകെയർ  സെന്ററിൽ അയ്യൻകാളിയുടെ ചിത്രം കാണാം .ഈ സ്ഥാപനം അവരുടെ വീടോ കമ്മ്യൂണിറ്റിയുടേതോ   ആകാനാണ് സാധ്യത .നമ്മുടെ മതേതരത്വം ഇത്രമാത്രം വികസിച്ചിട്ടും ,ദലിതേതര വീടുകളിലും സ്ഥാപനങ്ങളിലും  അയ്യൻകാളിയുടെ ചിത്രം കാണുക അപൂർവമാണല്ലൊ .

മാത്രമല്ല ,അദ്ദേഹത്തിൻറെ വ്യക്തിത്വത്തിൽ കാണുന്ന ശകലിതങ്ങളും കീഴാളതയെ സൂചിപ്പിക്കുന്നതാണ് .പോലീസ്‌സ്റ്റേഷൻ  എന്ന പ്രാദേശിക  അധികാര  കേന്ദ്രത്തെ  നരകമായി  കാണുന്ന ,അതിനെ  ഒഴിവാക്കാനായി ക്യാമ്പ് ഡ്യൂട്ടി  സ്വീകരിച്ചുകൊണ്ട് അവിടുത്തെ  സൗഹൃദങ്ങൾക്കൊപ്പം കഴിയുന്ന  ആളാണല്ലോ  മണിസാർ .ബിജു എന്ന ആദിവാസി പോലീസുകാരന് താൻ  അനുഭവിക്കുന്ന ജാതി വിവേചനങ്ങളെപ്പറ്റിയും ,കുനാൻ ചന്ദ് എന്ന  ബസ്തറിലെ ആദിവാസി അദ്ധ്യാപകന് തങ്ങളുടെ  കൊഴിഞ്ഞുപോക്കിനെ  പറ്റിയും  പറയാൻ  ദലിതനായ  ഒരു  സബ് ഇൻസ്‌പെക്ടർ  തന്നെ വേണമെന്നില്ലെങ്കിലും ;ഒരു  ശകലിത / ശിഥില  കഥാപാത്രം  ആവിശ്യമാണെന്ന സങ്കൽപം രൂപപ്പെടുത്തിയതിൽ തിരക്കഥാകാരനായ  ഹർഷദ് , സംവിധായകനായ ഖാലിദ്  റഹ്‌മാൻ എന്നിവരെ   അഭിനന്ദിക്കുന്നു .

ഉണ്ട പോലുള്ള സിനിമകളിലൂടെ  ചില മുസ്‌ലിം  ചെറുപ്പക്കാർ സവർണ്ണ  മതേതരത്വത്തിൽ നിന്നും ചെറുതായെങ്കിലും കുതറിമാറാൻ  ശ്രമിക്കുന്നത്  കാണാതെ ; അവർ ദലിത് -ആദിവാസികളെ  തന്നെ  താരങ്ങളാക്കിയില്ലെന്ന  പേരിൽ ചിലർ  ആക്ഷേപിക്കുന്നത്  ഖേദകരമാണ് .ഈ  വിമർശകർ  തിരിച്ചറിയേണ്ടുന്ന  കാര്യം മേല്പറഞ്ഞപോലുള്ള പോലുള്ള  കൂട്ടായ്മകൾ, ഇടപെടലുകൾ  സിനിമ  വ്യവസായത്തിന്റെ  നിർണ്ണായക  ഭാഗമല്ലെന്നതാണ് .ഇവയെ  ചില  ചലഞ്ചുകൾ അല്ലെങ്കിൽ  ശ്രമകരമായ  പ്രവർത്തികളുടെ  പരിണിത  ഫലം  ആയിട്ടുമാത്രമേ  കാണാനാവു .ഒരുപക്ഷെ  കലാഭവൻ  മണി  ജീവിച്ചിരുന്നെങ്കിൽ  ,ഈ  സിനിമയുടെ  ബോഡി  ലാംഗ്വേജ് വെച്ചുനോക്കുമ്പോൾ അദ്ദേഹത്തിന് ഇതിൽ  ഒരു  നിർണായക  റോൾ  ഉണ്ടാവുമായിരുന്നു എന്നു  തന്നെ  കരുതുന്നു .

ലോഹിത ദാസിനെപ്പോലുള്ളവർ തങ്ങളുടെ മുഖ്യ കഥാപാത്രങ്ങളുടെ ശിഥില  വ്യക്തിത്വങ്ങളെ  ജനപ്രിയമാക്കാൻ   അവരെ ' നായർ' സ്ഥാനത്തു  ഉറപ്പിച്ചു  നിറുത്തുകയായിരുന്നു  എന്നോർക്കണം .മാത്രമല്ല ,മഞ്ജു  വാരിയർ ,സംയുക്ത  വർമ്മ  പോലുള്ള  നടിമാരെയാണ്  ദലിത്  സ്ത്രീകളായി അവതരിപ്പിച്ചത് .ഇതേ   സ്ഥിതി  തുടരാതിരിക്കാൻ ദലിതരിൽനിന്നും താരനിരയും പ്രേക്ഷക  സമൂഹവും  നിക്ഷേപകരും  ഇനിയും ഉണ്ടാവേണ്ടതുണ്ട് .ഇത്തരം  ചലഞ്ചുകൾ  ഏറ്റെടുക്കാതെ  കേവലമായ   പ്രതിനിധാന  അവകാശവാദങ്ങൾ  കൊണ്ട്  വലിയ  കാര്യമൊന്നും  ഉണ്ടെന്നു  തോന്നുന്നില്ല .

Saturday, June 22, 2019

സതി അങ്കമാലിയുടെ കവിത
പ്രണയം വസന്തങ്ങളെ കൊണ്ടു വരും
ആകെ പൂത്ത് തളിർത്ത്..
ഉള്ളിൽ  അതങ്ങനെ പടർന്നു കിടക്കും

ഓരോ കാറ്റിലും
നാം ഇങ്ങനെ കണ്ണിൽ നോക്കി
കണ്ണിൽ നോക്കി 
ലോകമൊരു കിളികൂടുപോലെയായി...
ഇനിയീ പാട്ടു മുഴുവൻ നമ്മുക്കാണ്
പുഴയും പൂവും ശലഭങ്ങളും.

പ്രണയിക്കുമ്പോൾ നാം
ഭ്രാന്തമായി തന്നെ
പ്രണയിക്കണം
ഭ്രാന്തമായി തന്നെ.

പിന്നീടത്
പതുക്കെ പതുക്കെ
ചോർന്ന് പോകും

അപ്പോ ഗാഢമായി  നൊന്ത് നൊന്ത്
നൊന്ത് നൊന്ത്..

 സ്നേഹം പിടിച്ചു വാങ്ങാൻ എനിക്കിഷ്ടമാണ്.
ഭ്രാന്തമായി തന്നെ പിടിച്ചു വാങ്ങാൻ
.നമ്മുക്കായി വസന്തങ്ങൾ
ഇനിയും വരും

തിമിര"കാഴ്ചകൾ"; സാൻറി മിററത്താനി

പു റമെ എല്ലാം ഒന്നു പോലെങ്കിലും കാഴ്ചകൾ പലകണ്ണിലും വിഭിന്നമായിരിയ്ക്കും പക്ഷേ സതൃം ഒന്നു മാത്രമാണ് യാഥാർത്ഥ്യത്തെ നീതിയോ; ...