Monday, February 10, 2020

ഭായ് കലുങ്ക് അടിമാലി.Rejishankat



നാടുവിട്ടു പോകുന്നവർ
അതിന്റ ആത്മാവിനെയും
 കൂട്ടിക്കൊണ്ടാണ് പോകുന്നത്.

കടുകുമണിയോളം പോലും ഇല്ലെങ്കിലും
ജീവന്റെ ഉറവക്കണ്ണുകൾ അതിലേക്കിറ്റിച്ച്
മനസ്സിന്റെ മണ്ണും കുടഞ്ഞിട്ട്‌,
ഓർമ്മകളുടെ പന്തലിൽ
അതിനെ പടർത്തുന്നു.

ദേശാടനക്കിളികളും
ഇളവെടുക്കുന്ന മരച്ചില്ലയെ
സ്വപ്നം കൊണ്ട് അലങ്കരിക്കാറുണ്ട്.
സായാഹ്നങ്ങളിലെ കണ്ടുമുട്ടലുകളിൽ,
ഒരുമൂളിപ്പാട്ടിൽ,വിരഹവും സന്തോഷവും
ചിതറി വീഴുന്ന നിമിഷങ്ങളിൽ ഓരോരുത്തരും ഓരോ നഗരവും ഗ്രാമവും പണിയുന്നു.
അതിലെവിടെയോ കിലുകിലെ ചിരിച്ചും പറഞ്ഞും ഓരോ വീടുകളും.
മുന്നിലുള്ള,
ഇലകൊഴിഞ്ഞ മരത്തിൻ ചോട്ടിലെ മരക്കട്ടിലിൽ നിഴൽ രൂപമായൊരു വൃദ്ധ..
ഉണങ്ങി ശൂന്യമായ വരാനും പോകാനുമുള്ള
ഒറ്റയടിപ്പാതയിലേക്കു
കണ്ണും നാട്ടിരിക്കുന്ന വൃദ്ധനും

അകലങ്ങളിലും പ്രിയങ്കരങ്ങളെ
നെഞ്ചോടണയ്ക്കുന്നതിങ്ങനെയാണ്.
നാടുവിട്ടു പോകുന്നവർ നെഞ്ചിൽ പണിത നിലയിൽ നിന്നാണ് പോകാത്താവർ
ആകാശത്തെ തൊട്ടുനോക്കുന്നത്.

ചില തെരുവ് പടങ്ങൾ :Ajitha MK



ലച്ചോറ് ചിതറിത്തെറിച്ച കുഞ്ഞിന്റ പാതിയടഞ്ഞ വീർത്ത കൺപോളയിലേയ്ക്ക്  ചുംബിച്ച്‌   അലമുറയിടുന്ന  പെണ്ണ്  എംതെരുവിലൊറ്റയ്ക്കു  കത്തുന്ന  പന്തമാകുന്നു ..

 മറുപിള്ളപോലെ അവളുടെ മാത്രം
 അടിവയറ്റിൽ  നിന്നൊരു  വെന്തനോവിനെ
 തെരുവിലേക്കവൾ വീണ്ടും പെറുന്നു ..

റോഡിൽവീണ് തൊലിയുറഞ്ഞുപോയ
വിളർത്തപിഞ്ചു കാലുകൾ നീതിയുടെ  നീലിച്ചുപോയ
 വിഹായസ്സിലേക്കു നോക്കി..
നിസ്സഹായന്റെ  വേദനയുടെ  ചുവടുകളെണ്ണുന്നു...

 തെരുവിൽ  കരയുന്നയാ പെണ്ണിന്റെ
 തൊണ്ടക്കുഴിയിൽ നിന്നും..
 പൊള്ളിയൊലിക്കുന്ന  വാക്കുകൾ ചിതറുന്നു .

 കീറിയെറിഞ്ഞ  വസ്ത്രത്തിനുള്ളിലെ
 വേട്ടയാടപ്പെട്ട നഗ്നതയോ .
 ചോരയൊലിക്കുന്ന  യോനിയുടെ നീറ്റലോ...
 അവളറിയുന്നില്ല....

ചതുരംഗ ഭൂവായ  ജീവിതത്തിൽ..
കാലാളിനെപോലെ വെട്ടിമാറ്റിയ
  കാലത്തിന്റെ രാജനീതിയോ . ..

 വഴിയാത്രക്കാർക്ക് വഴിവിളക്കാവേണ്ട
 അനുയാത്രക്കാരുടെ  കപടനീതിയോ .
ആ നോവുപാടം കടന്നെത്തിയവളെ
 ഉണർത്തിയില്ലാ ...

അവളുടെ നോവുകനത്ത  നെഞ്ചിൽ നിന്നും
 തെരുവിലേയ്ക്ക് ...
 മുലപ്പാലിന്റെ ഒരു പുഴ  ഒഴുകുന്നു.

കാലം നമ്മെ ഓർമ്മപെടുത്തികൊണ്ടേയിരിക്കുന്നു...

 തിരക്കേറിമതികെട്ട  ഇരുൾവീണയീ ..
 ജീവിതത്തിലേയ്ക്ക്.
ഒരു പെണ്ണിനും
 പിണങ്ങിയിറങ്ങാനാവുന്നില്ലാ ..
 സംതൃപ്തയെന്ന  ഉപ്പുതൂണായി
 ഉറഞ്ഞിരിക്കണം കാലാകാലം ..


Friday, February 7, 2020

പ്രണയം ആൽക്കമിപോലെയാണ് :Rejishankar





പ്രയം
ആൽക്കെമി പോലെയാണ്
 .
ദേശാന്തരങ്ങളിലൂടെ
മറ്റെല്ലാം ഊരിയെറിഞ്ഞ്
ഹൃദയത്തിന്റെ വാതായനങ്ങൾ തുറന്നിട്ട്
മഞ്ഞും മഴയും എരിവെയിലുമറിയാതെ
നദിപുളിനങ്ങളും വനനികുഞ്ചങ്ങളും 
മണൽക്കാടുകളും താണ്ടി
പ്രണയത്തോട് മരണംകൊണ്ടു
പ്രതികാരം ചെയ്തവരുടെ വിലാപങ്ങളും
 പ്രണയത്തിൽ കുതിർന്നുപോയവരുടെ 
പതുപതുപ്പും കടന്ന്‌ താമരകൾക്കിടയിൽ
 മേയുന്ന ഇണയരയന്നങ്ങളുടെ
 അനുരാഗാനദിയിൽ മുങ്ങി നിവർന്നു,
നിലാവിൽ വീണ പിരമിഡുകളുടെ,
 പനയോലകളുടെ നിഴലിലിരുന്ന് 
അലിഞ്ഞലിഞ്ഞ് പാടി
ചന്ദ്രികയെ അലിയിച്ചുതിർത്തൊരു
 വെളിച്ചക്കടലാക്കിയാലും പ്രണയത്തിന്റെ
 ഒരിലയനക്കം പോലും ഉണ്ടാകണമെന്നില്ല.

ഉറകെട്ട ജീവിതങ്ങൾ
ഏഴല്ല, എഴുന്നൂറ് ജന്മങ്ങൾ 
ഒരുമിച്ചു സഞ്ചരിച്ചാലും 
മരിച്ചവരെപ്പോലെ പുണർന്നും വേർപെട്ടും 
മൈലുകൾ മനസ്സുകൊണ്ടളന്നങ്ങനെ നീളും.

നിന്റെ ഹൃദയാഴങ്ങളിലേക്കുള്ള 
എന്റെ മുങ്ങിക്കപ്പൽ ചലിക്കുന്നതില്ലന്ന് 
നീ മാത്രമറിഞ്ഞ രഹസ്യം.

കളഞ്ഞുപോയ പ്രിയപ്പെട്ടതിനെ
ഓർക്കാതിരിക്കെ കണ്ടെത്തിയ
നടുക്കം പോലൊരു ഇഷ്ടത്തെ
 കണ്ടെത്തുമ്പോളാണ്,
ഹൃദയം രോമകൂപങ്ങലിലൂടെ 
ശാഖികൾ നീട്ടി തളിർത്ത്
 ഉടലാകെ പൂത്തുലയുന്നത്.
അതിൽ, കണ്ണിൽ വിരിയുന്നതിനെയാണ് 
മാലാഖമാർ പൂജയ്ക്കെടുക്കാറുള്ളത്.


പ്രണയം,
ആൽക്കമിയാണ്.
അതു, ഉള്ളിൽ ചടഞ്ഞുപോയ 
താമരനൂലുകൾ
സ്വർണ്ണ നാരുകളാക്കുന്നു.
വാക്കുപോയ ഹൃദയങ്ങളെ 
പരസ്പരം പണിയുന്നു.

മായാത്ത കാഴ്ചകളിലല്ല
വിനാഴികളുടെ കൈക്കുമ്പിളിലും
വിദൂരതയുടെ സുതാര്യതയിലുമാണ്
അതിരിക്കുന്നതെന്ന് 
ഞാനറിയുന്നില്ലന്നത്
നീ മാത്രമറിയുന്ന രഹസ്യം.

എന്തിനാണിങ്ങനെ
പൂക്കൾ വിരിയുന്നതെന്ന്‌
ഞാൻ തലപ്പുകയുമ്പോൾ
നിന്റെമുഖം എന്തായിരുന്നുവെന്ന് 
ഞാൻ അറിഞ്ഞിരുന്നില്ലന്നത് മാത്രം 

ഒരു രഹസ്യമല്ല.

ഉയിരും ഉടലും നടുക്കടലിൽ ഒളിപ്പിച്ചുവച്ചവർ: അരുന്ധതിമധുമേഘ



ടതടവില്ലാതെ പെയ്ത
ദുരിതത്തീമഴയില്‍
കൂടും കൂട്ടവും നഷ്ടപ്പെട്ട്
ഉയിരും ഉടലും;  നടുക്കടലില്‍
ഉലയുന്ന പടകിൽ
ഒളിപ്പിക്കേണ്ടിവന്നവര്‍
ഞങ്ങൾറോഹിങ്ക്യകള്‍
ഇളകുന്ന കടലിലായി
ഉയിരൂർന്നു പോകുന്ന
ഉടലുപേക്ഷിച്ചവർ

ജന്മരേഖകൾ ജലരേഖയായി
ജന്മവകാശങ്ങൾ ജല്പനങ്ങളായി
ചവിട്ടിനിൽക്കാൻ ഇടം തരാതെ
ജനിച്ച മണ്ണിൽ നിന്നാട്ടിയിറക്കുമ്പോൾ

ഉറകെട്ടകാലത്ത് ഒരു തീരവും
അഭയമേകാതെ വറുതിക്കാറ്റിനും ചുഴലിക്കാറ്റിനുമിടയിൽ
മനസ്സും പടകുമിളകിയുലഞ്ഞ്
കടൽക്കാക്കകളുടെ ചിറകടികൾക്കപ്പുറം
 രാത്രി കടന്ന് വെളിച്ചം വരുന്നതും കാത്ത്
തമോഗർത്തങ്ങളിൽ ഉഴറി നീങ്ങുന്നു

നരച്ച ബോധിവൃക്ഷത്തിൻ്റെ വേരുകൾ
മാന്തിക്കീറി ആഴ്ന്നിറങ്ങിയ ധർമ്മം
ഉറഞ്ഞൊരു ശിലാ ശില്പമായി
വംശീയമുദ്രയുടെ അടരുകളുടച്ച് 
ഭൂപടത്തിൻ്റെ നിറം ചുവപ്പിയ്ക്കുമ്പോൾ.                       
ആയിരങ്ങളുടെ ആത്മബോധം
 പറക്കു കീഴിൽ മറയ്ക്കേണ്ടി വന്നവർ.

നേരുടൽ ഇടറിവീണ നെറിയില്ല നേരത്ത്
ആൾപ്പാടുകളുടെ കാഴ്ച്ചവെട്ടമണച്ച് മണ്ണകങ്ങൾ ഊർത്തിയെടുക്കുമ്പോൾ ഉരഞ്ഞുതീരുന്ന കാൽമടമ്പുകളിൽ
അലഞ്ഞ കാതങ്ങൾക്ക്
ദൂരമളക്കുന്നു തേയ്മാനങ്ങൾ

തായ് വേരറുത്തെടുത്ത മനുഷ്യക്കടത്തിൽ  മാനംചൂഴ്ന്നെടുത്ത് 
മുഖംകുത്തിനിന്ന ഉടലാഴങ്ങൾ   
വീണടിയുന്ന ഉടലുകൾ 
കീറിയ ഉടുത്തുണിയ്ക്കുള്ളിൽ
ഉയിർക്കാഴ്ച്ച കെട്ട ഉടഞ്ഞപ്പെണ്ണ്

കാലം പകുത്തു പകുത്തു വെച്ചവരുടെ ചൂടമർത്തിയ പ്രണയം 
ചുവന്ന തെരുവിടങ്ങളിൽ
ചൂരു പോയ അറവുമൃഗങ്ങൾ

കണ്ണിൽ കത്തുന്നസ്വപ്നങ്ങൾ
കനവുകണ്ടുറങ്ങുന്ന നേരം
ചുട്ടുക്കരിച്ചോരോ ജീവൻ
ചൂഴ്ന്നെറിയുമ്പോൾ
മരണവേദനകളുടെ
കൂട്ടനിലവിളികൾ കേട്ട്
കാതുകൾ പൊത്തി 
പൊള്ളിനിൽക്കുന്നവർ

ജീവിതപ്പകർച്ചകളിൽ നട്ടം തിരിഞ്ഞ് അലറിവിളിയ്ക്കുന്ന ഭ്രാന്തൻ കാറ്റിൽ
ചടുലതാളമിടറി
ശ്വാസഗതി ഇരമ്പിമാറിയപ്പോഴും
ഭീതി തുള്ളുന്നപ്പെരുമഴപ്പെയ്ത്തിൽ
തണുത്ത് വിറങ്ങലിച്ച്
ജലനൂലുകളുടെ ഈറൻ വലയ്ക്കുള്ളിൽ കുരുങ്ങി
കത്തിയെരിയുന്ന
വെയിൽ ഞരമ്പുകൾക്കിടയിൽ
വെന്തുപുകഞ്ഞ്
കണ്ണീര്‍നിണം കലര്‍ന്ന ഉപ്പുകാറ്റ്,
തീരങ്ങളെ കരിച്ച്
ചക്രമില്ലാത്ത വണ്ടിയില്‍
കിതച്ച് കിതച്ചങ്ങനെ !

ഉഷ്ണരാശിയിൽ ഉരുകിത്തീർന്നവർ
 ആത്മാവിന്‍റെ  ചൂട് ഉറഞ്ഞു പൊള്ളിച്ച
സമുദ്ര ഗര്‍ഭത്തിലേക്ക്
സഹനത്തിന്‍റെ  ആഴമളക്കാന്‍ പോയി.
ചിലരപ്പോഴും പുളിച്ച കണ്ണുകള്‍ തിരുമ്മി,
രാത്രിയുടെ കടലാഴ്ങ്ങളില്‍ കണ്ണുംനട്ട്
പിടിയൂര്‍ന്നുപോയവരുടെ ആത്മാക്കളെ    തിരയുന്നു;

എക്കിക്കയറിയ ചവിട്ടുകല്ലുകളുടയ്ക്കപ്പെട്ടവർ
മെത്തിയൊഴുകുന്ന ആത്മരോഷം
വ്യഥയിലൊതുക്കി
 വിശപ്പിൻ്റെ ഉടുതുണി വരിഞ്ഞ് മുറുക്കി
വറ്റിവരണ്ട തൊണ്ട തിരുമ്മി നനച്ച്
ആധിയും വ്യാധിയും ചൊറികുത്തിമാന്തി
കുന്തക്കാലിലിരുന്ന്
നാളെയെ പ്രാകിവെളുപ്പിക്കുന്നു.

തീ തിന്ന് നാവുവെന്ത അമ്മ;
കരിഞ്ഞ മുല ഞെട്ടുകള്‍ക്കു പകരം
 നൊന്ത കണ്ണിലെ പ്രാണരക്തം
ഒഴിച്ച മൂത്രത്തിൽ പകര്‍ന്ന്
മലം തിന്ന് വാ വിങ്ങിപ്പഴുത്ത്
വരണ്ടുണങ്ങിയ കുഞ്ഞു വായിൽ
ജീവൻ്റെ ചെറുനീരിറ്റിയ്ക്കുമ്പോൾ
സമയ സൂചികയുടെ മുന കുത്തിയൊടിയുന്നു

ഹൃദയവേവുകൾ ഉരുക്കിയൊരു  കനൽക്കല്ലാക്കി
കലഹിക്കാനൊന്നുമില്ലാഞ്ഞിട്ടും  പരസ്പരമടിച്ചുവീഴ്ത്തി
 കടിച്ചെടുത്ത മനുഷ്യമാംസങ്ങൾ
പച്ചയ്ക്ക് ചവച്ചിറക്കി
വയറിന്‍റെ  മുരള്‍ച്ചയടക്കുമ്പോള്‍,
തലനീട്ടി മണക്കുന്ന മരണം നീലക്കടലിളക്കി
ചുവന്നചോര തുപ്പുന്നു 

വിളറിവെളുത്ത ആകാശമേഘങ്ങൾക്കിടയിൽ തിളങ്ങിയൊഴുകുന്ന പക്ഷിക്കൂട്ടങ്ങളെ
മക്കൾക്ക് ചൂണ്ടിക്കാട്ടി
ചുടുനെടുവീർപ്പിൻ്റെ തീ ചൂടിൽ
അച്ഛൻ്റെ കൺകോണിൽ തങ്ങിയ മിഴിനീർകണത്തിൽ മുനിഞ്ഞുകത്തുന്ന പ്രതീക്ഷയുടെ മങ്ങിയ ചെറുതിരിവെട്ടം                 

ഊരിപ്പിടിച്ച കുഞ്ഞുജീവൻ ഉള്ളുപിടച്ച്
ഒരു നിലവിളിയായി ആഴങ്ങളിലേക്ക് ഊർന്നിറങ്ങുമ്പോൾ
കടലിനെ കൺകോണിലൂടൊഴുക്കി ആകാശത്തെ കൺമുനയിൽ കോർത്തുടക്കി ആണ്ടുപോയ വിശ്വാസത്തിൻ്റെ
ആഴങ്ങളിൽ കൈകാലിട്ടടിച്ച്
കാലഗതികൾക്ക് വകവെയ്ക്കാതെ
കാറ്റിരമ്പലിന് മുഖം കൊടുക്കാതെ
മടക്കമില്ലാത്ത മോഹങ്ങളിലേയ്ക്ക് കണ്ണുനീട്ടി
തിരയില്ലാത്ത കടലുകൾ സ്വപ്‌നം കണ്ട്
അഭയസ്ഥലികൾ തിരഞ്ഞെങ്ങോട്ടൊ

നീറി നിൽക്കുന്ന കാലസന്ധിയിൽ
കെട്ടുകാഴ്ചകൾ
അനീതികൾ അസമത്വങ്ങൾ
ആകുലതകൾ നിറഞ്ഞ കലഹങ്ങൾ
ജന്മാവകാശത്തിൻ പോരുടലുകൾ
വിപ്ളവങ്ങൾ ധാർഷ്ട്യത്തിൻ പ്രതിസ്വരങ്ങൾ പ്രതിരോധങ്ങൾ  യുദ്ധം സമാധാനം
പ്രണയവും രതിയും വിരഹവും
ഉന്മാദത്തിൻ്റെ ഉൾകാഴ്ചകൾ

അഹിംസ ഹിംസയായി രൂപാന്തരപ്പെട്ട
വംശീയവെറിയുടെ കൂട്ടക്കൊലകൾ

 ഇനിയേത്  കുഞ്ഞാടിന്‍റെചുടുചോരയ്ക്കായാണ് വെറിപൂണ്ടു  നില്‍ക്കുന്നത്

ബുദ്ധാ;
അങ്ങിപ്പോഴും
ബോധി വൃക്ഷത്തിന്‍റെ
ചുവട്ടില്‍ തന്നെയാണല്ലോ 

കുരുക്കിയ , കുരുതികഴിച്ച
കുഞ്ഞാടുകളുടെ നിലവിളി
അങ്ങ് കേള്‍ക്കുന്നില്ലേ ?
അതോ,ഇനിയും കടുക് മണിക്കായ്
"മരിക്കാത്ത വീട് തിരഞ്ഞു പോകുക" യെന്നാണോ?

Saturday, February 1, 2020

ഇരു വശങ്ങൾ : Rejishankar



രിലയുടെ
ഇരുവശങ്ങളായിരുന്നുകൊണ്ട്
രണ്ട് വസന്തങ്ങൾ
സ്വപ്നം കാണുന്നവരാണ് നാം.
ഓരോ വശവും ഓരോ ഇടതൂർന്ന
വനമെന്നു മുഴങ്ങുന്നു.
അതുകൊണ്ടുതന്നെ ഒരു വശവും ഇതുവരെ
മറുവശം കണ്ടിട്ടില്ല.

ഇലയുതിരും കാലത്ത് നിറംമങ്ങി കൊഴിയുമെന്നോർക്കാതെ
വിത്തിനെക്കാൾ മുളയെ സ്വപ്നം കാണുന്നവർ.

കരിയിലകൾ ഇതുവരെ
ചരിത്രമെഴുതിയിട്ടില്ല.

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...