Monday, October 25, 2021

മുല്ലപ്പെരിയാർ എന്ന ജലബോംബ് : ഷാജി പാക്കോളിൽ







  • ഏതൊരു ശാസ്ത്ര ശാഖയും അൻപത്, അല്ലെങ്കിൽ അറുപത് വർഷം guaranty പറയുന്ന ഡാമുകൾ ഇപ്പോഴും വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു എന്നത് ഭാഗ്യം തന്നെ, (മുല്ലപ്പെരിയാർ 100വർഷം കഴിഞ്ഞിട്ട് സിൽവർ ജൂബിലി ആകാൻ ആയി )




  • പെൻസ്റ്റോക്,ദുരന്തം ഒന്നര ദിവസത്തെ മഴ,എന്നിവയുണ്ടാക്കിയ ദുരന്തത്തിന്റെ തീവ്രത എത്രത്തോളമെന്നു കേരളം ഹൃദയ വേദനയോടെ കണ്ടതാണല്ലോ, എന്നിട്ടും #മുല്ലപ്പെരിയാർ ന്റെ കാര്യത്തിൽ എന്തെ ഈ നിസ്സംഗത?
    ഇടുക്കിയിലെ മലമൂടന്മാരെ (അങ്ങനെ ആണല്ലോ ഫ്ലാറ്റ് വാസികൾ വിളിക്കുക )മാത്രം ബാധിക്കുന്ന വിഷയം ആണെന്ന് കരുതിയാണോ?
    എറണാകുളം പോലുള്ള മെട്രോ നഗരങ്ങളിൽ ഇപ്പോൾ ചേക്കേറിയിരിക്കുന്ന ഹൈ സൊസൈറ്റി എന്ന് സ്വയം തോന്നുന്നവർക്ക് പ്രതികരണശേഷി ഇല്ലാതെ പോയതോ? അതോ ഇത്തരം വിലകുറഞ്ഞ ഏർപ്പാട് ഞങ്ങൾക്ക് പുച്ഛം ആണ് അങ്ങനെ കരുതിയാണോ?
    ഇടുക്കിക്കാരും, ബ്ലഡി ഗ്രാമവാസീസും,അണ്ണന്മാരും തമ്മിലുള്ള വിഷയത്തിൽ ഞങ്ങക്കെന്തു കാര്യം എന്നോർത്തോ?
    ഏതൊരു ശാസ്ത്ര ശാഖയും അൻപത്, അല്ലെങ്കിൽ അറുപത് വർഷം guaranty പറയുന്ന ഡാമുകൾ ഇപ്പോഴും വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു എന്നത് ഭാഗ്യം തന്നെ, (മുല്ലപ്പെരിയാർ 100വർഷം കഴിഞ്ഞിട്ട് സിൽവർ ജൂബിലി ആകാൻ ആയി )
    മുല്ലപ്പെരിയാർ എന്ന ജലബോംബ് കേരളത്തിന്റെ തലക്ക് മുകളിൽ അപകട മുന്നറിയിപ്പ് നൽകി നിൽക്കാൻ തുടങ്ങിയിട്ട് എത്ര വർഷം ആയി...?
    മുല്ലപെരിയാർ ഡാം തകർന്നു 30 ലക്ഷം പേർ മരിച്ചു... 10 ലക്ഷം പേർക്ക് ഗുരുതര പരിക്ക്... 10 ലക്ഷത്തിന് അടുത്ത് ആളുകളെ കാൺമാനില്ല... ദാ ഇപ്പൊ പറഞ്ഞത് വരും കാലമൊന്നിൽ കേരളത്തിലെ പ്രമുഖ പത്രത്തിലെ ഫ്രണ്ട് പേജ് ന്യൂസ് ഇത് ആയിരിക്കും... ഒരുപക്ഷേ അങ്ങനെ ഒരു വാർത്ത കൊടുക്കാൻ ആ പത്രം ഉണ്ടാകണം എന്ന് തന്നെ ഇല്ല... പ്രളയം വന്നു ഇടുക്കി ഡാം തുറന്നു വിടുമ്പോ ചെമ്പല്ലികൾക്ക് മനോരമ റൂട്ട് മാപ്പ് വരച്ചു കൊടുക്കുന്ന പോലെ എത്ര വരച്ചു കൊടുത്താലും കുത്തി ഒലിച്ചു വരുന്ന വെള്ളം അതിനു തോന്നുന്ന രീതിയിൽ 6 ജില്ലകളെ എടുത്ത് അറബി കടലിൽ കൊണ്ടിടും... അവിടെ കിടന്ന് അയ്യോ പൊത്തോ വിളിച്ചിട്ട് ഒരു കാര്യവുമില്ല... നില വിളി ഡാമിൻ്റെ ഏതേലും കഷ്ണം കേട്ടാൽ പ്രതികരണം ഏകദേശം ഇങ്ങനെ ആയിരിക്കും... "കഴിക്കുന്ന ഭക്ഷണത്തിനും ഉടുക്കുന്ന തുണിക്കും എന്തിന് ഉപയോഗിക്കുന്ന വണ്ടിക്ക് പോലും expiry date വെക്കുന്ന നീയൊക്കെ 45 - 50 വർഷം ആയുസുള്ള എന്നെ 126 വർഷം ആയിട്ട് പിടിച്ചു നിർത്തുവല്ലെ... BMBC നിലവാരത്തിൽ ടാർ ചെയ്ത റോഡും... 4 അടി കനത്തിൽ കോൺക്രീറ്റ് ചെയ്ത പാലം വരെ പണിഞ്ഞു ആറ് മാസത്തിനുള്ളിൽ പൊളിയുന്ന ഈ നാട്ടിൽ ശർക്കരയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ഞാൻ 126 വർഷം നിന്നത് തന്നെ വലിയ കാര്യം... നിന്നോടൊക്കെ പല തവണ പലരും പലപ്പോഴും പറഞ്ഞതല്ലേ പുതിയ ഡാം പണിയെട നായിൻ്റെ മോനേ എന്ന്... അല്ലാതെ എനിക്ക് താങ്ങുന്നതിനും ഒരു പരിധി ഇല്ലേടാ..."
    അതേ നമ്മുടെ തലക്ക് മുകളിൽ ഒരു വാൾ തൂങ്ങി ആടുന്നുണ്ട്... ഡമോക്ലസിൻ്റെ വാൾ... മുല്ലപെരിയാർ എന്ന വാൾ... അത് ഏത് നിമിഷവും പൊട്ടും... പൊട്ടിയാൽ മലയാളി വട്ടത്തിൽ മൂഞ്ചും എന്നതിൽ ഒരു സംശയവുമില്ല... അപ്പോ നിങ്ങൾക്കു തോന്നും തൊട്ട് താഴെ ഉള്ളത് ഇടുക്കി ഡാം അല്ലേ അത് താങ്ങി നിർത്തുമല്ലോ ഈ വെള്ളം എല്ലാം എന്ന്... മുല്ലപ്പെരിയാറിൽ 15 TMC വെള്ളം മാത്രേ ഉളളൂ... ഇടുക്കിയിൽ 70 TMc വെള്ളം കൊള്ളും... പക്ഷേ ഒഴുകി വരുന്നത് 15 TMC വെള്ളം മാത്രമല്ല... കൂടെ കല്ലും മണ്ണും മരവും ഡാമിൻ്റെ അവശിഷ്ടവും എല്ലാം കാണും... ഒരുപക്ഷേ ഇടുക്കി ഡാം ഇതൊക്കെ താങ്ങിയാലും കൂടെ ഉള്ള രണ്ട് ഡാം കൂടി പറയാം... കുളമാവ് ചെറുതോണി... ഇടുക്കി ഡാമിൻ്റെ ഷട്ടറുകൾ ഇവിടെ ആണ്... എന്ന് വെച്ചാ... ഈ രണ്ട് ഡാമിൻ്റയും catchment area... വെള്ളം കെട്ടിനിൽക്കുന്ന സ്ഥലം ഇടുക്കി ഡാമിൻ്റെ തന്നെ ആണ്... അപ്പോ ഇടുക്കി ഡാം തകരുക എന്നത് ഈ രണ്ട് ഡാമിൽ ഏതേലും ഒന്ന് തകർന്നാൽ മതി... ഇന്ത്യയിലെ ഏറ്റവും ദുർബലമായ ഡാമുകളിൽ ഒന്നാണ് കുളമാവ് ഡാം... ഡാമിൻ്റെ ഒരു അതിര് പബ്ലിക് റോഡാണ്... ഒരു ഉരുൾപൊട്ടൽ അല്ലേൽ മണ്ണിടിച്ചിൽ ഉണ്ടായാൽ എല്ലാം കൂടി ഇളകി പറിച്ചു ഇങ്ങ് പോരും... ലോകത്തിൽ ഓരോ വർഷവും രണ്ടിൽ അധികം ഡാമുകൾ തകരാറുണ്ട്... ഇന്ത്യയിൽ ഇതുവരെ 26 ഡാമുകൾ തകർന്നിട്ടുണ്ട്... അത് കൊണ്ട് ഒന്ന് ഓർമ്മിപ്പിക്കാം... മുല്ലപെരിയാർ ഡാമും ഇടുക്കി ഡാമും എന്നും ഇങ്ങനെ തന്നെ നിൽക്കും എന്ന് പ്രതീക്ഷിക്കരുത്... എപ്പോ വേണേലും തകരാം... തകരാതിരിക്കാൻ ശ്രീരാമൻ പണിഞ്ഞ രാമസേതു ഒന്നും അല്ലല്ലോ ഇത്... എത്ര നാൾ നിൽക്കുന്നുവോ അത്രയും നാൾ നമ്മുടെ ജീവിതം എക്സ്ട്രാ ബോണസ് ആണ്...
    ഇനിയും മനസ്സിലാകാത്തവർക്ക് ഒരു കഥ പറഞ്ഞു തരാം... ഒരു പഴയ കഥ...
    കഥ നടക്കുന്നത് ഇവിടെ അല്ല അങ്ങ് ചൈനയിൽ... അവിടെ ചെൻ ഷിങ്ങെന്നു പേരുള്ളൊരു ഹൈഡ്രോളജിസ്റ്റുണ്ടായിരുന്നു... നമ്മുടെ ഡാമിനെ കുറിച്ചൊക്കെ പഠിക്കുന്ന ഒരാൾ...
    ഹെനൻ പ്രവിശ്യയിലുള്ള ബാങ്കിയാവോ ഡാമിനെപ്പറ്റി വിശദമായി പഠിച്ച ചെൻ ഷിങ്ങ് ചൈനയിലുടനീളം യാത്രചെയ്ത് ബാങ്കിയാവോ ഡാം പൊട്ടുമെന്ന് പ്രസംഗിച്ചു...
    ആദ്യമാദ്യം ചെൻ ഷിങ്ങിനെ പരിഹസിച്ച ജനങ്ങൾ ഇയാൾക്ക് വട്ടാണെന്ന് പറഞ്ഞു... പിന്നെ പറയാതെ ഇരിക്കുവോ ഒരു കുഴപ്പവും ഇല്ലാത്ത ഡാം പൊട്ടും എന്ന് പറഞ്ഞാല് എപ്പാ അടി കിട്ടി എന്ന് ചോദിച്ചാൽ മതി... ചൈനീസ് ഭരണകൂടം ചെൻ ഷിങ്ങിന്റെ വാദങ്ങളെ പുച്ഛിച്ചുതള്ളി...
    ഇതിലൊന്നും തളർന്നുപോകാതെ ചെൻ ഷിങ്ങ് ബാങ്കിയാവോ അണക്കെട്ടിന്റെ ബലഹീനതകളെപ്പറ്റിയും അണക്കെട്ട് തകർന്നാൽ ഒലിച്ചുപോകുന്ന ലക്ഷക്കണക്കിന് മനുഷ്യജീവനുകളെപ്പറ്റിയും കവലകളിൽ പ്രഭാഷണം നടത്തിക്കൊണ്ടിരുന്നു...
    ഒരുപ്രദേശത്തെ മുഴുവൻ ആളുകളുടേയും മരണത്തെമുന്നിൽക്കണ്ട് ആധികയറിയതുപോലെ ചെൻ ഷിങ്ങ് പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നിയ കുറച്ചുപേർ ചെൻ ഷിങ്ങിന്റെ അഭിപ്രായങ്ങളോട് യോജിച്ച് അയാളോടൊപ്പം ചേർന്നു... ക്രമേണ അതൊരു വലിയകൂട്ടമായി...
    അവസാനം ചൈനീസ് സർക്കാർ ഇവരുടെ ആവശ്യം പരിഗണിച്ച് ഒരു കമ്മറ്റിയെ നിശ്ചയിച്ചു... അതിൽ വിദഗ്ദരായ എഞ്ചിനീയർമാരും ഹൈഡ്രോളജിസ്റ്റുകളുമുണ്ടായിരുന്നു...
    അവർ ഡാം പരിശോധിച്ചു... ഡാമിന് ബലക്ഷയമുണ്ടെങ്കിലും തകരാൻ സാധ്യതയില്ലെന്നും അഥവാ തകർന്നാൽ
    ബാങ്കിയാവോ അണക്കെട്ടിന് മുൻപിലുള്ള അറുപത്തൊന്ന് ചെറിയ ഡാമുകൾ ബാങ്കിയാവോ ഡാമിലെ ജലം താങ്ങിക്കോളുമെന്നും അതിനാൽ മനുഷ്യർക്ക് ഒന്നും സംഭവിക്കില്ലെന്നും റിപ്പോർട്ട് കൊടുത്തു...
    സർക്കാർ റിപ്പോർട്ട് അംഗീകരിച്ചു...
    ഭൂമിയ്ക്കുകിട്ടിയ ഏറ്റവും ശപിക്കപ്പെട്ടൊരു വെളുപ്പാൻകാലത്ത് ചെൻ ഷിങ്ങ് പ്രവചിച്ചതുപോലെ ബാങ്കിയാവോ അണക്കെട്ട് തകർന്നു...
    അതിതീവ്രമഴയായിരുന്നു കാരണം...!
    " ആകാശം പൊട്ടിവീണെന്നാണ് കരുതിയത് " ജീവൻ തിരിച്ച് കിട്ടിയ ഒരാളുടെ മൊഴി ഇങ്ങനെയാണ് ചരിത്രത്തിൽ രേഖപ്പെടുത്തിവെച്ചിട്ടുള്ളത് .
    ഇരച്ചെത്തിയ വെള്ളം അറുപത്തൊന്ന് ഡാമിൽ ആദ്യത്തേതിനെ തകർത്തു...!
    അതോടെ ശക്തിയിരട്ടിച്ച ജലപ്രവാഹം ഒന്നൊന്നായി അറുപത് ഡാമുകളേയും തകർത്തു .
    ഏകദേശം രണ്ടരലക്ഷത്തിലധികം മനുഷ്യർ ഒഴുകി കടലിലടിഞ്ഞു...!
    അതിഭീകരമായ ദുരന്തത്തിൽനിന്ന് ഇരുപത്തിമൂന്നായിരം പേർ രക്ഷപെട്ടിരുന്നു . ഒടിഞ്ഞുവീഴാത്ത വൃക്ഷങ്ങളിൽ പിടിച്ചുതൂങ്ങിയും നിലംപൊത്താത്ത അപൂർവം കെട്ടിടങ്ങളിൽ തങ്ങിയവരുമായിരുന്നു അവർ .
    ചൈനീസ് ഗവൺമെന്റ് ഉണർന്നുപ്രവർത്തിച്ചു...!
    ചെറുവിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി ഇവർക്ക് ഭക്ഷണസാധനങ്ങളും കുടിവെള്ളവും എറിഞ്ഞുകൊടുത്തു...! ആർക്ക് കിട്ടാൻ...?
    നൂറുകണക്കിന് മീറ്റർ പൊക്കത്തിൽ ഉറഞ്ഞ ചളിയിൽ പുതഞ്ഞുപോയി ഭക്ഷണക്കിറ്റുകൾ . ദാഹിച്ചുവലഞ്ഞ അവർ ചളിവെള്ളം കുടിക്കുകയും വിശപ്പ് സഹിക്കവയ്യാതെ അപ്പനെന്നോ അമ്മയെന്നോ കൂടെപ്പിറപ്പെന്നോ നോക്കാതെ ശവശരീരം തിന്നുകയും ചെയ്തു...!
    തൽഫലമായി അവരിൽ സംക്രമികരോഗങ്ങൾ പടർന്നുപിടിക്കുകയും ആ ഇരുപത്തിമൂന്നായിരം ഹതഭാഗ്യരേയും മരണം ഭയാനകമായ രീതിയിൽ നക്കിത്തിന്നുകയും ചെയ്തു . ഈ കഥ മുല്ലപെരിയാർ ഡാമിനെ കുറിച്ചു തപ്പിയപ്പോ ഗൂഗിളിൽ നിന്ന് കിട്ടിയതാ... സംഗതി സത്യമാണ്...
    പഴയകഥ ഇവിടെ തീർന്നു...
    ഇനി പുതിയ കാര്യങ്ങൾ ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി... നമ്മുടെ കൊച്ചു കേരളത്തിലും സംഭവിക്കാൻ പോകുന്നത് ഇത് തന്നെ ആണ്... ഡമോക്ലസിൻ്റെ വാൾ... അത് തലക്ക് മീതെ തൂങ്ങി ആടുന്നുണ്ട്... നാളെ ഒരുപക്ഷെ ഇതുപോലെ നമ്മുടെ കഥ വേറേ ഒരാൾ ഇതുപോലെ പറയേണ്ടി വരും... ചൈന എന്നത് കൊച്ചു കേരളവും... ബാങ്കിയാവോ ഡാം എന്നത് മുല്ലപെരിയാർ ഡാം എന്നും ആകാതിരിക്കട്ടെ...
    പറയാൻ ഇനിയും ഒരുപാട് ബാക്കി ഉണ്ട്... അതിൽ രാഷ്ട്രീയവും ഉണ്ട്... ബാക്കി ഒക്കെ വഴിയേ പറയാം... കേരളത്തിന് ഒരു രീതിയിലും ലാഭം ഇല്ലാത്ത ഒരു ഡാം... ഒന്നുകിൽ decommission ചെയ്യുക... അല്ലെങ്കിൽ പുതിയ ഡാം നിർമ്മിക്കുക... ലാഭം ഇല്ലെങ്കിലും നഷ്ടം മുഴുവൻ കേരളത്തിന് തന്നെ ആണ്...
    Decommission Mullapperiyar Dam...
    SAVE KERALA.....


Saturday, October 23, 2021

പി.സി. ചെമ്പൻ ✍🏻രാജൻ വളഞ്ഞവട്ടം.

 

 

"എന്റെ ജനത്തിന് വിദ്യാഭ്യാസം നൽകിയില്ലങ്കിൽ ഇക്കാണായ പാടം മുഴുവൻ ഞാൻ മുട്ടിപ്പുല്ല് കിളിർപ്പിക്കും എന്നു പറഞ്ഞ്, വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച, യജമാനന്റെ യഥാർത്ഥ പിൻഗാമി.
ബിഗ് സല്യുട്ട് "

പി.സി. ചെമ്പൻ എന്ന വ്യക്തിയെ കേരളീയർക്ക് അത്ര പരിചയം കാണില്ല..എന്നാൽ കോട്ടയം ജില്ലയിലെ മുട്ടപ്പള്ളി എന്ന മലയോര കാർഷിക ഗ്രാമത്തിൽ ജീവിക്കുന്ന ഗ്രാമീണർക്ക് ഈപേര് വളരെ സുപരിചിതമാണ്
അടിയാള സമൂഹത്തിന് അക്ഷരവും, അറിവും അന്യംനിന്ന കാലത്ത്, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ നിരക്ഷരനായ ചെമ്പൻ , മുട്ടപ്പള്ളിയിലെ കുടിയേറ്റ കഷകരുടെ മക്കൾക്കും,പട്ടികജാതി/പട്ടിക വർഗ്ഗവിദ്യാർത്ഥികൾക്കും വേണ്ടി സ്വന്തം അധ്വാനത്തിലൂടെ ഒരു സ്കൂൾ നിർച്ചിമ്മിച്ചു നൽകിയ കഥയാണ്
പി.സി. ചെമ്പൻ എന്ന വ്യക്തിയെ കുറിച്ച്, മുട്ടപ്പള്ളിക്കാരോട് ചോദിച്ചാൽ അവർക്ക് പറയുവാനുള്ളത്.
നിരക്ഷരനായ ഒരാൾ ഒരു സ്കൂൾ നിർമ്മിച്ച് , സർക്കാർ അംഗീകാരം നേടിയ ശേഷം സ്കൂളിന്റെ പ്രവർത്തനം മാത്യകാപരമായി നടത്തി വിജയിപ്പിച്ച കേരളത്തിലെ അപൂർവ്വം പട്ടികജാതിക്കാരിൽ ഒരാൾ , ഒരു പക്ഷേ
പി.സി.ചെമ്പനായിരിയ്ക്കും.!
സംഭവം ഇങ്ങനെ, ....
നാല്പതുകളുടെ തുടക്കത്തിൽ കോട്ടയം ജില്ലയുടെ കിഴക്കതിർത്തി ഗ്രാമമായ മുട്ടപ്പള്ളിയിലേക്ക്, കറിക്കാട്ടൂർ എന്ന സ്ഥലത്തു നിന്നും കുടിയേറിയ വ്യക്തിയാണ് പി.സി.ചെമ്പൻ . ചെറുപ്പത്തിൽ തന്നെ ഗാന്ധിയൻ ആശയങ്ങളോട് ആകൃഷ്ടനായി, ഗാന്ധിയനായി, അഹിംസാവാദവും, കോൺഗ്രസ് ആഭിമുഖ്യവും, ഖദർ വേഷവും കൊണ്ട് മുട്ടപ്പള്ളിയിലെ ദലിതർക്കിടയിൽ വ്യത്യസ്ഥനായി എന്നു മാത്രമല്ല, പതുക്കെ പതുക്കെ അവരുടെ നേതാവായി ഉയരുകയും ചെയ്തു.
സ്വാതന്ത്ര്യാനന്തരം, കിഴക്കൻ മേഖലകളിൽ ആവർത്തന കൃഷി നടത്താൻ വേണ്ടി ആവശ്യമുള്ള ഭൂമി, കേരളസർക്കാർ വനമേഖലയ്ക്കരുകിൽ താമസിയ്ക്കുന്നവർക്ക് നൽകിയപ്പോൾ, വനത്തിനുള്ളിൽ അഞ്ചേക്കർ വനഭൂമി പി.സി. ചെമ്പൻ സ്വന്തമാക്കി.
സാമൂഹ്യപ്രവർത്തനത്തിനൊപ്പം സ്വന്തം ഭൂമിയിൽ കൃഷി ചെയ്തു ഉപജീവനം നടത്തുന്ന കാലത്താണ്,
മുട്ടപ്പള്ളിയിൽ ഒരു വിദ്യാലയം എന്ന ആശയത്തിന് തിരികൊളുത്തി, ദലിതനായ സി. പൊന്നിട്ടി മുട്ടപ്പള്ളിയിൽ 1960-ൽ ഒരു എൽ.പി.സ്കൂൾ നിർമ്മിച്ച് വിദ്യാഭ്യാസ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. (ഈ സ്കൂൾ എട്ടു കൊല്ലം സി.പൊന്നിട്ടി നടത്തിയെങ്കിലും സാമ്പത്തിക ബാദ്ധ്യത മൂലം, തുടർന്നു സ്കൂൾ നടത്താൻ കഴിയാതെ സർക്കാറിനെ ഏൽപ്പിക്കുകയും, ഇപ്പോൾ ഗവ.എൽ.പി.സ്കൂളായി പ്രവർത്തിച്ചു വരുന്നു. ) പട്ടികജാതി/പട്ടിക വർഗ്ഗക്കാർ ഭൂരിപക്ഷമുള്ള പ്രദേശത്ത് ഉയർന്ന ക്ലാസുകളിൽ പഠിയ്ക്കുവാൻ കുട്ടികൾക്ക്,
വെൺകുറിഞ്ഞി എന്ന സ്ഥലത്ത് പോകേണ്ട കാലയളവായിരുന്നു അത്. വനത്തിനുള്ളിലൂടെ, വന്യമൃഗങ്ങളെ ഭയന്ന്, വെൺകുറിഞ്ഞിയിലെ സ്കൂളിൽ കുട്ടികളെ പഠിക്കുവാൻവിടാൻ മാതാപിതാക്കൾ മടി കാണിച്ചപ്പോൾ, തുടർന്നുള്ള ക്ലാസുകൾ പഠിക്കാൻ സ്വന്തമായൊരു വിദ്യാലയം സ്വന്തം നാട്ടിൽ നിർമ്മിക്കുവാൻ പി.സി. ചെമ്പൻ തീരുമാനിച്ചു.
ആദ്യം തനിക്കുള്ള ഭൂമിയിൽ
സ്കൂൾ പണിയാൻ തീരുമാനിച്ചെങ്കിലും, സാമ്പത്തികം ഒരു പ്രശ്നമാകയാൽ, അത് പ്രാവർത്തീകമായില്ല.സാമ്പത്തിക പ്രശ്നം പരിഹരിച്ച് സ്കൂൾ നിർമ്മിയ്ക്കാൻ, സ്വന്തം ഭൂമിയായ അഞ്ച് ഏക്കർ ഭൂമി, അന്നത്തെ കാലത്ത് 900/- രൂപായ്ക്ക് വിറ്റു. പിന്നെ മുട്ടപ്പള്ളിയിൽ ഇരുപത് സെന്റ് സ്ഥലം വാങ്ങി, അവിടെ ഒരു അപ്പർ പ്രൈമറി സ്കൂൾ 1964 ൽ നിർമ്മിച്ചു.
ഡോ.അംബദ്കർ മെമ്മോറിയൽ യു.പി.സ്കൂൾ എന്ന് നാമകരണം ചെയ്ത്, സ്കൂളിന് അംഗീകാരം ലഭിയ്ക്കുവാൻ, ഡി.ഡി ഓഫീസിൽ അപേക്ഷ കൊടുത്തെങ്കിലും, അംബേദ്കറുടെ പേര് മാറ്റിയാലേ , അനുമതി നൽകുവെന്ന് അന്നത്തെ അധികൃതർ നിർബന്ധം പിടിച്ചു.എന്നാൽ അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചു നിന്നു. ഒടുവിൽ ഗാന്ധിയനായ പി.സി. ചെമ്പന്റെ ഉറച്ച തീരുമാനത്തിന്റെ മുന്നിൽ മുട്ടുമടക്കിയെന്ന് മാത്രമല്ല. ഡോ. അംബേദ്കറുടെ പേരിൽ , കേരളത്തിലെ ആദ്യത്തെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വന്നു.
നിരക്ഷരനായ
പി.സി. ചെമ്പൻ , സിംഗിൾ മാനേജ്മെന്റ് സ്കൂളിന്റെ മാനേജരുമായി. 93- മത്തെ വയസിൽ മരിയ്ക്കുന്ന കാലം വരെ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി തുടരുകയും ചെയ്തു.


പൊതുപ്രവർത്തനവും, വിദ്യാലയം നിർമ്മിയ്ക്കുവാനുള്ള ശ്രമങ്ങളുമൊക്കെ കൊണ്ടാകണം,പി.സി. ചെമ്പൻ വിവാഹം കഴിച്ചത് അറുപതാമത്തെ വയസിൽ തന്റെ അമ്മാവന്റെ മകൾ കുഞ്ഞുമോളെ ആയിരുന്നു.ഈ വിവാഹ ബന്ധത്തിൽ അഞ്ച് മക്കൾ ജനിച്ചിട്ടുള്ളതും, രണ്ടാമത്തെ മകനായ പി.വി. പ്രസാദ് ആണ്,
ഡോ.അംബദ്കർ മെമ്മോറിയൽ യു.പി. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ .
പട്ടികജാതി/പട്ടിക വർഗ്ഗക്കാർ ഏറെയുള്ള ഈ മേഖലകളിൽ, ഏറ്റവും കൂടുതൽ പട്ടികജാതി/വർഗ്ഗ കുട്ടികൾ പഠിച്ച സ്കൂളും ഡോ.അംബേദ്കർ മെമ്മോറിയൽ യു.പി. സ്കൂളിലാകും.
തുടക്കത്തിൽ 20 സെന്റ് സ്ഥലത്തായിരുന്നു സ്കൂളെങ്കിലും, പിൻ കാലത്ത്, അദ്ദേഹം 40 സെന്റ് സ്ഥലം കൂടി വാങ്ങി സ്കൂളിന്റെ സ്ഥലം വിപുലപ്പെടുത്തി. പി.സി. ചെമ്പന്റെ കാലശേഷം, കൂടുതൽ ആധുനീക സൗകര്യമുള്ള സ്കൂളായി മാറി.പതിനേഴ് വർഷം മുൻപ് തന്നെ,സ്കൂളിന് ബസ് വാങ്ങി, ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കുട്ടികളെ സ്കൂളിലെത്തിക്കുകയും, തിരിച്ചു കൊണ്ടു വിടുകയും ചെയ്യുന്നു. മാത്രമല്ല, ഇന്നും നൂറിൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിയ്ക്കുന്നുണ്ടെന്ന് സ്കൂൾ മാനേജർ, പി.വി.പ്രസാദ് പറയുന്നു.
കഴിഞ്ഞ ദിവസം, ഒരു മരണവുമായി ബന്ധപ്പെട്ട് , മുട്ടപ്പള്ളിയിൽ എത്തിയപ്പോൾ, ഡോ.അംബദ്കർ മെമ്മോറിയൽ യു.പി സ്കൂൾ, സ്ഥാപകൻ പി.വി.ചെമ്പൻ എന്ന ബോർഡ് കണ്ടുള്ള അന്വേഷണത്തിലാണ് സ്കൂളിന്റെ ചരിത്രം ചോദിച്ചറിഞ്ഞത്, അറിഞ്ഞപ്പോൾ വായനക്കാരോട് പങ്കു വയ്ക്കണം എന്നു തോന്നി.
രാജൻ വളഞ്ഞവട്ടം (ലേഖകൻ )
എയിഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം അവകാശപ്പെട്ട് സമരം നടത്തുന്ന ഈ കാലത്തും, ദലിതർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചു തരണമെന്നും സർക്കാരിനോട് മുറവിളി കൂട്ടുന്ന ഇക്കാലത്തും, ദലിതന് വർഷങ്ങൾക്ക് മുൻപ് സിംഗിൾ മാനേജ്മെന്റായുള്ള ഒരു സ്കൂൾ ഉണ്ടായിരുന്നുവെന്നറിഞ്ഞത് സന്തോഷമുളവാകുന്നു. മാത്രമല്ല, ആ സ്കൂളിന് ലോകത്തെ ഏറ്റവും ഉന്നത വിദ്യാഭ്യാസം നേടിയ
ഡോ. ബാബാ സാഹേബ് അംബേദ്കറുടെ പേര് തന്നെ, ഗാന്ധിയനായ പി.സി. ചെമ്പൻ നൽകിയതു കണ്ടപ്പോൾ അതിലേറെ
കൗതുകവും അഭിമാനവും തോന്നി.
എന്റെ ജനത്തിന് വിദ്യാഭ്യാസം നൽകിയില്ലങ്കിൽ ഇക്കാണായ പാടം മുഴുവൻ ഞാൻ മുട്ടിപ്പുല്ല് കിളിർപ്പിക്കും എന്നു പറഞ്ഞ്, വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച, യജമാനന്റെ യഥാർത്ഥ പിൻഗാമി.
ബിഗ് സല്യുട്ട്
പി.സി. ചെമ്പൻ .



Friday, October 15, 2021

മരിക്കാത്ത ഓർമ്മകൾ ;അപ്പുക്കുട്ടൻ മേമ്മുറി

 


"നിലപാടുകൾ പറയാൻ മാത്രമല്ല ജീവിതത്തിൽ പകർത്താനും കൂടിയുള്ളതാണെന്ന് തെളിയിച്ച, തങ്ങളുടെ രാഷ്ട്രീയ ബോധ്യങ്ങളെ ജീവിതം തന്നെയാക്കി മാറ്റിയ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ഒരായിരം പ്രണാമം "


കുറിച്ചി 11KV വിരുദ്ധ സമരം,കുണ്ടളയിൽ ആദിവാസി ഭൂമി കയ്യേറി സ്ഥാപിക്കാൻ ശ്രമിച്ച എഞ്ചിനീയറിംഗ് കോളേജ് പൊളിച്ച സമരം, അതുമായി ബന്ധപ്പെട്ട് തൊടുപുഴയിലും സെക്രട്ടേറിയറ്റിനു മുന്നിലും നടന്ന നിരാഹര സമരങ്ങൾ,സമരത്തിന്റെ പേരിൽ ജയിൽവാസം,കോളനി ജീവിതങ്ങളിൽ നിന്നും മനുഷ്യരെ പുറത്തു കൊണ്ടുവരുവാനുള്ള, ഭൂമിക്കു വേണ്ടി നടത്തിയ ക്യാമ്പയിന്റെ ഭാഗമായി എരുമേലിക്കടുത്തുള്ള ശ്രീനിപുരം കോളനിയിൽ ആഴ്ചകളോളം താമസിച്ചു നടത്തിയ പ്രവർത്തനങ്ങൾ, ഒടുവുൽ സെക്രട്ടേറിയറ്റ് നടയിൽ നടന്ന ആദിവാസികൾക്കു ഭൂമിക്ക് വേണ്ടി നടത്തിയ കുടിൽകെട്ടി സമരം അങ്ങനെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജനാധിപത്യ അവകാശ പോരാട്ടങ്ങളിൽ സജീവമായി നേതൃത്വം വഹിക്കാൻ എപ്പോഴും സന്നദ്ധരായിരുന്നവർ.
സെക്രട്ടേറിയറ്റ് നടയിലെ കുടിൽ കെട്ടി സമരത്തിൽ പങ്കെടുക്കാനുള്ള ആദിവാസി സഹോദരങ്ങളെയും കൂട്ടി വയനാട്ടിൽ നിന്നും വരുന്ന സമയത്ത് ജീവൻ പൊലിഞ്ഞു പോയ കല്ലറ ബിജു. കുടിൽ കെട്ടി സമരം വിജയകരമായി പൂർത്തിയായതിനു ശേഷം നാട്ടിൽ വന്നു സമരവുമായി ബന്ധപ്പെട്ടു തീർക്കേണ്ട മറ്റു ചില കാര്യങ്ങൾക്കായി നേതാക്കൾക്കൊപ്പം വീണ്ടും തിരുവനന്തപുരത്തേക്കു പോയ കല്ലറ അനിൽ അവിടെ വച്ചു മരണപ്പെട്ടു.
രണ്ടു സുഹൃത്തുക്കൾ, രാഷ്ട്രീയ ബോധ്യങ്ങൾ കൊണ്ടു സാമൂഹ്യ ഇടപെടലുകൾ നടത്തിയ, സൗഹൃദങ്ങൾ കൊണ്ടു വിസ്മയിപ്പിച്ച, നിലപാടുകൾ പറയാൻ മാത്രമല്ല ജീവിതത്തിൽ പകർത്താനും കൂടിയുള്ളതാണെന്ന് തെളിയിച്ച, തങ്ങളുടെ രാഷ്ട്രീയ ബോധ്യങ്ങളെ ജീവിതം തന്നെയാക്കി മാറ്റിയ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ഒരായിരം പ്രണാമം   


   

 

Sunday, October 10, 2021

മികച്ച തിരക്കഥയുള്ള ആധുനിക സിനിമ ★ശഹ്സാദ്★

 



സ്‌ക്രീനിൽ
പാരമ്പര്യവേരുകൾ തിരയുന്ന
സാഹസിക ഗവേഷകരുടെ ആകാശദൃശ്യം.
ക്ലോസ് ഫെയിമുകളിലൂടെ
കാലുകളുടെ അടിയിലേക്ക്
വേരുകളുടെ
അറ്റം കണ്ടെത്തുന്ന
ചടുലനീക്കം.
കാൽച്ചുവട്ടിൽ
നടന്നുവന്ന മണ്ണ്
ഒട്ടിപ്പിടിച്ചിരുന്നത്
ദൃശ്യമാകും.
എത്ര അഭിനന്ദിച്ചാലും കുറഞ്ഞുപോവില്ല
എന്തൊരു ജാഗ്രതയാണ്.
സാഹസികരായ രണ്ട് ദേശസ്നേഹികൾ
വേരിൽ പിടിച്ചു വലിക്കുന്നു.
വീണ്ടും ആകാശദൃശ്യം.
ഫ്രേമിൽ ഒരു ചായക്കട കാണാം.
ചായക്കടക്കാരൻ ഇടക്കിടെ
എന്തൊക്കെയോ വിളിച്ചു പറയുന്നത്
വോയ്സ്സോവറിൽ കേൾക്കാം.
ചായക്കടക്കാരന്റെ
ശബ്ദത്തിന്റെ താളത്തിനൊത്ത്
സാഹസികരുടെ വേഗമേറുന്നു.
വീണ്ടും ദൃശ്യം
സാഹസികരുടെ
മുഖങ്ങളിലേക്ക് ചുരുങ്ങുന്നു.
മറ്റു മുഖങ്ങൾ കാണുന്നേയില്ല.
ഒരു ചെറിയ ഫ്ലാഷ് ബാക്ക്
തെരുവിന്റെ അറ്റത്ത്
കാലിയായ കീശയുമായി
തന്നേ തന്നെ
നോക്കി നിൽക്കുന്ന ഒരാൾ
അയാൾക്ക് കുറുകെ
നോട്ട്കെട്ടുകൾ
ഒളിച്ചു പോകുന്നുണ്ടായിരുന്നു.
അയാൾ കാണരുതെന്ന്
നിർബന്ധമുള്ളതു പോലെ.
ഒരറ്റത്ത് നിരോധനം കൊണ്ട്
എടുക്കാതായ നോട്ട് പോലെ
തന്നെത്തന്നെ നോക്കി നിൽക്കുന്ന
ചിരിക്കാൻ മറന്നുപോയ ഒരാൾ.
അതേ സമയം
കീശകളെ സ്കാൻ ചെയ്യുന്ന
വിശപ്പിന്റെ ദല്ലാളന്മാർ
നീതി അനീതി ചതി വഞ്ചന
എന്നൊക്കെ പുലമ്പി
ചിലർ നോട്ട്കെട്ടിനൊപ്പം
അകന്നു കൊണ്ടിരിക്കുന്നു.
ബുദ്ധി നിറച്ച ചാക്കുകൾ
വരിവരിയായി നിൽക്കുന്നുണ്ട്
നോട്ടുകെട്ടിനൊപ്പം
കൂട്ടുകൂടാൻ
നേരം വെളുക്കുന്നതേ ഉള്ളൂ.
എങ്കിലും
അടുത്ത ദൃശ്യത്തിൽ ഉച്ചയാണ്,
സാഹസികമായി നീളുന്ന കൈകൾ
ചില മുഖങ്ങളുടെ വാ പൊത്തുന്നു.
പെട്ടന്ന് സംഭാഷണങ്ങൾ ആരംഭിക്കുന്നു.
ചായക്കടക്കാരന്റെ മുഖം ക്ലോസ് ഫ്രെയിമിൽ.
ഒരാൾ ചായക്കടക്കാരനുണ്ടാക്കിയ
ചായകളെ കുറിച്ച് വാചാലനാവുമ്പോൾ
വീണ്ടും സഹസികരുടെ മുഖങ്ങൾ കാണാം;
ഒരു സാഹസികൻ
അയാൾ കണ്ടെത്തിയ
അമൂല്യമായ
അമേദ്ധ്യമരുന്നിന്റെ
മഹത്വം വിവരിക്കുന്നു;
ഒരാൾ
എവിടെനിന്നോ
ഓടി വന്ന്
മറ്റൊരാളുടെ
വയറുകീറി പരിശോധിക്കുന്നു.
ചായക്കടക്കാരൻ
ഉറ്റുനോക്കുന്നു.
ആ വയറിൽ
തന്റെ മാതാവിന്റെ
മാംസമില്ലെന്നുകണ്ട്
ചായക്കടക്കാരൻ
സമാധാനത്തോടെ മടങ്ങുന്നു.
പെട്ടന്ന് സാഹസികർ
ജയിച്ചാലും ജയിച്ചാലും
എന്ന് കൂട്ടത്തോടെ
ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
അടുത്ത ദൃശ്യത്തിൽ
കുറേ ശൗച്ച്യാലയങ്ങൾ തെളിയുന്നു
ശൗച്ച്യാലയങ്ങളിൽനിന്ന്
കൂടുതൽ കൂടുതൽ സാഹസികർ
പുറപ്പെട്ടു വരുന്നു

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...