Sunday, October 10, 2021

മികച്ച തിരക്കഥയുള്ള ആധുനിക സിനിമ ★ശഹ്സാദ്★

 



സ്‌ക്രീനിൽ
പാരമ്പര്യവേരുകൾ തിരയുന്ന
സാഹസിക ഗവേഷകരുടെ ആകാശദൃശ്യം.
ക്ലോസ് ഫെയിമുകളിലൂടെ
കാലുകളുടെ അടിയിലേക്ക്
വേരുകളുടെ
അറ്റം കണ്ടെത്തുന്ന
ചടുലനീക്കം.
കാൽച്ചുവട്ടിൽ
നടന്നുവന്ന മണ്ണ്
ഒട്ടിപ്പിടിച്ചിരുന്നത്
ദൃശ്യമാകും.
എത്ര അഭിനന്ദിച്ചാലും കുറഞ്ഞുപോവില്ല
എന്തൊരു ജാഗ്രതയാണ്.
സാഹസികരായ രണ്ട് ദേശസ്നേഹികൾ
വേരിൽ പിടിച്ചു വലിക്കുന്നു.
വീണ്ടും ആകാശദൃശ്യം.
ഫ്രേമിൽ ഒരു ചായക്കട കാണാം.
ചായക്കടക്കാരൻ ഇടക്കിടെ
എന്തൊക്കെയോ വിളിച്ചു പറയുന്നത്
വോയ്സ്സോവറിൽ കേൾക്കാം.
ചായക്കടക്കാരന്റെ
ശബ്ദത്തിന്റെ താളത്തിനൊത്ത്
സാഹസികരുടെ വേഗമേറുന്നു.
വീണ്ടും ദൃശ്യം
സാഹസികരുടെ
മുഖങ്ങളിലേക്ക് ചുരുങ്ങുന്നു.
മറ്റു മുഖങ്ങൾ കാണുന്നേയില്ല.
ഒരു ചെറിയ ഫ്ലാഷ് ബാക്ക്
തെരുവിന്റെ അറ്റത്ത്
കാലിയായ കീശയുമായി
തന്നേ തന്നെ
നോക്കി നിൽക്കുന്ന ഒരാൾ
അയാൾക്ക് കുറുകെ
നോട്ട്കെട്ടുകൾ
ഒളിച്ചു പോകുന്നുണ്ടായിരുന്നു.
അയാൾ കാണരുതെന്ന്
നിർബന്ധമുള്ളതു പോലെ.
ഒരറ്റത്ത് നിരോധനം കൊണ്ട്
എടുക്കാതായ നോട്ട് പോലെ
തന്നെത്തന്നെ നോക്കി നിൽക്കുന്ന
ചിരിക്കാൻ മറന്നുപോയ ഒരാൾ.
അതേ സമയം
കീശകളെ സ്കാൻ ചെയ്യുന്ന
വിശപ്പിന്റെ ദല്ലാളന്മാർ
നീതി അനീതി ചതി വഞ്ചന
എന്നൊക്കെ പുലമ്പി
ചിലർ നോട്ട്കെട്ടിനൊപ്പം
അകന്നു കൊണ്ടിരിക്കുന്നു.
ബുദ്ധി നിറച്ച ചാക്കുകൾ
വരിവരിയായി നിൽക്കുന്നുണ്ട്
നോട്ടുകെട്ടിനൊപ്പം
കൂട്ടുകൂടാൻ
നേരം വെളുക്കുന്നതേ ഉള്ളൂ.
എങ്കിലും
അടുത്ത ദൃശ്യത്തിൽ ഉച്ചയാണ്,
സാഹസികമായി നീളുന്ന കൈകൾ
ചില മുഖങ്ങളുടെ വാ പൊത്തുന്നു.
പെട്ടന്ന് സംഭാഷണങ്ങൾ ആരംഭിക്കുന്നു.
ചായക്കടക്കാരന്റെ മുഖം ക്ലോസ് ഫ്രെയിമിൽ.
ഒരാൾ ചായക്കടക്കാരനുണ്ടാക്കിയ
ചായകളെ കുറിച്ച് വാചാലനാവുമ്പോൾ
വീണ്ടും സഹസികരുടെ മുഖങ്ങൾ കാണാം;
ഒരു സാഹസികൻ
അയാൾ കണ്ടെത്തിയ
അമൂല്യമായ
അമേദ്ധ്യമരുന്നിന്റെ
മഹത്വം വിവരിക്കുന്നു;
ഒരാൾ
എവിടെനിന്നോ
ഓടി വന്ന്
മറ്റൊരാളുടെ
വയറുകീറി പരിശോധിക്കുന്നു.
ചായക്കടക്കാരൻ
ഉറ്റുനോക്കുന്നു.
ആ വയറിൽ
തന്റെ മാതാവിന്റെ
മാംസമില്ലെന്നുകണ്ട്
ചായക്കടക്കാരൻ
സമാധാനത്തോടെ മടങ്ങുന്നു.
പെട്ടന്ന് സാഹസികർ
ജയിച്ചാലും ജയിച്ചാലും
എന്ന് കൂട്ടത്തോടെ
ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
അടുത്ത ദൃശ്യത്തിൽ
കുറേ ശൗച്ച്യാലയങ്ങൾ തെളിയുന്നു
ശൗച്ച്യാലയങ്ങളിൽനിന്ന്
കൂടുതൽ കൂടുതൽ സാഹസികർ
പുറപ്പെട്ടു വരുന്നു

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...