Friday, March 27, 2020

ചോരയിലേക്ക്‌ നീളുന്ന വേരുകൾ Rejishankar

     ന്റെ പിതാവിന്റെ മൂലദേശമെന്നത് കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിനടുത്തുള്ള 'കൂടല്ലൂർ 'എന്ന ഗ്രാമമായിരുന്നു.പിന്നീടെപ്പോഴോ ചെറുവാണ്ടൂരിലേക്കു മാറി.അത്‌ എന്റെ ഓർമ്മകൾക്കോ ജനനത്തിനോ അപ്പുറത്തേതോ കാലത്തായിരുന്നു.കഥകൾ ചേർത്തുവെയ്ക്കുന്ന നമ്മൾക്ക് കാലത്തെ ചേർത്തുവെയ്ക്കാൻ കഴിയാത്തതുകൊണ്ടു നമ്മുടെ ജീവിതത്തിലെ പോയകാല നിമിഷങ്ങൾ പോലും പിൽക്കാലത്തു തർക്കവിഷയങ്ങളാകുന്നു.എങ്കിലും നിഷേധങ്ങളെ അനിഷേധ്യമാക്കാനുള്ള നമ്മുടെ അവകാശത്തിനുമേൽ കുടിയേറാൻ ആരെയും അനുവദിക്കാതിരിക്കാനുള്ള അവകാശം നമുക്കുണ്ട്.ഏറ്റുമാനൂരിനും പരിസരത്തും,കോട്ടയം ജില്ലയുടെ പരിസരപ്രദേശങ്ങളിയുമായി ചിതറിയും ചേർന്നും കിടക്കുന്ന വലിയൊരു കുടുംബസാമ്രാജ്യമാണ് ഞങ്ങളുടേത്.ദളിത് ക്രിസ്ത്യാനിയുടെ കുലപതിയായ തൈവത്താൻ എന്ന ഹാബലിന്റെ കാലത്തെന്നോ ക്രൂശേ നോക്കി വീണ്ടും ജനിച്ചവർ ആയതുകൊണ്ട് ലഭിച്ച പരിമിതമായ സ്വാതന്ത്ര്യം അവരെ കുറെയേറെ മുന്നോട്ടു കൊണ്ടുപോയി.മിഷനറിമാർ സത്യസന്ധർ ആയിരുന്നതുകൊണ്ടു കഴിയുന്നത്ര സഹായം ലഭിച്ചു.മിഷണറിമാർ നൽകിയ ഭൂമി കൂടാതെ വല്യപ്പച്ഛന്റെ അപ്പൻ ചാക്കോയും,വല്യപ്പച്ചനായ യോഹന്നാൻ ചാക്കോയും കൃഷിയും ചെറിയ കച്ചവടവും ചെയ്തു നാലര ഏക്കറോളം ഭൂമി സമ്പാദിച്ചു.

     അന്നൊക്കെ ഏറ്റുമാനൂർ അത്രമേൽ സംസാകാരികമായി അധ:പതിച്ച നാടായിരുന്നു.ദലിതർ വെറും ഇരുകാലി മൃഗങ്ങളും.അവിടെ അൽപ്പമെങ്കിലും നട്ടെല്ല് നിവർത്തി നിൽക്കാൻ ശേഷിയും ശീലവും നൽകിയത് മിഷണറിമാറായിരുന്നു.സവർണ്ണർക്കു മതം മാറാത്തവനെ ചവിട്ടും പോലെ മാറിയവനെ ചവിട്ടാൻ ഇത്തിരി ഭയമുണ്ടായിരുന്നു.മതം മാറിയൊരു പെണ്കുട്ടി വൈക്കത്തപ്പനെ തീണ്ടി നാറ്റിച്ചതിനു ഒരു കുഞ്ഞെന്ന പരിഗണന നൽകാതെ തല്ലി അവശയാക്കി.തല്ലിയ നായരെ മുക്കാലിയിൽ കെട്ടിയിട്ടടിച്ച കഥയറിയാവുന്നതുകൊണ് ആ മൃഗങ്ങൾ ആക്രമിക്കാനോ തടയാനോ മുതിരാതിരുന്നത്.

അന്ന് ക്രിസ്തുമതം ഒരു വരം തന്നെയായിരുന്നു.എന്നാൽ അതിലൂടെ നഷ്ടമായ ചിലതുമുണ്ട്.നമ്മുടെ പൂർവീകതയെക്കുറിച്ചുള്ള ഓർമ്മകളുടെ കണ്ണികൾ അതു പൊട്ടിച്ചുകളഞ്ഞു.ഞാൻ പറഞ്ഞല്ലോ,ഏതാണ്ടെല്ലാവരും മതപരിവർത്തനം നടത്തിയെന്ന്.പിന്നെയവർ തങ്ങളെ ബന്ധിപ്പിക്കുന്നത് ഇസ്രായേലുമായാണെന്നു കാണാം.നമ്മുടേതായ സകലത്തിനോടും ഒരുതരം പുശ്ചവും ചിലരിൽ രൂപപ്പെട്ടു.പുത്തനാം യരുശലേമെന്നു അവർ തങ്ങളെത്തന്നെ ഉയർത്തി.അതുകൊണ്ടുതന്നെ പാരമ്പര്യമായി കൈമാറാകുമായിരുന്ന സ്വതന്ത്ര പൂർവീകതയിലേക്കു സഞ്ചരിക്കാമായിരുന്ന കണ്ണികൾ പലതും അറ്റുപോയി.
    
        എങ്കിലും എനിക്ക് മറക്കാൻ കഴിയാത്ത ഒരു കഥ പറച്ചിൽ രാത്രിയെ ഞാൻ നന്ദിയോടെ ഓർക്കുന്നു.അതെങ്ങനെ എന്റെ 'വീട്ടിലെത്തിച്ചു'വെന്ന ' കഥയാണ് ' ഞാൻ പറയാൻ പോകുന്നത്.ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം.ഒരുദിവസം വല്യപ്പച്ചന്റെ അപ്പാപ്പന്റെ മകൻ വന്നു.അദ്ദേഹം സംസാരത്തിൽ ഒരു ദൈവ നിഷേധിയും  രൂപത്തിൽ ഒരു സന്യാസിയുമായിരുന്നു.ഓർക്കാതിരിക്കെ എപ്പോഴെങ്കിലും വരും.വിവാഹം കഴിച്ചിരുന്നില്ല.          കയൂണിസ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു,ഒരുകാലത്ത്‌.പല ആദ്യകാല പ്രവർത്തകരെപ്പോലെ അദ്ദേഹവും നിരാശനായിരിക്കണം.കമ്യൂണിസ്റ്റുകാരോളം ജാതിവാദികൾ വേറെയില്ല.അപ്പച്ചൻ മുൻപ് വരുമ്പോഴൊക്കെയും കഥകൾ പറഞ്ഞിട്ടുണ്ടെങ്കിലും അന്ന് പറഞ്ഞതു മറ്റൊന്നായിരുന്നു.ഒരു യാത്രയുടെ കഥ.അത്താഴം കഴിഞ്ഞു; കുടുംബകാര്യങ്ങൾ പറഞ്ഞു കഴിഞ്ഞ്,പഴയ കഥകൾ പറയാറുണ്ട്.അപ്പോഴൊക്കെ പണ്ടെന്നോ നൊന്തു ചത്തവരുടെ ആത്മാവുകൾ എന്നിലിറങ്ങി നിൽക്കും.അപ്പോൾ ഞാൻ നിലാവിൽ നനഞ്ഞു ചിരിച്ചും അമാവാസിയിൽ അന്ധനെപ്പോലെ നിലവിളിച്ചും നടക്കും.

മെലിഞ്ഞു കത്തിയിളകിയ വിളക്കിന്റെ പ്രഭയിൽ ഞങ്ങൾ ഇരുണ്ടും തിളങ്ങിയുമിരുന്നു.ഒരു തകർച്ചയുടെയും പലായനത്തിന്റെയും കഥ.ഞാനന്ന് ചെറിയ കുട്ടി ആയിരുന്നത് കൊണ്ട്‌ പലതും ഓർമ്മയിൽ നിന്നില്ല.മനസിലായവരോ അതത്ര കാര്യമാക്കിയതുമില്ല. ഏതാണ്ട് 200 വർഷം മുൻപ് കേരളത്തിലെ അവസാനത്തെ തദ്ദേശീയ രാജാവായ കാളിപ്പുലയനെ സവർണ്ണർ കീഴടക്കി.സഹോദരി കൊക്കോതമംഗലം ഭരിച്ച  കോതറാണിയും മകൾ ആതിരയും എല്ലാം കൊല്ലപ്പെട്ടു.കോട്ടയും കൊട്ടാരവും തകർക്കപ്പെട്ടു.ഈ സർവ്വ നാശത്തിനിടയിൽ ചില സ്ത്രീകളെയും കുട്ടികളെയും ബന്ധപ്പെട്ടർ രക്ഷപെടുത്തി.അനേകർ രക്ഷാശ്രമത്തിനിടെ കൊല്ലപ്പെട്ടു.ഇന്നത്തേത് പോലെ തന്നെ അന്നും ഉള്ളിൽനിന്നും ഉണ്ടായ ചതിയിലാണ് പുലയനാർകോട്ട വീണത്‌.

   ഇതിനിടയിൽ അവിടെനിന്നും രക്ഷപ്പെട്ട യുവ ദമ്പതികൾ ചിലരുടെ സഹായത്തിൽ വടക്കോട്ട് പുറപ്പെട്ടു.ആവണിയും കൊച്ചു കാളിയും.ഗർഭിണിയായ ആവണിയുമായി കൂടല്ലൂരിലെത്തി താമസിച്ചു. അവിടെ നിന്നാണത്രേ ഞങ്ങളുടെ കുടുംബത്തിന്റെ ഉദയം.വലിയ കൊച്ചപ്പച്ചൻ പറഞ്ഞ കഥയിലെ സംഭവങ്ങൾ മുഴുവനും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല,അല്ലെങ്കിൽ ഓർക്കാൻ കഴിഞ്ഞില്ല.എങ്കിലുംഈ പലായനം എന്റെയുള്ളിൽ കിടന്നു പൊള്ളും അപ്പോഴൊക്കെ അപ്പച്ചനോട് ഞാൻ ചോദിക്കും.അപ്പച്ചൻ അതു വലിയ കാര്യമാക്കിയില്ലന്നു തോന്നി.പിന്നെയൊരിക്കൽ ചോദിച്ചപ്പോൾ "നിനക്കും കൊച്ചപ്പച്ചനെപ്പോലെ വട്ടാണോ? "ന്നായിരുന്നു മറുപടി.

അമിത വിശ്വാസികളായ ദലിതർ ഹിന്ദുവായാലും ക്രിസ്ത്യാനി ആയാലും തന്റെ പാരമ്പര്യത്തെയും ചരിത്രത്തെയും അവഗണിക്കുകയാണ് പതിവ്.കൊച്ചപ്പച്ചൻ ക്രിസ്തീയ വിശ്വാസ്സം ഊരിക്കളഞ്ഞവനാണ്.മാത്രമല്ല അക്കാലത്തു ഡിഗ്രിപാസ്സായിട്ടു ജോലിനോക്കാതെ കമ്യൂണിസ്റ്റ് കളിച്ചു ജീവിതം കളഞ്ഞവൻ കൂടിയാണ്.ആരെയും കൂസാതെ തോന്നിയപോലെ ജീവിച്ചവൻ. അദ്ദേഹം പറഞ്ഞതൊന്നും പള്ളിക്കും പട്ടക്കാരനുമിടയിൽ ജീവിച്ചവർക്കു  മനസ്സിലായിട്ടുണ്ടാവില്ല.എങ്കിലും ഇതെന്റെ ചങ്കിൽ കിടന്നു.

 കൊച്ചപ്പച്ചൻ പിന്നൊരിക്കലും വന്നില്ല.ഏതോ ഒരു യാത്രകിടയിൽ തിരികെ വരാത്ത മറ്റൊരു യാത്രയ്ക്ക് പോയിട്ടുണ്ടാകും.ചില ജന്മങ്ങളങ്ങനെയാണ്.മാറ്റമില്ലാതെ കാലങ്ങളായി ഒഴുകുന്ന ജീവിതങ്ങളെ തിരിക്കാൻ കഴിഞ്ഞില്ലെങ്കിലുമൊരു പോരാളെങ്കിലും ഏൽപ്പിക്കാൻ ആയിരിക്കും.ആ പോറലിൽ മുറിഞ്ഞവനാണ് ഞാൻ.ഉറക്കമില്ലാത്ത പല രാത്രികളിലും എൻറെയാത്മാവ്, നിലാവ് നിഴൽ വീഴ്ത്തി നിൽക്കുന്ന പുലയനാർ കോട്ടയ്ക്ക് മുകളിലിരുന്നു ;അന്യായമായി കൊലചെയ്യപ്പെട്ട പിതാക്കന്മാരെയോർത്തു വിലപിച്ചു.കാനന വഴിയോരത്ത് പ്രിയമാതാവിന്റെ കുതിരക്കുള മ്പടിയൊച്ചയ്ക്കായി കാത്തിരുന്നു.

   ഒരുപക്ഷേ ചരിത്രത്തോട് എനിക്കിത്രയും അഭിനിവേശം തോന്നാണുള്ള കാരണം എന്റെ കുടുംബ ചരിത്രത്തിന്റ് പ്രാധാന്യവും അവ്യക്തതയുമൊക്കെ ആയിരിക്കാം.അതിനോടൊപ്പം എന്റെ ജനതയുടെ ചരിത്രവും പറ്റിച്ചേർന്നിരിക്കുന്നു.കഴിഞ്ഞ 30 വർഷങ്ങളായി ഞാനവ തിരഞ്ഞുകൊണ്ടിരിക്കുന്നു.അതിൽ ചിലതു എല്ലാവരോടും പങ്കു വെയ്ക്കാമെന്നുള്ള ആത്മാവിശ്വാസത്തിലെത്തിയിട്ടു  ഒരു വർഷമായെങ്കിലും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല.
           

Tuesday, March 24, 2020

ഭീതിയുടെ കാലത്ത് ഒരു സ്നേഹത്തെ ഓർത്തെടുക്കുമ്പോൾ Rejishankar

രാജ്യം മുൾമുനയിൽ നിൽക്കുന്ന ഈ രാത്രിയിൽ ഞാൻ പത്തിരുപതു വർഷം പുറകോട്ടു പോകുന്നു.ഇറ്റലിയിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ വോയ്‌സ് ക്ലിപ് ഒത്തിരി വേദനിപ്പിച്ചു.വലിയൊരു ദുരന്തത്തിന് മുന്നിൽ എന്തെന്നറിയാതെ നിൽക്കുമ്പോഴും ഒട്ടേറെ മുഖങ്ങൾ കണ്മുന്നിൽ വന്നു നിന്നു ചിരിച്ചും കരഞ്ഞും കടന്നു പോകുന്നു.

പുട്ടപർത്തിയും സായ്‌ബാബയും എന്റെ ജീവിതത്തിലെ ഭൂമധ്യ രേഖയാണ്.ഞാൻ വിഹ്വലനായി ചെന്നു നിന്ന ഭൂമി.എന്നിലേക്ക്‌ പെയ്തിറങ്ങാൻ പോയ മരണത്തെ ഉണക്കിക്കളഞ്ഞ ആകാശം.അതുവരെ ഞാൻ വച്ചു പുലർത്തിയ സാമൂഹ്യ ബോധവും ബന്ധങ്ങളും കീറിപ്പറിച്ചു,പുതിയൊരു കാഴ്ചയുണ്ടാക്കിയ ഇടം.ഇന്ത്യക്കാരെക്കാൾ വിദേശികൾ നിറഞ്ഞ കൊച്ചു പട്ടണം.അവരിൽ പത്തു പേരിൽ മൂന്നുപേരെങ്കിലും ഇറ്റലിക്കാരായിരിക്കും.മറ്റു വിദേശികളെ അപേക്ഷിച്ചു ഇന്ത്യക്കാരോട് വല്ലാത്തൊരാടുപ്പം സൂക്ഷിക്കുകയും കൗതുകത്തോടെ വിശേഷങ്ങൾ തിരക്കുകയും  ചെയ്യുന്നവർ.കലയോടും കലാകാരന്മാരോടും ഒരുതരം പ്രണയമുള്ളവർ. ആണുങ്ങൾ വളരെ സിമ്പിളായി പുറത്തിറങ്ങുമ്പോൾ പെണ്ണുങ്ങൾ സ്വയം വരച്ച ചിത്രങ്ങൾ പോലെ പുറത്തേക്കൊഴുകി വരും.അതിൽ ജപ്പാൻ കാരെ തോല്പിക്കും.

വഴിയോരത്തെ പഴം വില്പനക്കാരിയുമായി തർക്കിക്കുന്നിടത്തു നിന്നാണ് ഞാൻ ' ജോ ' എന്ന സുഹൃത്തിനെ കണ്ടെടുക്കുന്നത്.തർക്കം പരിഹരിച്ചതിന്റെ പേരിൽ ഒരു ഹായും ഹസ്തദാനവും കിട്ടി.രാവിലത്തെ ഭജന കഴിഞ്ഞുള്ള വരവാണ്.ഞങ്ങൾ ഒരുമിച്ചു കുശലം പറഞ്ഞു നടന്നു.വഴിയിൽ പാലക്കാട്ടുകാരൻ ബാബു ചേട്ടന്റെ (ബാബേട്ടൻ ) കടയിൽ നിന്നും ഓരോ കാപ്പി കുടി കഴിഞ്ഞപ്പോൾ ഇന്ത്യയും ഇറ്റലിയും മാഞ്ഞു ഞങ്ങൾ ഒരു രാജ്യക്കാരായി.നടപ്പൊരു അപ്പർട്മെന്റിന് മുന്നിൽ അവസാനിക്കുമ്പോൾ ഞങ്ങൾ അതിശയിച്ചു,അതേ ഒരേ കെട്ടിടത്തിൽ താമസിക്കുന്നവരായിരുന്നു ഞങ്ങൾ.എങ്കിലും പരസ്പരം കണ്ടിരുന്നില്ല.എന്റെ ഫ്‌ളാറ്റിന് നേരെ മുകളിലെ നിലയിലായിരുന്നു ജോ.ആൾ തനിച്ചായിരുന്നില്ല.ശ്രീലങ്കക്കാരൻ സിരിയെന്ന ശാന്തനായ കത്തോലിക്കനും പിന്നെ ഞങ്ങളുടെ പോക്ക് വരവുകൾ പലപ്പോഴും ഒരുമിച്ചായിരുന്നു.സിരി ഞങ്ങളെക്കാൾ പ്രായമുള്ള ഇത്തിരി ഗൗരവാക്കാരനും ജോ പെട്ടന്ന് ചിരിച്ചു,ദേഷ്യപ്പെട്ടു,സന്തോഷിക്കുന്ന ഒരു പാവം.

       ഇരുവരും ഇറ്റലിക്കാരനായ ഒരു കോണ്ട്രാക്ടർക്കൊപ്പം പിസാ സെന്ററിന്റെ നിർമ്മാണത്തിന് വന്നതാണ്.എന്നാൽ ഏതോ കാരണത്താൽ ഇടയ്ക്ക് പണി നിന്നു.ജോലിയും ശമ്പളവുമില്ല.ചെയ്ത പണിയുടെ കൂലി മുഴുവനും കൊടുത്തില്ല.അയാൾക്കൊപ്പം ഇവർ ഒരു ഫ്‌ളാറ്റിലായിരുന്നു.മുതലാളിയുടെ പട്ടിയാണ് ജോയുടെ മനസ്സമാധാനം കളഞ്ഞത്.പട്ടിയെന്നു പറഞ്ഞാൽ തുപ്പി ചാകുന്ന അവന്റെ കൂടെ പട്ടി കയറിക്കിടക്കും.'റേസിസ്ററ്  പട്ടിയാണത് " സിരി പറയും "അല്ലങ്കിൽ അത്‌ എന്നെ വിട്ടു ഇവനൊപ്പം മാത്രം കിടക്കുന്നതെന്താ.? " സിരി എന്നെ നോക്കി കണ്ണിറുക്കും.കലികൊണ്ട ജോ സിഗരറ്റ് കുത്തിക്കെടുത്തി എഴുന്നേറ്റു പോകും.കുറേക്കഴിഞ്ഞു എന്തെങ്കിലും തിന്നാൻ വാങ്ങി ഒന്നും നടക്കാത്തപോലെ ചിരിച്ചുകളിച്ചു തിരികെ വരും.

   ക്രിസ്മസ് അടുക്കാറായി."എനിക്ക് പോകണം. മോളെ കാണണം.വന്നിട്ട് ഒരു വർഷമാകാറായി.ഇയാൾ കാശ്‌ തന്നില്ലെങ്കിൽ വീട്ടിൽ നിന്നും അയച്ചു തരും."

  ജോയുടെ മുഖം വാടി. പണം അയച്ചു തരാൻ ആരുമില്ലന്നവൻ പറഞ്ഞു.എപ്പോഴും പോക്കറ്റിൽ സൂക്ഷിക്കുന്ന അമ്മയുടെ ചിത്രം കയ്യിലെടുത്തിട്ടു " അമ്മയ്ക്കതിനുള്ള വരുമാനമില്ലല്ലോ " എന്നു ആരോടെന്നില്ലാതെ പറഞ്ഞു.കുറെ നേരം ആരും ഒന്നും മിണ്ടിയില്ല.നേർത്ത വെളിച്ചത്തിൽ കല്പവൃക്ഷത്തിന്റെ പടിയിറങ്ങുമ്പോൾ ഉണ്ടായിരുന്ന വെളിച്ചം താഴെയെത്തുമ്പോഴേക്കും ഇരുട്ടിലലിഞ്ഞിരുന്നു.

   സിരി ക്രിസ്മസിന് മുമ്പേ പോയി. ജോ വളരെ വിഷാദവാനായി കാണപ്പെട്ടു.കൊണ്ട്രാക്ടർ പഴയ ഫ്‌ളാറ്റിലേക്കു വിളിച്ചെങ്കിലും പോയില്ല.ജോ ആഗ്രഹിച്ചപ്പോഴെല്ലാം എനിക്ക് ഒപ്പം ചെല്ലാൻ കഴിഞ്ഞിരുന്നില്ല കാരണം കുടുംബവും കുട്ടിയും ആയിരുന്നു.എങ്കിലും ഞങ്ങൾ രാത്രിയിൽ അപ്പർട്മെന്റിന്  മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന വേപ്പിൻ ശാഖികൾക്കടിയിലിരുന്ന് വൃത്താകൃതിയിലുള്ള ആകാശത്തിലേക്ക് നോക്കി മാൽബറോ പുകയൂതി.ഞാൻ എന്റെ ഭാഷയിലും ജോ അവന്റെ ഭാഷയിലും പാട്ടുകൾ പാടി.ഞങ്ങൾക്കിടയിൽ വന്നിരുന്നു പുകവലിക്കാൻ ശ്രമിച്ച ഗുജറാത്തി ബ്രാഹ്മണൻ ഇടയ്ക്കിടക്ക് ഭജൻ പാടി.

       എനിക്ക് ഒഴിവുള്ളപ്പോൾ ഞങ്ങൾ പട്ടണത്തിന് വെളിയിലേക്ക് പോകും. ജോയുടെ മുതലാളി കൊടുത്ത പഴയ സൈക്കിളിൽ.കയ്യെത്തും ഉയരത്തിൽ കായ്ചുകിടക്കുന്ന മാന്തോട്ടങ്ങളിൽ പോയിരുന്നു.ചോദിച്ചും ചോദിക്കാതെയും മാങ്ങ പറിച്ചു.ഉയരങ്ങളിൽ നിന്നു അസ്തമയം കണ്ടു.അതി വിശാലമായ താഴ്വരകളിൽ മറഞ്ഞു കിടന്ന ഗ്രാമങ്ങൾ ആകാശമിരുളുമ്പോൾ വെളിച്ചങ്ങളായി എഴുന്നേൽക്കുന്നതും കണ്ട് അതിശയിക്കും.പച്ചച്ച വയലിലൂടെ നീണ്ടുനീണ്ട് ചക്രവാളത്തിൽ ചെന്നലിയുന്ന നാട്ടുവഴിയിലൂടെ  യും പൂത്തു പുന്നാരിച്ചു നിൽക്കും സൂര്യകാന്തി പാടത്തിലൂടെയും ഇരുളുവോളം നടന്നു.

ജോ പ്രശ്നങ്ങൾക്കിടയിലും പ്രത്യാശയുള്ളവനായിരുന്നു."ഞാൻ പോയിട്ട് തിരികെ വരും.ആവശ്യത്തിന് പണവുമായി.നിന്റെ നാട്ടിൽ വലിയൊരു പിസാ സെന്റർ നമ്മൾ തുടങ്ങും."അവൻ ഇടയ്ക്കിടെ പറയും.അതിൽ അവന്റെ മുതലാളിയോടുള്ള കലിപ്പുണ്ടായിരുന്നു.പൂമരം പോലൊരു പെണ്ണിനൊപ്പം ഒരു പട്ടിയുമായി പോകുന്ന അയാളെ കാണുമ്പോഴേ അവനു പ്രാന്താകും.

ഒരു ദിവസം ഉച്ചയ്ക്ക് അവൻ വീട്ടിലേക്കു ധൃതിയിൽ കടന്നു വന്നു."നാളെ പോകണം.നീ വാ.."എന്നെ അവന്റെ ഫ്‌ളാറ്റിലേക്കു കൂട്ടി.ബാക്കിയിരുന്ന മാൽബറോ പായ്ക്കറ്റുകൾ ഒരു കവറിലാക്കി എനിക്ക് തന്നു.

പിറ്റേന്ന് ജോ പോയി.എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു."നമ്മൾ പറഞ്ഞതു പോലെ കാണും.കേരളത്തിൽ പോകും..."അവൻ കാറിൽ കയറി കൈ വീശി.കാർ മുന്നോട്ടെടുത്തു.അതൊരു വളവിൽ മറയും വരെ അവൻ കൈ വീശിക്കൊണ്ടിരുന്നു.
അപ്പോൾ പട്ടിയും പൂമരവുമായി ഡ്രാക്കുളയുടെ ഷേപ്പുള്ള ജോയുടെ മുതലാളി എന്നെ കടന്നുപോയി.

പിന്നെ, ജോയ്ക്കെന്തായെന്നോ ഒന്നും അറിഞ്ഞിട്ടില്ല.പണമുണ്ടാക്കിക്കാണുമോ?അമ്മയെ നന്നായി നോക്കുന്നുണ്ടാവുമോ?ഒന്നുമറിയില്ല.അനേകം സുഹൃത്തുക്കൾ ഇറ്റലിയിൽ ഉണ്ടെങ്കിലും ജോ ഒരു നൊമ്പരമായങ്ങനെയുണ്ട്.ഇന്ന് പ്രത്യേകിച്ചും.ഒരു മഹാദുരന്തം മൂടി നിൽക്കുന്ന കാലത്ത് അവനെവിടെയെന്നു എന്റെ ഹൃദയം ആകുലമാകുന്നു.



Saturday, March 21, 2020

പലായനങ്ങൾ : ബോധിക് ആഷർ

 

ച്ചടിയുടെ നനവുകളിൽ
മരണത്തെത്തിരയുന്നവനിൽനിന്ന്
ബൈനറികളുടെ സന്നിവേശങ്ങളിലെ
വിഷാദ രോഗാതുരയിലേക്കുള്ള ഗതിവേഗം, 
പുറത്തുവരാത്ത ഒച്ചകളുടെ
ഗതികെട്ട നിലവിളികളാൽ
ഉപ്പില്ലാത്ത പഴുത്ത തുപ്പൽപോലെ
പാതിവെന്ത കണ്ടലായി
നടുത്തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്നു .

സ്വന്തം
നിഴലുകൾപോലും 
ചിതറിയൊളിക്കുമെന്നചിന്ത
തൂക്കാത്ത വീട്ടിലെ
മായ്ക്കാത്ത മാറാലപോലെ
നടുക്കടലിലെ
റോഹിoഗ്യനെപ്പോലെ
ഒഴുകിക്കൊണ്ടേയിരിക്കുന്നു...

അല്ലേലും
അഭയാർത്ഥികൾക്കെവിടാ
വൈറസ് ഭീതി.
പിടിക്കാനടുക്കുമ്പോൾ
തെന്നിമായുന്ന
കാക്കാത്തിത്തുമ്പിപോലെ 
തീരം, 
ഒരഭയാർത്ഥിയെ
മോഹിപ്പിച്ചു കൊണ്ടേയിരിക്കും.

- ആഷർ. 

(For my loving friends and my fellow refugees)

ചേരലും സംഘവും

.

ചേരൽ സംഘത്തിന്റെ തമിഴ് രൂപമാണെന്നു വാദിക്കാമെങ്കിലും പ്രായോഗികമായി എത്രത്തോളം ശരിയാണന്ന കാര്യത്തിൽ സംശയമുണ്ട്.ചേർന്നു നിൽക്കുന്ന അവസ്ഥയാണ് സംഘം.ഭാഷാപരമായി ശരിയുമാകാം.എന്നാൽ കേരളത്തിൽ മാത്രമായി അങ്ങനെയൊരു പഠഭേദമുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടതുണ്ട്.ചേരം എന്നത് കേരളത്തെ പ്രതിനിധേയകരിക്കുന്നു എന്നതിൽ വസ്തുതാപരമായ പിശകുണ്ടു. ചേരന്മാരുടെ സാമ്രാജ്യത്തിന്റെ 12 പ്രവിശ്യകളിൽ 5 എണ്ണം മാത്രമേ ചേരാധിർത്തിക്കുള്ളിൽ വരുന്നുള്ളൂ.7 എണ്ണം ഇന്നത്തെ തമിഴകമാണ്.தென்பாண்டி, குட்டம், குடம் கற்கா, வேண், பூழி ,
பன்றி, அருவா, அதன் வடக்கு , நன்றாய
சீதம், மலாடு, புனல் நாடு, செந்தமிழ்சேர்
ஏதம் இல் பன்னிரு நாட்டு எண்"

      ,- തോൽക്കാപ്പിയം,സൊല്ലധികാരം 9:3.
(തെൻപാണ്ടി, കുട്ടം, കുടം,കർക്കാ,വേൺ,പൂഴി,പൻറി, അരുവാ,ശീതം മലനാട്,പുനൽ നാട്.)

യഥാർഥ തമിഴകത്തിലെ 7 പ്രവിശ്യകൾ വിട്ടു കേരളഭൂമിയിൽ മാത്രം ചേരൽ ഉണ്ടാവുകയെന്നത് സാധ്യമാണോയെന്നു സംശയമുണ്ട്.

മാത്രമല്ല ഇന്ത്യയിലെവിടെയും ബൗദ്ധം കടന്നു ചെന്ന ദേശങ്ങളിൽ സാങ്കേതിക പദങ്ങൾ പാലിയാണെന്നുകാണാം.തമിഴും വിഭിന്നമല്ലന്നു സംഘകൃതികളുടെ മൂലം പരിശോധിച്ചാൽ കാണാം.അതിൽ 'ബോധകരുടെ'അടയാളവാക്യമായ സംഘം പ്രാദേശിക ഭാഷയിൽ ആക്കിയതായി അറിവില്ല.ചേരലിനെ സാധുകരിക്കാൻ ഏതെങ്കിലും പ്രാചീന മലയാള കൃതികളോ പ്ളേറ്റുകളോ കണ്ടെത്തിയിട്ടുണ്ടോയെന്നും അറിയില്ല.തമിഴ്‌ കൃതികൾ ഇന്നുവരെ സംഘം എന്നുതന്നെയാണ് ഉപയോഗിക്കുന്നത്.

2.

മലയാള ഭാഷ തമിഴിന്റെ അപരമാണെന്ന വിശ്വാസ്സം പണ്ഡിതന്മാർ വച്ചു പുലർത്തുന്നതിൽ വലിയ കഴമ്പുണ്ടാണ് തോന്നുന്നില്ല.മലയാളത്തിന് പ്രാചീന സാഹിത്യമില്ലാത്തതുകൊണ്ടു മാത്രം ഭാഷയുടെ പഴക്കം കുറച്ചുകാണുന്നതിൽ അർഥമില്ലന്നു പറയട്ടെ.ഇന്ത്യയിൽ എന്നല്ല ലോകത്തിലെതന്നെ പല പുരാതന ഗോത്രഭാഷകൾക്കൊന്നിനും തന്നെ ലീപിയോ പുരാതന സാഹിത്യമോ ഇല്ല.അതുകൊണ്ടു ആഭാഷയുടെ പഴക്കത്തിൽ സംശയിക്കേണ്ടതില്ല.ഒരന്വേഷണം എളുപ്പത്തിൽ  അവസാനിപ്പിക്കാനുള്ള കുറുക്ക് വഴി ആയേ ഇതിനെ കാണാൻ കഴിയൂ.റോബർട്ട് കാഡ്‌വെല്ലിന് തോന്നിയ സന്ദേഹത്തിനു അലങ്കാരമുണ്ടാക്കിയ പണ്ഡിതന്മാർ കുറ്റക്കാരാണ്.BC മൂന്നു മുതൽ ഏതാണ്ട് AD 7ആം നൂറ്റാണ്ടിന്റ്‌റെ അവസാനം വരെ ചേരർ കളഭ്രർ പല്ലവർ - ചോളർ തമിഴിൽ ഭരിച്ച നാട്ടിൽ തമിഴ് വളരാതിരിക്കുമോ?വാമൊഴി രേഖയ്ക്ക് പുറത്തായതുകൊണ്ടു ഭരണ - കാവ്യ ഭാഷയെപ്പോലെ എങ്ങനെ തെളിവ് നൽകും? അന്നത്തെ കാവ്യങ്ങൾ പരിശോധിച്ചു ദേശത്തെ മുഴുവൻ പേരും തമിഴർ ആയിരുന്നുവെന്ന് കരുതുന്നതിൽ അർത്ഥമില്ല.തന്നെയുമല്ല,പഴയ വഴക്കത്തിൽ തമിഴ് എന്നാൽ 'ഭാഷ'എന്നയർത്ഥത്തിൽ ഉപയോഗിക്കുന്നുണ്ട്.കർണ്ണാടകത്തിനു കരിനാട്ടു തമിഴ് .മലയാളത്തിനു മലനാട്ട് തമിഴ് എന്നും ചെന്തമിഴ്‌എന്നാൽ സംഘത്തമിഴെന്നും പറഞ്ഞിരുന്നു.മലയാളമെന്നു ഭാഷയ്ക്കും കേരളമെന്നു നാടിനും പേര്‌ വന്നിട്ട് അധികമായില്ലന്നോർക്കണം.

മലയാളികൾക്ക് മനസ്സിലായില്ലങ്കിലും തമിഴർ അതറിഞ്ഞിരുന്നു.സംഘകൃതിയിലെ മലയാള സാന്നിധ്യത്തെക്കുറിച്ചു ചില പഠനങ്ങൾ തമിഴിൽ വന്നിരുന്നു.(മലയാളികൾ എഴുതിയ സംഘ കാവ്യങ്ങളിൽ)

3

വള്ളുവർ പറയരിലെ പൗരോഹിത്യമുള്ളവരാണ്. അവർ പിന്നീട് ഒരു പ്രത്യേക ജനതയായി മാറുന്നുണ്ട്.ഇവരിലൊരാളാണ് ശങ്കരനോട് "അശുദ്ധി ദേഹത്തിനോ,ദേഹിക്കോ "എന്നു ചോദിച്ചു കുഴക്കിയത്. പൗരോഹിത്യത്തിൽ മാത്രമല്ല 'ചാലകളി'ലും' ഇവർ പ്രധാനികളായിരുന്നു.ഇവരുടെ പതനത്തിന്റെ തുടക്കമാണ് ശങ്കരനിൽ കണ്ടത്.

Wednesday, March 4, 2020

പഴേമടത്തിൽ കുട്ടൻ:ഉടൽകൊണ്ട് പൊരുതിയവൻ :Rejishankar

പഴേമടത്തിൽ കുട്ടൻ ചരിത്രത്തിൽ യുദ്ധം നായിച്ചതായി തിരുവെഴുത്തുകളിലൊന്നിലും കാണുന്നില്ല.എങ്കിലും തലയിൽ ആനാവെള്ളം വീണു ഉയിർത്തു സ്വർഗ്ഗവാതിൽക്കലും നരകത്തിലും കാൽ വെച്ചു നിന്നവൻ.എഴുവെള്ളിയാഴ്ചയും ദുഃഖവെള്ളിയാഴ്ചയും കുർബ്ബാന കണ്ടിട്ടും പുലയന്റെ പുലമാറിയില്ല.എങ്കിലും പുലപ്പെടിയെന്ന ചന്ദ്രഹാസമിളക്കി നാട്ടിൽ വിരിഞ്ഞു നടന്നവർ.

    എന്റെ വല്യമ്മച്ചിയുടെ (അമ്മയുടെയമ്മ)അങ്ങളായായിരുന്നു.ഞങ്ങൾ കുട്ടൻ പേരപ്പൻ എന്നാണ് വിളിച്ചിരുന്നത്.കുറവിലങ്ങാടും കാഞ്ഞിരത്താനാവും കാപ്പുംതലയും കടുത്തുരുത്തിയും മുട്ടുചിറയുമെല്ലാം നായമ്മാരെക്കാൾ പ്രൗഢിയും അഹങ്കാരവുമുള്ള കത്തോലിക്കരുടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്നു.ഈ രാജ്യത്തെ കറുത്ത മിന്നലായി പേരപ്പൻ നടന്നു.എനിക്കൊരു ചെറിയ ഓർമ്മയെ ഉള്ളു.ബാക്കിയെല്ലാം പണന്മാർ പാടിയത് കേട്ടതാണ്.

   പേരപ്പന്റെ കഥ ഒരു കറുത്ത സിനിമ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.തീണ്ടലുള്ള ഇത്താപ്പിരി മാരുടെ ഇടയിൽ നിന്നും ചെന്നു തീണ്ടാൻ ധൈര്യമുള്ള ഒരുവൻ വേറെ ഉണ്ടായിരുന്നില്ല.ആറടിയോളം ഉയരം ഒതുങ്ങി ബലിഷ്ടമായ ശരീരം.കൈകൾക്ക് അസാമാന്യ നീളമുണ്ടായിരുന്നു.കനത്ത കൈത്തണ്ട.പോരാടാൻ ജനിച്ചവനെപ്പോലുള്ള പ്രകൃതം.ആ കൈകൾകൊണ്ടു അടികിട്ടിയവർ മരിക്കും വരെ ചെവിയിൽ മൂളലുമായി നടന്നു.ഒരു ജന്മിയോടും അനാവശ്യമായിച്ചേർന്നു നിന്നില്ല.അനുസരിച്ചില്ല.നല്ല ഉഴവുകാരനും കാളയോട്ടക്കാരനുമായിരുന്നു.

കമ്യൂണിസ്റ്റുകാർ ഒളിവിൽ കഴിയുന്നകാലം.പോലീസ് അവരെയൊക്കെ പുലയരുടെയും പറയരുടെയും വീടുകൾ പൊളിച്ചു തിരയുന്നകാലം.പേരപ്പൻ തെങ്ങിൻ തടം കിളച്ചുകൊണ്ടു നിൽക്കുമ്പോൾ പോലീസ് പാഞ്ഞു വന്നു.ഒരു പുലയനെ മുന്നിൽ കിട്ടിയപ്പോൾ രണ്ടു പൊട്ടിച്ചുകളയാം എന്ന നിലയിൽ രണ്ടു കുട്ടൻപിള്ളമാർ മസിൽ പെരുക്കി നിന്നു.

  " തലവടി പപ്പാനെ കണ്ടോടാ..?"
"ഇല്ലേമാനെ..?"
ചോദ്യം രണ്ടുമൂന്നാവർത്തിച്ചു.ഉത്തരവും.
ഒരുമാറ്റവും കാണാതെ വന്നപ്പോൾ ഒരു കുട്ടൻ പിള്ള കയ്യോങ്ങി.അപ്പോൾ പേരപ്പൻ ഭവ്യതയോടെ പറഞ്ഞു.
" കണ്ടേമാനെ.. "
" എന്നിട്ടെവിടെ.." കുട്ടൻ പിള്ളയ്ക്കു ധൃതിയായി.പേരപ്പൻ തൂമ്പ താഴെയിട്ടു സാവധാനം ഉടുത്തിരുന്ന തോർത്തു രണ്ടുകയ്യുംകൊണ്ടു വിടർത്തി.

" ദാണ്ടേ കെടക്കാണ് തലവടിപ്പാപ്പൻ.."എന്നലറി.കലി കൊണ്ടു ആഞ്ഞടിച്ച പിള്ളേച്ചന്മാരുടെ കരച്ചിൽ ഒന്നര മൈലകലെ കേട്ടെന്നു പഴമക്കാർ.

അന്നൊക്കെ ചായക്കടയിലും കള്ളുഷാപ്പിലും ദലിതർക്കു പ്രവേശനമില്ല.പേരപ്പൻ രണ്ടിടത്തും കയറി കുടിച്ചും കഴിച്ചും പുലപ്പേടിയുണ്ടാക്കി.ഒരിക്കൽ ഇതു സാധിക്കാത്ത ഒരു കത്തോലിക്കാ പ്രമാണി പേരപ്പൻ കോപ്പയിൽ ഒഴിച്ചുവെച്ച കള്ളെടുത്തു തറയിലൊഴിച്ചു കളഞ്ഞു.പേരപ്പൻ വീണ്ടും ഒഴിച്ചു.അതും ഒഴിച്ചുകളായനാഞ്ഞ തിരുപ്പിറവിയുടെ മുഖത്തു ,ശാസ്ത്ര വിധിയിൽ പറയാത്ത,കള്ളും ചട്ടിയും ചേർന്ന ഒരു പ്രയോഗം നടന്നു.അതയാൾക്കു മര്യാദയുടെ ഗുരുകുല പാഠമായന്ന് പറയുന്നു.

ഓരോ വഴക്കിനും ശേഷം പോലീസ് വരും.അഹങ്കാരിയായ പുലയന്റെ നെഞ്ചത്തിടിക്കാൻ ഒരു പ്രത്യേക ആവേശമുണ്ട്. എത്രയിടിക്കുന്നോ അത്ര തിരിച്ചിടിക്കുന്നതാണ് പേരപ്പന്റെ രീതി.അവസാനം കൂട്ടയിടിയിലായിരിക്കും വീഴിക്കുക.ഒരിക്കൽ ലോക്കപ്പിൽ തന്നെ ഇടിച്ചു മടുത്ത പൊലീസുകാരനോട് വെല്ലുവിളിച്ചു

" ഇങ്ങനെയാണോടാ......ആണുങ്ങൾ ഇടിക്കുന്നത്.. കേറിവാടാ... ഞാൻ കാണിച്ചു തരാം..."

പുതുതായി വന്ന ,അതിന്റെ മർമ്മമറിയാത്ത ഒരു പാവം പിള്ളാച്ചൻ അങ്ങോട്ടു കയറിച്ചെന്നതും നാഭിക്കൊരു തൊഴികിട്ടിയതുമേ ഓർമ്മയുണ്ടായുള്ളൂ.അതിനവർ പേഴുങ്കായ് നിരത്തിയിട്ടു അതിനുമുകളിൽ കിടത്തിയിട്ടിടിച്ചു എന്നാണ് പേരപ്പൻ പറഞ്ഞത്.

ഓരോ മർദ്ദനത്തിനു ശേഷവും പുള്ളി കൂടുതൽ കരുത്താർജ്ജിച്ചു.മണ്ണിൽ കുരുത്തിന്റെ ഗുണവും ബലവും അറിഞ്ഞവർ ഉടലിനെ പുതുക്കാനുള്ള രഹസ്യവുമറിഞ്ഞിരുന്നു.പിതാക്കന്മാർ പകർന്നു നൽകിയ ആരോഗ്യത്തിന്റെ അത്ഭുങ്ങൾ അറിഞ്ഞിരുന്ന പേരപ്പൻ തന്നെത്തന്നെ പുതുക്കിക്കൊണ്ടിരുന്നു.എന്നിട്ടു ഓരോദിവസവും വന്നുകേറിയവർ കെട്ടിയ വേലികൾ ചവുട്ടിയൊടിച്ചു വിരിഞ്ഞു നടന്നു.ഓരോ ചുവടിലും പിതാക്കന്മാർ മുളച്ചു വളർന്ന് പന്തലിച്ച കാലത്തിന്റെ പ്രൗഢിയുണ്ടായിരുന്നു.

   പണത്തിന്റെ ആവശ്യമുള്ളപ്പോൾ വാഴക്കുലയോ,അടയ്ക്കയോ തേങ്ങയോ ഒക്കെ  അധികാരത്തോടെ അങ്ങെടുക്കും.അതു മോഷണമാണെന്നു പേരപ്പൻ ഒരിക്കലും സമ്മതിച്ചില്ല.ചോദിക്കാൻ അധികമാരും ധൈര്യപ്പെട്ടില്ല.ചോദിച്ചാൽ കൃത്യമായ ഉത്തരം അദ്ദേഹത്തിനുണ്ടായിരുന്നു.
 "എന്റെ കാർന്നോമ്മാരുടെ മണ്ണാ..ഞങ്ങളിതൊരുത്തനും വിറ്റിട്ടില്ല.."

പേരപ്പൻ പഠിച്ചിട്ടുണ്ടായിരുന്നോ എന്നു ചോദിച്ചാൽ എനിക്കറിയില്ല.എങ്കിലും ഒരാത്മബോധവും തലമുറകളുടെ വേദന പകർന്ന ഒരു പ്രതികാരബുദ്ധിയും കൂസലില്ലായ്മയും അദ്ദേഹത്തിൽ അഭേദ്യമായി നിലനിന്നിരുന്നു.കായിക കലയിൽ ഒരത്ഭുതവുമായിരുന്നു.

  അക്കാലത്ത് കടുത്തുരുത്തി പോലീസ് സ്റ്റേഷണിൽ പുതുതായി വന്ന മല്ലയുദ്ധക്കാരനായ പിള്ളേച്ചന് പഴേമഠം കുട്ടനെ ഒതുക്കണമെന്നൊരു പൂതി.അതും ഒറ്റയ്ക്ക്.അങ്ങനെ കഥാപുരുഷൻ കാപ്പുന്തലയ്ക്കു പുറപ്പെട്ടു.പലസ്ഥലത്തും കാണാഞ്ഞു കറങ്ങിത്തിരിഞ്ഞു ഇരുവേലിത്തോടിന്റെ കരയിലെത്തി.അപ്പോൾ തോടിന്റെ കരയിൽ; അടിച്ചിട്ട പാടത്തേക്ക് നോക്കി കാറ്റുകൊണ്ട് മുറുക്കിതുപ്പിയിരിക്കുന്ന ഒരാളെക്കണ്ട് അടുത്തു ചെന്നു.

" പഴേമടത്തിൽ കുട്ടനെ കണ്ടോടാ " എന്നു മീശ പിരിച്ചു.ചോദ്യം കേട്ട് ഞെട്ടിയെണീറ്റയാൾ തൊഴുതു.
"കണ്ടേമാനേ..ദാ..ഇപ്പൊ..അങ്ങോട്ടു പോയതെയുള്ളൂ."അയാൾ പാടത്തിനക്കരെയ്ക്കു വിരൽ ചൂണ്ടി.പൊലീസ്കാരൻ നിരാശയോടെ മീശ തടവി നിന്നു.പെട്ടന്ന് പോലീസുകാരന്റെ തുടയിൽ ഒരിടിമിന്നൽ പതിച്ചു വേച്ചു വീഴാൻപോയ അയാൾ പിടഞ്ഞു പാഞ്ഞു വരുമ്പോഴേക്കും അടുത്തത് മുഖത്തും.നിലതെറ്റിയ പിള്ള തോട്ടിലേക്ക് വീണു.അന്നൊക്കെ ഇരുവേലിത്തോട്ടിൽ വെള്ളമുണ്ടായിരുന്നു.

   തന്റെ കാൽച്ചുവട്ടിൽ വീണ പൊന്നു തമ്പുരാന്റെ മുദ്രയുള്ള തൊപ്പി കൈക്കലാക്കി അയാൾ മുറുക്കാൻ പൊതി അഴിച്ചതിലിട്ടു തിരിഞ്ഞു നടന്നു.

എങ്ങനെയോ കരകയറിയ പിള്ളാച്ചൻ തൊപ്പി തിരക്കി മടുത്തു അന്തിയായപ്പോൾ സ്റ്റേഷനിൽ ചെന്നു.ഏഡ് കുട്ടന്പിള്ളയ്ക്കു കലി കയറി.

"തന്നോട് പറഞ്ഞതല്ലേ അവനെ പിടിക്കാൻ ഒറ്റയ്ക്ക് പോകരുതെന്ന്.തൊപ്പിയുമായി വാ.."
എന്നു നിർദ്ദയനായി.

     രണ്ടു ഭാര്യമാരും രണ്ടരപ്പറ പിള്ളേരുമുള്ള പിള്ളേച്ചൻ വിരണ്ടു.കിട്ടുന്ന,പൊന്നുതമ്പുരാന്റെ നാലു ചക്രം പോയാൽ എല്ലാം തീർന്നു.അയാൾ അവസാനം സ്ഥലത്തെ ജന്മിയായ ഷെവലിയർ ജോർജിനെ കണ്ടു സങ്കടം പറഞ്ഞു.അദ്ദേഹം പേരപ്പനെ വിളിപ്പിച്ചു.

"എടാ ആ പോലീസുകാരന്റെ പണി പോകും.നീയാ തൊപ്പിയങ്ങോട്ടു കൊടുത്തേര്.."

പേരപ്പൻ തന്റെ സർക്കാർ മുദ്രയുള്ള മുറുക്കാൻ വട്ടി തിരികെ കൊടുത്തു.പിന്നെ ആ പിള്ളേച്ചൻ പോകും വരെ പേരപ്പനെ കണ്ടിട്ടില്ല.

കാലം അങ്ങനെ വടിയൂന്നിയും ചട്ടിയും മുന്നോട്ടു നീങ്ങി.ഇരുവേലിത്തോട് നിരവധി തവണ കവിഞ്ഞും ഇണങ്ങിയും വന്നു.മനുഷ്യരുടെ തലയ്ക്കകത്തും ചെറുതായി ആൾപ്പാർപ്പുതുടങ്ങി.അതിന്റെ മാറ്റം പഴേ മഠത്തിലും ഉണ്ടായി.

1970ലായിരുന്നു എന്റെ ഇളയ അമ്മാവൻ കവിയും കഥാകൃത്തും നാടകം കഥാപ്രസംഗം രചിയിതാവുമായിരുന്ന ആന്റണി കാപ്പുംതലയുടെ വിവാഹം.വിവാഹത്തലേന്നു രാത്രിയിൽ കല്യാണവീട്ടിലേക്കു വരുമ്പോൾ വഴിയിലുണ്ടായിരുന്ന ആൾമറയില്ലാത്ത കിണറ്റിൽ വീണൂ.ആരുമാറിഞ്ഞില്ല.ഒറ്റയ്ക്ക് യുദ്ധം നയിച്ച പടനായകന് ഒരു ജലസമാധി.

ഇടയ്ക്കു ചിലതനുഭവിക്കുമ്പോൾ കേൾക്കുമ്പോൾ കാണുമ്പോൾ ഈ കറുത്ത ഇടിമിന്നലിനെ ഞാൻ സ്വപ്നം കാണാറുണ്ട്.ഇരുവേലി തോടും പഴേപോലെ ഇന്നില്ല.പക്ഷെ പിള്ളാച്ചന്മാരും അരൂപികൾക്കു അത്താഴം വിളമ്പുന്നവരും സർവ്വ ശക്തരായ ഇപ്പോഴുമുണ്ട്.

Sunday, March 1, 2020

ഇന്ത്യയിൽ കമ്യൂണിസം രൂപകൊണ്ടതിനു പിന്നിൽ ബ്രാഹ്മണിസമാണ് : rejishankar



ഹിന്ദുമതത്തിന്റെ ക്രൂരതയിൽ നിന്നും കുതറിയ അയിത്ത ജാതിക്കാർ ഇതര മതത്തിലേക്ക് കുടിയേറിയപ്പോൾ ആദ്യമൊന്നും അതു ഹിന്ദുക്കളെ അലട്ടിയില്ല. കാരണം ദളിതർ അവരുടെ മതക്കാർ ആയിരുന്നില്ല.എന്നാൽ ഒന്നാം ലോകമഹാ യുദ്ധത്തിന് ശേഷം ബ്രിട്ടീഷ്കാർ ഇന്ത്യവിടാൻ തീരുമാനിച്ചു.പിന്നീട് വരുന്ന ഇന്ത്യ ജനാധിപത്യ വ്യവസ്ഥയിലേക്കായിരിക്കും എന്നറിഞ്ഞപ്പോളാണ് ഹിന്ദു ഉണർന്നത്.ജനാധിപത്യ രാജ്യത്തു  ഉയർന്നവന്റെയും താഴ്ന്നവന്റെയും വോട്ടിനു ഒരേ മൂല്യമാണെന്നു തിരിച്ചറിഞ്ഞപ്പോഴാണ് മതപരിവർത്തനത്തിന് അപകടം അവർക്ക് പൂർണ്ണമായും ബോധ്യപ്പെട്ടത്.

   ആയിത്തജാതിക്കാർക്കു അന്യ മതത്തിൽ പോയാൽ ലഭിക്കാവുന്ന അവകാശങ്ങൾ പരിവർത്തനം ചെയ്യാതെ ലഭിക്കുന്നുവെങ്കിൽ    അതിന്റെ ഫലം ഹിന്ദുവിനായിരിക്കും ആദ്യന്തികമായി ലഭിക്കുകയെന്ന ബോധ്യമാണ് കമ്യൂണിസത്തിന്റെ ഉദയം.ബ്രാഹ്മണർ തന്നെ അതിനു നേതൃത്വം കൊടുത്തു.മിഷനറി പ്രവർത്തനം ഏറ്റവും നല്ലരീതിയിൽ നടന്ന ബംഗാളിലും കേരളത്തിലുമാണ് കമ്യൂണിസം വിയർത്തു പണിയെടുത്തതും അധികാരത്തിൽ വന്നതും.ആദ്യഘട്ടത്തിൽ നവോദ്ധാനത്തിന്റെ തുടക്കം മതപരിവർത്തനം ചെയ്തവരിലൂടെ,അതും മിഷനറി സപ്പോർട്ടിലും ആയിരുന്നു നടന്നതെന്നോർക്കണം. അതുകൊണ്ടു തന്നെയാണ് കമ്യൂണിസത്തെ മറയാക്കി ബ്രാഹ്മണർ കളി തുടങ്ങിയത്.തൊഴിൽ മേഖലയിലെ ചില ആനൂകൂല്യം നൽകി പരിവർത്തനത്തിൽ നിന്നും അവരെ തടഞ്ഞു.കമ്യൂണിസം വരുന്നതിനു മുൻപും ശേഷവും ഉണ്ടായ മത പരിവർത്തനത്തിന്റെ തോത് പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും.ഹിന്ദുമത്തിലുള്ളവർക്കു മാത്രം റിസർവേഷൻ എന്ന പിൽക്കാല നിലപാട് കൊണ്ഗ്രസ്സാണ് എടുത്തതെങ്കിലും അതിനുള്ളിലെ rss  അജണ്ട മാത്രമായിരുന്നുവെന്നു ഇപ്പോൾ മനസ്സിലാകുന്നുണ്ട്.അങ്ങനെ കമ്യൂണിസവും റിസര്വേഷനും ഒന്നിച്ചു നിന്നു മതപരിവർത്തനത്തെ നേരിട്ടു.

ബ്രാഹ്മണിസം പ്രവർത്തിക്കുന്നത് ഒരു രൂപത്തിലല്ല,ചിന്തിക്കാൻ കഴിയാത്ത മേഖലകളിൽക്കൂടിയുമായിരിക്കും.

ഇന്ത്യയിൽ ഇന്നും പതിനഞ്ചാം നൂറ്റാണ്ട് നിലനിൽക്കുന്ന സ്ഥലങ്ങളുണ്ടായിട്ടും അവിടെയൊന്നും ശ്രമിക്കാതെ മിഷനറി പ്രവർത്തനങ്ങൾ നന്നായി നടന്ന ഇടങ്ങളിൽ മാത്രം ഇവർ പാർട്ടി വളർത്തിയത്തിന്റെ രഹസ്യം എന്താണെന്ന് പിടി കിട്ടിയല്ലോ.

ബ്രാഹ്മണ- സവർണ്ണ നേതാക്കൾ ഒളിച്ചിരുന്ന കാലത്ത്, പുന്നപ്ര - വയലാർ സമരനായകനും പാർട്ടി സെക്രട്ടറി യുമായിരുന്ന സഖാവ്  kv പത്രൊസ്എന്ന ദളിത് ക്രിസ്ത്യാനിയെ ചരിത്രത്തിൽ നിന്നും മയ്ച്ചുകളഞ്ഞതെന്തിനെന്നു ഇനിയാരും ചോദിക്കരുത്.

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...