Friday, March 27, 2020

ചോരയിലേക്ക്‌ നീളുന്ന വേരുകൾ Rejishankar

     ന്റെ പിതാവിന്റെ മൂലദേശമെന്നത് കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിനടുത്തുള്ള 'കൂടല്ലൂർ 'എന്ന ഗ്രാമമായിരുന്നു.പിന്നീടെപ്പോഴോ ചെറുവാണ്ടൂരിലേക്കു മാറി.അത്‌ എന്റെ ഓർമ്മകൾക്കോ ജനനത്തിനോ അപ്പുറത്തേതോ കാലത്തായിരുന്നു.കഥകൾ ചേർത്തുവെയ്ക്കുന്ന നമ്മൾക്ക് കാലത്തെ ചേർത്തുവെയ്ക്കാൻ കഴിയാത്തതുകൊണ്ടു നമ്മുടെ ജീവിതത്തിലെ പോയകാല നിമിഷങ്ങൾ പോലും പിൽക്കാലത്തു തർക്കവിഷയങ്ങളാകുന്നു.എങ്കിലും നിഷേധങ്ങളെ അനിഷേധ്യമാക്കാനുള്ള നമ്മുടെ അവകാശത്തിനുമേൽ കുടിയേറാൻ ആരെയും അനുവദിക്കാതിരിക്കാനുള്ള അവകാശം നമുക്കുണ്ട്.ഏറ്റുമാനൂരിനും പരിസരത്തും,കോട്ടയം ജില്ലയുടെ പരിസരപ്രദേശങ്ങളിയുമായി ചിതറിയും ചേർന്നും കിടക്കുന്ന വലിയൊരു കുടുംബസാമ്രാജ്യമാണ് ഞങ്ങളുടേത്.ദളിത് ക്രിസ്ത്യാനിയുടെ കുലപതിയായ തൈവത്താൻ എന്ന ഹാബലിന്റെ കാലത്തെന്നോ ക്രൂശേ നോക്കി വീണ്ടും ജനിച്ചവർ ആയതുകൊണ്ട് ലഭിച്ച പരിമിതമായ സ്വാതന്ത്ര്യം അവരെ കുറെയേറെ മുന്നോട്ടു കൊണ്ടുപോയി.മിഷനറിമാർ സത്യസന്ധർ ആയിരുന്നതുകൊണ്ടു കഴിയുന്നത്ര സഹായം ലഭിച്ചു.മിഷണറിമാർ നൽകിയ ഭൂമി കൂടാതെ വല്യപ്പച്ഛന്റെ അപ്പൻ ചാക്കോയും,വല്യപ്പച്ചനായ യോഹന്നാൻ ചാക്കോയും കൃഷിയും ചെറിയ കച്ചവടവും ചെയ്തു നാലര ഏക്കറോളം ഭൂമി സമ്പാദിച്ചു.

     അന്നൊക്കെ ഏറ്റുമാനൂർ അത്രമേൽ സംസാകാരികമായി അധ:പതിച്ച നാടായിരുന്നു.ദലിതർ വെറും ഇരുകാലി മൃഗങ്ങളും.അവിടെ അൽപ്പമെങ്കിലും നട്ടെല്ല് നിവർത്തി നിൽക്കാൻ ശേഷിയും ശീലവും നൽകിയത് മിഷണറിമാറായിരുന്നു.സവർണ്ണർക്കു മതം മാറാത്തവനെ ചവിട്ടും പോലെ മാറിയവനെ ചവിട്ടാൻ ഇത്തിരി ഭയമുണ്ടായിരുന്നു.മതം മാറിയൊരു പെണ്കുട്ടി വൈക്കത്തപ്പനെ തീണ്ടി നാറ്റിച്ചതിനു ഒരു കുഞ്ഞെന്ന പരിഗണന നൽകാതെ തല്ലി അവശയാക്കി.തല്ലിയ നായരെ മുക്കാലിയിൽ കെട്ടിയിട്ടടിച്ച കഥയറിയാവുന്നതുകൊണ് ആ മൃഗങ്ങൾ ആക്രമിക്കാനോ തടയാനോ മുതിരാതിരുന്നത്.

അന്ന് ക്രിസ്തുമതം ഒരു വരം തന്നെയായിരുന്നു.എന്നാൽ അതിലൂടെ നഷ്ടമായ ചിലതുമുണ്ട്.നമ്മുടെ പൂർവീകതയെക്കുറിച്ചുള്ള ഓർമ്മകളുടെ കണ്ണികൾ അതു പൊട്ടിച്ചുകളഞ്ഞു.ഞാൻ പറഞ്ഞല്ലോ,ഏതാണ്ടെല്ലാവരും മതപരിവർത്തനം നടത്തിയെന്ന്.പിന്നെയവർ തങ്ങളെ ബന്ധിപ്പിക്കുന്നത് ഇസ്രായേലുമായാണെന്നു കാണാം.നമ്മുടേതായ സകലത്തിനോടും ഒരുതരം പുശ്ചവും ചിലരിൽ രൂപപ്പെട്ടു.പുത്തനാം യരുശലേമെന്നു അവർ തങ്ങളെത്തന്നെ ഉയർത്തി.അതുകൊണ്ടുതന്നെ പാരമ്പര്യമായി കൈമാറാകുമായിരുന്ന സ്വതന്ത്ര പൂർവീകതയിലേക്കു സഞ്ചരിക്കാമായിരുന്ന കണ്ണികൾ പലതും അറ്റുപോയി.
    
        എങ്കിലും എനിക്ക് മറക്കാൻ കഴിയാത്ത ഒരു കഥ പറച്ചിൽ രാത്രിയെ ഞാൻ നന്ദിയോടെ ഓർക്കുന്നു.അതെങ്ങനെ എന്റെ 'വീട്ടിലെത്തിച്ചു'വെന്ന ' കഥയാണ് ' ഞാൻ പറയാൻ പോകുന്നത്.ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം.ഒരുദിവസം വല്യപ്പച്ചന്റെ അപ്പാപ്പന്റെ മകൻ വന്നു.അദ്ദേഹം സംസാരത്തിൽ ഒരു ദൈവ നിഷേധിയും  രൂപത്തിൽ ഒരു സന്യാസിയുമായിരുന്നു.ഓർക്കാതിരിക്കെ എപ്പോഴെങ്കിലും വരും.വിവാഹം കഴിച്ചിരുന്നില്ല.          കയൂണിസ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു,ഒരുകാലത്ത്‌.പല ആദ്യകാല പ്രവർത്തകരെപ്പോലെ അദ്ദേഹവും നിരാശനായിരിക്കണം.കമ്യൂണിസ്റ്റുകാരോളം ജാതിവാദികൾ വേറെയില്ല.അപ്പച്ചൻ മുൻപ് വരുമ്പോഴൊക്കെയും കഥകൾ പറഞ്ഞിട്ടുണ്ടെങ്കിലും അന്ന് പറഞ്ഞതു മറ്റൊന്നായിരുന്നു.ഒരു യാത്രയുടെ കഥ.അത്താഴം കഴിഞ്ഞു; കുടുംബകാര്യങ്ങൾ പറഞ്ഞു കഴിഞ്ഞ്,പഴയ കഥകൾ പറയാറുണ്ട്.അപ്പോഴൊക്കെ പണ്ടെന്നോ നൊന്തു ചത്തവരുടെ ആത്മാവുകൾ എന്നിലിറങ്ങി നിൽക്കും.അപ്പോൾ ഞാൻ നിലാവിൽ നനഞ്ഞു ചിരിച്ചും അമാവാസിയിൽ അന്ധനെപ്പോലെ നിലവിളിച്ചും നടക്കും.

മെലിഞ്ഞു കത്തിയിളകിയ വിളക്കിന്റെ പ്രഭയിൽ ഞങ്ങൾ ഇരുണ്ടും തിളങ്ങിയുമിരുന്നു.ഒരു തകർച്ചയുടെയും പലായനത്തിന്റെയും കഥ.ഞാനന്ന് ചെറിയ കുട്ടി ആയിരുന്നത് കൊണ്ട്‌ പലതും ഓർമ്മയിൽ നിന്നില്ല.മനസിലായവരോ അതത്ര കാര്യമാക്കിയതുമില്ല. ഏതാണ്ട് 200 വർഷം മുൻപ് കേരളത്തിലെ അവസാനത്തെ തദ്ദേശീയ രാജാവായ കാളിപ്പുലയനെ സവർണ്ണർ കീഴടക്കി.സഹോദരി കൊക്കോതമംഗലം ഭരിച്ച  കോതറാണിയും മകൾ ആതിരയും എല്ലാം കൊല്ലപ്പെട്ടു.കോട്ടയും കൊട്ടാരവും തകർക്കപ്പെട്ടു.ഈ സർവ്വ നാശത്തിനിടയിൽ ചില സ്ത്രീകളെയും കുട്ടികളെയും ബന്ധപ്പെട്ടർ രക്ഷപെടുത്തി.അനേകർ രക്ഷാശ്രമത്തിനിടെ കൊല്ലപ്പെട്ടു.ഇന്നത്തേത് പോലെ തന്നെ അന്നും ഉള്ളിൽനിന്നും ഉണ്ടായ ചതിയിലാണ് പുലയനാർകോട്ട വീണത്‌.

   ഇതിനിടയിൽ അവിടെനിന്നും രക്ഷപ്പെട്ട യുവ ദമ്പതികൾ ചിലരുടെ സഹായത്തിൽ വടക്കോട്ട് പുറപ്പെട്ടു.ആവണിയും കൊച്ചു കാളിയും.ഗർഭിണിയായ ആവണിയുമായി കൂടല്ലൂരിലെത്തി താമസിച്ചു. അവിടെ നിന്നാണത്രേ ഞങ്ങളുടെ കുടുംബത്തിന്റെ ഉദയം.വലിയ കൊച്ചപ്പച്ചൻ പറഞ്ഞ കഥയിലെ സംഭവങ്ങൾ മുഴുവനും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല,അല്ലെങ്കിൽ ഓർക്കാൻ കഴിഞ്ഞില്ല.എങ്കിലുംഈ പലായനം എന്റെയുള്ളിൽ കിടന്നു പൊള്ളും അപ്പോഴൊക്കെ അപ്പച്ചനോട് ഞാൻ ചോദിക്കും.അപ്പച്ചൻ അതു വലിയ കാര്യമാക്കിയില്ലന്നു തോന്നി.പിന്നെയൊരിക്കൽ ചോദിച്ചപ്പോൾ "നിനക്കും കൊച്ചപ്പച്ചനെപ്പോലെ വട്ടാണോ? "ന്നായിരുന്നു മറുപടി.

അമിത വിശ്വാസികളായ ദലിതർ ഹിന്ദുവായാലും ക്രിസ്ത്യാനി ആയാലും തന്റെ പാരമ്പര്യത്തെയും ചരിത്രത്തെയും അവഗണിക്കുകയാണ് പതിവ്.കൊച്ചപ്പച്ചൻ ക്രിസ്തീയ വിശ്വാസ്സം ഊരിക്കളഞ്ഞവനാണ്.മാത്രമല്ല അക്കാലത്തു ഡിഗ്രിപാസ്സായിട്ടു ജോലിനോക്കാതെ കമ്യൂണിസ്റ്റ് കളിച്ചു ജീവിതം കളഞ്ഞവൻ കൂടിയാണ്.ആരെയും കൂസാതെ തോന്നിയപോലെ ജീവിച്ചവൻ. അദ്ദേഹം പറഞ്ഞതൊന്നും പള്ളിക്കും പട്ടക്കാരനുമിടയിൽ ജീവിച്ചവർക്കു  മനസ്സിലായിട്ടുണ്ടാവില്ല.എങ്കിലും ഇതെന്റെ ചങ്കിൽ കിടന്നു.

 കൊച്ചപ്പച്ചൻ പിന്നൊരിക്കലും വന്നില്ല.ഏതോ ഒരു യാത്രകിടയിൽ തിരികെ വരാത്ത മറ്റൊരു യാത്രയ്ക്ക് പോയിട്ടുണ്ടാകും.ചില ജന്മങ്ങളങ്ങനെയാണ്.മാറ്റമില്ലാതെ കാലങ്ങളായി ഒഴുകുന്ന ജീവിതങ്ങളെ തിരിക്കാൻ കഴിഞ്ഞില്ലെങ്കിലുമൊരു പോരാളെങ്കിലും ഏൽപ്പിക്കാൻ ആയിരിക്കും.ആ പോറലിൽ മുറിഞ്ഞവനാണ് ഞാൻ.ഉറക്കമില്ലാത്ത പല രാത്രികളിലും എൻറെയാത്മാവ്, നിലാവ് നിഴൽ വീഴ്ത്തി നിൽക്കുന്ന പുലയനാർ കോട്ടയ്ക്ക് മുകളിലിരുന്നു ;അന്യായമായി കൊലചെയ്യപ്പെട്ട പിതാക്കന്മാരെയോർത്തു വിലപിച്ചു.കാനന വഴിയോരത്ത് പ്രിയമാതാവിന്റെ കുതിരക്കുള മ്പടിയൊച്ചയ്ക്കായി കാത്തിരുന്നു.

   ഒരുപക്ഷേ ചരിത്രത്തോട് എനിക്കിത്രയും അഭിനിവേശം തോന്നാണുള്ള കാരണം എന്റെ കുടുംബ ചരിത്രത്തിന്റ് പ്രാധാന്യവും അവ്യക്തതയുമൊക്കെ ആയിരിക്കാം.അതിനോടൊപ്പം എന്റെ ജനതയുടെ ചരിത്രവും പറ്റിച്ചേർന്നിരിക്കുന്നു.കഴിഞ്ഞ 30 വർഷങ്ങളായി ഞാനവ തിരഞ്ഞുകൊണ്ടിരിക്കുന്നു.അതിൽ ചിലതു എല്ലാവരോടും പങ്കു വെയ്ക്കാമെന്നുള്ള ആത്മാവിശ്വാസത്തിലെത്തിയിട്ടു  ഒരു വർഷമായെങ്കിലും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല.
           

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...