Tuesday, March 24, 2020

ഭീതിയുടെ കാലത്ത് ഒരു സ്നേഹത്തെ ഓർത്തെടുക്കുമ്പോൾ Rejishankar

രാജ്യം മുൾമുനയിൽ നിൽക്കുന്ന ഈ രാത്രിയിൽ ഞാൻ പത്തിരുപതു വർഷം പുറകോട്ടു പോകുന്നു.ഇറ്റലിയിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ വോയ്‌സ് ക്ലിപ് ഒത്തിരി വേദനിപ്പിച്ചു.വലിയൊരു ദുരന്തത്തിന് മുന്നിൽ എന്തെന്നറിയാതെ നിൽക്കുമ്പോഴും ഒട്ടേറെ മുഖങ്ങൾ കണ്മുന്നിൽ വന്നു നിന്നു ചിരിച്ചും കരഞ്ഞും കടന്നു പോകുന്നു.

പുട്ടപർത്തിയും സായ്‌ബാബയും എന്റെ ജീവിതത്തിലെ ഭൂമധ്യ രേഖയാണ്.ഞാൻ വിഹ്വലനായി ചെന്നു നിന്ന ഭൂമി.എന്നിലേക്ക്‌ പെയ്തിറങ്ങാൻ പോയ മരണത്തെ ഉണക്കിക്കളഞ്ഞ ആകാശം.അതുവരെ ഞാൻ വച്ചു പുലർത്തിയ സാമൂഹ്യ ബോധവും ബന്ധങ്ങളും കീറിപ്പറിച്ചു,പുതിയൊരു കാഴ്ചയുണ്ടാക്കിയ ഇടം.ഇന്ത്യക്കാരെക്കാൾ വിദേശികൾ നിറഞ്ഞ കൊച്ചു പട്ടണം.അവരിൽ പത്തു പേരിൽ മൂന്നുപേരെങ്കിലും ഇറ്റലിക്കാരായിരിക്കും.മറ്റു വിദേശികളെ അപേക്ഷിച്ചു ഇന്ത്യക്കാരോട് വല്ലാത്തൊരാടുപ്പം സൂക്ഷിക്കുകയും കൗതുകത്തോടെ വിശേഷങ്ങൾ തിരക്കുകയും  ചെയ്യുന്നവർ.കലയോടും കലാകാരന്മാരോടും ഒരുതരം പ്രണയമുള്ളവർ. ആണുങ്ങൾ വളരെ സിമ്പിളായി പുറത്തിറങ്ങുമ്പോൾ പെണ്ണുങ്ങൾ സ്വയം വരച്ച ചിത്രങ്ങൾ പോലെ പുറത്തേക്കൊഴുകി വരും.അതിൽ ജപ്പാൻ കാരെ തോല്പിക്കും.

വഴിയോരത്തെ പഴം വില്പനക്കാരിയുമായി തർക്കിക്കുന്നിടത്തു നിന്നാണ് ഞാൻ ' ജോ ' എന്ന സുഹൃത്തിനെ കണ്ടെടുക്കുന്നത്.തർക്കം പരിഹരിച്ചതിന്റെ പേരിൽ ഒരു ഹായും ഹസ്തദാനവും കിട്ടി.രാവിലത്തെ ഭജന കഴിഞ്ഞുള്ള വരവാണ്.ഞങ്ങൾ ഒരുമിച്ചു കുശലം പറഞ്ഞു നടന്നു.വഴിയിൽ പാലക്കാട്ടുകാരൻ ബാബു ചേട്ടന്റെ (ബാബേട്ടൻ ) കടയിൽ നിന്നും ഓരോ കാപ്പി കുടി കഴിഞ്ഞപ്പോൾ ഇന്ത്യയും ഇറ്റലിയും മാഞ്ഞു ഞങ്ങൾ ഒരു രാജ്യക്കാരായി.നടപ്പൊരു അപ്പർട്മെന്റിന് മുന്നിൽ അവസാനിക്കുമ്പോൾ ഞങ്ങൾ അതിശയിച്ചു,അതേ ഒരേ കെട്ടിടത്തിൽ താമസിക്കുന്നവരായിരുന്നു ഞങ്ങൾ.എങ്കിലും പരസ്പരം കണ്ടിരുന്നില്ല.എന്റെ ഫ്‌ളാറ്റിന് നേരെ മുകളിലെ നിലയിലായിരുന്നു ജോ.ആൾ തനിച്ചായിരുന്നില്ല.ശ്രീലങ്കക്കാരൻ സിരിയെന്ന ശാന്തനായ കത്തോലിക്കനും പിന്നെ ഞങ്ങളുടെ പോക്ക് വരവുകൾ പലപ്പോഴും ഒരുമിച്ചായിരുന്നു.സിരി ഞങ്ങളെക്കാൾ പ്രായമുള്ള ഇത്തിരി ഗൗരവാക്കാരനും ജോ പെട്ടന്ന് ചിരിച്ചു,ദേഷ്യപ്പെട്ടു,സന്തോഷിക്കുന്ന ഒരു പാവം.

       ഇരുവരും ഇറ്റലിക്കാരനായ ഒരു കോണ്ട്രാക്ടർക്കൊപ്പം പിസാ സെന്ററിന്റെ നിർമ്മാണത്തിന് വന്നതാണ്.എന്നാൽ ഏതോ കാരണത്താൽ ഇടയ്ക്ക് പണി നിന്നു.ജോലിയും ശമ്പളവുമില്ല.ചെയ്ത പണിയുടെ കൂലി മുഴുവനും കൊടുത്തില്ല.അയാൾക്കൊപ്പം ഇവർ ഒരു ഫ്‌ളാറ്റിലായിരുന്നു.മുതലാളിയുടെ പട്ടിയാണ് ജോയുടെ മനസ്സമാധാനം കളഞ്ഞത്.പട്ടിയെന്നു പറഞ്ഞാൽ തുപ്പി ചാകുന്ന അവന്റെ കൂടെ പട്ടി കയറിക്കിടക്കും.'റേസിസ്ററ്  പട്ടിയാണത് " സിരി പറയും "അല്ലങ്കിൽ അത്‌ എന്നെ വിട്ടു ഇവനൊപ്പം മാത്രം കിടക്കുന്നതെന്താ.? " സിരി എന്നെ നോക്കി കണ്ണിറുക്കും.കലികൊണ്ട ജോ സിഗരറ്റ് കുത്തിക്കെടുത്തി എഴുന്നേറ്റു പോകും.കുറേക്കഴിഞ്ഞു എന്തെങ്കിലും തിന്നാൻ വാങ്ങി ഒന്നും നടക്കാത്തപോലെ ചിരിച്ചുകളിച്ചു തിരികെ വരും.

   ക്രിസ്മസ് അടുക്കാറായി."എനിക്ക് പോകണം. മോളെ കാണണം.വന്നിട്ട് ഒരു വർഷമാകാറായി.ഇയാൾ കാശ്‌ തന്നില്ലെങ്കിൽ വീട്ടിൽ നിന്നും അയച്ചു തരും."

  ജോയുടെ മുഖം വാടി. പണം അയച്ചു തരാൻ ആരുമില്ലന്നവൻ പറഞ്ഞു.എപ്പോഴും പോക്കറ്റിൽ സൂക്ഷിക്കുന്ന അമ്മയുടെ ചിത്രം കയ്യിലെടുത്തിട്ടു " അമ്മയ്ക്കതിനുള്ള വരുമാനമില്ലല്ലോ " എന്നു ആരോടെന്നില്ലാതെ പറഞ്ഞു.കുറെ നേരം ആരും ഒന്നും മിണ്ടിയില്ല.നേർത്ത വെളിച്ചത്തിൽ കല്പവൃക്ഷത്തിന്റെ പടിയിറങ്ങുമ്പോൾ ഉണ്ടായിരുന്ന വെളിച്ചം താഴെയെത്തുമ്പോഴേക്കും ഇരുട്ടിലലിഞ്ഞിരുന്നു.

   സിരി ക്രിസ്മസിന് മുമ്പേ പോയി. ജോ വളരെ വിഷാദവാനായി കാണപ്പെട്ടു.കൊണ്ട്രാക്ടർ പഴയ ഫ്‌ളാറ്റിലേക്കു വിളിച്ചെങ്കിലും പോയില്ല.ജോ ആഗ്രഹിച്ചപ്പോഴെല്ലാം എനിക്ക് ഒപ്പം ചെല്ലാൻ കഴിഞ്ഞിരുന്നില്ല കാരണം കുടുംബവും കുട്ടിയും ആയിരുന്നു.എങ്കിലും ഞങ്ങൾ രാത്രിയിൽ അപ്പർട്മെന്റിന്  മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന വേപ്പിൻ ശാഖികൾക്കടിയിലിരുന്ന് വൃത്താകൃതിയിലുള്ള ആകാശത്തിലേക്ക് നോക്കി മാൽബറോ പുകയൂതി.ഞാൻ എന്റെ ഭാഷയിലും ജോ അവന്റെ ഭാഷയിലും പാട്ടുകൾ പാടി.ഞങ്ങൾക്കിടയിൽ വന്നിരുന്നു പുകവലിക്കാൻ ശ്രമിച്ച ഗുജറാത്തി ബ്രാഹ്മണൻ ഇടയ്ക്കിടക്ക് ഭജൻ പാടി.

       എനിക്ക് ഒഴിവുള്ളപ്പോൾ ഞങ്ങൾ പട്ടണത്തിന് വെളിയിലേക്ക് പോകും. ജോയുടെ മുതലാളി കൊടുത്ത പഴയ സൈക്കിളിൽ.കയ്യെത്തും ഉയരത്തിൽ കായ്ചുകിടക്കുന്ന മാന്തോട്ടങ്ങളിൽ പോയിരുന്നു.ചോദിച്ചും ചോദിക്കാതെയും മാങ്ങ പറിച്ചു.ഉയരങ്ങളിൽ നിന്നു അസ്തമയം കണ്ടു.അതി വിശാലമായ താഴ്വരകളിൽ മറഞ്ഞു കിടന്ന ഗ്രാമങ്ങൾ ആകാശമിരുളുമ്പോൾ വെളിച്ചങ്ങളായി എഴുന്നേൽക്കുന്നതും കണ്ട് അതിശയിക്കും.പച്ചച്ച വയലിലൂടെ നീണ്ടുനീണ്ട് ചക്രവാളത്തിൽ ചെന്നലിയുന്ന നാട്ടുവഴിയിലൂടെ  യും പൂത്തു പുന്നാരിച്ചു നിൽക്കും സൂര്യകാന്തി പാടത്തിലൂടെയും ഇരുളുവോളം നടന്നു.

ജോ പ്രശ്നങ്ങൾക്കിടയിലും പ്രത്യാശയുള്ളവനായിരുന്നു."ഞാൻ പോയിട്ട് തിരികെ വരും.ആവശ്യത്തിന് പണവുമായി.നിന്റെ നാട്ടിൽ വലിയൊരു പിസാ സെന്റർ നമ്മൾ തുടങ്ങും."അവൻ ഇടയ്ക്കിടെ പറയും.അതിൽ അവന്റെ മുതലാളിയോടുള്ള കലിപ്പുണ്ടായിരുന്നു.പൂമരം പോലൊരു പെണ്ണിനൊപ്പം ഒരു പട്ടിയുമായി പോകുന്ന അയാളെ കാണുമ്പോഴേ അവനു പ്രാന്താകും.

ഒരു ദിവസം ഉച്ചയ്ക്ക് അവൻ വീട്ടിലേക്കു ധൃതിയിൽ കടന്നു വന്നു."നാളെ പോകണം.നീ വാ.."എന്നെ അവന്റെ ഫ്‌ളാറ്റിലേക്കു കൂട്ടി.ബാക്കിയിരുന്ന മാൽബറോ പായ്ക്കറ്റുകൾ ഒരു കവറിലാക്കി എനിക്ക് തന്നു.

പിറ്റേന്ന് ജോ പോയി.എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു."നമ്മൾ പറഞ്ഞതു പോലെ കാണും.കേരളത്തിൽ പോകും..."അവൻ കാറിൽ കയറി കൈ വീശി.കാർ മുന്നോട്ടെടുത്തു.അതൊരു വളവിൽ മറയും വരെ അവൻ കൈ വീശിക്കൊണ്ടിരുന്നു.
അപ്പോൾ പട്ടിയും പൂമരവുമായി ഡ്രാക്കുളയുടെ ഷേപ്പുള്ള ജോയുടെ മുതലാളി എന്നെ കടന്നുപോയി.

പിന്നെ, ജോയ്ക്കെന്തായെന്നോ ഒന്നും അറിഞ്ഞിട്ടില്ല.പണമുണ്ടാക്കിക്കാണുമോ?അമ്മയെ നന്നായി നോക്കുന്നുണ്ടാവുമോ?ഒന്നുമറിയില്ല.അനേകം സുഹൃത്തുക്കൾ ഇറ്റലിയിൽ ഉണ്ടെങ്കിലും ജോ ഒരു നൊമ്പരമായങ്ങനെയുണ്ട്.ഇന്ന് പ്രത്യേകിച്ചും.ഒരു മഹാദുരന്തം മൂടി നിൽക്കുന്ന കാലത്ത് അവനെവിടെയെന്നു എന്റെ ഹൃദയം ആകുലമാകുന്നു.



No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...