Monday, June 24, 2019

അക്ബറിന്റെ കവിത








ഈ രാത്രിയെ

ഒരാൾ പകലായും
മറ്റൊരാൾ സന്ധ്യയായും
വേറൊരാൾ പുലരിയായും
വരയ്ക്കുന്നുണ്ട്...
അതുകൊണ്ടുതന്നെയാണ്
ഓരോ നിറങ്ങളും
സ്വപനത്തിന്റെ പാലറ്റിൽ നിന്നും കാണാതാവുന്നത്
ഈ രാത്രിയെ  രാത്രി എന്നുമാത്രമല്ല
ഇടക്കൊക്കെ പകലേ എന്നും വിളിക്കാവുന്നതാണ്
അല്ലെങ്കിൽ വിളക്കുകൾക്കു ചുറ്റും
ഇങ്ങനെ കറങ്ങുവാൻ
ചിറകുകൾ ഉണ്ടാവില്ലായിരുന്നു.



Sunday, June 23, 2019

'ഉണ്ട'സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചു k.k.ബാബുരാജ്.




'ണ്ട'യിലെ മണികണ്ഠൻ എന്ന പോലീസ് സബ് ഇൻസ്‌പെക്ടർ ഒരു ദലിതനോ പിന്നാക്കക്കാരനോ ആയിരിക്കാമെന്നു ഏ .എസ് അജിത്‌കുമാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട് .അദ്ദേഹത്തിന്റെ ഭാര്യ നടത്തുന്ന ഡേകെയർ  സെന്ററിൽ അയ്യൻകാളിയുടെ ചിത്രം കാണാം .ഈ സ്ഥാപനം അവരുടെ വീടോ കമ്മ്യൂണിറ്റിയുടേതോ   ആകാനാണ് സാധ്യത .നമ്മുടെ മതേതരത്വം ഇത്രമാത്രം വികസിച്ചിട്ടും ,ദലിതേതര വീടുകളിലും സ്ഥാപനങ്ങളിലും  അയ്യൻകാളിയുടെ ചിത്രം കാണുക അപൂർവമാണല്ലൊ .

മാത്രമല്ല ,അദ്ദേഹത്തിൻറെ വ്യക്തിത്വത്തിൽ കാണുന്ന ശകലിതങ്ങളും കീഴാളതയെ സൂചിപ്പിക്കുന്നതാണ് .പോലീസ്‌സ്റ്റേഷൻ  എന്ന പ്രാദേശിക  അധികാര  കേന്ദ്രത്തെ  നരകമായി  കാണുന്ന ,അതിനെ  ഒഴിവാക്കാനായി ക്യാമ്പ് ഡ്യൂട്ടി  സ്വീകരിച്ചുകൊണ്ട് അവിടുത്തെ  സൗഹൃദങ്ങൾക്കൊപ്പം കഴിയുന്ന  ആളാണല്ലോ  മണിസാർ .ബിജു എന്ന ആദിവാസി പോലീസുകാരന് താൻ  അനുഭവിക്കുന്ന ജാതി വിവേചനങ്ങളെപ്പറ്റിയും ,കുനാൻ ചന്ദ് എന്ന  ബസ്തറിലെ ആദിവാസി അദ്ധ്യാപകന് തങ്ങളുടെ  കൊഴിഞ്ഞുപോക്കിനെ  പറ്റിയും  പറയാൻ  ദലിതനായ  ഒരു  സബ് ഇൻസ്‌പെക്ടർ  തന്നെ വേണമെന്നില്ലെങ്കിലും ;ഒരു  ശകലിത / ശിഥില  കഥാപാത്രം  ആവിശ്യമാണെന്ന സങ്കൽപം രൂപപ്പെടുത്തിയതിൽ തിരക്കഥാകാരനായ  ഹർഷദ് , സംവിധായകനായ ഖാലിദ്  റഹ്‌മാൻ എന്നിവരെ   അഭിനന്ദിക്കുന്നു .

ഉണ്ട പോലുള്ള സിനിമകളിലൂടെ  ചില മുസ്‌ലിം  ചെറുപ്പക്കാർ സവർണ്ണ  മതേതരത്വത്തിൽ നിന്നും ചെറുതായെങ്കിലും കുതറിമാറാൻ  ശ്രമിക്കുന്നത്  കാണാതെ ; അവർ ദലിത് -ആദിവാസികളെ  തന്നെ  താരങ്ങളാക്കിയില്ലെന്ന  പേരിൽ ചിലർ  ആക്ഷേപിക്കുന്നത്  ഖേദകരമാണ് .ഈ  വിമർശകർ  തിരിച്ചറിയേണ്ടുന്ന  കാര്യം മേല്പറഞ്ഞപോലുള്ള പോലുള്ള  കൂട്ടായ്മകൾ, ഇടപെടലുകൾ  സിനിമ  വ്യവസായത്തിന്റെ  നിർണ്ണായക  ഭാഗമല്ലെന്നതാണ് .ഇവയെ  ചില  ചലഞ്ചുകൾ അല്ലെങ്കിൽ  ശ്രമകരമായ  പ്രവർത്തികളുടെ  പരിണിത  ഫലം  ആയിട്ടുമാത്രമേ  കാണാനാവു .ഒരുപക്ഷെ  കലാഭവൻ  മണി  ജീവിച്ചിരുന്നെങ്കിൽ  ,ഈ  സിനിമയുടെ  ബോഡി  ലാംഗ്വേജ് വെച്ചുനോക്കുമ്പോൾ അദ്ദേഹത്തിന് ഇതിൽ  ഒരു  നിർണായക  റോൾ  ഉണ്ടാവുമായിരുന്നു എന്നു  തന്നെ  കരുതുന്നു .

ലോഹിത ദാസിനെപ്പോലുള്ളവർ തങ്ങളുടെ മുഖ്യ കഥാപാത്രങ്ങളുടെ ശിഥില  വ്യക്തിത്വങ്ങളെ  ജനപ്രിയമാക്കാൻ   അവരെ ' നായർ' സ്ഥാനത്തു  ഉറപ്പിച്ചു  നിറുത്തുകയായിരുന്നു  എന്നോർക്കണം .മാത്രമല്ല ,മഞ്ജു  വാരിയർ ,സംയുക്ത  വർമ്മ  പോലുള്ള  നടിമാരെയാണ്  ദലിത്  സ്ത്രീകളായി അവതരിപ്പിച്ചത് .ഇതേ   സ്ഥിതി  തുടരാതിരിക്കാൻ ദലിതരിൽനിന്നും താരനിരയും പ്രേക്ഷക  സമൂഹവും  നിക്ഷേപകരും  ഇനിയും ഉണ്ടാവേണ്ടതുണ്ട് .ഇത്തരം  ചലഞ്ചുകൾ  ഏറ്റെടുക്കാതെ  കേവലമായ   പ്രതിനിധാന  അവകാശവാദങ്ങൾ  കൊണ്ട്  വലിയ  കാര്യമൊന്നും  ഉണ്ടെന്നു  തോന്നുന്നില്ല .

Saturday, June 22, 2019

സതി അങ്കമാലിയുടെ കവിത




പ്രണയം വസന്തങ്ങളെ കൊണ്ടു വരും
ആകെ പൂത്ത് തളിർത്ത്..
ഉള്ളിൽ  അതങ്ങനെ പടർന്നു കിടക്കും

ഓരോ കാറ്റിലും
നാം ഇങ്ങനെ കണ്ണിൽ നോക്കി
കണ്ണിൽ നോക്കി 
ലോകമൊരു കിളികൂടുപോലെയായി...
ഇനിയീ പാട്ടു മുഴുവൻ നമ്മുക്കാണ്
പുഴയും പൂവും ശലഭങ്ങളും.

പ്രണയിക്കുമ്പോൾ നാം
ഭ്രാന്തമായി തന്നെ
പ്രണയിക്കണം
ഭ്രാന്തമായി തന്നെ.

പിന്നീടത്
പതുക്കെ പതുക്കെ
ചോർന്ന് പോകും

അപ്പോ ഗാഢമായി  നൊന്ത് നൊന്ത്
നൊന്ത് നൊന്ത്..

 സ്നേഹം പിടിച്ചു വാങ്ങാൻ എനിക്കിഷ്ടമാണ്.
ഭ്രാന്തമായി തന്നെ പിടിച്ചു വാങ്ങാൻ
.നമ്മുക്കായി വസന്തങ്ങൾ
ഇനിയും വരും

കെ.കെ.ബാബുരാജ് പറയുന്നു.




    
മ്മുടെ ഹൈന്ദവ പൊതുമണ്ഡലത്തിൽ ഒരു സവർണ സ്ത്രീവാദിക്ക് തങ്ങളുടെ മതത്തെയോ ജാതിയെയോ കാര്യമായി പ്രശ്നവൽക്കരിക്കേണ്ടതില്ല .അവർക്കു വിഷയങ്ങളിൽ നേരിട്ടു ഇടപെടാൻ കഴിയും . എന്നാൽ കേരളത്തിലെ മുസ്ളിങ്ങളിലെ മതേതരർ നിരന്തരമായി തങ്ങളുടെ മതത്തെയും സാമൂഹിക പ്രസ്ഥാനങ്ങളെയും കുറ്റപ്പെടുത്തേണ്ടതുണ്ട് .ഇതിനവർ ബാധ്യസ്ഥപ്പെടുന്നത് ഇസ്ലാമിന്റെ ചരിത്രപരമായ 'അപരിഷ്‌കൃത്വം' അല്ലെങ്കിൽ ' കറ' തങ്ങൾക്കില്ലെന്ന സത്യപ്രസ്താവനയുടെ അടിസ്ഥാനത്തിലെ അവർക്ക് പൊതുമണ്ഡലത്തിൽ പൂർണ അംഗത്വം കിട്ടുകയുള്ളു എന്നതിനാലാണ് .


ഇതേ പൊതുമണ്ഡലത്തിൽ സവർണ മുഖ്യധാരയോട് ഇണങ്ങിനിൽക്കുന്ന ദലിത് സ്ത്രീവാദങ്ങൾക്ക് കീഴാള ആണുങ്ങളെ നവീകരിക്കുന്നവരോ ശിക്ഷിക്കുന്നവരോ ആയി മാത്രമേ നിലനിൽക്കാൻകഴിയു .ഇതിനുകാരണം ,Trinha-T-Minh-Ha എന്ന എഴുത്തുകാരിയുടെ അഭിപ്രായത്തിൽ '' നേറ്റിവ് '' എന്നുവിളിക്കപ്പെടുന്ന പുരുഷന്മാർക്ക് മേലാളർ രണ്ടു തരം പ്രതിനിധാനങ്ങൾ മാത്രമേ കല്പിച്ചിട്ടുള്ളു എന്നതിനാലാണ്. അതായത് ;ഭീകരമായ ലൈംഗികാസക്തി പുലർത്തുന്ന രാക്ഷസർ അല്ലെങ്കിൽ ആസക്തിയേ ഇല്ലാത്തവർ .മിക്കവാറും അതി ലൈംഗിക ജീവികളായ കീഴാള ആണുങ്ങളെ നവീകരിച്ചു അല്ലെങ്കിൽ ശിക്ഷിച്ചു പൊതുമണ്ഡലത്തിൽ ഏല്പിക്കാനാണ് സവർണ സ്ത്രീവാദം തങ്ങളോട്ചേർന്നുനിൽക്കുന്ന കീഴാള സ്ത്രീ വാദികളോട് കൽപിക്കുന്നത് .അവർ അതു ചെയ്തില്ലെങ്കിൽ അവരുടെ പദവികൾ ഇല്ലാതാകും .

രൂപേഷ് കുമാറിന്റെ വിഷയം എടുക്കുക .സ്ത്രീവിരുദ്ധത കൊണ്ടു തന്നെയാവാം അയാൾ സുഹൃത്തായ ഒരു കീഴാള സ്ത്രീയോട് ലൈംഗികമായ കൺസെന്റ് ചോദിച്ചു .അവർ ശക്തമായി പ്രതികരിച്ചു എന്നുമാത്രമല്ല അടിയും കൊടുത്തു .സാധാരണയായി ആൺ പെൺ സൗഹൃദങ്ങളിൽ താക്കീത് നൽകിയോ അടികൊടുത്തോ തീരുന്ന ഈ പ്രശ്‍നം ചില കീഴാള ഫെമിനിസ്റ്റുകൾ ഇടപെട്ടതോടെ കൊടുങ്കാറ്റായി മാറുകയും പൊതുബോധം അയാളെ ചവുട്ടിയരക്കുകയും ചെയ്തു . അതിനുശേഷം എന്താണ് സംഭവിച്ചത് ?.അയാളുടെ ലൈംഗീക കുറ്റം മാഞ്ഞുപോവുകയും എന്നാൽ , കേരളത്തിലെ കോളേജുകളിൽ ഒരു ഗസ്റ്റു പോസ്റ്റിൽ പോലും കയറാനാവാതെ ജീവിതം വഴിമുട്ടുകയും ചെയ്‌തു .

വിനായകന്റെ കാര്യത്തിൽ ; അംബേദ്കറിന്റെയും അയ്യങ്കാളിയുടെയും പേര് സ്റ്റേറ്റ് യുക്തിപോലെ ഉന്നയിക്കുന്ന ഒരു ആക്ടിവിസ്റ്റു രംഗത്തുണ്ടായിരുന്നു . അതിനുശേഷമാണ് ദലിത് ഫെമിനിസ്റ്റ് നിയോഗിക്കപ്പെട്ടത് .എന്നെ സംബന്ധിച്ചു ഇവർ പ്രിയപ്പെട്ടവരാണ് .എങ്കിലും ഒരുകാര്യം ചോദിക്കാതെ വയ്യ .വിനായകൻ വിസമ്മതം പറഞ്ഞാൽ പിന്നെ അയാളെ നിർബന്ധിക്കാനുള്ള നിങ്ങളുടെ ഓണർഷിപ്പിന്റെ അടിസ്ഥാനമെന്താണ് ?സ്വകാര്യത അയാളുടെ മൗലിക അവകാശമല്ലേ .ദലിതനും പുരുഷനുമായതിനാൽ അയാൾക്ക്‌ അതൊന്നും വേണ്ടേ?

തെളിവ് ചോദിക്കുന്നില്ല .വിനായകൻ സ്ത്രീവിരുദ്ധമായും അപമര്യാദയായും പെരുമാറിയില്ലെന്നും പറയുന്നില്ല .എങ്കിലും സംഭവത്തിനു മുൻപിലും പിൻപിലും എന്താണ് നടന്നതെന്ന് വ്യക്തമാക്കണമെന്നേ എല്ലാവരും ചോദിക്കുന്നുള്ളു .അയാൾ ചെയ്തത് കുറ്റംതന്നെയാണ് .അതിനു ചരിത്രവും വർത്തമാനവും ഇല്ലേ ?അതുപറയാത്തപ്പോൾ ശിക്ഷ മനുധർമ്മം അനുസരിച്ചാണെന്നു കരുതേണ്ടിവരും .

ജീവിത സാഹചര്യവും വിദ്യാഭ്യസ കുറവും മൂലം അയാൾ കീഴാള സ്ത്രീവാദമോ ഒന്നും അറിഞ്ഞുകാണില്ല. അയാൾക്ക്‌ ഭാഷയിലും സ്വാധീനം ഇല്ലെന്നു തോന്നുന്നു .ഇപ്രകാരം ''അപരിഷ്‌കൃതനായ '' അയാൾക്കുവേണ്ടി വാദിച്ചാൽ സ്ത്രീവിരുദ്ധതയാകുമത്രേ .അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും കല്ലറകളിൽ നിന്നും ഇറങ്ങിവന്നു സദാചാരം പഠിപ്പിക്കുമത്രേ. എതായാലും അയാൾക്ക്‌ വേണ്ടി വക്കാലത്തു പറയാൻ വന്നത് കൂടുതലും കീഴാളസ്ത്രീകൾ ആണെന്നതിൽ അതിശയമില്ല .ഈ പുരോഗമനക്കാർ ആരോപിക്കുന്ന ലൈംഗീക കുറ്റം നാളെ തേഞ്ഞുപോയേക്കാം . അതിനാൽ ഇന്ന് അയാളുടെ റേഷനരി മുട്ടിക്കാൻ ഇടവരുത്തരുത്.

സ്ത്രീവാദങ്ങൾ എപ്പോഴും പരമ സത്യങ്ങൾ ആയിരിക്കുമെന്ന ''ഉദാര ''ചിന്തക്ക് വലിയ കഴമ്പ്‌ ഉണ്ടെന്നു തോന്നുന്നില്ല .


Friday, June 21, 2019

കരിനീലകണ്ണുള്ള പെണ്ണേ..: നസീർ ഹുസൈൻ.






ഡിഗ്രിക്ക് പഠിക്കുമ്പോൾ പള്ളുരുത്തി ശ്രീഭവാനീശ്വര അമ്പലപറമ്പിൽ ഒരുമിച്ചു കൂടിയിരുന്ന കൂട്ടുകാരിൽ ഒരാളിൽ നിന്നായിരുന്നു ആ പാട്ടു ആദ്യമായി കേട്ടത്‌...

"കരിനീല കണ്ണുള്ള പെണ്ണേ നിന്റെ കവിളത്ത് ഞാനൊന്നു നുള്ളി 
അറിയാത്ത ഭാഷയിലെന്തോ കുളിരളകങ്ങൾ എന്നോട് ചൊല്ലി..

ഒരു കൊച്ചു സന്ധ്യ യുദിച്ചു മലർ കവിളിൽ ഞാൻ കോരിത്തരിച്ചു 
കരിനീലകണ്ണു നനഞ്ഞു എന്റെ കരളിലെ കിളിയും കരഞ്ഞു..."

തരംഗിണി ഇറക്കിയിരുന്ന ലളിതഗാന കാസ്സറ്റുകളിൽ ഏതെങ്കിലും ഒന്നിൽ ഉണ്ടായിരുന്നതാണോ ഈ പാട്ടു  എന്നറിയില്ല , പക്ഷെ ഈ പാട്ടാണ് മലയാള ലളിതഗാനങ്ങളിലേക്ക് കുറെ നാൾ എന്നെ കൈപിടിച്ച് കൊണ്ടുപോയത്. ശ്രീകുമാരൻ തമ്പിയുടെ മനോഹരവും അർത്ഥവത്തുമായ വരികൾ, സ്വാമിയുടെ സംഗീതം. 

മുകുന്ദന്റെ "ഡൽഹി"യും, സേതുവിൻറെ  "പാണ്ഡവപുരവും", പത്മനാഭന്റെ "പ്രകാശം പരത്തുന്ന പെൺകുട്ടിയും" തുടങ്ങി  വിജയനും, കാക്കനാടനും , എൻ മോഹനനും എല്ലാം പ്രണയത്തിന്റെ വിത്ത് പാകിയ സന്ദര്ഭത്തിലേക്കാണ്  മലയാളത്തിൽ ലളിതഗാനങ്ങൾക്ക് കാല്പനിക രൂപം കൈവന്നത് എന്ന് തോന്നുന്നു. ആകാശവാണിയിൽ പെരുമ്പാവൂർ രവീന്ദ്രനാഥും ജി ദേവരാജനും ദക്ഷിണാമൂർത്തി സ്വാമിയും മറ്റും ആഴ്ചയിൽ ഓരോ ദിവസം ഒരു കുട്ടിയെ പഠിപ്പിക്കുന്ന രീതിയിൽ ആണ് ആദ്യമായി ഞാൻ ലളിതഗാനങ്ങൾ കേട്ട് തുടങ്ങിയത്. ആഴ്ചയുടെ അവസാന ദിവസം മുഴുവൻ ഗാനവും പാടുന്ന ഒരു ശൈലി. അന്നൊന്നും വരികൾ ശ്രദ്ധിക്കാതിരുന്ന എന്റെ മനസിലേക്ക് കൗമാരം നടത്തിയ മാജിക് ആവണം പെട്ടെന്ന് എല്ലാ ലളിതഗാനങ്ങളും ഹൃദയത്തിൽ പതിയാൻ കാരണമായത്.

"എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
ഇന്നെത്ര ധന്യതയാര്‍ന്നു..
എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
പുൽകി പടര്‍ന്നതിനാലേ" എന്ന് തുടങ്ങി 

"അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ
മറവിക്കും മായ്ക്കുവാനാമോ
ഋ‌‌തു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
ഹൃദയത്തിൽ പൊന്നോണം തുടരും.. " എന്നവസാനിക്കുന്ന ഗാനവും തമ്പിയുടെയതാണ്, രവീന്ദ്രന്റെ സംഗീതം.   തരംഗിണി ഓണപ്പട്ടിറക്കിയതാണ്, ശ്രീകുമാരൻ തമ്പി അതിനകത്തു നൈസ് ആയി ഒരു പ്രണയഗാനം കയറ്റി :) 

പെൺകുട്ടികളോട് സംസാരിക്കുന്നതു പോയിട്ട് മുഖത്ത് നോക്കുന്നതിന് പോലും ധൈര്യമില്ലാതിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരായിരുന്നു ഞങ്ങൾ എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നു. വലിയ വീരവാദം മുഴക്കുമെങ്കിലും നേരെ വന്നു നിവർന്ന് നിന്ന് ഒരു പെൺകുട്ടി സംസാരിച്ചാൽ തൊണ്ടയിൽ വെള്ളം വറ്റിപോകുന്ന ഒരു കൂട്ടം തന്നെയായിരുന്നു അന്നത്തെ ഭൂരിപക്ഷം ആണുങ്ങളും. അങ്ങിനെയുള്ള ഞങ്ങൾക്ക് 
ഞങ്ങളുടെ  മനസിലെ കാമുകിക്കും, ഞങ്ങളുടെ വൺ  വേ പ്രണയങ്ങൾക്കും എല്ലാം  ഊർജം പകർന്ന വരികളായിരുന്നു ഇവ. 

പ്രണയം മാത്രമല്ല, മറ്റു പാട്ടുകളും ഹിറ്റുകൾ ആയി ഉണ്ടായിരുന്നു. 

"പണ്ടു പാടിയ പാട്ടിലൊരെണ്ണം
ചുണ്ടിലൂറുമ്പോള്‍...
കൊണ്ടുപോകരുതേ എന്‍ മുരളി
കൊണ്ടുപോകരുതേ...

.......

അന്നു കണ്ട കിനാവിലൊരെണ്ണം
നെഞ്ചിലൂറുമ്പോള്‍...
കൊണ്ടുപോകരുതേ എന്‍ ഹൃദയം
കൊണ്ടുപോകരുതേ..." തുടങ്ങി ഗൃഹാതുരത്വം ഉണർത്തുന്ന വേറെ കുറെ പാട്ടുകളും ഉണ്ട്.  

ചിത്രയും സുജാതയും ജയചന്ദ്രനും ഉണ്ണിമേനോനും എല്ലാം ഈ ലളിത ഗാന വിപ്ലവത്തിൽ പല ഘട്ടങ്ങളിൽ ഭാഗം ആയിട്ടുണ്ട്. 

"അത്രമേലെന്നും നിലാവിനെ സ്നേഹിച്ചോ--
രഞ്ചിതൾ പൂവിനും മൗനം" എന്ന് ചിത്രയും 

"ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍... "  എന്ന് സുജാതയും  പാടിയപ്പോൾ 

"ഒന്നിനി ശ്രുതി താഴ്‌ത്തി  പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ." എന്നും 

"ഉച്ചത്തില്‍ മിടിയ്ക്കൊല്ലേ  നീ എന്‍റെ ഹൃദന്തമേ
സ്വച്ഛശാന്തമെന്നോമല്‍ മയങ്ങിടുമ്പോള്‍ " എന്ന് സ്വന്തം ഹൃദയത്തോടും പറഞ്ഞു ഓ എൻ വി യുടെ രചനയിൽ ദേവരാജന്റെ സംഗീതത്തിൽ ജയചന്ദ്രനും അനശ്വരമായ ഒരു ഗാനം സമ്മാനിച്ചു. 

അസാധാരണ രചനാവൈഭവം ഉള്ള പാട്ടാണിത്. 

"എത്രയോ ദൂരമെന്നോടൊപ്പം നടന്ന് 
പദപത്മങ്ങള്‍ തരളമായ് ഇളവേല്‍ക്കുമ്പോള്‍ 
താരാട്ടിന്‍ അനുയാത്ര നിദ്രതന്‍ പടിവരെ
താമര മലര്‍മിഴി അടയും വരെ
താരാട്ടിന്‍ അനുയാത്ര നിദ്രതന്‍ പടിവരെ
താമര മലര്‍മിഴി അടയും വരെ..."

കാലത്തിന്‍ കണികയാമീ ഒരു ജന്മത്തിന്‍റെ
ജാലകത്തിലൂടപാരതയെ നോക്കി
ഞാനിരിയ്ക്കുമ്പോള്‍   കേവലാനന്ദസമുദ്രമെന്‍
പ്രാണനിലലതല്ലി ആര്‍ത്തിടുന്നു"  മലയാളത്തിന് അഭിമാനിക്കാവുന്ന വരികൾ. 

ഈയടുത്ത കാലത്ത്  "മരണമെത്തുന്ന നേരത്ത്", "മഴ കൊണ്ട് മാത്രം മുളക്കുന്ന..."  തുടങ്ങി വളരെ കുറച്ച് പാട്ടുകളിൽ മാത്രം കാണുന്ന ആഴമുള്ള വരികൾ ഒന്നിന് പിറകെ ഒന്നായി വന്നിരുന്ന ഒരു കാലത്തെ കുറിച്ചാണ് ഈ പറയുന്നത്.

“മാമ്പൂ വിരിയുന്ന രാവുകളിൽ
മാതളം പൂക്കുന്ന രാവുകളിൽ
ഞാനൊരു പൂവ് തേടിപ്പോയി,
ആരും കാണാത്ത പൂവുതേടി പോയി..

….

പറുദീസയിലെ പൂവല്ല അത്
പവിഴമല്ലിപ്പൂവല്ല 
കായാമ്പൂവോ കനകാംബരമോ
കാനനപ്പൂവോ അല്ല
കണ്മണിയാളേ നിന്നനുരാഗ
കുങ്കുമപ്പൂവാണല്ലോ”  എന്നതും ഓ എൻ വി ദേവരാജൻ മാജിക്കാണ്.

ഗോമതി സ്ഥിരം പാട്ടുകേൾക്കുന്നതു കൊണ്ട്, ആഴത്തിലുള്ള അർത്ഥമുള്ള, അത്രമേൽ പ്രണയം നിറഞ്ഞ 
അനേകം തമിഴ് പാട്ടുകൾ സ്ഥിരം കേൾക്കുന്ന ഒരാളാണ് ഞാൻ. "ഇന്നും കൊഞ്ചം നേരം ഇരുന്താൽ താൻ എന്ന"  എന്ന് സുജാതയുടെ മകളുടെ ശബ്ദത്തിൽ തമിഴ് പട്ടു കേൾക്കുമ്പോഴെല്ലാം മലയാളത്തിലെ പ്രണയഗാനങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് ആശങ്കപ്പെടുന്ന എനിക്ക് തിരിഞ്ഞു നോക്കി അഭിമാനം കൊള്ളാൻ ഇതൊക്കെ  മാത്രമേ ഉള്ളൂ...


ഒരു പെണ്ണിന്റെ കഥ : അഫ്‌സൽ ആനച്ചാൽ






പെണ്ണേ 
നീയെന്നോട്‌ പറയുക
എല്ലാവരും ഉറങ്ങിയ രാവിൽ
ഉണർന്നിരുന്നു മിഴിവാർത്ത കഥകൾ
ഒരു ഘടികാരസൂചി പോൽ
തുടക്കവും ഒടുക്കവമില്ലാത്ത
അർത്ഥരാഹിത്യതിന്റെ ചലന വേഗങ്ങൾ..
നുഖത്തിലെ മൃഗം കണേക്കെ
ചാട്ടവാറടിഏറ്റു പിടഞ്ഞെ കഥകൾ..
പുരുഷന്റെ വികാര ശമന യന്ത്രമായി
മദ്യം മണത്ത വിയർപ്പു കുടിച്
എല്ലാം സഹിച്
പെണ്ണേ
നീ എന്നോട് പറയുമോ
എല്ലാവരും ഉറങ്ങിയ രാവിൽ
ആരോടും പറയാതെ
പുഴയുടെ ചിറകേറി
ശാന്തി തേടി
നീയെങ്ങാണ് പോയത്‌....
        

രാമനുണ്ണി പാലൂരിന്റെ കവിത








നീ തന്ന പീലി വെച്ച് 
ദിനപുസ്തകത്തിൽ
ഞാനെന്റെ 
രാപ്പകലുകളെ 
വേർതിരിക്കുന്നു 



നിദ്രയ്ക്കും 
ഉണർച്ചയ്ക്കും 
ഇടയ്ക്കുള്ള 
പാലത്തിലൂടെ 
നീ തന്ന സ്വപ്നങ്ങളെ 
മേയാൻ വിടുന്നു 



മഴയും വേനലും 
വേർപിരിയുന്ന 
മറവിയുടെ തരിശിൽ 
നീ തന്ന ഓർമ്മകളുടെ 
വിത്ത് നടുന്നു 



ആകാശത്തിനും 
പക്ഷിക്കുമിടയിലെ 
നീലിച്ച മിനാരങ്ങളിൽ 
നിന്റെ കണ്ണുകളിൽ 
നിന്നെടുത്ത താരകങ്ങൾ 
കൊളുത്തിയിടുന്നു 



വേരിനും 
പൂവിനുമിടയിലെ 
വസന്തത്തിന്റെ 
കാടുകളിലേക്ക് 
നിന്റെ കവിതയിലെ 
ശലഭങ്ങളെ 
കൂട് തുറന്നു വിടുന്നു 



ഹൃദയത്തിനും 
ഹൃദയത്തിനുമിടയ്ക്കുള്ള 
മൗനത്തിന്റെ 
വിരഹ സമുദ്രത്തിലേക്ക് 
നീ കാതിലോതിയ 
വാക്കുകളുടെ 
പത്തേമാരിയിറക്കുന്നു........

Thursday, June 20, 2019

കപ്പിത്താനും കാമുകിയും : ലിനസ് (Sunil .C.N)



വളുടെ കൈ വിരലുകൾക്ക് പഞ്ചാര മണലിന്റെ കട്ടിയായിരുന്നു
എത്ര ഞെരുക്കിയാലും ഉള്ളിലേക്ക്
ആഴ്ന്നു പോവുന്ന തരിമണൽ
കടൽ കാറേററ്റ്
ദൂരെയുള്ള  കടലിന്റെ
നീലിച്ച പച്ചപ്പ്‌ കാട്ടി
അവളോട്  ഞാൻ പറഞ്ഞു
ഞാൻ ഒരു രാജകുമാരനായിരുന്നു
ആ ആഴക്കടലിലെ നീലിച്ച പച്ചയിടം
എൻറെ രാജ്യമായിരുന്നു
താഴ്വരകളിൽ ആയിരം
ആട്ട്ക്കൂട്ടങ്ങൾ എൻെറ
സ്വന്തമായിരുന്നു
എന്നിട്ടെന്തായി അവൾ
ചോദിച്ചു
എല്ലാം കടലെടുത്തു പോയ്
കോട്ടയും കൊട്ടാരവും
അടുകളും  മാടുകളും
വസ്തു വകകളും  ബന്ധങ്ങളുമെല്ലാം
ഒന്നുമാവശേഷിപ്പിക്കാതെ
കടലിൻെറ  ആഴങ്ങളിലേക്ക് താഴ്ന്ന് പോയ്
അത്  കേട്ടപ്പപ്പോൾ
അവൾക്കു സങ്കടമായി
അവൾ പതിയെ എൻെറ മുടിയിഴകളിൽ തലോടാൻ
തുടങ്ങി
അവളുടെ മുഖം എന്റെ തോളോട് ചേർത്തു വച്ചു
കടലിലേക്ക്  വെറുതേ
നോക്കിയിരുന്നു
കടൽത്തീരത്തെ ചൂള മരം
ചെറിയ ശബ്ദത്തോടെ
തണുത്ത കാറ്റു തന്നു
പിന്നീടത്  ശക്തമായി
വീശാൻ തുടങ്ങി
സാർ ...സാർ ...
കപ്പിത്താൻ ഞെട്ടിയുണർന്നു
സർ ഒരു കൊടും ങ്കാറ്റിനുളള സാധ്യത കാണുന്നു ,
ചുഴികളും , ചുഴലികളും ചുറ്റിനും
രൂപപ്പെട്ടിരിക്കുന്നു
കാറ്റു കൊണ്ട്  ജനാലകൾ
തകർന്നു പോയിരിക്കുന്നു
ഈ നടുക്കടലിൽ നമ്മൾ
എന്ത്  ചെയ്യും ..?
കപ്പിത്താൻ പറഞ്ഞു
പേടിക്കണ്ടാ...
നങ്കൂരം അല്പം കൂടി താഴ്ത്തി  ഇടൂ  രണ്ടു യന്ത്രങ്ങളും
പ്രവർത്തിക്കട്ടെ
കൊടുങ്കാറ്റ് നമ്മുടെ
നമ്മുടെ  ഡെയിലി
ചാർട്ടിൽ ഇല്ലാത്തതാണ്
അതിനെ  ഗൗനിക്കണ്ട
പോകാനുള്ള  മാപ്പു ,
നിവർത്തി വക്കൂ...
ഇനിയും ദൂരം
പോകേണ്ടതുണ്ട്


നമ്മൾ ഇപ്പോൾ കവിത എഴുതുകയാണ് :നവാസ് ചുള്ളിയിൽ




മ്മൾ ഇപ്പോഴും കവിതയെഴുതുകയാണ് നീതി മരണപ്പെട്ടുപ്പോയോരു നാട്ടിലിരുന്ന് പൂക്കളെക്കുറിച്ച് പുഴയെക്കുറിച്ച് മഴയെക്കുറിച്ച് പ്രണയത്തെക്കുറിച്ച് നമുക്ക് സങ്കടങ്ങളില്ല ഉത്കണ്ഠകളില്ല ഭീതിയിൽ മുങ്ങിയ ഭീകരമായ മൗനം മാത്രം കൽത്തുറങ്കുകളിലെ ഇരുട്ടിൽ എത്ര പേർ മുമ്പും അങ്ങിനെത്തന്നെയായിരുന്നു സത്യം പറഞ്ഞവർ ത്യാഗം ചെയ്തവർ രാജ്യസ്നേഹികൾ അറിഞ്ഞും അറിയാതെയും എത്ര പേർ അതെ സത്യം പറഞ്ഞവർ എന്നും കൽത്തുറുങ്കുകളിലായിരുന്നു കഴുമരങ്ങളെയും നിറത്തോക്കുകളെയും അവർ സ്നേഹിച്ചു ഇന്നും അങ്ങിനെത്തന്നെ പേരുകൾ നിങ്ങൾക്കുമറിയാം വെറുതെ ആവർത്തിക്കേണ്ടതില്ലല്ലോ എന്നിട്ടും നമ്മളിപ്പോഴും കവിതയെഴുതുകയാണ് നീതി മരണപ്പെട്ടുപ്പോയോരു നാട്ടിലിരുന്ന് പൂക്കളെക്കുറിച്ച് പുഴയെക്കുറിച്ച് മഴയെക്കുറിച്ച് പ്രണയത്തെക്കുറിച്ച് നമുക്ക് സങ്കടങ്ങളില്ല .... ........

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...