Friday, June 21, 2019

കരിനീലകണ്ണുള്ള പെണ്ണേ..: നസീർ ഹുസൈൻ.






ഡിഗ്രിക്ക് പഠിക്കുമ്പോൾ പള്ളുരുത്തി ശ്രീഭവാനീശ്വര അമ്പലപറമ്പിൽ ഒരുമിച്ചു കൂടിയിരുന്ന കൂട്ടുകാരിൽ ഒരാളിൽ നിന്നായിരുന്നു ആ പാട്ടു ആദ്യമായി കേട്ടത്‌...

"കരിനീല കണ്ണുള്ള പെണ്ണേ നിന്റെ കവിളത്ത് ഞാനൊന്നു നുള്ളി 
അറിയാത്ത ഭാഷയിലെന്തോ കുളിരളകങ്ങൾ എന്നോട് ചൊല്ലി..

ഒരു കൊച്ചു സന്ധ്യ യുദിച്ചു മലർ കവിളിൽ ഞാൻ കോരിത്തരിച്ചു 
കരിനീലകണ്ണു നനഞ്ഞു എന്റെ കരളിലെ കിളിയും കരഞ്ഞു..."

തരംഗിണി ഇറക്കിയിരുന്ന ലളിതഗാന കാസ്സറ്റുകളിൽ ഏതെങ്കിലും ഒന്നിൽ ഉണ്ടായിരുന്നതാണോ ഈ പാട്ടു  എന്നറിയില്ല , പക്ഷെ ഈ പാട്ടാണ് മലയാള ലളിതഗാനങ്ങളിലേക്ക് കുറെ നാൾ എന്നെ കൈപിടിച്ച് കൊണ്ടുപോയത്. ശ്രീകുമാരൻ തമ്പിയുടെ മനോഹരവും അർത്ഥവത്തുമായ വരികൾ, സ്വാമിയുടെ സംഗീതം. 

മുകുന്ദന്റെ "ഡൽഹി"യും, സേതുവിൻറെ  "പാണ്ഡവപുരവും", പത്മനാഭന്റെ "പ്രകാശം പരത്തുന്ന പെൺകുട്ടിയും" തുടങ്ങി  വിജയനും, കാക്കനാടനും , എൻ മോഹനനും എല്ലാം പ്രണയത്തിന്റെ വിത്ത് പാകിയ സന്ദര്ഭത്തിലേക്കാണ്  മലയാളത്തിൽ ലളിതഗാനങ്ങൾക്ക് കാല്പനിക രൂപം കൈവന്നത് എന്ന് തോന്നുന്നു. ആകാശവാണിയിൽ പെരുമ്പാവൂർ രവീന്ദ്രനാഥും ജി ദേവരാജനും ദക്ഷിണാമൂർത്തി സ്വാമിയും മറ്റും ആഴ്ചയിൽ ഓരോ ദിവസം ഒരു കുട്ടിയെ പഠിപ്പിക്കുന്ന രീതിയിൽ ആണ് ആദ്യമായി ഞാൻ ലളിതഗാനങ്ങൾ കേട്ട് തുടങ്ങിയത്. ആഴ്ചയുടെ അവസാന ദിവസം മുഴുവൻ ഗാനവും പാടുന്ന ഒരു ശൈലി. അന്നൊന്നും വരികൾ ശ്രദ്ധിക്കാതിരുന്ന എന്റെ മനസിലേക്ക് കൗമാരം നടത്തിയ മാജിക് ആവണം പെട്ടെന്ന് എല്ലാ ലളിതഗാനങ്ങളും ഹൃദയത്തിൽ പതിയാൻ കാരണമായത്.

"എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
ഇന്നെത്ര ധന്യതയാര്‍ന്നു..
എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
പുൽകി പടര്‍ന്നതിനാലേ" എന്ന് തുടങ്ങി 

"അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ
മറവിക്കും മായ്ക്കുവാനാമോ
ഋ‌‌തു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
ഹൃദയത്തിൽ പൊന്നോണം തുടരും.. " എന്നവസാനിക്കുന്ന ഗാനവും തമ്പിയുടെയതാണ്, രവീന്ദ്രന്റെ സംഗീതം.   തരംഗിണി ഓണപ്പട്ടിറക്കിയതാണ്, ശ്രീകുമാരൻ തമ്പി അതിനകത്തു നൈസ് ആയി ഒരു പ്രണയഗാനം കയറ്റി :) 

പെൺകുട്ടികളോട് സംസാരിക്കുന്നതു പോയിട്ട് മുഖത്ത് നോക്കുന്നതിന് പോലും ധൈര്യമില്ലാതിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരായിരുന്നു ഞങ്ങൾ എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തോന്നുന്നു. വലിയ വീരവാദം മുഴക്കുമെങ്കിലും നേരെ വന്നു നിവർന്ന് നിന്ന് ഒരു പെൺകുട്ടി സംസാരിച്ചാൽ തൊണ്ടയിൽ വെള്ളം വറ്റിപോകുന്ന ഒരു കൂട്ടം തന്നെയായിരുന്നു അന്നത്തെ ഭൂരിപക്ഷം ആണുങ്ങളും. അങ്ങിനെയുള്ള ഞങ്ങൾക്ക് 
ഞങ്ങളുടെ  മനസിലെ കാമുകിക്കും, ഞങ്ങളുടെ വൺ  വേ പ്രണയങ്ങൾക്കും എല്ലാം  ഊർജം പകർന്ന വരികളായിരുന്നു ഇവ. 

പ്രണയം മാത്രമല്ല, മറ്റു പാട്ടുകളും ഹിറ്റുകൾ ആയി ഉണ്ടായിരുന്നു. 

"പണ്ടു പാടിയ പാട്ടിലൊരെണ്ണം
ചുണ്ടിലൂറുമ്പോള്‍...
കൊണ്ടുപോകരുതേ എന്‍ മുരളി
കൊണ്ടുപോകരുതേ...

.......

അന്നു കണ്ട കിനാവിലൊരെണ്ണം
നെഞ്ചിലൂറുമ്പോള്‍...
കൊണ്ടുപോകരുതേ എന്‍ ഹൃദയം
കൊണ്ടുപോകരുതേ..." തുടങ്ങി ഗൃഹാതുരത്വം ഉണർത്തുന്ന വേറെ കുറെ പാട്ടുകളും ഉണ്ട്.  

ചിത്രയും സുജാതയും ജയചന്ദ്രനും ഉണ്ണിമേനോനും എല്ലാം ഈ ലളിത ഗാന വിപ്ലവത്തിൽ പല ഘട്ടങ്ങളിൽ ഭാഗം ആയിട്ടുണ്ട്. 

"അത്രമേലെന്നും നിലാവിനെ സ്നേഹിച്ചോ--
രഞ്ചിതൾ പൂവിനും മൗനം" എന്ന് ചിത്രയും 

"ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍... "  എന്ന് സുജാതയും  പാടിയപ്പോൾ 

"ഒന്നിനി ശ്രുതി താഴ്‌ത്തി  പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ." എന്നും 

"ഉച്ചത്തില്‍ മിടിയ്ക്കൊല്ലേ  നീ എന്‍റെ ഹൃദന്തമേ
സ്വച്ഛശാന്തമെന്നോമല്‍ മയങ്ങിടുമ്പോള്‍ " എന്ന് സ്വന്തം ഹൃദയത്തോടും പറഞ്ഞു ഓ എൻ വി യുടെ രചനയിൽ ദേവരാജന്റെ സംഗീതത്തിൽ ജയചന്ദ്രനും അനശ്വരമായ ഒരു ഗാനം സമ്മാനിച്ചു. 

അസാധാരണ രചനാവൈഭവം ഉള്ള പാട്ടാണിത്. 

"എത്രയോ ദൂരമെന്നോടൊപ്പം നടന്ന് 
പദപത്മങ്ങള്‍ തരളമായ് ഇളവേല്‍ക്കുമ്പോള്‍ 
താരാട്ടിന്‍ അനുയാത്ര നിദ്രതന്‍ പടിവരെ
താമര മലര്‍മിഴി അടയും വരെ
താരാട്ടിന്‍ അനുയാത്ര നിദ്രതന്‍ പടിവരെ
താമര മലര്‍മിഴി അടയും വരെ..."

കാലത്തിന്‍ കണികയാമീ ഒരു ജന്മത്തിന്‍റെ
ജാലകത്തിലൂടപാരതയെ നോക്കി
ഞാനിരിയ്ക്കുമ്പോള്‍   കേവലാനന്ദസമുദ്രമെന്‍
പ്രാണനിലലതല്ലി ആര്‍ത്തിടുന്നു"  മലയാളത്തിന് അഭിമാനിക്കാവുന്ന വരികൾ. 

ഈയടുത്ത കാലത്ത്  "മരണമെത്തുന്ന നേരത്ത്", "മഴ കൊണ്ട് മാത്രം മുളക്കുന്ന..."  തുടങ്ങി വളരെ കുറച്ച് പാട്ടുകളിൽ മാത്രം കാണുന്ന ആഴമുള്ള വരികൾ ഒന്നിന് പിറകെ ഒന്നായി വന്നിരുന്ന ഒരു കാലത്തെ കുറിച്ചാണ് ഈ പറയുന്നത്.

“മാമ്പൂ വിരിയുന്ന രാവുകളിൽ
മാതളം പൂക്കുന്ന രാവുകളിൽ
ഞാനൊരു പൂവ് തേടിപ്പോയി,
ആരും കാണാത്ത പൂവുതേടി പോയി..

….

പറുദീസയിലെ പൂവല്ല അത്
പവിഴമല്ലിപ്പൂവല്ല 
കായാമ്പൂവോ കനകാംബരമോ
കാനനപ്പൂവോ അല്ല
കണ്മണിയാളേ നിന്നനുരാഗ
കുങ്കുമപ്പൂവാണല്ലോ”  എന്നതും ഓ എൻ വി ദേവരാജൻ മാജിക്കാണ്.

ഗോമതി സ്ഥിരം പാട്ടുകേൾക്കുന്നതു കൊണ്ട്, ആഴത്തിലുള്ള അർത്ഥമുള്ള, അത്രമേൽ പ്രണയം നിറഞ്ഞ 
അനേകം തമിഴ് പാട്ടുകൾ സ്ഥിരം കേൾക്കുന്ന ഒരാളാണ് ഞാൻ. "ഇന്നും കൊഞ്ചം നേരം ഇരുന്താൽ താൻ എന്ന"  എന്ന് സുജാതയുടെ മകളുടെ ശബ്ദത്തിൽ തമിഴ് പട്ടു കേൾക്കുമ്പോഴെല്ലാം മലയാളത്തിലെ പ്രണയഗാനങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് ആശങ്കപ്പെടുന്ന എനിക്ക് തിരിഞ്ഞു നോക്കി അഭിമാനം കൊള്ളാൻ ഇതൊക്കെ  മാത്രമേ ഉള്ളൂ...


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...