Saturday, June 22, 2019

കെ.കെ.ബാബുരാജ് പറയുന്നു.




    
മ്മുടെ ഹൈന്ദവ പൊതുമണ്ഡലത്തിൽ ഒരു സവർണ സ്ത്രീവാദിക്ക് തങ്ങളുടെ മതത്തെയോ ജാതിയെയോ കാര്യമായി പ്രശ്നവൽക്കരിക്കേണ്ടതില്ല .അവർക്കു വിഷയങ്ങളിൽ നേരിട്ടു ഇടപെടാൻ കഴിയും . എന്നാൽ കേരളത്തിലെ മുസ്ളിങ്ങളിലെ മതേതരർ നിരന്തരമായി തങ്ങളുടെ മതത്തെയും സാമൂഹിക പ്രസ്ഥാനങ്ങളെയും കുറ്റപ്പെടുത്തേണ്ടതുണ്ട് .ഇതിനവർ ബാധ്യസ്ഥപ്പെടുന്നത് ഇസ്ലാമിന്റെ ചരിത്രപരമായ 'അപരിഷ്‌കൃത്വം' അല്ലെങ്കിൽ ' കറ' തങ്ങൾക്കില്ലെന്ന സത്യപ്രസ്താവനയുടെ അടിസ്ഥാനത്തിലെ അവർക്ക് പൊതുമണ്ഡലത്തിൽ പൂർണ അംഗത്വം കിട്ടുകയുള്ളു എന്നതിനാലാണ് .


ഇതേ പൊതുമണ്ഡലത്തിൽ സവർണ മുഖ്യധാരയോട് ഇണങ്ങിനിൽക്കുന്ന ദലിത് സ്ത്രീവാദങ്ങൾക്ക് കീഴാള ആണുങ്ങളെ നവീകരിക്കുന്നവരോ ശിക്ഷിക്കുന്നവരോ ആയി മാത്രമേ നിലനിൽക്കാൻകഴിയു .ഇതിനുകാരണം ,Trinha-T-Minh-Ha എന്ന എഴുത്തുകാരിയുടെ അഭിപ്രായത്തിൽ '' നേറ്റിവ് '' എന്നുവിളിക്കപ്പെടുന്ന പുരുഷന്മാർക്ക് മേലാളർ രണ്ടു തരം പ്രതിനിധാനങ്ങൾ മാത്രമേ കല്പിച്ചിട്ടുള്ളു എന്നതിനാലാണ്. അതായത് ;ഭീകരമായ ലൈംഗികാസക്തി പുലർത്തുന്ന രാക്ഷസർ അല്ലെങ്കിൽ ആസക്തിയേ ഇല്ലാത്തവർ .മിക്കവാറും അതി ലൈംഗിക ജീവികളായ കീഴാള ആണുങ്ങളെ നവീകരിച്ചു അല്ലെങ്കിൽ ശിക്ഷിച്ചു പൊതുമണ്ഡലത്തിൽ ഏല്പിക്കാനാണ് സവർണ സ്ത്രീവാദം തങ്ങളോട്ചേർന്നുനിൽക്കുന്ന കീഴാള സ്ത്രീ വാദികളോട് കൽപിക്കുന്നത് .അവർ അതു ചെയ്തില്ലെങ്കിൽ അവരുടെ പദവികൾ ഇല്ലാതാകും .

രൂപേഷ് കുമാറിന്റെ വിഷയം എടുക്കുക .സ്ത്രീവിരുദ്ധത കൊണ്ടു തന്നെയാവാം അയാൾ സുഹൃത്തായ ഒരു കീഴാള സ്ത്രീയോട് ലൈംഗികമായ കൺസെന്റ് ചോദിച്ചു .അവർ ശക്തമായി പ്രതികരിച്ചു എന്നുമാത്രമല്ല അടിയും കൊടുത്തു .സാധാരണയായി ആൺ പെൺ സൗഹൃദങ്ങളിൽ താക്കീത് നൽകിയോ അടികൊടുത്തോ തീരുന്ന ഈ പ്രശ്‍നം ചില കീഴാള ഫെമിനിസ്റ്റുകൾ ഇടപെട്ടതോടെ കൊടുങ്കാറ്റായി മാറുകയും പൊതുബോധം അയാളെ ചവുട്ടിയരക്കുകയും ചെയ്തു . അതിനുശേഷം എന്താണ് സംഭവിച്ചത് ?.അയാളുടെ ലൈംഗീക കുറ്റം മാഞ്ഞുപോവുകയും എന്നാൽ , കേരളത്തിലെ കോളേജുകളിൽ ഒരു ഗസ്റ്റു പോസ്റ്റിൽ പോലും കയറാനാവാതെ ജീവിതം വഴിമുട്ടുകയും ചെയ്‌തു .

വിനായകന്റെ കാര്യത്തിൽ ; അംബേദ്കറിന്റെയും അയ്യങ്കാളിയുടെയും പേര് സ്റ്റേറ്റ് യുക്തിപോലെ ഉന്നയിക്കുന്ന ഒരു ആക്ടിവിസ്റ്റു രംഗത്തുണ്ടായിരുന്നു . അതിനുശേഷമാണ് ദലിത് ഫെമിനിസ്റ്റ് നിയോഗിക്കപ്പെട്ടത് .എന്നെ സംബന്ധിച്ചു ഇവർ പ്രിയപ്പെട്ടവരാണ് .എങ്കിലും ഒരുകാര്യം ചോദിക്കാതെ വയ്യ .വിനായകൻ വിസമ്മതം പറഞ്ഞാൽ പിന്നെ അയാളെ നിർബന്ധിക്കാനുള്ള നിങ്ങളുടെ ഓണർഷിപ്പിന്റെ അടിസ്ഥാനമെന്താണ് ?സ്വകാര്യത അയാളുടെ മൗലിക അവകാശമല്ലേ .ദലിതനും പുരുഷനുമായതിനാൽ അയാൾക്ക്‌ അതൊന്നും വേണ്ടേ?

തെളിവ് ചോദിക്കുന്നില്ല .വിനായകൻ സ്ത്രീവിരുദ്ധമായും അപമര്യാദയായും പെരുമാറിയില്ലെന്നും പറയുന്നില്ല .എങ്കിലും സംഭവത്തിനു മുൻപിലും പിൻപിലും എന്താണ് നടന്നതെന്ന് വ്യക്തമാക്കണമെന്നേ എല്ലാവരും ചോദിക്കുന്നുള്ളു .അയാൾ ചെയ്തത് കുറ്റംതന്നെയാണ് .അതിനു ചരിത്രവും വർത്തമാനവും ഇല്ലേ ?അതുപറയാത്തപ്പോൾ ശിക്ഷ മനുധർമ്മം അനുസരിച്ചാണെന്നു കരുതേണ്ടിവരും .

ജീവിത സാഹചര്യവും വിദ്യാഭ്യസ കുറവും മൂലം അയാൾ കീഴാള സ്ത്രീവാദമോ ഒന്നും അറിഞ്ഞുകാണില്ല. അയാൾക്ക്‌ ഭാഷയിലും സ്വാധീനം ഇല്ലെന്നു തോന്നുന്നു .ഇപ്രകാരം ''അപരിഷ്‌കൃതനായ '' അയാൾക്കുവേണ്ടി വാദിച്ചാൽ സ്ത്രീവിരുദ്ധതയാകുമത്രേ .അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും കല്ലറകളിൽ നിന്നും ഇറങ്ങിവന്നു സദാചാരം പഠിപ്പിക്കുമത്രേ. എതായാലും അയാൾക്ക്‌ വേണ്ടി വക്കാലത്തു പറയാൻ വന്നത് കൂടുതലും കീഴാളസ്ത്രീകൾ ആണെന്നതിൽ അതിശയമില്ല .ഈ പുരോഗമനക്കാർ ആരോപിക്കുന്ന ലൈംഗീക കുറ്റം നാളെ തേഞ്ഞുപോയേക്കാം . അതിനാൽ ഇന്ന് അയാളുടെ റേഷനരി മുട്ടിക്കാൻ ഇടവരുത്തരുത്.

സ്ത്രീവാദങ്ങൾ എപ്പോഴും പരമ സത്യങ്ങൾ ആയിരിക്കുമെന്ന ''ഉദാര ''ചിന്തക്ക് വലിയ കഴമ്പ്‌ ഉണ്ടെന്നു തോന്നുന്നില്ല .


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...