Sunday, June 23, 2019

'ഉണ്ട'സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചു k.k.ബാബുരാജ്.




'ണ്ട'യിലെ മണികണ്ഠൻ എന്ന പോലീസ് സബ് ഇൻസ്‌പെക്ടർ ഒരു ദലിതനോ പിന്നാക്കക്കാരനോ ആയിരിക്കാമെന്നു ഏ .എസ് അജിത്‌കുമാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട് .അദ്ദേഹത്തിന്റെ ഭാര്യ നടത്തുന്ന ഡേകെയർ  സെന്ററിൽ അയ്യൻകാളിയുടെ ചിത്രം കാണാം .ഈ സ്ഥാപനം അവരുടെ വീടോ കമ്മ്യൂണിറ്റിയുടേതോ   ആകാനാണ് സാധ്യത .നമ്മുടെ മതേതരത്വം ഇത്രമാത്രം വികസിച്ചിട്ടും ,ദലിതേതര വീടുകളിലും സ്ഥാപനങ്ങളിലും  അയ്യൻകാളിയുടെ ചിത്രം കാണുക അപൂർവമാണല്ലൊ .

മാത്രമല്ല ,അദ്ദേഹത്തിൻറെ വ്യക്തിത്വത്തിൽ കാണുന്ന ശകലിതങ്ങളും കീഴാളതയെ സൂചിപ്പിക്കുന്നതാണ് .പോലീസ്‌സ്റ്റേഷൻ  എന്ന പ്രാദേശിക  അധികാര  കേന്ദ്രത്തെ  നരകമായി  കാണുന്ന ,അതിനെ  ഒഴിവാക്കാനായി ക്യാമ്പ് ഡ്യൂട്ടി  സ്വീകരിച്ചുകൊണ്ട് അവിടുത്തെ  സൗഹൃദങ്ങൾക്കൊപ്പം കഴിയുന്ന  ആളാണല്ലോ  മണിസാർ .ബിജു എന്ന ആദിവാസി പോലീസുകാരന് താൻ  അനുഭവിക്കുന്ന ജാതി വിവേചനങ്ങളെപ്പറ്റിയും ,കുനാൻ ചന്ദ് എന്ന  ബസ്തറിലെ ആദിവാസി അദ്ധ്യാപകന് തങ്ങളുടെ  കൊഴിഞ്ഞുപോക്കിനെ  പറ്റിയും  പറയാൻ  ദലിതനായ  ഒരു  സബ് ഇൻസ്‌പെക്ടർ  തന്നെ വേണമെന്നില്ലെങ്കിലും ;ഒരു  ശകലിത / ശിഥില  കഥാപാത്രം  ആവിശ്യമാണെന്ന സങ്കൽപം രൂപപ്പെടുത്തിയതിൽ തിരക്കഥാകാരനായ  ഹർഷദ് , സംവിധായകനായ ഖാലിദ്  റഹ്‌മാൻ എന്നിവരെ   അഭിനന്ദിക്കുന്നു .

ഉണ്ട പോലുള്ള സിനിമകളിലൂടെ  ചില മുസ്‌ലിം  ചെറുപ്പക്കാർ സവർണ്ണ  മതേതരത്വത്തിൽ നിന്നും ചെറുതായെങ്കിലും കുതറിമാറാൻ  ശ്രമിക്കുന്നത്  കാണാതെ ; അവർ ദലിത് -ആദിവാസികളെ  തന്നെ  താരങ്ങളാക്കിയില്ലെന്ന  പേരിൽ ചിലർ  ആക്ഷേപിക്കുന്നത്  ഖേദകരമാണ് .ഈ  വിമർശകർ  തിരിച്ചറിയേണ്ടുന്ന  കാര്യം മേല്പറഞ്ഞപോലുള്ള പോലുള്ള  കൂട്ടായ്മകൾ, ഇടപെടലുകൾ  സിനിമ  വ്യവസായത്തിന്റെ  നിർണ്ണായക  ഭാഗമല്ലെന്നതാണ് .ഇവയെ  ചില  ചലഞ്ചുകൾ അല്ലെങ്കിൽ  ശ്രമകരമായ  പ്രവർത്തികളുടെ  പരിണിത  ഫലം  ആയിട്ടുമാത്രമേ  കാണാനാവു .ഒരുപക്ഷെ  കലാഭവൻ  മണി  ജീവിച്ചിരുന്നെങ്കിൽ  ,ഈ  സിനിമയുടെ  ബോഡി  ലാംഗ്വേജ് വെച്ചുനോക്കുമ്പോൾ അദ്ദേഹത്തിന് ഇതിൽ  ഒരു  നിർണായക  റോൾ  ഉണ്ടാവുമായിരുന്നു എന്നു  തന്നെ  കരുതുന്നു .

ലോഹിത ദാസിനെപ്പോലുള്ളവർ തങ്ങളുടെ മുഖ്യ കഥാപാത്രങ്ങളുടെ ശിഥില  വ്യക്തിത്വങ്ങളെ  ജനപ്രിയമാക്കാൻ   അവരെ ' നായർ' സ്ഥാനത്തു  ഉറപ്പിച്ചു  നിറുത്തുകയായിരുന്നു  എന്നോർക്കണം .മാത്രമല്ല ,മഞ്ജു  വാരിയർ ,സംയുക്ത  വർമ്മ  പോലുള്ള  നടിമാരെയാണ്  ദലിത്  സ്ത്രീകളായി അവതരിപ്പിച്ചത് .ഇതേ   സ്ഥിതി  തുടരാതിരിക്കാൻ ദലിതരിൽനിന്നും താരനിരയും പ്രേക്ഷക  സമൂഹവും  നിക്ഷേപകരും  ഇനിയും ഉണ്ടാവേണ്ടതുണ്ട് .ഇത്തരം  ചലഞ്ചുകൾ  ഏറ്റെടുക്കാതെ  കേവലമായ   പ്രതിനിധാന  അവകാശവാദങ്ങൾ  കൊണ്ട്  വലിയ  കാര്യമൊന്നും  ഉണ്ടെന്നു  തോന്നുന്നില്ല .

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...