Wednesday, March 4, 2020

പഴേമടത്തിൽ കുട്ടൻ:ഉടൽകൊണ്ട് പൊരുതിയവൻ :Rejishankar

പഴേമടത്തിൽ കുട്ടൻ ചരിത്രത്തിൽ യുദ്ധം നായിച്ചതായി തിരുവെഴുത്തുകളിലൊന്നിലും കാണുന്നില്ല.എങ്കിലും തലയിൽ ആനാവെള്ളം വീണു ഉയിർത്തു സ്വർഗ്ഗവാതിൽക്കലും നരകത്തിലും കാൽ വെച്ചു നിന്നവൻ.എഴുവെള്ളിയാഴ്ചയും ദുഃഖവെള്ളിയാഴ്ചയും കുർബ്ബാന കണ്ടിട്ടും പുലയന്റെ പുലമാറിയില്ല.എങ്കിലും പുലപ്പെടിയെന്ന ചന്ദ്രഹാസമിളക്കി നാട്ടിൽ വിരിഞ്ഞു നടന്നവർ.

    എന്റെ വല്യമ്മച്ചിയുടെ (അമ്മയുടെയമ്മ)അങ്ങളായായിരുന്നു.ഞങ്ങൾ കുട്ടൻ പേരപ്പൻ എന്നാണ് വിളിച്ചിരുന്നത്.കുറവിലങ്ങാടും കാഞ്ഞിരത്താനാവും കാപ്പുംതലയും കടുത്തുരുത്തിയും മുട്ടുചിറയുമെല്ലാം നായമ്മാരെക്കാൾ പ്രൗഢിയും അഹങ്കാരവുമുള്ള കത്തോലിക്കരുടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്നു.ഈ രാജ്യത്തെ കറുത്ത മിന്നലായി പേരപ്പൻ നടന്നു.എനിക്കൊരു ചെറിയ ഓർമ്മയെ ഉള്ളു.ബാക്കിയെല്ലാം പണന്മാർ പാടിയത് കേട്ടതാണ്.

   പേരപ്പന്റെ കഥ ഒരു കറുത്ത സിനിമ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.തീണ്ടലുള്ള ഇത്താപ്പിരി മാരുടെ ഇടയിൽ നിന്നും ചെന്നു തീണ്ടാൻ ധൈര്യമുള്ള ഒരുവൻ വേറെ ഉണ്ടായിരുന്നില്ല.ആറടിയോളം ഉയരം ഒതുങ്ങി ബലിഷ്ടമായ ശരീരം.കൈകൾക്ക് അസാമാന്യ നീളമുണ്ടായിരുന്നു.കനത്ത കൈത്തണ്ട.പോരാടാൻ ജനിച്ചവനെപ്പോലുള്ള പ്രകൃതം.ആ കൈകൾകൊണ്ടു അടികിട്ടിയവർ മരിക്കും വരെ ചെവിയിൽ മൂളലുമായി നടന്നു.ഒരു ജന്മിയോടും അനാവശ്യമായിച്ചേർന്നു നിന്നില്ല.അനുസരിച്ചില്ല.നല്ല ഉഴവുകാരനും കാളയോട്ടക്കാരനുമായിരുന്നു.

കമ്യൂണിസ്റ്റുകാർ ഒളിവിൽ കഴിയുന്നകാലം.പോലീസ് അവരെയൊക്കെ പുലയരുടെയും പറയരുടെയും വീടുകൾ പൊളിച്ചു തിരയുന്നകാലം.പേരപ്പൻ തെങ്ങിൻ തടം കിളച്ചുകൊണ്ടു നിൽക്കുമ്പോൾ പോലീസ് പാഞ്ഞു വന്നു.ഒരു പുലയനെ മുന്നിൽ കിട്ടിയപ്പോൾ രണ്ടു പൊട്ടിച്ചുകളയാം എന്ന നിലയിൽ രണ്ടു കുട്ടൻപിള്ളമാർ മസിൽ പെരുക്കി നിന്നു.

  " തലവടി പപ്പാനെ കണ്ടോടാ..?"
"ഇല്ലേമാനെ..?"
ചോദ്യം രണ്ടുമൂന്നാവർത്തിച്ചു.ഉത്തരവും.
ഒരുമാറ്റവും കാണാതെ വന്നപ്പോൾ ഒരു കുട്ടൻ പിള്ള കയ്യോങ്ങി.അപ്പോൾ പേരപ്പൻ ഭവ്യതയോടെ പറഞ്ഞു.
" കണ്ടേമാനെ.. "
" എന്നിട്ടെവിടെ.." കുട്ടൻ പിള്ളയ്ക്കു ധൃതിയായി.പേരപ്പൻ തൂമ്പ താഴെയിട്ടു സാവധാനം ഉടുത്തിരുന്ന തോർത്തു രണ്ടുകയ്യുംകൊണ്ടു വിടർത്തി.

" ദാണ്ടേ കെടക്കാണ് തലവടിപ്പാപ്പൻ.."എന്നലറി.കലി കൊണ്ടു ആഞ്ഞടിച്ച പിള്ളേച്ചന്മാരുടെ കരച്ചിൽ ഒന്നര മൈലകലെ കേട്ടെന്നു പഴമക്കാർ.

അന്നൊക്കെ ചായക്കടയിലും കള്ളുഷാപ്പിലും ദലിതർക്കു പ്രവേശനമില്ല.പേരപ്പൻ രണ്ടിടത്തും കയറി കുടിച്ചും കഴിച്ചും പുലപ്പേടിയുണ്ടാക്കി.ഒരിക്കൽ ഇതു സാധിക്കാത്ത ഒരു കത്തോലിക്കാ പ്രമാണി പേരപ്പൻ കോപ്പയിൽ ഒഴിച്ചുവെച്ച കള്ളെടുത്തു തറയിലൊഴിച്ചു കളഞ്ഞു.പേരപ്പൻ വീണ്ടും ഒഴിച്ചു.അതും ഒഴിച്ചുകളായനാഞ്ഞ തിരുപ്പിറവിയുടെ മുഖത്തു ,ശാസ്ത്ര വിധിയിൽ പറയാത്ത,കള്ളും ചട്ടിയും ചേർന്ന ഒരു പ്രയോഗം നടന്നു.അതയാൾക്കു മര്യാദയുടെ ഗുരുകുല പാഠമായന്ന് പറയുന്നു.

ഓരോ വഴക്കിനും ശേഷം പോലീസ് വരും.അഹങ്കാരിയായ പുലയന്റെ നെഞ്ചത്തിടിക്കാൻ ഒരു പ്രത്യേക ആവേശമുണ്ട്. എത്രയിടിക്കുന്നോ അത്ര തിരിച്ചിടിക്കുന്നതാണ് പേരപ്പന്റെ രീതി.അവസാനം കൂട്ടയിടിയിലായിരിക്കും വീഴിക്കുക.ഒരിക്കൽ ലോക്കപ്പിൽ തന്നെ ഇടിച്ചു മടുത്ത പൊലീസുകാരനോട് വെല്ലുവിളിച്ചു

" ഇങ്ങനെയാണോടാ......ആണുങ്ങൾ ഇടിക്കുന്നത്.. കേറിവാടാ... ഞാൻ കാണിച്ചു തരാം..."

പുതുതായി വന്ന ,അതിന്റെ മർമ്മമറിയാത്ത ഒരു പാവം പിള്ളാച്ചൻ അങ്ങോട്ടു കയറിച്ചെന്നതും നാഭിക്കൊരു തൊഴികിട്ടിയതുമേ ഓർമ്മയുണ്ടായുള്ളൂ.അതിനവർ പേഴുങ്കായ് നിരത്തിയിട്ടു അതിനുമുകളിൽ കിടത്തിയിട്ടിടിച്ചു എന്നാണ് പേരപ്പൻ പറഞ്ഞത്.

ഓരോ മർദ്ദനത്തിനു ശേഷവും പുള്ളി കൂടുതൽ കരുത്താർജ്ജിച്ചു.മണ്ണിൽ കുരുത്തിന്റെ ഗുണവും ബലവും അറിഞ്ഞവർ ഉടലിനെ പുതുക്കാനുള്ള രഹസ്യവുമറിഞ്ഞിരുന്നു.പിതാക്കന്മാർ പകർന്നു നൽകിയ ആരോഗ്യത്തിന്റെ അത്ഭുങ്ങൾ അറിഞ്ഞിരുന്ന പേരപ്പൻ തന്നെത്തന്നെ പുതുക്കിക്കൊണ്ടിരുന്നു.എന്നിട്ടു ഓരോദിവസവും വന്നുകേറിയവർ കെട്ടിയ വേലികൾ ചവുട്ടിയൊടിച്ചു വിരിഞ്ഞു നടന്നു.ഓരോ ചുവടിലും പിതാക്കന്മാർ മുളച്ചു വളർന്ന് പന്തലിച്ച കാലത്തിന്റെ പ്രൗഢിയുണ്ടായിരുന്നു.

   പണത്തിന്റെ ആവശ്യമുള്ളപ്പോൾ വാഴക്കുലയോ,അടയ്ക്കയോ തേങ്ങയോ ഒക്കെ  അധികാരത്തോടെ അങ്ങെടുക്കും.അതു മോഷണമാണെന്നു പേരപ്പൻ ഒരിക്കലും സമ്മതിച്ചില്ല.ചോദിക്കാൻ അധികമാരും ധൈര്യപ്പെട്ടില്ല.ചോദിച്ചാൽ കൃത്യമായ ഉത്തരം അദ്ദേഹത്തിനുണ്ടായിരുന്നു.
 "എന്റെ കാർന്നോമ്മാരുടെ മണ്ണാ..ഞങ്ങളിതൊരുത്തനും വിറ്റിട്ടില്ല.."

പേരപ്പൻ പഠിച്ചിട്ടുണ്ടായിരുന്നോ എന്നു ചോദിച്ചാൽ എനിക്കറിയില്ല.എങ്കിലും ഒരാത്മബോധവും തലമുറകളുടെ വേദന പകർന്ന ഒരു പ്രതികാരബുദ്ധിയും കൂസലില്ലായ്മയും അദ്ദേഹത്തിൽ അഭേദ്യമായി നിലനിന്നിരുന്നു.കായിക കലയിൽ ഒരത്ഭുതവുമായിരുന്നു.

  അക്കാലത്ത് കടുത്തുരുത്തി പോലീസ് സ്റ്റേഷണിൽ പുതുതായി വന്ന മല്ലയുദ്ധക്കാരനായ പിള്ളേച്ചന് പഴേമഠം കുട്ടനെ ഒതുക്കണമെന്നൊരു പൂതി.അതും ഒറ്റയ്ക്ക്.അങ്ങനെ കഥാപുരുഷൻ കാപ്പുന്തലയ്ക്കു പുറപ്പെട്ടു.പലസ്ഥലത്തും കാണാഞ്ഞു കറങ്ങിത്തിരിഞ്ഞു ഇരുവേലിത്തോടിന്റെ കരയിലെത്തി.അപ്പോൾ തോടിന്റെ കരയിൽ; അടിച്ചിട്ട പാടത്തേക്ക് നോക്കി കാറ്റുകൊണ്ട് മുറുക്കിതുപ്പിയിരിക്കുന്ന ഒരാളെക്കണ്ട് അടുത്തു ചെന്നു.

" പഴേമടത്തിൽ കുട്ടനെ കണ്ടോടാ " എന്നു മീശ പിരിച്ചു.ചോദ്യം കേട്ട് ഞെട്ടിയെണീറ്റയാൾ തൊഴുതു.
"കണ്ടേമാനേ..ദാ..ഇപ്പൊ..അങ്ങോട്ടു പോയതെയുള്ളൂ."അയാൾ പാടത്തിനക്കരെയ്ക്കു വിരൽ ചൂണ്ടി.പൊലീസ്കാരൻ നിരാശയോടെ മീശ തടവി നിന്നു.പെട്ടന്ന് പോലീസുകാരന്റെ തുടയിൽ ഒരിടിമിന്നൽ പതിച്ചു വേച്ചു വീഴാൻപോയ അയാൾ പിടഞ്ഞു പാഞ്ഞു വരുമ്പോഴേക്കും അടുത്തത് മുഖത്തും.നിലതെറ്റിയ പിള്ള തോട്ടിലേക്ക് വീണു.അന്നൊക്കെ ഇരുവേലിത്തോട്ടിൽ വെള്ളമുണ്ടായിരുന്നു.

   തന്റെ കാൽച്ചുവട്ടിൽ വീണ പൊന്നു തമ്പുരാന്റെ മുദ്രയുള്ള തൊപ്പി കൈക്കലാക്കി അയാൾ മുറുക്കാൻ പൊതി അഴിച്ചതിലിട്ടു തിരിഞ്ഞു നടന്നു.

എങ്ങനെയോ കരകയറിയ പിള്ളാച്ചൻ തൊപ്പി തിരക്കി മടുത്തു അന്തിയായപ്പോൾ സ്റ്റേഷനിൽ ചെന്നു.ഏഡ് കുട്ടന്പിള്ളയ്ക്കു കലി കയറി.

"തന്നോട് പറഞ്ഞതല്ലേ അവനെ പിടിക്കാൻ ഒറ്റയ്ക്ക് പോകരുതെന്ന്.തൊപ്പിയുമായി വാ.."
എന്നു നിർദ്ദയനായി.

     രണ്ടു ഭാര്യമാരും രണ്ടരപ്പറ പിള്ളേരുമുള്ള പിള്ളേച്ചൻ വിരണ്ടു.കിട്ടുന്ന,പൊന്നുതമ്പുരാന്റെ നാലു ചക്രം പോയാൽ എല്ലാം തീർന്നു.അയാൾ അവസാനം സ്ഥലത്തെ ജന്മിയായ ഷെവലിയർ ജോർജിനെ കണ്ടു സങ്കടം പറഞ്ഞു.അദ്ദേഹം പേരപ്പനെ വിളിപ്പിച്ചു.

"എടാ ആ പോലീസുകാരന്റെ പണി പോകും.നീയാ തൊപ്പിയങ്ങോട്ടു കൊടുത്തേര്.."

പേരപ്പൻ തന്റെ സർക്കാർ മുദ്രയുള്ള മുറുക്കാൻ വട്ടി തിരികെ കൊടുത്തു.പിന്നെ ആ പിള്ളേച്ചൻ പോകും വരെ പേരപ്പനെ കണ്ടിട്ടില്ല.

കാലം അങ്ങനെ വടിയൂന്നിയും ചട്ടിയും മുന്നോട്ടു നീങ്ങി.ഇരുവേലിത്തോട് നിരവധി തവണ കവിഞ്ഞും ഇണങ്ങിയും വന്നു.മനുഷ്യരുടെ തലയ്ക്കകത്തും ചെറുതായി ആൾപ്പാർപ്പുതുടങ്ങി.അതിന്റെ മാറ്റം പഴേ മഠത്തിലും ഉണ്ടായി.

1970ലായിരുന്നു എന്റെ ഇളയ അമ്മാവൻ കവിയും കഥാകൃത്തും നാടകം കഥാപ്രസംഗം രചിയിതാവുമായിരുന്ന ആന്റണി കാപ്പുംതലയുടെ വിവാഹം.വിവാഹത്തലേന്നു രാത്രിയിൽ കല്യാണവീട്ടിലേക്കു വരുമ്പോൾ വഴിയിലുണ്ടായിരുന്ന ആൾമറയില്ലാത്ത കിണറ്റിൽ വീണൂ.ആരുമാറിഞ്ഞില്ല.ഒറ്റയ്ക്ക് യുദ്ധം നയിച്ച പടനായകന് ഒരു ജലസമാധി.

ഇടയ്ക്കു ചിലതനുഭവിക്കുമ്പോൾ കേൾക്കുമ്പോൾ കാണുമ്പോൾ ഈ കറുത്ത ഇടിമിന്നലിനെ ഞാൻ സ്വപ്നം കാണാറുണ്ട്.ഇരുവേലി തോടും പഴേപോലെ ഇന്നില്ല.പക്ഷെ പിള്ളാച്ചന്മാരും അരൂപികൾക്കു അത്താഴം വിളമ്പുന്നവരും സർവ്വ ശക്തരായ ഇപ്പോഴുമുണ്ട്.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...