Friday, February 7, 2020

ഉയിരും ഉടലും നടുക്കടലിൽ ഒളിപ്പിച്ചുവച്ചവർ: അരുന്ധതിമധുമേഘ



ടതടവില്ലാതെ പെയ്ത
ദുരിതത്തീമഴയില്‍
കൂടും കൂട്ടവും നഷ്ടപ്പെട്ട്
ഉയിരും ഉടലും;  നടുക്കടലില്‍
ഉലയുന്ന പടകിൽ
ഒളിപ്പിക്കേണ്ടിവന്നവര്‍
ഞങ്ങൾറോഹിങ്ക്യകള്‍
ഇളകുന്ന കടലിലായി
ഉയിരൂർന്നു പോകുന്ന
ഉടലുപേക്ഷിച്ചവർ

ജന്മരേഖകൾ ജലരേഖയായി
ജന്മവകാശങ്ങൾ ജല്പനങ്ങളായി
ചവിട്ടിനിൽക്കാൻ ഇടം തരാതെ
ജനിച്ച മണ്ണിൽ നിന്നാട്ടിയിറക്കുമ്പോൾ

ഉറകെട്ടകാലത്ത് ഒരു തീരവും
അഭയമേകാതെ വറുതിക്കാറ്റിനും ചുഴലിക്കാറ്റിനുമിടയിൽ
മനസ്സും പടകുമിളകിയുലഞ്ഞ്
കടൽക്കാക്കകളുടെ ചിറകടികൾക്കപ്പുറം
 രാത്രി കടന്ന് വെളിച്ചം വരുന്നതും കാത്ത്
തമോഗർത്തങ്ങളിൽ ഉഴറി നീങ്ങുന്നു

നരച്ച ബോധിവൃക്ഷത്തിൻ്റെ വേരുകൾ
മാന്തിക്കീറി ആഴ്ന്നിറങ്ങിയ ധർമ്മം
ഉറഞ്ഞൊരു ശിലാ ശില്പമായി
വംശീയമുദ്രയുടെ അടരുകളുടച്ച് 
ഭൂപടത്തിൻ്റെ നിറം ചുവപ്പിയ്ക്കുമ്പോൾ.                       
ആയിരങ്ങളുടെ ആത്മബോധം
 പറക്കു കീഴിൽ മറയ്ക്കേണ്ടി വന്നവർ.

നേരുടൽ ഇടറിവീണ നെറിയില്ല നേരത്ത്
ആൾപ്പാടുകളുടെ കാഴ്ച്ചവെട്ടമണച്ച് മണ്ണകങ്ങൾ ഊർത്തിയെടുക്കുമ്പോൾ ഉരഞ്ഞുതീരുന്ന കാൽമടമ്പുകളിൽ
അലഞ്ഞ കാതങ്ങൾക്ക്
ദൂരമളക്കുന്നു തേയ്മാനങ്ങൾ

തായ് വേരറുത്തെടുത്ത മനുഷ്യക്കടത്തിൽ  മാനംചൂഴ്ന്നെടുത്ത് 
മുഖംകുത്തിനിന്ന ഉടലാഴങ്ങൾ   
വീണടിയുന്ന ഉടലുകൾ 
കീറിയ ഉടുത്തുണിയ്ക്കുള്ളിൽ
ഉയിർക്കാഴ്ച്ച കെട്ട ഉടഞ്ഞപ്പെണ്ണ്

കാലം പകുത്തു പകുത്തു വെച്ചവരുടെ ചൂടമർത്തിയ പ്രണയം 
ചുവന്ന തെരുവിടങ്ങളിൽ
ചൂരു പോയ അറവുമൃഗങ്ങൾ

കണ്ണിൽ കത്തുന്നസ്വപ്നങ്ങൾ
കനവുകണ്ടുറങ്ങുന്ന നേരം
ചുട്ടുക്കരിച്ചോരോ ജീവൻ
ചൂഴ്ന്നെറിയുമ്പോൾ
മരണവേദനകളുടെ
കൂട്ടനിലവിളികൾ കേട്ട്
കാതുകൾ പൊത്തി 
പൊള്ളിനിൽക്കുന്നവർ

ജീവിതപ്പകർച്ചകളിൽ നട്ടം തിരിഞ്ഞ് അലറിവിളിയ്ക്കുന്ന ഭ്രാന്തൻ കാറ്റിൽ
ചടുലതാളമിടറി
ശ്വാസഗതി ഇരമ്പിമാറിയപ്പോഴും
ഭീതി തുള്ളുന്നപ്പെരുമഴപ്പെയ്ത്തിൽ
തണുത്ത് വിറങ്ങലിച്ച്
ജലനൂലുകളുടെ ഈറൻ വലയ്ക്കുള്ളിൽ കുരുങ്ങി
കത്തിയെരിയുന്ന
വെയിൽ ഞരമ്പുകൾക്കിടയിൽ
വെന്തുപുകഞ്ഞ്
കണ്ണീര്‍നിണം കലര്‍ന്ന ഉപ്പുകാറ്റ്,
തീരങ്ങളെ കരിച്ച്
ചക്രമില്ലാത്ത വണ്ടിയില്‍
കിതച്ച് കിതച്ചങ്ങനെ !

ഉഷ്ണരാശിയിൽ ഉരുകിത്തീർന്നവർ
 ആത്മാവിന്‍റെ  ചൂട് ഉറഞ്ഞു പൊള്ളിച്ച
സമുദ്ര ഗര്‍ഭത്തിലേക്ക്
സഹനത്തിന്‍റെ  ആഴമളക്കാന്‍ പോയി.
ചിലരപ്പോഴും പുളിച്ച കണ്ണുകള്‍ തിരുമ്മി,
രാത്രിയുടെ കടലാഴ്ങ്ങളില്‍ കണ്ണുംനട്ട്
പിടിയൂര്‍ന്നുപോയവരുടെ ആത്മാക്കളെ    തിരയുന്നു;

എക്കിക്കയറിയ ചവിട്ടുകല്ലുകളുടയ്ക്കപ്പെട്ടവർ
മെത്തിയൊഴുകുന്ന ആത്മരോഷം
വ്യഥയിലൊതുക്കി
 വിശപ്പിൻ്റെ ഉടുതുണി വരിഞ്ഞ് മുറുക്കി
വറ്റിവരണ്ട തൊണ്ട തിരുമ്മി നനച്ച്
ആധിയും വ്യാധിയും ചൊറികുത്തിമാന്തി
കുന്തക്കാലിലിരുന്ന്
നാളെയെ പ്രാകിവെളുപ്പിക്കുന്നു.

തീ തിന്ന് നാവുവെന്ത അമ്മ;
കരിഞ്ഞ മുല ഞെട്ടുകള്‍ക്കു പകരം
 നൊന്ത കണ്ണിലെ പ്രാണരക്തം
ഒഴിച്ച മൂത്രത്തിൽ പകര്‍ന്ന്
മലം തിന്ന് വാ വിങ്ങിപ്പഴുത്ത്
വരണ്ടുണങ്ങിയ കുഞ്ഞു വായിൽ
ജീവൻ്റെ ചെറുനീരിറ്റിയ്ക്കുമ്പോൾ
സമയ സൂചികയുടെ മുന കുത്തിയൊടിയുന്നു

ഹൃദയവേവുകൾ ഉരുക്കിയൊരു  കനൽക്കല്ലാക്കി
കലഹിക്കാനൊന്നുമില്ലാഞ്ഞിട്ടും  പരസ്പരമടിച്ചുവീഴ്ത്തി
 കടിച്ചെടുത്ത മനുഷ്യമാംസങ്ങൾ
പച്ചയ്ക്ക് ചവച്ചിറക്കി
വയറിന്‍റെ  മുരള്‍ച്ചയടക്കുമ്പോള്‍,
തലനീട്ടി മണക്കുന്ന മരണം നീലക്കടലിളക്കി
ചുവന്നചോര തുപ്പുന്നു 

വിളറിവെളുത്ത ആകാശമേഘങ്ങൾക്കിടയിൽ തിളങ്ങിയൊഴുകുന്ന പക്ഷിക്കൂട്ടങ്ങളെ
മക്കൾക്ക് ചൂണ്ടിക്കാട്ടി
ചുടുനെടുവീർപ്പിൻ്റെ തീ ചൂടിൽ
അച്ഛൻ്റെ കൺകോണിൽ തങ്ങിയ മിഴിനീർകണത്തിൽ മുനിഞ്ഞുകത്തുന്ന പ്രതീക്ഷയുടെ മങ്ങിയ ചെറുതിരിവെട്ടം                 

ഊരിപ്പിടിച്ച കുഞ്ഞുജീവൻ ഉള്ളുപിടച്ച്
ഒരു നിലവിളിയായി ആഴങ്ങളിലേക്ക് ഊർന്നിറങ്ങുമ്പോൾ
കടലിനെ കൺകോണിലൂടൊഴുക്കി ആകാശത്തെ കൺമുനയിൽ കോർത്തുടക്കി ആണ്ടുപോയ വിശ്വാസത്തിൻ്റെ
ആഴങ്ങളിൽ കൈകാലിട്ടടിച്ച്
കാലഗതികൾക്ക് വകവെയ്ക്കാതെ
കാറ്റിരമ്പലിന് മുഖം കൊടുക്കാതെ
മടക്കമില്ലാത്ത മോഹങ്ങളിലേയ്ക്ക് കണ്ണുനീട്ടി
തിരയില്ലാത്ത കടലുകൾ സ്വപ്‌നം കണ്ട്
അഭയസ്ഥലികൾ തിരഞ്ഞെങ്ങോട്ടൊ

നീറി നിൽക്കുന്ന കാലസന്ധിയിൽ
കെട്ടുകാഴ്ചകൾ
അനീതികൾ അസമത്വങ്ങൾ
ആകുലതകൾ നിറഞ്ഞ കലഹങ്ങൾ
ജന്മാവകാശത്തിൻ പോരുടലുകൾ
വിപ്ളവങ്ങൾ ധാർഷ്ട്യത്തിൻ പ്രതിസ്വരങ്ങൾ പ്രതിരോധങ്ങൾ  യുദ്ധം സമാധാനം
പ്രണയവും രതിയും വിരഹവും
ഉന്മാദത്തിൻ്റെ ഉൾകാഴ്ചകൾ

അഹിംസ ഹിംസയായി രൂപാന്തരപ്പെട്ട
വംശീയവെറിയുടെ കൂട്ടക്കൊലകൾ

 ഇനിയേത്  കുഞ്ഞാടിന്‍റെചുടുചോരയ്ക്കായാണ് വെറിപൂണ്ടു  നില്‍ക്കുന്നത്

ബുദ്ധാ;
അങ്ങിപ്പോഴും
ബോധി വൃക്ഷത്തിന്‍റെ
ചുവട്ടില്‍ തന്നെയാണല്ലോ 

കുരുക്കിയ , കുരുതികഴിച്ച
കുഞ്ഞാടുകളുടെ നിലവിളി
അങ്ങ് കേള്‍ക്കുന്നില്ലേ ?
അതോ,ഇനിയും കടുക് മണിക്കായ്
"മരിക്കാത്ത വീട് തിരഞ്ഞു പോകുക" യെന്നാണോ?

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...