Tuesday, January 28, 2020

ശിഥില താളം:krishnakumar


നിയും പിറക്കുമോ പുലരിയിൽ നിറവാർന്ന
മധുക്കണം പെയ്യുന്ന നല്ല നാളെ
ഇനിയും ഞാൻ കാണുമോ പത്രത്തിൽ
നന്മതൻ നനവൂറി നിൽക്കുന്ന നല്ല കാഴ്ച്ച.
എവിടെയും ചോരക്കറയാലെ വിങ്ങിയ
ഹൃദയത്തുടിപ്പിന്റെ വിരഹ താളം
എവിടെയും നന്മകൾ മരവിച്ചുണങ്ങിയ
ഇരുൾ വീണ മനസ്സിന്റെ ശിഥില താളം.
ഇന്നത്തെ പത്രം മെല്ലേയെടുത്തു ഞാൻ
ഒന്നാം പുറത്തിലെ കാഴ്ച്ച നോക്കി,
ട്രെയിൻ തട്ടി ചത്ത കാട്ടാനയെ ഞാൻ
സഹതാപമോടെ നോക്കി നിന്നു.
കസ്റ്റഡിമരണവും കർഷക മരണവും
ഒന്നാം പുറത്തിൽ നിറഞ്ഞു നിന്നു.
ചായയോടൊപ്പം ഒന്നു കടിക്കുവാൻ
രണ്ടാം പുറം ഞാൻ മറിച്ചു നോക്കി
പൊട്ടിയ റോഡും മലവെള്ളപാച്ചിലും
പൊള്ളുന്ന വിലയുള്ള പെട്രോളിൻ വാർത്തയും
രണ്ടാം പുറത്തിന്റെ മാറ്റുകൂട്ടി
പിന്നെയും പിന്നെയും കാണാപുറങ്ങളിൽ
ഒരുപാട് കാഴ്ച്ചകൾ കണ്ടുപോയ് ഞാൻ,
ചോര മണക്കുന്ന പിഞ്ചുകിടാവിനെ
പള്ളിമുറ്റത്തേക്ക് തൂക്കിയെറിഞ്ഞതും,
മുലകുടി മാറാത്ത പിഞ്ചു കിടാവിനെ
ക്രൂരമായ് കാമിച്ച് കൊന്നു കളഞ്ഞതും
പെങ്ങളായ് മകളായ് അമ്മയായ് തീരണ്ട
പൊന്നു കിടാങ്ങളെ പിച്ചിയെറിഞ്ഞതും,
ദൈവത്തെ രക്ഷിക്കാൻ തെരുവിലിറങ്ങി
മുറിയാതെ ഉച്ചത്തിൽ ജാഥ വിളിച്ചതും
സഹതാപമോടെ ഞാൻ നോക്കി നിന്നു.
കാണാപുറങ്ങളിൽ തേടി നടന്ന ഞാൻ
ചരമ കോളത്തിന്റെ അരികിലെത്തി
ഇതുവരെ കാണാത്ത പലവിധം ചിത്രങ്ങൾ
ചരമ കോളത്തിൽ നിറഞ്ഞുനിന്നു.
എവിടെയും ചോരക്കറയാലെ വിങ്ങിയ
ഹൃദയത്തുടിപ്പിന്റെ വിരഹ താളം
ഇനിയും പിറക്കുമോ പുലരിയിൽ നിറവാർന്ന
മധുക്കണം പെയ്യുന്ന നല്ല നാളെ..


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...