Thursday, January 30, 2020

സുൽത്താൻ സൈനുൽ ആബിദിൻ നാശത്തെ
മുന്നറിയിച്ച  നക്ഷത്രം തെളിഞ്ഞു മറഞ്ഞു 
സംവത്സരങ്ങൾ കടന്നുപോയി 
വെള്ളം മണിമകുടങ്ങളെ മൂടിപ്പുതച്ചു 
പറഞ്ഞു വെച്ചതുപോലെ 
ഇളനീർ കൂടുകളോടെ ഗോപുരങ്ങളെ ചവുട്ടി കടന്നുപോകുമ്പോൾ 
ഓന്നൊന്നായ് പാൽപ്പല്ലുകൾ പോലെ വീണ സാമ്രാജ്യങ്ങൾ 

മുൻപ് കിഴക്കു നിന്നും പുറപ്പെട്ട മൂന്നു ജ്ഞാനികൾക്കും 
അവരുടെ ഒട്ടകങ്ങൾക്കും വഴികാട്ടിയത് ഇതേ നക്ഷത്രമായിരുന്നു 
നിങ്ങൾക്കറിയുമല്ലോ യൂദന്മാരുടെ രാജാവു പിറന്നപ്പോൾ ..
ഇത് വീണ്ടും വരുമ്പോൾ നാമുണ്ടായിരിക്കാം ഒരുവേള 
ഒട്ടകങ്ങൾ ഇല്ലാതായേക്കാം അല്ലെങ്കിൽ  ആരുമറ്റുപോയേക്കാം 
ഒന്നിനുമൊരുറപ്പില്ല എന്തെന്നാൽ 
എല്ലാം മുമ്പെങ്ങോ നടന്നുകഴിഞ്ഞിട്ടുള്ളതാണ് 
ഈ ഉച്ചയുമീ പാട്ടും എന്നെ കടന്നുപോകും വാഹനങ്ങളും 
എല്ലാം ശിഥിലമായ താഴികക്കുടത്തിൽ അമർന്നിരിക്കും പീലിമയിലിനെ 
എന്നോ ഒരുനാളിൽ ഞാൻ കണ്ടതാണ് .എവിടെയെന്നറിയില്ല.
 
കാലം അലകൾ മേയ്ച്ചുകൊണ്ടിരിക്കുകയാണ് 
ഞാൻ മറ്റൊരു ഗ്രാമത്തിലേക്ക് പോകുകയാണ് 
കർപ്പൂര മരങ്ങൾ മുജ്ജന്മ സ്മൃതിയിൽ അലയടിക്കുന്ന 
അവിടെയും എങ്ങനെയോ വന്നു ചേരുന്ന പേക്കിനാവുകൾ 
പച്ചമരുന്ന് തേടിപ്പോകും കാട്ടുവൈദ്യരുടെ കത്തിലെ 
കരിംപൂതങ്ങളുടെ മുരൾച്ച  എന്റെ വീട്ടിലെനിക്കു കേൾക്കാം
ദൂരെ മലകളിൽ തീ പടരുന്ന ഈ രാത്രിയിൽ 
ഇതും എനിക്ക് പരിചയമല്ലൊ 
.




No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...