Friday, January 31, 2020

rejishankar


പ്രയം
ആൽക്കെമി പോലെയാണ്
 .
ദേശാന്തരങ്ങളിലൂടെ
മറ്റെല്ലാം ഊരിയെറിഞ്ഞ്
ഹൃദയത്തിന്റെ വാതായനങ്ങൾ തുറന്നിട്ട്
മഞ്ഞും മഴയും എരിവെയിലുമറിയാതെ
നദിപുളിനങ്ങളും വനനികുഞ്ചങ്ങളും 
മണൽക്കാടുകളും താണ്ടി
പ്രണയത്തോട് മരണംകൊണ്ടു
പ്രതികാരം ചെയ്തവരുടെ വിലാപങ്ങളും
 പ്രണയത്തിൽ കുതിർന്നുപോയവരുടെ 
പതുപതുപ്പും കടന്ന്‌ താമരകൾക്കിടയിൽ
 മേയുന്ന ഇണയരയന്നങ്ങളുടെ
 അനുരാഗാനദിയിൽ മുങ്ങി നിവർന്നു,
നിലാവിൽ വീണ പിരമിഡുകളുടെ,
 പനയോലകളുടെ നിഴലിലിരുന്ന് 
അലിഞ്ഞലിഞ്ഞ് പാടി
ചന്ദ്രികയെ അലിയിച്ചുതിർത്തൊരു
 വെളിച്ചക്കടലാക്കിയാലും പ്രണയത്തിന്റെ
 ഒരിലയനക്കം പോലും ഉണ്ടാകണമെന്നില്ല.

ഉറകെട്ട ജീവിതങ്ങൾ
ഏഴല്ല, എഴുന്നൂറ് ജന്മങ്ങൾ 
ഒരുമിച്ചു സഞ്ചരിച്ചാലും 
മരിച്ചവരെപ്പോലെ പുണർന്നും വേർപെട്ടും 
മൈലുകൾ മനസ്സുകൊണ്ടളന്നങ്ങനെ നീളും.

നിന്റെ ഹൃദയാഴങ്ങളിലേക്കുള്ള 
എന്റെ മുങ്ങിക്കപ്പൽ ചലിക്കുന്നതില്ലന്ന് 
നീ മാത്രമറിഞ്ഞ രഹസ്യം.

കളഞ്ഞുപോയ പ്രിയപ്പെട്ടതിനെ
ഓർക്കാതിരിക്കെ കണ്ടെത്തിയ
നടുക്കം പോലൊരു ഇഷ്ടത്തെ
 കണ്ടെത്തുമ്പോളാണ്,
ഹൃദയം രോമകൂപങ്ങലിലൂടെ 
ശാഖികൾ നീട്ടി തളിർത്ത്
 ഉടലാകെ പൂത്തുലയുന്നത്.
അതിൽ, കണ്ണിൽ വിരിയുന്നതിനെയാണ് 
മാലാഖമാർ പൂജയ്ക്കെടുക്കാറുള്ളത്.


പ്രണയം,
ആൽക്കമിയാണ്.
അതു, ഉള്ളിൽ ചടഞ്ഞുപോയ 
താമരനൂലുകൾ
സ്വർണ്ണ നാരുകളാക്കുന്നു.
വാക്കുപോയ ഹൃദയങ്ങളെ 
പരസ്പരം പണിയുന്നു.

മായാത്ത കാഴ്ചകളിലല്ല
വിനാഴികളുടെ കൈക്കുമ്പിളിലും
വിദൂരതയുടെ സുതാര്യതയിലുമാണ്
അതിരിക്കുന്നതെന്ന് 
ഞാനറിയുന്നില്ലന്നത്
നീ മാത്രമറിയുന്ന രഹസ്യം.

എന്തിനാണിങ്ങനെ
പൂക്കൾ വിരിയുന്നതെന്ന്‌
ഞാൻ തലപ്പുകയുമ്പോൾ
നിന്റെമുഖം എന്തായിരുന്നുവെന്ന് 
ഞാൻ അറിഞ്ഞിരുന്നില്ലന്നത് മാത്രം 
ഒരു രഹസ്യമല്ല.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...