Thursday, January 16, 2020

മെലാനിൻ എന്ന വർണ്ണ വസ്തു ARUNDHATHI MADHUMEGHA




മെലാനിൻ നീ ഊറിയുറഞ്ഞ്

കൃഷ്ണമണിയെ കറുപ്പിക്കുമ്പോൾ

കണ്ണുകൾ,ഉൾത്തിരകളുയരുന്ന ആഴക്കടൽ
നീ ആഴ്ന്നിറങ്ങി മുടിയിഴകൾ കറുക്കുമ്പോൾ 
കത്തുന്ന യൗവ്വനത്തിൻ്റെ കരുത്തിനടയാളം
മെലാനിൻ ,നീ ചിലരുടെ തൊലിയെ കറുപ്പിക്കുമ്പോൾ 
കാർവർണ്ണൻ എന്നും കറുപ്പിന് ഏഴഴക് എന്നും

പക്ഷേ, ഇത്തിക്കണ്ണികൾ തഴച്ചു നിറഞ്ഞ ഞങ്ങളുടെ ഉടലിൽ നീ കറുപ്പ് തേക്കുമ്പോൾ എങ്ങനെ ഞങ്ങൾ മാത്രം കറുത്തവരായി     ?
ഞാൻ കേട്ടിട്ടുള്ളത്
നിറങ്ങളെല്ലാം കൂട്ടി കുഴച്ച് ചേർത്തത് കറുപ്പ് !
അങ്ങനെയെങ്കിൽ ,വർണ്ണത്തോടു കൂടിയവർ തന്നെയല്ലേ കറുത്തവർ?
സർവ്വ നിറങ്ങളും ഉരുകിചേർന്നവർ!

മെലാനിൻ,
വെളുപ്പ്, നിൻ്റെ കുറവിൻ്റെ അടയാളം മാത്രമാണ്.
കറുപ്പ് അധികത്തിൻ്റെയും പിന്നെ എന്തിനീ കീഴ്മേൽ വഴക്കങ്ങൾ?

ഞങ്ങൾ
ലോകത്തിൻ്റെ ശില്പികൾ.
ശിലകളാക്കി മാറ്റി ഉടക്കപ്പെട്ടവർ ,
കലർപ്പില്ലാത്ത ബീജത്തിൻ്റെ
അടിസ്ഥാന പരിണാമങ്ങൾ.
ഇടമില്ലാതായ മണ്ണകങ്ങൾ

വെളുപ്പിനെ നിങ്ങൾ അഴകിൻ്റെ അലങ്കാരമാക്കി മാറ്റുമ്പോൾ.
കറുപ്പിനെ ഞങ്ങൾ കരുത്തിൻ്റെ ഊർജ്ജമായി വിലമതിക്കുന്നു

മെലാനിൻ
ഉള്ളിലെ ഉലയിലിട്ട്
നിൻെറ കനൽക്കണ്ണുകളെ ഊതിത്തെളിച്ച് ,
തീ പിടിച്ച് ,ഉടൽകരിഞ്ഞ്,
ഉരഞ്ഞുരഞ്ഞ് കറുകറുത്ത
കരിങ്കൽപ്പാറകളായി അമർന്നുറച്ചപ്പോൾ
ഞങ്ങളുടെ ആകാശവും സമുദ്രവും ആഴങ്ങളോളം
കരിനീലിച്ച കറുപ്പായി.
ഭൂമി ഇരുണ്ട മരുഭൂമിയും

നീ
ചിതറപ്പെട്ടവരുടെ ഇരുൾനിറഞ്ഞ
നൂറ്റാണ്ടുകളെ
തുടച്ച് മായ്ക്കപ്പെട്ട ചരിത്ര സത്യങ്ങളെ
മണ്ണിന്റെ മണം നിറഞ്ഞ വിയർപ്പിനെ
പ്രതിരോധത്തിന്റെ കിതപ്പടിഞ്ഞ്
ഉണങ്ങിക്കട്ടയായ രക്തക്കണ്ണീരിനെ,
അടയാളപ്പെടുത്തുന്നു.

അതുകൊണ്ട്,
ഈ അന്ധതമസ്സിൽ
വെളിച്ചമെന്തെന്ന് തിരിച്ചറിയിക്കാൻ
നിൻ്റെ ഉറവക്കണ്ണുകൾ തുറന്നൊഴുകി
ഞങ്ങളിൽ മാത്രം നിറഞ്ഞ്പടരുക.


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...