Sunday, August 2, 2020

രാംകിങ്കർ ഓർമ്മ ദിനം.K.K. ബാബുമോൻ



ഇന്ന് രാംകിങ്കർ ബൈജ് ഓർമ്മ ദിനം.

വിഖ്യാത ഭാരതീയ ശില്പിയും, ചിത്രകാരനുമായ രാംകിങ്കർ ദിവംഗതനായിട്ട് 40 വർഷമാകുന്നു. 1980 ഓഗസ്റ്റ് രണ്ടിനാണ് അദ്ദേഹം അന്തരിച്ചത്.

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പഠിക്കുന്ന സമയത്ത് (1993-ൽ) ഓൾ ഇന്ത്യ ടൂർ പോയിരുന്നു. അപ്പോൾ ഉള്ളിലുണ്ടായിരുന്ന വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു രാം കിങ്കറിൻ്റെ 'സന്താൾ ഫാമിലി' നേരിട്ട് കാണണമെന്ന്. പക്ഷെ, ഒറീസ്സയിലെ കൊണാർക്ക് അടക്കമുള്ള പല വിസ്മയങ്ങളും കണ്ട് ബംഗാളിലേയ്ക്ക് കടന്നപ്പോൾ പണികിട്ടി... എവിടെ നിന്നോ ഉരുളക്കിഴങ്ങും മുട്ടയും മീനും ചേർത്ത ഒരു പ്രത്യേക കറി കഴിച്ചു. അതോടെ വയറ് പണിമുടക്കി. താമസിയാതെ അത് പനിയായി മാറി. ശാന്തിനികേതനിലെത്തിയപ്പോഴേയ്ക്കും കടുത്ത പനിയായി. അങ്ങനെ, എൻ്റെ 'സന്താൾ ഫാമിലി' സ്വപ്നം ബാക്കിയായി. പിന്നീട് ഹൈദരാബാദിൽ പഠിക്കുന്ന സമയത്താണ് ആ ആഗ്രഹം സഫലീകരിക്കപ്പെട്ടത്. അന്ന് അത്ര തിരക്കുള്ള ആൾക്കാരൊന്നും കൂട്ടത്തിൽ ഇല്ലാതിരുന്നതുകൊണ്ട് ശില്പം മതിയാവോളം നോക്കിക്കണ്ടു. കുറെ നേരം ശില്പത്തിലേക്കങ്ങനെ നോക്കി നിന്നപ്പോൾ രാംകിങ്കർ എങ്ങനെയായിരിക്കും ഇത് ചെയ്തിരിക്കുക എന്ന് ആലോചിച്ചു പോയി! പിന്നീട് അക്കാദമിയിൽ ജോലി ചെയ്യുന്ന സമയത്ത് കൊൽക്കത്ത, ശാന്തിനികേതൻ യാത്രയ്ക്കിടെ ഒരു പ്രാവശ്യം കൂടി നമ്മുടെ അഭിമാന സൃഷ്ടി കാണാൻ കഴിഞ്ഞു. എന്തോ, 'സന്താൾ ഫാമിലി' വീണ്ടും വീണ്ടും കാണാനൊരു ആഗ്രഹമാണ് മനസ്സിൽ.


1906-ൽ പശ്ചിമ ബംഗാളിലെ 'ബാംഗുര' യിൽ ഒരു നിർധന കടുംബത്തിലായിരുന്നു രാം കിങ്കറിൻ്റെ ജനനം. കലയോടുള്ള മൗലികവും ശക്തിമത്തുമായ സഹജവാസനയും നിശ്ചയദാർഢ്യവും അദ്ദേഹത്തെ ഇന്ത്യയിലെ പ്രധാനപ്പെട്ട ആദ്യകാല ആധുനിക കലാകാരന്മാരിലൊരാളാക്കി. കുട്ടിക്കാലത്ത്, നാട്ടിലുള്ള പരമ്പരാഗത ഗോത്രകലാകാരന്മാരുടെ കളിമൺ ശില്പ നിർമ്മാണം കണ്ടു വളർന്ന രാംകിങ്കർ, ഒരു ബാലനായിരിക്കെ തന്നെ ചെറിയ ചെറിയ കളിമൺ രൂപങ്ങൾ നിർമ്മിക്കുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തിരുന്നു. ചെറുപ്പത്തിൽ തന്നെ രാംകിങ്കറിലുള്ള ഈ പ്രത്യേക വാസനയെ അക്കാലത്തെ പ്രധാനപ്പെട്ട ദേശീയ പ്രസ്ഥാനപ്രവർത്തകരിലൊരാളായിരുന്ന രാമാനന്ദ ചാറ്റർജ്ജി കണ്ടെത്തുകയും ശാന്തിനികേതനിലെ കലാഭവനിലെത്തിക്കുകയും ചെയ്തു. രവീന്ദ്രനാഥ ടാഗോറിൻ്റെ വ്യക്തിപ്രഭാവം തുടിച്ചു നിന്ന ശാന്തിനികേതൻ അന്തരീക്ഷത്തിൽ, നന്ദലാൽ ബോസിൻ്റെ ശിക്ഷണത്തിൽ, രാം കിങ്കറിൻ്റെ ധിഷണയും, സർഗ്ഗാത്മകതയും രൂപപ്പെടുകയായിരുന്നു പിന്നെ. കലാഭവനിലെ പഠനത്തിനുശേഷം അവിടെ അദ്ധ്യാപകനായി ഉപജീവനം ആരംഭിച്ച അദ്ദേഹം നന്ദലാൽ ബോസും, ബിനോദ് ബിഹാരി മുക്കർജ്ജിയുമായി ചേർന്ന് സ്വാതന്ത്ര്യലബ്ധിയ്ക്കു മുൻപ് തന്നെ ശാന്തിനികേതനെ ഇന്ത്യൻ കലയുടെ ഒരു പ്രധാന കേന്ദ്രമാക്കി. 



കേവലം ഒരു പരിശീലനകേന്ദ്രം എന്നതിലുപരി കലയിലെ പരീക്ഷണത്തിൻ്റെയും അറിവിൻ്റെയും കൃത്യമായ സ്ഥലം എന്ന നിലയിലാണ് ശാന്തിനികേതനെ പിന്നീടങ്ങോട്ട് നാം കണ്ടത്. ഇത്, പുതുതായി എത്തിച്ചേരുന്ന കലാകാരന്മാർക്ക് തങ്ങളുടെ കാഴ്ചയ്ക്ക് ഒരു സാമൂഹികമാനം ഉണ്ടാക്കാൻ അവരെ പ്രാപ്തരാക്കി. തൻ്റെ സമകാലീനർക്കും പിൽക്കാല കലാകാരന്മാർക്കും പ്രചോദനമേകും വിധം ഈ അവസരം ഉപയോഗപ്പെടുത്തി രാം കിങ്കർ, സ്വപ്രയത്നത്താൽ വലിയ വലിയ ശില്പങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി ശാന്തിനികേതനിൽ സ്ഥാപിക്കുകയായിരുന്നു. വിഷയത്തിലും ശൈലിയിലും പരീക്ഷണാത്മകമായി പുതിയ മാർഗ്ഗം കണ്ടെത്തിയായിരുന്നു രാംകിങ്കറിൻ്റെ രചനകൾ പിറവികൊണ്ടത്.

ഇത്തരത്തിൽ, രാംകിങ്കറിൻ്റെ ഏറ്റവും പ്രസിദ്ധമായ സൃഷ്ടികളിലൊന്നായിരുന്നു മുൻപ് ഞാൻ സൂചിപ്പിച്ച 'സന്താൾ ഫാമിലി ' കോൺക്രീറ്റ് ശില്പം. ശില്പത്തിലെ (നിശ്ചയമായും അവർ ഭാര്യാഭർത്താക്കന്മാരായിരിക്കണം.) സ്ത്രീ ഒരു കുട്ടിയുടെ കൈയ്യിൽ പിടിച്ചിരിക്കുകയാണെങ്കിൽ, മറ്റെ കുട്ടിയെ എടുത്തിരിക്കുകയാണ് പുരുഷൻ. വലിയൊരു മുളംകോൽ അയാൾ ചുമലിലെടുത്തിട്ടുണ്ട്. മുളയുടെ അറ്റത്തുള്ള ബാസ്ക്കറ്റിലാണ് കുട്ടിയുള്ളത്. ഒപ്പം ഞെളിഞ്ഞു നടക്കുന്ന ഒരു നായയെയും കാണാം.എല്ലാ രൂപങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഒരു പ്രത്യേകത. ശില്പം ഏകദേശം ലൈഫ് സൈസിൻ്റെ ഒന്നര മടങ്ങ് വലുപ്പമുള്ളതാണ്.ഇതിൻ്റെ ചലനാത്മകതയാണ് ഒരു പ്രധാന സവിശേഷത. ഫിഗറുകളുടെ  രചനാപരമായ സ്ഥാനവും അംഗവിക്ഷേപങ്ങളും കൊണ്ടാണ്  രാംകിങ്കർ ഇത് സാധിച്ചത്. പരിമിതമായ വസ്ത്രവും, കുട്ടികളുടെ നഗ്നതയും ഇവരുടെ ദാരിദ്ര്യത്തെ വിളിച്ചോതുന്നു. ഒരു കർഷക കുടുംബത്തിൻ്റെ എല്ലാ സവിശേഷതകളും കാണപ്പെടുന്ന ഈ സന്താൾ കുടുംബം ചന്തയിൽ പോയി വരുന്ന വഴിയാണ്.ശാന്തിനികേതനെ കൃത്യമായി അറിഞ്ഞ് സൃഷ്ടിക്കപ്പെട്ട ഈ ശില്പം ഏറ്റവും ചുരുങ്ങിയ ചെലവിലാണ് രാംകിങ്കർ 1938-ൽ നിർമ്മിച്ചത്. അതിനും മുൻപ് 1935ൽ അദ്ദേഹം തൻ്റെ മറ്റൊരു ശില്പം 'സുജാത ' കോൺക്രീറ്റിൽ നിർമ്മിക്കുന്നുണ്ട്.  കോൺക്രീറ്റ് മാദ്ധ്യമമാക്കി ആദ്യമായി പൊതു ശില്പം ഇന്ത്യയിൽ നിർമ്മിക്കുന്നത് ഒരു പക്ഷെ, രാംകിങ്കറായിരിക്കും. 'സുജാത ' നിർമ്മിക്കുമ്പോൾ മുളയായിരുന്നു ആർമച്ചർ ആയി ഉപയോഗിച്ചിരുന്നതെങ്കിൽ, 'സന്താൾ ഫാമിലി'യിൽ ഇരുമ്പ് തന്നെയാണ് ഉപയോഗിച്ചിരുന്നത്. മാത്രവുമല്ല, സാധാരണ കോൺക്രീറ്റിനു പകരമായി ചരൾ സിമൻ്റുമായി ചേർത്ത് ,വിഷയവുമായി ഏറ്റവും അടുത്തു നിൽക്കുന്ന തരത്തിൽ ലാവണ്യബോധം പ്രദാനം ചെയ്യുന്ന രീതിയിലായിരുന്നു 'സന്താൾ ഫാമിലി' കലാചരിത്രത്തിൽ അടയാളപ്പെടുത്തിയത്. അതായത്, രാംകിങ്കറിൻ്റെ കലയിലെ പ്രമേയം ഒരർത്ഥത്തിൽ അദ്ദേഹം തന്നെയായിരുന്നു. മണ്ണിൻ്റെ മണവും ജീവിതവുമാണതിൽ നമുക്ക് കാണാനാവുക. അഥവാ, പ്രകൃതിയും ജീവിതവുമായി ആഴത്തിലുള്ള ബന്ധമാണ് രാംകിങ്കറിൻ്റെ സൃഷ്ടികളിലൂടെ നാം അറിയുന്നത്. ഒരിക്കലദ്ദേഹം പറയുന്നുണ്ട്,
 "സന്താളുകളുടെ ജീവിതത്തിൻ്റെ ഊർജ്ജസ്വലതയും താളവുമാണ് എന്നെ അവരിലേക്ക് ആകർഷിച്ചത്. അവരുടെ വാക്കും ചലനങ്ങളും താളാത്മകമാണ്. തങ്ങളുടെ വീട്ടുപണികളിലും, ദൈനംദിന പ്രവൃത്തികളിലും ആഘോഷങ്ങളിലുമെല്ലാം ഈ താളമാണ് കാണാനാവുക. നമ്മുടേത് പോലെ അഴുക്കോ വിദ്വേഷമോ ഉള്ള ജീവിതമല്ല അവരുടേത്. " 

രാംകിങ്കറിൻ്റെ വാട്ടർ കളറുകളുടെ സ്വാഭാവികതയും പോട്രേറ്റ് പെയ്ൻ്റിങ്ങുകളുടെ ചലനാത്മകതയും സവിശേഷമാണ്. എങ്കിലും, അദ്ദേഹത്തിൻ്റെ പോട്രേറ്റ് ശില്പത്തേക്കുറിച്ച് രണ്ട് വാക്ക് പറയാതെ വയ്യ. കുറച്ചു വർഷങ്ങൾക്കു മുൻപ് ജോണി എം.എൽ അവതരിപ്പിച്ച പ്രബന്ധത്തെക്കുറിച്ച് ഓർമ്മിക്കുന്നു. രവീന്ദ്രനാഥ ടാഗോറിനെപ്പറ്റിയുള്ള ഒരു പ്രബന്ധമായിരുന്നു. ടാഗോറിൻ്റെ എഴുത്തും കലയും ജീവിതവുമെല്ലാം ഗതിവിഗതികളോടെ അനുക്രമമായി അവതരിപ്പിച്ച ജോണി, അവസാനം എത്തിനിന്നത് രാംകിങ്കർ ചെയ്ത ടാഗോറിൻ്റെ പോട്രേറ്റിലാണ്. ടാഗോർ തൻ്റെ അവസാനകാലത്ത് യുദ്ധത്തിനെതിരെ മാനവികതയ്ക്കായി വിലപിക്കുന്നുണ്ട്.. നാം കണ്ടു പരിചയിച്ച ടാഗോർ രൂപത്തിൽ നിന്നും വിഭിന്നമായി ടാഗോറിനെ പൂർണ്ണമായും ഉൾക്കൊണ്ട് വളരെ വ്യത്യസ്ഥമായി രചിക്കപ്പെട്ട ഒന്നായിരുന്നു രാംകിങ്കർ  ചെയ്ത ആ പോട്രേറ്റ്. ആധുനികഇന്ത്യൻ പോട്രേറ്റ് ശില്പങ്ങളിൽ തന്നെ അനന്യമായി നിലകൊള്ളുന്ന ആ കലാസൃഷ്ടിയുടെ ദർശനവും സൗന്ദര്യ ശാസ്ത്ര വിശകലനവും വളരെ സാർത്ഥകമായാണ് അന്ന് ജോണി എം.എൽ അവതരിപ്പിച്ചത്.

കെ.കെ.ബാബുമോൻ
2020 ഓഗസ്റ്റ് 2
 

ദലിത് ക്രൈസ്തവന് ചരിത്രമില്ലാത്ത കേരളം:രജിശങ്കർ

മിഷനറി ക്രിസ്ത്യാനി vs അപ്പച്ചൻ.!!!!!
Prdsന്റെ പുതിയ തെറ്റിദ്ധരിപ്പിക്കൽ പ്രസാദം
*******************************************

അഭിലാഷ് വിജയന്റെ വീഡിയോ കണ്ടു. വളരെ സന്തോഷം തോന്നി.അപ്പച്ചന്റെ മരണശേഷം എടുത്ത നിലപാടിന്റെ ലക്ഷ്യം പൂർത്തീകരിച്ചതായി കണ്ടതിൽ കൃതാർത്ഥനായി.അക്കാദമീഷ്യന്മാർക്കുള്ള മറുപടി ആണെങ്കിലും സ്വകാര്യമായി പറഞ്ഞതല്ലാത്തതുകൊണ്ടു സാധാരണക്കാരനായ എനിക്കും മറുപടി പറയാമെന്നു കരുതുന്നു.

അഭിലാഷിന്റെ മുഴുവൻ വാദങ്ങൾക്കും മറുപടി പറയുന്നില്ല.എനിക്ക് പറയാനുള്ളത് prds ന്റെ നിലപാടിനെക്കുറിച്ചാണ്.

Prds നെ തകർക്കാനുള്ള ഒരു ഗൂഡാലോചന നടക്കുന്നുവെന്ന് ആദ്യം മുതലേ മറ്റുചിലർ പറഞ്ഞു തുടങ്ങിയിരുന്നത്‌ അഭിലാഷും ആവർത്തിക്കുന്നുണ്ട്.

1.ആർക്കാണ് ഇതു തകർക്കേണ്ടത്?2.അതുകൊണ്ടുള്ള ലാഭം എന്തു?3.ആർക്കുവേണ്ടിയാണ് തർക്കുന്നത്?
4.എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ ചിന്തിക്കുന്നത് ?

ഈ ചോദ്യങ്ങൾക്കുള്ള മറുപടി വ്യക്തമായി പറയേണ്ടതുണ്ട് .ഇതിൽ ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം മാത്രമാണ് അദ്ദേഹം പറയുന്നുള്ളൂ.അതു ദളിത് ക്രൈസ്തവരാണ്.കുറേക്കാലമായി  അക്കാദമിക്  തലത്തിൽ നടന്നുവരുന്ന അന്വേഷണം മിഷനറി രേഖകളെ അടിസ്ഥാനമാക്കിയുള്ളതാകുന്നു.ഇത് prds നെ ഇല്ലാതാക്കുന്നതാണ്.എന്തുകൊണ്ടെന്നാൽ എല്ലാത്തരം രേഖകളും prds നെ വെറുക്കുന്നു.

സനൽ മോഹൻ സാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അടിമത്വത്തെക്കുറച്ചുള്ള പഠനങ്ങൾ prdsനു എതിരാകുന്നതെങ്ങനെയാണ്?വളരെ വിചിത്രമായ വാദഗതിയെന്നു തോന്നും. ചരിത്രം സത്യത്തിന്റെ മൂർത്തരൂപമാണ്.ദൈവം വഴിയിൽ ചത്തു കിടന്നാലും സത്യമായ ചരിത്രം മരിക്കില്ല.ഇതിനെ എന്തിനായിരിക്കണം ഇവർ ഭയപ്പെടുന്നത്?അപ്പച്ചൻ സംസാരിച്ചത് അടിമ വിഷയത്തെക്കുറിച്ചല്ലേ?പിന്നെയെന്തുകൊണ്ടാണ് ആ മേഖലയിലുള്ള പഠനത്തെ ഇവർ സംശയത്തോടെ നോക്കുന്നത്?

നവോദ്ധാന കാലത്തെക്കുറിച്ചു ചരിത്രമെഴുതിയവർ അവർക്ക് ഇഷ്ടമുള്ളതും ആവശ്യമുള്ളതിനെയും കുറിച്ച് മാത്രമാണ് എഴുതിയത്.അയ്യൻകാളി അപ്പച്ചൻ പിന്നെ അൽപ്പം ജോൺ ജോസഫ്.ഇതിലപ്പുറം അങ്ങോട്ടുള്ള കാഴ്ച്ച അധികം പേർക്കുമില്ല.അങ്ങോട്ടു വെളിച്ചം വീശുമ്പോൾ പുതിയ ചില കാഴ്ച്ചകൾ വെളിപ്പെടും.അതിനെയാണ് ഭയപ്പെടുന്നത്.അയ്യങ്കാളിയാണ് ആദ്യമായി ദളിത് വിദ്യാർത്ഥിയെ സ്‌കൂളിൽ ചേർക്കുന്നത് എന്ന ചിത്രം നിറഘോഷങ്ങളോടെ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ അതിനും അരനൂറ്റാണ്ടിന് മുമ്പ് മിഷനറിമാർ ദളിതർക്കിടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നുവെന്ന ചരിത്രം മറഞ്ഞു പോകുന്നു.പഞ്ചമി സ്‌കൂളിൽ ചേരുമ്പോൾ നിരവധി ഉദ്യോഗസ്ഥർ ഉണ്ടായിരുന്നതും അനേകം സ്ത്രീകൾക്ക് വിദ്യ ലഭിച്ചിരുന്നുവെന്ന ചരിത്രവും വിസ്മരിച്ചു.കൃത്യമായ കാലഗണനയോടെ തന്നെ അതു വീണ്ടെടുക്കുമ്പോൾ ചിലർക്ക് നോവും.അതിനെതിരെ പ്രതിരോധം ഉയർത്തുന്നത് അയ്യങ്കാളിയെ അവഹേളിക്കുന്ന വികല ചരിത്ര രചന എന്നു വിലപിക്കുകയും അക്രമ ഭീഷണി മുഴക്കുകയും ചെയ്യുന്നു.ഹൈന്ദവവൽക്കാരിക്കപ്പെട്ടവർ പുതിയ ജീവിതപരിചയങ്ങളിൽ സംതൃപ്തരും അഭിമാനികളും ആയിക്കഴിഞ്ഞപ്പോൾ തങ്ങളുടെ എഴുന്നേല്പിന് പിന്നിൽ ഒരു ക്രൈസ്തവ സാന്നിധ്യം ഉണ്ടന്ന് പറയാൻ വിഷമമുണ്ട്.പഞ്ചമിയെ സ്‌കൂളിൽ കയറ്റുന്നതിനു പിന്നിലെ മിഷനറി സാന്നിധ്യം ഉണ്ടാന്നൊക്കെ അറിയുന്നത് അഭിമാന ക്ഷതമായി തോന്നിയതുകൊണ്ടാണ് ഒപ്പമുണ്ടായിരുന്ന ഇതര ജാതികളെയും ദളിത് ക്രിസ്ത്യാനിയെയും ചരിത്രത്തിൽ അപ്രത്യക്ഷമാക്കിയത്.ആ ഭാഗം തെളിവുകളുടെ തുറക്കുമ്പോൾ ശരിയായ വിഷമം ഉണ്ടാകും.

ഇതേ അനുഭവമാണ് പൊയ്കയിൽ യോഹന്നാനെക്കുറിച്ചു പറയുമ്പോൾ ഉണ്ടാകുന്നതും.നവോദ്ധാനത്തിൽ ദളിത് നിരയെ എഴുന്നേല്പിക്കുമ്പോൾ അതിൽ ഏറെ പ്രാധാന്യത്തോടെ തെളിഞ്ഞു വരുന്ന അപ്പച്ചനെ (പൊയ്കയിൽ യോഹന്നാനെ) ഒരു ഗവേഷകൻ അടയാളപ്പെടുത്തുന്നത് ലഭ്യമായ ആധികാരിക രേഖകളിലൂടെ ആയിരിക്കും.ഒരേ സമയം മിഷണറിമാരോടും നാടൻ ക്രിസ്ത്യാനിയോടും പൊരുതിനിന്ന അപ്പച്ചൻ ക്രൈസ്തവൻ എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.പ്രജാസഭയിൽ ദളിത് ക്രിസ്ത്യാനികൾക്കുവേണ്ടിയാണ് അദ്ദേഹം വാദിക്കുന്നത്. ക്രിസ്ത്യാനി ആയി ഇരിക്കെ തന്നെ അതിന്റെ ശരിയായ ഗുണം അദ്ദേഹം മനസ്സിലാക്കിയതുകൊണ്ടാണ് മുഖം മുറിഞ്ഞു നിന്നതും തന്റെ ആത്മീയതയെ രൂപപ്പെടുത്തുന്നതും.ഈ നിലപാടാണ് അപ്പച്ചനെ അനേകം ദളിത് ഉപദേശിമാരിൽ നിന്നും വ്യത്യസ്തനാക്കുന്നതും.prds ൽ ഒരു പ്രവാചക തുല്യനാകുന്നതും.ഇതിനു ജമൈക്കൻ  സങ്കല്പത്തോട് സമാനതയുണ്ട്.യഹൂദ്പാരമ്പര്യത്തിൽ നിന്നുകൊണ്ടു തന്നെ കറുത്തവന്റെ ആത്മീയതയും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നു.ബോബ് മാർലിയുടെ പാട്ടുകളിൽ അപ്പച്ചന്റെ പാട്ടുകളിൽ കാണുന്ന അടിമയും വിമോചനവും വിശുദ്ധീകരിക്കലുമൊക്കെ കടന്നു വരുന്നുണ്ട്.വേദനയോടെ നിലവിളിക്കുന്നുണ്ട്.രസ്തഫാരി സ്വതന്ത്രമായി നിന്നുകൊണ്ടു വെള്ളക്കാരന്റെ മേധാബോധത്തെയും സാമൂഹ്യ ബോധത്തെയും പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് മാർലിയുടെ പാട്ടുകളിൽ നിറഞ്ഞു നിൽക്കുന്നു.അപ്പച്ചനും അതുപോലെ നൊന്തു നീറി പാടുന്നുണ്ട്.നിന്റെ പാപമെത്ര കടും ചുമപ്പായാലും ഹിമം പോലെ വെളുപ്പിക്കുമെന്ന വാഗ്ദാനം ക്രിസ്ത്യാനിയെ സംബന്ധിച്ചു പ്രധാനമാണ്.കൃസ്തുവിൽ ആയിട്ടും പുലമാറാതായവന്റെ വ്യഥ ആ പള്ളീലോട്ടു വരുന്നില്ലന്ന നിലപാടിൽ കൊണ്ടുചെന്നെത്തിക്കുന്നു. 

അപ്പച്ചന്റെ ഈ ജീവിതത്തെയും അതിന്റെ ചൂടിനെയും റദ്ദ് ചെയ്തുകൊണ്ടുള്ള നിർമ്മിതികളാണ് മരണശേഷം ഒരു വിഭാഗത്തിൽ നിന്നും ഉണ്ടാകുന്നത്.അത് വളരെ ആസൂത്രിതമാണെന്നു ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാകും.അപ്പച്ചനെന്ന ചൂടുള്ള അനുഭവത്തെ ക്രമേണ കുമാരഗുരുവെന്ന നിർമ്മിതിയിലേക്കു പരിണമിപ്പിക്കുന്നു.ഇതിനു പ്രധാനമായും മറികടക്കേണ്ടിയിരുന്ന ഒരു പ്രതിബന്ധം എന്നു പറയുന്നത് യോഹന്നാൻ എന്ന വാസ്തവത്തിന്റെ നാൾവഴികൾ തന്നെയായിരുന്നു.അപ്പച്ചനോട് അടുത്തു നിന്നവരും പ്രവർത്തിച്ചവരും നിൽക്കെ ഉടനടി കീഴ്മേൽ മറിക്കൽ എളുപ്പമല്ലന്നുള്ളതുകൊണ്ടു ആസൂത്രിതമായി കൊണ്ടു വന്ന 'മറ' സിദ്ധാന്തം ഉപയോഗിച്ചുകൊണ്ടു അതിനെ മറികടക്കുന്നുണ്ട്.അതിന് ചുറ്റും സർവതും ജ്ഞാനമയമാക്കി.ക്രിസ്തു മതത്തെ ഒരുമറയാക്കി പുറത്തു പറയാൻ തക്ക ശക്തി ആർജ്ജിച്ചപ്പോൾ അപ്പച്ചൻ തന്റെ അവതാരോദ്ദേശം വെളിപ്പെടുത്തി.ഈ മറയെ prds സാഹിത്യകാരന്മാർ വലിയ ബിംബമായി എടുത്തുകാട്ടുന്നുണ്ട്.സാധാരണ വിശ്വാസികൾക്ക് വളരെ വൃത്തിയായി അംഗീകരിക്കാവുന്ന ഒന്നായിരുന്നു മറ എന്നു കാണാം.ജാതിയുടെ തീവ്രതയും അതിന്റെ ഇടപെടലുകൾ പൊള്ളിച്ച ആത്മാക്കൾക്കു സംശയമില്ലായിരുന്നു.

എന്നാൽ അവശേഷിക്കുന്ന ചിലതുണ്ട്.ഏതാണ്ട് അതേകാലത്തു ശുഭാനന്ദ ഗുരു ഉറച്ച ശബ്ദത്തിൽ സംസാരിക്കുന്നു,വൈകുണ്ഠസ്വാമികൾ മഹാരാജാവിനെ വരെ വെല്ലുവിളിക്കുന്നു.തൈക്കാട്ട് അയ്യാവു സ്വാമി മുറുകി നിൽക്കുന്നു..ഇവരാരും മറയില്ലാതെ നിവര്ന്നു നിന്നപ്പോൾ അപ്പച്ചൻ മറയിട്ടു നിന്നു എന്നു പറയുന്നത് മറ്റൊരുതരത്തിൽ അപ്പച്ചനെന്ന സത്യത്തെ അവഹേളിക്കലാണ്.തന്നെയുമല്ല,അവർ വിമർശിച്ചത് സാമൂഹ്യാധികാരത്തിന്റെ അവസാന വാക്കായ ഹിന്ദു മതത്തെയാണെന്നു ഓർക്കണം.അപ്പച്ചനോ, താരതമ്യേന അപകടം കുറഞ്ഞ പാരമ്പര്യ ക്രിസ്ത്യാനികളെയും മിഷണറിമാരെയുമായിരുന്നു. ഇതു പറയാൻ ഒരു മറയുടെയും ആവശ്യമില്ലെന്നും അങ്ങനെ ഒന്നുണ്ടായിട്ടില്ലന്നും അപ്പച്ചനെ അടുത്തു നിന്നു കാണുമ്പോൾ മനസ്സിലാക്കുമ്പോൾ; തന്ത്ര ശാലി ആയിരുന്നുവെങ്കിൽ ക്രിസ്ത്യാനി ഏൽപ്പിച്ച ആതങ്കം അദ്ദേഹത്തെ വേദനിപ്പിക്കില്ലായിരുന്നു എന്നു മനസ്സിലാക്കാം..അങ്ങനെയൊരാൾക്കു തനിക്ക് എത്തേണ്ടയിടത്തു എത്തിയാൽ മതി.ആ മതം വെറുമൊരു മറ അണങ്കിൽ വേദന നിറഞ്ഞ വിലാപ ഗീതങ്ങൾ അല്ലെങ്കിൽ പ്രതിഷേധ ഗീതങ്ങൾ ഉണ്ടാകുമായിരുന്നില്ല.ആ "പള്ളിയിലേക്കിനിയില്ല"എന്ന തീരുമാനത്തിൽ നിഴലിക്കുന്ന അപമാനവും വേദനയും  അവരുടെ ' മറ സിദ്ധാന്ത' ത്തെ റദ്ദ് ചെയ്യുന്നു.

മറയിൽക്കൂടി യഥാർത്ഥത്തിൽ ഒളിച്ചു കടത്തിയത് ഹിന്ദുത്വം ആണന്നു കാണാം.പിന്നീടങ്ങോട്ട് ആദിദ്രാവിട മൂർത്തിയായ ശിവനിലേക്കു പരിണമിക്കുന്നു.കുമാരഗുരുവെന്ന അശരീര സ്വത്വം രൂപംകൊള്ളുന്നത് പെട്ടന്നാണെന്നു കാണാം.പഞ്ചദൈവങ്ങളും മുരുകനും ഗണപതിയുമൊക്കെ കടന്നു വരുന്നു.പോയ വർഷം ശബരിമല തീർഥാടകർക്ക് ഇളവെടുക്കാനുള്ള ഇടമാക്കാനുള്ള തീരുമാനം വരെ ക്രമാനുഗതമായി ഹൈന്ദവമാക്കാനുള്ള നടപടികളുടെ വികാസമായി കാണാം.

പൊയ്കയിൽ യോഹന്നാൻ ഒരിക്കലും ജീവിതാവസാനം വരെ തന്റെ പേര് മാറ്റുകയോ ഹൈന്ദവമായി സന്ധി ചെയ്യുകയോ ഉണ്ടായിട്ടില്ല.കൂടെ നിന്ന ശുഭാനന്ദ ഗുരു ശൈവത്തിലേക്കു പോയപ്പോഴും വെള്ളിക്കര മത്തായി ചോതി ആയപ്പോഴും യോഹന്നാൻ 'യോഹന്നാനായി ' തന്നെ നിന്നു.അദ്ദേഹത്തെ പിന്തുടർന്ന നേരുള്ളവർ ഒരിക്കലും ശൈവത്തെ വിശ്വസിച്ചില്ല.അപ്പച്ചന്റെ ആത്മീയതയിൽ അവർ ഇന്നും തുടരുന്നു.

അപ്പച്ചന്റെ നാൾ വഴികളിൽ ക്രൈസ്തവനും prds രേഖകളിൽ ഒരു ക്രിസ്ത്യൻ സഭയായും കാണുന്നുവെന്നു സൂചിപ്പിക്കുന്നതാണ് ഇപ്പോഴുണ്ടായ വിവാദത്തിന് കാരണമെന്ന് നിലവിൽ ഉണ്ടായ എഴുത്തുകളിൽനിന്നും കാണാമെങ്കിലും സഭയ്ക്കെതിരെയുള്ള ആക്രമണമാണെന്നു വ്യാഖാനിക്കുകയും ചെയ്യുന്നു.ഇതിനെതിരെ  ദളിത് ഐക്യം തരുമെന്ന് പറഞ്ഞു ദളിത് ബുദ്ധിജീവിയെക്കൊണ്ടു ലൈവിടുവിച്ചു.കൂലിയെഴുത്തുകാരെക്കുണ്ട് സനൽമോഹൻ സാറിനെയടക്കം അപമാനിച്ചു.ഇവർ സത്യസന്ധതയുള്ളവരണങ്കിൽ എന്തിനാണ് ചരിത്രത്തെ ഭയപ്പെടുന്നത്?ഒരു ചരിത്രകാരനോ,സ്വയബോധമുള്ള അന്വേഷകനോ തെളിവുകളെയാണ് ആധാരമാക്കുന്നത്. തെളിവുകൾ മറയില്ലാതെ ജീവിച്ചവർക്കെ ഉള്ളു.അങ്ങനെ വരുമ്പോൾ 80 വർഷം മുമ്പ് നിർമ്മിച്ചെടുത്ത വിശ്വാസ രൂപത്തിന് ചരിത്രത്തിൽ ഇടമില്ലന്നു കാണാം.എന്നാൽ യോഹന്നാൻ വടിവോടെ തെളിഞ്ഞു നിൽക്കുന്നുണ്ട്.

ഇനി അഭിലാഷിന്റെ വാദത്തിലേക്കു വരാം.
'ഇപ്പോൾ മിഷനറി ക്രിസ്ത്യാനി vs അപ്പച്ചൻ എന്നൊരു യുദ്ധം നടക്കുന്നുണ്ട്'.അതിന്റെ അനന്തരഫലതേക്കുറിച്ചും വാചാലനാകുന്നുണ്ട്.ഇതു രാഷ്ട്രീയ രൂപമാകുമ്പോൾ വരാനിരിക്കുന്ന അപകടം നേരിടാൻ ദലിത് ക്രിസ്ത്യാനി തയ്യാറാകണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

സുറിയാനി ക്രിസ്ത്യാനിക്കു മിഷണറിയുടെ ബന്ധമൊന്നും ഇല്ലന്ന് മാത്രമല്ല എതിരും ആയിരുന്നു.ആ നിലയ്ക്ക് അതിന്റെ പിന്തുടർച്ച ദലിത് കൃസ്ത്യാനിക്കു മാത്രമാണ്.നമ്പൂതിരി മാരുടെ പാരമ്പര്യം അവകാശപ്പെടുന്ന സുറിയാനിക്കാർ ആ നിലയ്ക്ക് ദേശിയ ജനതയെന്ന നിലയിലേക്ക് എത്തുന്നുണ്ട്.അവർ സുരക്ഷിതരാകുന്നു.'ഞങ്ങൾ' ആദിദ്രാവിട പാരമ്പര്യമുൾക്കൊള്ളുന്ന ജനതയാണ് ഈ മണ്ണിന്റെ മക്കളാണ്.എന്നാൽ,ദളിത് ക്രിസ്ത്യാനിയുടെ ചരിത്രം മിഷണറിയിൽ നിന്നെ തുടങ്ങുന്നുള്ളൂ.അവർക്ക് പിറകോട്ടു പാരമ്പര്യമില്ല!!!എന്നു വെച്ചാൽ ഒരു വൈദേശിക ഉപോൽപ്പന്നം.ദേശീയതയിൽ ഇടമില്ലാത്തവർ.നാളെ ദേശീയതയുടെ പേരിൽ വൻ അപകടത്തിൽ പെടാൻ സാധ്യതയുള്ള ഈ ച്ചർച്ച അവസാനിപ്പിക്കുന്നതാണ് ദളിത് ക്രിസ്ത്യാനിക്കു  നല്ലതു.ഇതാണ് അവസാന ഭാഗത്തിന്റെ സാരാംശം.(ഇദ്ദേഹത്തിനു കോട്ടയത്തെ ബിജെപി കൗണ്സിലറുടെ സ്വരം വന്നത് മനപ്പോർവ്വമല്ല )

ഇതിൽ നിന്നും prds ഇന്നെവിടെ നിൽക്കുന്നുവെന്ന് അസന്ദിഗ്ധമായി തെളിയുന്നു. ദേശീയതയുടെ ഉരകല്ല് rss ആണെന്ന് പലരൂപത്തിൽ വ്യക്തമാക്കുകയും തങ്ങൾ ആർക്കൊപ്പമാണ് നിൽക്കുന്നതെന്നും വ്യംഗ്യമായി പറയുന്നത് സൗമ്യമായിട്ടാണെങ്കിലും  കൃത്യതയുണ്ടു.ഇത്രയും ദളിത് വിരുദ്ധമായ ഇടത്തു നിന്നുകൊണ്ടു ദളിത് വിമോചന ജ്ഞാനനിക്ഷേപം നടത്തിയവരെ വിശ്വസിച്ചവർക്കും വിമാർശിച്ചവർക്കും ആദരാഞ്ജലികൾ. 

വാൾക്കഷണം.
നമ്പൂതിരിമാരുടെ പാരമ്പര്യം ഉള്ള സുറിയാനിക്കാർ ദേശീയരാണന്നതിൽ അഭിലാഷിന് സംശയമില്ല.ഇനി പറയിപെറ്റ പന്തിരുകുലം 'ചരിത്രമാണെന്നു കൂടി പ്രഖ്യാപിച്ചാൽ ശുഭം.

ചോറ്റുവേദക്കാർ നിർമ്മിച്ച കേരളം : രജിശങ്കർ




" ഒന്നും വേണ്ട എനിക്കൊന്നും വേണ്ട എന്റെ താതൻ തിരുമുഖം കണ്ടാൽ മതി.."

കുട്ടിക്കാലം മുതൽ കേൾക്കുന്ന പാട്ടാണ്.ദളിത് ക്രൈസ്തവരുടെ പ്രിയപ്പെട്ട ഗാനം.ആദിമ ക്രൈസ്തവ സഭ ത്യജിക്കാൻ പഠിപ്പിച്ചത് ഉൾക്കൊണ്ട ജനത ദലിത് ക്രൈസ്തവരായിരുന്നു.ത്യജിക്കാൻ ജീവനല്ലാതെ ബാക്കി ഒന്നുമില്ലായിരുന്നെങ്കിലും സമ്പാദിക്കാനുള്ള ത്വര എല്ലാ തദ്ദേശിയരിലുമെന്നപോലെ ഇവർക്കും ഉണ്ടായിരുന്നില്ല.ക്ലേശങ്ങൾ വിശ്വാസത്തിന്റെ ചുമടുതാങ്ങികളിൽ വെച്ച് ഇളവെടുത്തു.
ഒരു കാൽ നൂറ്റാണ്ടിനു മുൻപ് ഞങ്ങളുടെ മേഖലകളിലൂടെ രാത്രി ഒരേഴുമണിക്കു സഞ്ചരിച്ചാൽ വലിയൊരു വിലാപം പോലെ പ്രാർത്ഥനകൾ കേൾക്കാം.അതൊരു ദിനാവൃത്താന്തമായിരിക്കും.തങ്ങളുടെ ജീവിതത്തിലെ ആശയും നിരാശയും സന്തോഷവും നിറഞ്ഞ പ്രാർത്ഥനകൾ ഒഴുകിവരുമ്പോൾ കേൾക്കുന്ന പതർച്ച കാറ്റിന്റെ ഉലച്ചിലല്ല,തൊണ്ടയുടെ ഇടർച്ചയിലാണെന്ന ബോധം എന്റെ കണ്ണും നനയിച്ചിട്ടുണ്ട്.

"എന്റെ ദൈവം മഹത്വത്തിൻ ആർദ്രവാനായ്
ജീവിക്കുമ്പോൾ,
പാപിഞ്ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻ, ഏതും കാര്യമില്ലെന്നെൻറെയുള്ളം ചൊല്ലുന്നു..."

ഈ ഉറപ്പിലാണ് കനം തൂങ്ങി വീഴാൻ പോയ ജീവിതത്തെ ഉറപ്പിച്ചത്.ക്രൈസ്തവ ലോകത്ത്  ആർദ്രമാക്കുന്ന പാട്ടുകൾ ദളിത് ക്രൈസ്തവരുടേതായിരുന്നു.അതിനവർക്കു വിഷയം തേടി സഞ്ചരിക്കേണ്ടിയിരുന്നില്ല.ഒരു ദിവസത്തെ ഓർത്തെടുത്താൽ മതിയായിരുന്നു.മുമ്പെല്ലാം ആത്മരോഷത്തെ ഉള്ളിലിട്ടെരിച്ചു സ്വയം വെന്തു ചത്തവരുടെ ലോകത്തു നിന്നും പാടിയും പ്രാർത്ഥിച്ചും എരിചിലടക്കി ശാന്തമായി.

" ഇന്ന് പകൽ മുഴുവൻ കരുണയോടെന്നെ സൂക്ഷിച്ചവനെ...." ഇത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ആത്മരോഷത്തെ വേദനയെ പുറത്തേക്ക് തള്ളുന്ന കുഴലായിരുന്നു.

പട്ടിയുടെ വിലപോലും ഇല്ലാതിരുന്ന,മൃഗങ്ങളിൽ നിന്നും ഇത്തിരി മാത്രം ഉയർന്ന ഒരു ജീവി വർഗ്ഗമായിരുന്നു ദളിതർ.മടയും ചിറയും പാലങ്ങളും കുറയ്ക്കാനുള്ള ബലിമൃഗങ്ങളുമായിരുന്നു.പോർച്ചുഗീസുകാർ ലോകം ചുറ്റുമ്പോൾ തങ്ങളുടെ തോക്കിന്റെ ഉന്നം നോക്കിയിരുന്നത് കളിച്ചുകൊണ്ടിരുന്ന കറുത്ത കുഞ്ഞുങ്ങളിൽ ആയിരുന്നെന്ന് വായിച്ചിട്ടുണ്ട്.ഏതാണ്ട് അതേ അവസ്‌ഥ തന്നെ ആയിരുന്നു ഇവിടെയും.ഹിന്ദുക്കളേക്കാൾ ഒരു വ്യത്യാസവും കാണിക്കാത്തവരാണ് ക്രിസ്ത്യാനികളും ഇതരരും.മനുഷ്യസൃടെ എണ്ണത്തിൽ ഇവരെ പെടുത്തിയിരുന്നില്ല.ഇങ്ങനെയുള്ള മനുഷ്യരെയാണ് മിഷനറിമാർ കൈപിടിച്ചുയർത്തിയത്.അവർ ഒന്നും പ്രതീക്ഷിച്ചല്ല ഇതൊന്നും ചെയ്തത്.ബ്രിട്ടീഷ്കാർ തങ്ങൾക്കു പിന്തുണ കിട്ടാനായാണ് മത പരിവർത്തനം നടത്തിയതെന്ന ഇടത് വലത് വായനകൾ ഇന്നത്തെ  രാഷ്ട്രീയ ബല തന്ത്രങ്ങളുടെ കണ്ണോട്ടത്തിൽ ഉണ്ടാകുന്നുണ്ട്.എന്നാൽ ഇതു ചരിത്ര പരമായ വലിയൊരു തെറ്റ് മാത്രമാണ്.1608ൽ ഇന്ത്യയിൽ എത്തിയ കമ്പനി ആരെയും മതപരിവർത്തനം ചെയ്തില്ല.പിൽക്കാലത്തു കടന്നു വന്ന മിഷണറിമാരെ പ്രോത്സാഹിപ്പിച്ചില്ല.വൈസ്രോയി കല്ലാൻ സായ്പ്പ് മിഷണറിമാരെ താക്കീത് ചെയ്തു.കാരണം ഇതര ജാതിക്കാരെ വെറുപ്പിച്ചാൽ കച്ചവടം ഭംഗിയായി നടത്തിക്കില്ല.അവർ കച്ചവടക്കാർ മാത്രമായിരുന്നു.പിന്നീട് മിഷണറിമാർ ബ്രിട്ടനിൽ തിരികെ ചെന്നു പ്രത്യേക ഉത്തരവുമായി വന്നിട്ടാണ് പരിവർത്തനത്തിന് ഏർപ്പെടുന്നത്.അതിനു കമ്പനിയുടെ സഹായവും ഉണ്ടായിരുന്നില്ല.

1840നു ശേഷമാണ് ഒരു ദലിതർ ക്രിസ്തുമതം സ്വീകരിക്കുന്നത്.നരകജീവിതത്തിൽ നിന്നുള്ള  മോചനം സ്വപ്നം കണ്ടവരാണ് കുരിശുമെടുത്തു നടന്നത്.വസ്ത്രം ധരിക്കാനും എഴുത്തറിയാനും ഇടവന്നു.യജമാനന്മാരെ അത്രമേൽ ഭയപ്പെട്ടവരും യാതൊരു ഭാവനയും ഇല്ലാത്തവരും പരീക്ഷണത്തിനൊന്നും മിനക്കെട്ടില്ല.വർഷം കൃത്യമായി ഓർക്കുന്നില്ലെങ്കിലും 1850നു മുൻപ് ദളിതർ മതം മാറ്റത്തിലൂടെ അക്ഷര വെളിച്ചം കണ്ടു.പിന്നെയും പത്തെഴുപത്തു വർഷം കഴിഞ്ഞു പുതിയ നൂറ്റാണ്ടും പിറന്നതിനു ശേഷമാണ് മതം മാറാത്ത ഒരാൾക്ക് അക്ഷര വെളിച്ചം കാണാൻ ഇടയായത്.അതും മിഷനറിമാരുടെ പിൻ ബലത്തിലായിരുന്നു.(ഇതു പക്ഷെ ഹൈന്ദവരും ഹൈന്ദാവരായിത്തീർന്ന ദളിതരും ഉണ്ടാക്കിയ ചരിത്രത്തിൽ ഇക്കാര്യം വിസ്മരിച്ചു.)ആത്മാവിനെ മറുകരയെത്തിക്കാനായിരുന്നില്ല അവർ മതം മാറിയത്.വൃത്തിയുള്ള ജീവിതം, കുഞ്ഞുങ്ങളുടെ പഠനം,പ്രത്യാശയുള്ള ഭാവി ഇതൊക്കെ ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്.ഇങ്ങനെ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം കണ്ടവരും  അമർഷമുള്ളവരുമാണ് കേരള നവോദ്ധാനമാണ് നടന്നതെങ്കിൽ അതിന്റെ അടിസ്ഥാനമായത്.അയ്യൻ കാളി പഞ്ചമിയുമായി പള്ളിക്കൂടത്തിൽ പോകുമ്പോൾ കേരളത്തിൽ അനേക ദളിതർ ഉന്നത ഉദ്യോഗത്തിൽ  ഉണ്ടായിരുന്നു.അന്ന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയിൽ ഇരുന്ന ജ്ഞാന ജോഷ്വ ഇംഗ്ലണ്ടിൽ പോയി അക്കൗണ്ടൻസി പഠിച്ച ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു.അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ അലക്‌സാണ്ടർ മിച്ചൽ സക്കാർ സ്‌കൂൾ, ധനസഹായമുള്ള ഇതര സ്‌കൂളുകൾ എന്നിവിടങ്ങളിൽ ആർക്കും പഠിക്കണമെന്ന ഉത്തരവിറക്കി പലവർഷമായെങ്കിലും ആരും എത്തിയില്ല.അപ്പോഴാണ് സാധുജനപരിപാലന സംഘവുമായി ബന്ധമുണ്ടായിരുന്ന lms പൂരോഹിതൻ J സാമുവേലിന്റെ ഇടപെടൽ മൂലമാണ് അയ്യൻകാളി പഞ്ചമിയുമായി സ്‌കൂളിൽ പോകുന്നതും.

പിന്നീടങ്ങോട്ടുള്ള യാത്രയിൽ ദളിത് ക്രൈസ്തവർ പരാജയത്തിലേക്കായിരുന്നു.സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് സർക്കാരിന്റെ പരിരക്ഷ നഷ്ടപ്പെട്ടു.ബാബാ സാഹിബ് കൊണ്ടുവന്ന സംവരണം ഹൈന്ദവ ഇടപെടലിൽ പരിവർത്തനം ചെയ്തവർക്ക് മാത്രമായി.ബ്രിട്ടീഷ്കാർ തങ്ങൾക്കായി ഉണ്ടാക്കിയെടുത്ത സഭ സുറിയാനിക്കരും കൈക്കലാക്കി.ആദ്യഘട്ടത്തിൽ  ഉണ്ടാക്കിയെടുത്ത വളർച്ച നിലച്ചു.എങ്കിലും വിദ്യ നൽകിയ വെളിച്ചത്തിൽ അവർ മുന്നോട്ടു പോകുന്നു.
 
ദളിത് മുന്നേറ്റങ്ങളിൽ മുന്നിൽ നിന്നതു എക്കാലത്തും ദളിത് ക്രൈസ്തവരോ റീ കൺവെർട്ടുകൾ ആയവരോ ആയിരുന്നു.ഇന്ന് ബുദ്ധിസത്തിലേക്ക് തിരിയുന്നവരിൽ നല്ലൊരു ശതമാനവും അവർതന്നെ.കുറേക്കാലം കഴിഞ്ഞപ്പോൾ ഇന്ന് കാണുന്ന കേരളത്തെ നിർമ്മിച്ചത് മത പരിവർത്ഥനമായിരുന്നുവെന്ന കാര്യം സൗകര്യ പൂർവ്വം മറന്നു.മതമാറാതെ നിന്നവരിൽ ചിലരുടെ തലമുറ 'നീലം മുക്കികൾ ' 'ചോറ്റുവേദക്കാർ'(ഇതു ബ്രാഹ്മണ ക്രിസ്ത്യാനിയും ശൂദ്രന്മാരും വിളിച്ചിരുന്നു)എന്നൊക്കെ പരിഹസിച്ചിരുന്നു.വൃത്തിയുള്ള നീലം മുക്കിയ തുണി ദളിതർക്ക് പറ്റിയതല്ലന്നു ചില ദളിതരും വിശ്വസിച്ചു.സവർണ്ണ ക്രൈസ്തവ വേദമല്ല,ചോറ്റു വേദമാണ് കേരളത്തെ നിർമ്മിച്ചെടുത്തത്. കാരണം ആവശ്യക്കാരന് അറിവുകിട്ടി.

എങ്കിലും ഇപ്പോഴും സഭകളിൽ സമത്വം ഇപ്പോഴും കൊണ്ടുവരാൻ മൂപ്പന്മാർ തയ്യാറല്ല.കാരണം ഇത് ഇന്ത്യയാണ്.കമ്പ്യൂട്ടറിനും ജാതകം നോക്കുന്ന വിഡ്ഢികളുടെ ലോകം.രാപ്പകലുകൾ അവിടെ ജാതിയെ ഭുതക്കണ്ണാടിവെച്ചു തരം തിക്കുകയാണ്.ഇതിനിടയിലാണ് ഒരു ജനത പുതുക്കി പണിതുകൊണ്ടിരിക്കുന്നത്

ജിതേഷിന് വിട :K.K.ബാബുരാജ്

 

എൺപതുകളുടെ അവസാനമാണെന്ന് തോന്നുന്നു ,മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ ദക്ഷിണ കർണ്ണാടകത്തിൽ വെച്ചു നടന്ന  പത്തുദിവസം നീണ്ടുനിന്ന ഒരു അഖിലേന്ത്യാ ദലിത് സാംസ്‌കാരിക ഉത്സവത്തിന് പങ്കെടുക്കുകയുണ്ടായി. ആന്ധ്രാപ്രദേശിലെ ദലിത് മഹാസഭയും കർണാടകയിലെ ദലിത് സംഘർഷ സമിതിയും സംയുക്തമായിട്ടാണ് ഈ ഉത്സവം സംഘടിപ്പിച്ചത് .അക്കാലത്തു ഈ രണ്ടു സംഘടനകളും വിപുലമായ ബഹുജനാടിത്തറയുള്ള വലിയ പ്രസ്ഥാനങ്ങളായിരുന്നു .സീഡിയൻ എന്ന ദലിത് സംഘടനയെ പ്രതിനിധീകരിച്ചു ഞാനും ഹരിലാലുമാണ് അതിൽ പങ്കെടുത്തത് .

   ഇന്ത്യയിലെ  വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് ദലിത് കല -സാംസ്‌കാരിക പ്രവർത്തകർക്കൊപ്പം ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ട നിരവധിപേരും അവിടെ  വന്നിരുന്നു .പത്തുദിവസവും രാത്രിയും പകലും പതിനായിരകണക്കിന് കാഴ്ചക്കാരാണ് ഉണ്ടായിരുന്നത് .ഏറ്റവും പ്രധാനമായി തോന്നിയത് ,ഏറ്റവും അടിത്തട്ടിൽ നിന്നും വന്ന കലാപ്രവർത്തകർക്കൊപ്പം ,ദലിതരായ വലിയ ഉദ്യോഗസ്ഥരും  ജഡ്ജിമാർ പോലും യാതൊരു തരംതിരിക്കലുമില്ലാത്ത ആ സമ്മേളനത്തിൽ പങ്കെടുത്തതാണ് .

      സാധാരണയായി ,നാടൻപാട്ടുകളും കീഴാളമായ കലാവിഷ്കാരങ്ങളും ആധുനികതയുടെ സമ്മർദ്ദത്താൽ പുറംതള്ളപ്പെട്ട '' പുരാവസ്തുക്കൾ'' മാത്രമാണെന്നാണല്ലോ വരേണ്യബോധം  കാണുന്നത് .എന്നെ സംബന്ധിച്ചു ഈ  വരേണ്യബോധത്തെ ഉപേക്ഷിക്കാൻ ആ സമ്മേളനം സഹായിച്ചു എന്നുപറയാം  .മറ്റൊരുകാര്യവും കൂടെ മനസ്സിലായി ;ഇന്ത്യയിലെ ദലിത് രാഷ്ട്രീയം മുഖ്യ ധാരയിൽ പരാജയപ്പെട്ടേക്കാം .എന്നാൽ ദലിത് സംസ്‌കാരവും ജ്ഞാനാവബോധങ്ങളും ഏതു പ്രതികൂല അവസ്ഥയെയും അതിവർത്തിച്ചു നിലനിൽക്കും എന്നതാണത്‌ .അതായത് ,ഇന്ത്യയുടെ സാംസ്‌കാരിക അബോധമെന്നത് ബ്രാഹ്മണ്യമല്ല ,മറിച്ചു കീഴാളത  അല്ലെങ്കിൽ ശ്രമണമാണ് .
 
     ജിതേഷിനെ പോലുള്ള കീഴാള കലാ  പ്രവർത്തകരോട് അഗാധമായ അടുപ്പം ഉണ്ടായതിനു  കാരണം ഇത്തരം ബോധ്യങ്ങളാണ് .
'
   ജിതേഷിന്റെ 'കൈതോല പായവിരിച്ചു 'എന്ന പാട്ട് ,കാതുകുത്തു കല്യാണം എന്ന കീഴാള ആഘോഷത്തിന്റെ  ഓർമ്മ പുതുക്കലാണ് .കേരളത്തിലെ സവർണ്ണ സമുദായങ്ങളുടെ പ്രധാനപ്പെട്ട ആഘോഷം പെൺകുട്ടികളുടെ ആർത്തവം തുടങ്ങുന്നതോട് അനുബന്ധിച്ചുള്ളതാണ് .ഇതേസമയം ,ദലിതരും ഇതര കീഴാള സമുദായങ്ങളും കൂടുതലായി നടത്തുന്നത് പെൺകുട്ടികളുടെ കാതുകുത്താണ് .ഈ ചടങ്ങിന് വീട്ടുകാരും ബന്ധുക്കളും ആഘോഷപൂർവം പങ്കെടുക്കുന്നതാണ് ഈ പാട്ടിലെ പ്രതിപാദ്യം.

  ഉത്തര ഇന്ത്യയിലെ സവർണ്ണ സമുദായങ്ങളിൽ പലരും പെൺകുട്ടികളുടെ ജനനത്തെ ശാപമായിട്ടാണ് കാണുന്നത് .കേരളത്തിലെ സവർണ്ണർ അടക്കമുള്ള സമുദായങ്ങൾ അങ്ങനെ കരുതുന്നവരല്ല .ദലിതരെ സംബന്ധിച്ചെടുത്തോളം ,പെൺകുട്ടികളുടെ ജനനത്തെ അനുഗ്രഹമായിട്ടാണ് കാണുന്നത് .ദലിത് സമുദായം  പൊതുവെ തങ്ങളുടെ പെൺകുട്ടികളോട് പുലർത്തുന്ന വാത്സല്യവും ,സ്നേഹവും ആ പാട്ടിലുണ്ട് .

    ഇരുപത്തിയാറ് വർഷം മുൻപ്‌ എഴുതിയ ഈ പാട്ട്   അന്യാധീനപ്പെട്ടതിനെ പറ്റി പലരും സൂചിപ്പിച്ചിട്ടുണ്ട് .ഫോക് ലോർ പഠിതാവായ ഡോ .ഏ .കെ .വാസു ;കീഴാള കലാപ്രവർത്തകർ അജ്ഞാതരായി പോകുന്നതിനെപ്പറ്റി നിരന്തരം  ഓർമിപ്പിക്കുന്നത്   ,ഒരുഘട്ടം കഴിഞ്ഞാൽ എത്ര ജനപ്രിയം ആണെങ്കിലും അവരുടെ  സംഭാവനകൾ സവർണ്ണരുടെ അധീനതയിലാകും എന്ന പ്രശ്നം നിലനിൽക്കുന്നതുമൂലമാണ് .

   ജിതേഷിന്റെ മറ്റൊരു പ്രശസ്തമായ പാട്ടായ' പാലോം പാലോം 'ഒരു കീഴാള മിത്തിനെ അവലംബമാക്കിയതാണ് .വടക്കൻ കേരളത്തിലെ ഒരു പ്രധാനപ്പെട്ട പാലം ഉറപ്പിക്കാൻ ഒരു കീഴാള അമ്മയെ ബലിയർപ്പിക്കുന്നതിനെയാണ് അതിൽ  പ്രതിപാദിക്കുന്നത് .തിരുവിതാംകൂറിൽ കൃഷിപ്പണിക്ക്  വെള്ളം തടഞ്ഞുനിറുത്തി  മടയുറപ്പിക്കാൻ ,ഏറ്റവും ആരോഗ്യവും കായികവിരുതുമുള്ള പുലയ ,പറയ യുവാക്കളെ ബലികൊടുക്കാറുണ്ട് എന്ന മിത്തു നിലനിൽക്കുന്നുണ്ട് .സമാനമായ വിധത്തിലുള്ള ഒരു മിത്താണ് ഈ പാട്ടിലുള്ളതും .ചിലപ്പോൾ ഈ മിത്തു യാഥാർഥ്യം തന്നെയാകാം .

  The Bridge on the Drina എന്ന അതിപ്രശസ്ത നോവലിൽ ,ജല പിശാചുക്കൾ  പാലം പണിയിൽ തടസ്സം വരുത്തുന്നു .അതിനെ തടയാൻ ഇരട്ടകളായ രണ്ടു ക്രിസ്‌ത്യൻ കുഞ്ഞുങ്ങളെ ബലികൊടുത്തു എന്നാണ് ഐതീഹ്യം .ഇത്തരം മിത്തുകളും  യാഥാർഥ്യങ്ങളും  ലോകവ്യാപകമായി കീഴാള ജീവിതത്തിന്റെ അതിജീവന പാഠം തന്നെയാണ്.

ജിതേഷിന് ആദരവോടെ വിട ."

ദലിത് ക്രൈസ്തവർ അന്യരല്ല:ഉണ്ണി കൃഷ്ണൻ തകഴി




സത്യത്തിൽ ഉറപ്പു വരുത്തേണ്ട കാര്യമാണിത്. പൊയ്കയിൽ അപ്പച്ചന്റെ മണ്ണിൽ ബി ജെ പി ദേശീയ - പ്രാദേശിക നേതാക്കൾ ക്ഷണിക്കപ്പെടുന്നത് ഏങ്ങനെയെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല ...
പി ആർ ഡി എസ് ദൈവിക മതമായ് പ്രഖ്യാപിക്കപെട്ടിട്ടും കെ പി യോഹന്നാൻ ഉണ്ടാക്കിയ  വിശ്വാസികളെ കേരളത്തിൽ സൃഷ്ടിക്കാൻ കഴിയാതെ പോയതെന്താണ്  ?
ഇന്ത്യയിൽ അസ്പർശ്വതയാണ് ശക്തമാകുന്നത്. ജാതീയതയാണ് ആഴത്തിൽ വ്യാപിക്കുന്നത്. ഹിന്ദുത്വമാണ് ദലിതരുടെ മുഖ്യ ശത്രു . ഡോ. അംബദ്ക്കർ തന്നെ പറയുന്നു അടിമത്വവും അസ്പർശ്യതയും രണ്ടാണന്ന്. ....
പുതിയ നൂറ്റാണ്ടിലും തുടരുന്നത് ബ്രാണിസമാണ് , ജാതീയതയാണ് അടിമത്വമല്ല....... അതുകൊണ്ട് അടിമജനതയെ അഡ്രസു ചെയ്യുന്നത് , അധികം സാധ്യമല്ലാത്തു തന്നെയാണ് മതമെന്ന നിലയിൽ PRDS വികസിക്കാത്തത്.
എന്നാൽ . നാഗപൂർ ദീക്ഷാ ഭൂമിയിൽ ലക്ഷകണക്കിന് മനുഷ്യർ ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നും വർഷംതോറും എത്തി കൊണ്ടിരിക്കുന്നത് മതസ്ഥാപകൻ എന്ന നിലയിലല്ല  എന്നും നാം കാണേണ്ടതുണ്ട്...
പി ആർ ഡി എസ് പിൻ തുടരുന്ന വിശ്വാസ അചാരങ്ങൾ ഇന്ത്യയിലെ ഏതെങ്കിലും മതത്തോട് കൂറുപുലർത്തുന്നുണ്ടോ എന്നത് പഠിക്കേണ്ടതുണ്ട്. ....
ദലിത് കൈസ്ത്ര വരെ തള്ളി പറയുന്നത് എന്തിനാണ്. ? .....
പി ആർ ഡി എസ് വിശ്വാസികളെ പോലെ ആത്മീയതയെ അന്തമായ് വിശ്വസിച്ചു പോയ് എന്നത് ശരിയെങ്കിലും ഹിന്ദുത്വത്തിൽ നിന്നും അകന്നു നിന്നു എന്നത് ആശ്വാസമാണ്. അപകടമല്ല. ബൈബിളിനൊപ്പം , ഡോ:അംബദ്ക്കറെയും ഇന്ത്യൻ ഭരണഘടനയും പഠിക്കുന്ന തലമുറ ദലിത് ക്രൈസ്തവരിൽ ഉണ്ടാകുന്നുണ്ട്. ബൈബിൾ പറയുന്ന പോലെ , നിങ്ങൾ സത്യം തിരിച്ചറിയുക , അത് നിങ്ങളെ സ്വതന്ത്രമാക്കും എന്ന് . നിശ്ചയമായും ദലിത് ക്രൈസ്തവരിൽ ആ മാറ്റം ഉണ്ടാക്കുക തന്നെ ചെയ്യും .........
ഇന്ത്യയിൽ നടക്കുന്ന ഡോ: അംബദ്ക്കറുടെ ജനാധിപത്യ പോരാട്ടങ്ങളോട് ദലിത് ക്രൈസ്തവർ നീതി പുലർത്തുക തന്നെ ചെയ്യും. ദലിത് ക്രൈസ്തവർ അന്യരല്ല അവർ സഹോദരങ്ങളാണ് എന്നതിരിച്ചറിവാണ് വേണ്ടത്...
ആധുനിക ജ്ഞാനികൾ സ്വദേശികളും വിദേശികളും നൽകുന്ന അവശിഷ്ടങ്ങൾ ദേശീയ ജനതയായ ദലിതർക്ക് മുകളിൽ വിതറരുത് .... ചരിത്രം നിങ്ങൾക്കു മാപ്പുതരില്ല......

Saturday, August 1, 2020

ഐക്യം എന്നത് പുലയരും പറയും തമ്മിൽ മാത്രമാണോ :ഏകലവ്യൻബോധി

ഐക്യം 
എന്നത് പുലയരും പറയും തമ്മിൽ മാത്രമാണോ ?അത് സാദ്ധ്യമാണെന്ന് ഇപ്പോഴും തെളിയിക്കപ്പെടുമ്പോൾ ,ആരാണതിനെയും പിളർത്താൻ ശ്രമിക്കുന്നത്. ദലിതരുടെ ഐക്യശ്രമത്തിന് വിഘാതമായി നിൽക്കുന്ന ചില ചരിത്ര വസ്തുതകൾ കൂടിയില്ലേ ?പതിയാൻ ,പാണൻ ,വേലൻ ,വേടൻ കുറവൻ തുടങ്ങിയ എത്രയോ സമുദായങ്ങളുണ്ട്...
ഐക്യചർച്ചയിൽ അവർ കൂടി വരേണ്ടതല്ലേ ?അവർ ദലിതരല്ലേ ?അവർ ഇത്തരം ചർച്ചകളിലേക്ക് വരാത്തതെന്താണ്... സമകാലീന കാലത്താണ് ദലിത് ക്രൈസ്തവ പുലയനും പറയനും ദലിത് ഹിന്ദുക്കളായ മേൽ സമുദായക്കാരും ഒരുമിച്ചു നിൽക്കുമ്പോൾ ?ഐക്യത്തിന് എന്താണ് വിഘാതമാവുന്നത് എന്ന് പരിശോധിക്കേണ്ടതല്ലേ ?സാധുജന പരിപാലന സംഘത്തിന് ശേഷം ഒരു രാഷ്ട്രിയ വീക്ഷണമുള്ള ദലിത് സംഘടന ഉണ്ടാവാതെ വരികയും തങ്ങളുടെ ജീവിതാവസ്ഥ മോശപ്പെടുകയും ഒരു പുതിയ പ്രതീക്ഷയായി കമ്യൂണിസ്റ്റ് പ്രസ്ഥാനം വരുന്നതും കമ്യൂണിസ്റ്റുകളുടെ കൂട്ടത്തിലേക്ക് ദലിതുകൾ ഒഴുകിച്ചേല്ലുകയുമുണ്ടായി.തങ്ങളുടെ രാഷ്ട്രിയ വളർച്ചയ്ക്ക് വിഘാതമാവുന്ന വിവേചനത്തോട് എതിരിട്ട് നിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം നിരന്തരമായ സമരങ്ങളിലൂടെ ദലിതരുടെ മോഹാവേശത്തെ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുകയിൽ ദലിതർക്ക് ആത്മസംതൃപ്തിയുള്ള പ്രസ്ഥാനമായി മാറുകയും ചെയ്തു... 1942 വരെ മധ്യതിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനായി പ്രവർത്തിച്ച് നിരന്തരം സമരത്തിലേർപ്പെട്ടത് സാധുജന പരിപാലനസംഘം പ്രവർത്തകർക്ക് കൂടുതൽ ആകർഷകമാവുകയും ചെയ്തു.KSKTU വിന്റെ ആദ്യരൂപം രൂപപ്പെട്ടത് അമ്പലപ്പുഴയിലെ സാധു: പരിപാലന സംഘം യൂണിറ്റിലെ ആളുകളെ കൂട്ടിയും അതിന്റെ നേതാവായിരുന്ന ശീതങ്കനെ മുൻനിർത്തിയുമാണ്. നവോത്ഥാന പോരാട്ടങ്ങളുടെ അസ്തമനങ്ങളെ മറികടന്നത് കമ്യൂണിസ്റ്റുകളായത് കൊണ്ടാണ് ദലിതർ അന്ധമായ പാർട്ടി വിശ്വാസത്തിലേക്ക് കൂപ്പ് കുത്തി വീണത്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ജാതി വിരുദ്ധ സമരമോ ,ബ്രാഹ്മണിസ്റ്റ് വിരുദ്ധ ആശയസമരങ്ങളോ നടത്തിയില്ല. കേവല രാഷ്ട്രിയത്തിനകത്ത് ബാഹ്യമായ ഐക്യമെന്ന ഒരു സങ്കല്പനത്തിലാണവർ നിലകൊള്ളുന്നത് .... അവർ നിർമ്മിച്ച ഈ സങ്കല്പനത്തെ തകർക്കാൻ ദലിത് സമുദായങ്ങൾക്ക് കഴിഞ്ഞില്ല. കേരളത്തിൽ അതിനെതിരെ ഉയർന്നു വന്ന ശക്തമായ ദലിത് പ്രസ്ഥാനം കല്ലറ സുകുമാരന്റെ ഹരിജൻ ഫെഡറേഷനായിരുന്നു. കേരളത്തിലെ മുഴുവൻ നിയമസഭാ മണ്ഡലത്തിലും അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുവാൻ കഴിഞ്ഞെങ്കിലും ILP ക്കോ BSPക്കോ അത്രമാത്രം കഴിഞ്ഞില്ല... സിഡിഎൻ, അധഃസ്ഥിത മുന്നണി ഇവയെല്ലാം മാർക്സിസ്റ്റ് സിദ്ധാന്തത്തിലും ജാതി നിർമൂലനത്തെ കൂട്ട് പിടിച്ച് കൊണ്ട് കുറെ ബുദ്ധിജീവികൾക്കിടയിൽ മാത്രം ഉണ്ടായ പ്രസ്ഥാനങ്ങളായിരുന്നു.പിന്നെ വന്നത് തികച്ചും അംബേദ്ക റൈറ്റ് മൂവ്മെന്റ് ഹിന്ദു പ്രത്യയശാസ്ത്രത്തോടും മാർക്സിസത്തോടും എതിരിട്ടുനിന്നതു കൊണ്ട് തന്നെ ചരിത്രപരമായ വിശകലനങ്ങളിലേക്ക് പ്രവേശിച്ചില്ല എന്ന പരിമിധി കൂടിയുണ്ടായി എന്ന തൊഴിച്ചാൽ ഐക്യബോധവും ദലിത് അവബോധവും ഉണ്ടാക്കാനായെങ്കിലും അത് വിശാലമായ രീതിയിലേക്ക് വ്യാപിപ്പിക്കാനായില്ല... കേരളത്തിൽ ഐക്യം നേതൃത്വനിരയിലല്ല ഉണ്ടാവേണ്ടത് .. സാധാരണ ജനങ്ങളെ തമ്മിൽ യോജിപ്പിക്കാതെയും ശക്തികരിക്കാതെയും ഐക്യവും രാഷ്ട്രിയ ധികാരവും സാദ്ധ്യമാവുകയില്ല

ചങ്കിനും കുരിശിനും ഇടയിലെ ദേശീയത.:ഏകലവ്യൻബോധി


ദേശവും 
ദേശസ്നേഹവും
എന്നാണ് രൂപപ്പെട്ടത്...
ദലിതർ എന്നാണ് ചതുർവർണ്ണത്തിനകത്തുള്ള
ബ്രാഹ്മണിസത്തിന്റെ ഭാഗമായത് ?
അടിമത്തത്തിനെതിരെ
അതിജീവനത്തിനായി ക്രിസ്തുമത പ്രവേശനം നടത്തുമ്പോൾ ,വേദ മാണിക്യത്തിന് PHD ഉണ്ടായിരുന്നില്ല ,മുറവും വട്ടിയും കുട്ടയും നെയ്ത് മൺകലങ്ങൾ ഉണ്ടാക്കിയവനാണ് ,അടിമത്തത്തെ തിരിച്ചറിഞ്ഞത്... അസ്വാതന്ത്ര്യത്തെ തിരിച്ചറിഞ്ഞത്.. അന്ന് ഹിന്ദു വല്ലാത്ത ,അസ്വതന്ത്രരായ ദലിത സഹോദരങ്ങളെ
പോറ്റിടെ (വെന്തിങ്ങ ) ശങ്കിന്റെ പേര് പറഞ്ഞവർ അധിക്ഷേപിച്ചില്ല .തങ്ങളുടെ രക്തത്തെ തിരിച്ചറിഞ്ഞ അവരുടെ പിൻതലമുറയാണ്
സാധുജന പരിപാലന സംഘവും PRDS ഉം ചേരമർ സംഘവും കെട്ടിപ്പടുക്കുന്നതിനും, പോരാടുന്നതിനും കൂട്ട് നിന്ന് നയിച്ചത്... ദലിത് ക്രിസ്ത്യാനികളാണ് .
ശ്രീനാരായണ ഗുരുവും ജ്യോതി ബാ ഫൂലേയും ബ്രിട്ടീഷിനെ അനുമോദിക്കുമ്പോൾ
ദലിത് ക്രൈസ്തവർ സഹോദരങ്ങളുടെ പോരാട്ടത്തിൽ കൂടെ നിൽക്കുകയായിരുന്നു ... അയിത്തവും വിവേചനവുമനുഭവിച്ചവർ
ക്ഷേത്ര പ്രവേശനത്തിന് ശേഷം പോറ്റിയുടെ നീണ്ട കോണകവാൽ  കണ്ട് തൊഴുത് മടങ്ങുമ്പോൾ ദലിത് ക്രിസ്ത്യൻപൂർവ്വികർ ക്രിസ്ത്യൻ പൗരോഹിത്യത്തിനോട് പോരാടുകയായിരുന്നു
ഒന്നും മറക്കരുത്
...

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...