Sunday, August 2, 2020

ദലിത് ക്രൈസ്തവന് ചരിത്രമില്ലാത്ത കേരളം:രജിശങ്കർ

മിഷനറി ക്രിസ്ത്യാനി vs അപ്പച്ചൻ.!!!!!
Prdsന്റെ പുതിയ തെറ്റിദ്ധരിപ്പിക്കൽ പ്രസാദം
*******************************************

അഭിലാഷ് വിജയന്റെ വീഡിയോ കണ്ടു. വളരെ സന്തോഷം തോന്നി.അപ്പച്ചന്റെ മരണശേഷം എടുത്ത നിലപാടിന്റെ ലക്ഷ്യം പൂർത്തീകരിച്ചതായി കണ്ടതിൽ കൃതാർത്ഥനായി.അക്കാദമീഷ്യന്മാർക്കുള്ള മറുപടി ആണെങ്കിലും സ്വകാര്യമായി പറഞ്ഞതല്ലാത്തതുകൊണ്ടു സാധാരണക്കാരനായ എനിക്കും മറുപടി പറയാമെന്നു കരുതുന്നു.

അഭിലാഷിന്റെ മുഴുവൻ വാദങ്ങൾക്കും മറുപടി പറയുന്നില്ല.എനിക്ക് പറയാനുള്ളത് prds ന്റെ നിലപാടിനെക്കുറിച്ചാണ്.

Prds നെ തകർക്കാനുള്ള ഒരു ഗൂഡാലോചന നടക്കുന്നുവെന്ന് ആദ്യം മുതലേ മറ്റുചിലർ പറഞ്ഞു തുടങ്ങിയിരുന്നത്‌ അഭിലാഷും ആവർത്തിക്കുന്നുണ്ട്.

1.ആർക്കാണ് ഇതു തകർക്കേണ്ടത്?2.അതുകൊണ്ടുള്ള ലാഭം എന്തു?3.ആർക്കുവേണ്ടിയാണ് തർക്കുന്നത്?
4.എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ ചിന്തിക്കുന്നത് ?

ഈ ചോദ്യങ്ങൾക്കുള്ള മറുപടി വ്യക്തമായി പറയേണ്ടതുണ്ട് .ഇതിൽ ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം മാത്രമാണ് അദ്ദേഹം പറയുന്നുള്ളൂ.അതു ദളിത് ക്രൈസ്തവരാണ്.കുറേക്കാലമായി  അക്കാദമിക്  തലത്തിൽ നടന്നുവരുന്ന അന്വേഷണം മിഷനറി രേഖകളെ അടിസ്ഥാനമാക്കിയുള്ളതാകുന്നു.ഇത് prds നെ ഇല്ലാതാക്കുന്നതാണ്.എന്തുകൊണ്ടെന്നാൽ എല്ലാത്തരം രേഖകളും prds നെ വെറുക്കുന്നു.

സനൽ മോഹൻ സാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അടിമത്വത്തെക്കുറച്ചുള്ള പഠനങ്ങൾ prdsനു എതിരാകുന്നതെങ്ങനെയാണ്?വളരെ വിചിത്രമായ വാദഗതിയെന്നു തോന്നും. ചരിത്രം സത്യത്തിന്റെ മൂർത്തരൂപമാണ്.ദൈവം വഴിയിൽ ചത്തു കിടന്നാലും സത്യമായ ചരിത്രം മരിക്കില്ല.ഇതിനെ എന്തിനായിരിക്കണം ഇവർ ഭയപ്പെടുന്നത്?അപ്പച്ചൻ സംസാരിച്ചത് അടിമ വിഷയത്തെക്കുറിച്ചല്ലേ?പിന്നെയെന്തുകൊണ്ടാണ് ആ മേഖലയിലുള്ള പഠനത്തെ ഇവർ സംശയത്തോടെ നോക്കുന്നത്?

നവോദ്ധാന കാലത്തെക്കുറിച്ചു ചരിത്രമെഴുതിയവർ അവർക്ക് ഇഷ്ടമുള്ളതും ആവശ്യമുള്ളതിനെയും കുറിച്ച് മാത്രമാണ് എഴുതിയത്.അയ്യൻകാളി അപ്പച്ചൻ പിന്നെ അൽപ്പം ജോൺ ജോസഫ്.ഇതിലപ്പുറം അങ്ങോട്ടുള്ള കാഴ്ച്ച അധികം പേർക്കുമില്ല.അങ്ങോട്ടു വെളിച്ചം വീശുമ്പോൾ പുതിയ ചില കാഴ്ച്ചകൾ വെളിപ്പെടും.അതിനെയാണ് ഭയപ്പെടുന്നത്.അയ്യങ്കാളിയാണ് ആദ്യമായി ദളിത് വിദ്യാർത്ഥിയെ സ്‌കൂളിൽ ചേർക്കുന്നത് എന്ന ചിത്രം നിറഘോഷങ്ങളോടെ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ അതിനും അരനൂറ്റാണ്ടിന് മുമ്പ് മിഷനറിമാർ ദളിതർക്കിടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നുവെന്ന ചരിത്രം മറഞ്ഞു പോകുന്നു.പഞ്ചമി സ്‌കൂളിൽ ചേരുമ്പോൾ നിരവധി ഉദ്യോഗസ്ഥർ ഉണ്ടായിരുന്നതും അനേകം സ്ത്രീകൾക്ക് വിദ്യ ലഭിച്ചിരുന്നുവെന്ന ചരിത്രവും വിസ്മരിച്ചു.കൃത്യമായ കാലഗണനയോടെ തന്നെ അതു വീണ്ടെടുക്കുമ്പോൾ ചിലർക്ക് നോവും.അതിനെതിരെ പ്രതിരോധം ഉയർത്തുന്നത് അയ്യങ്കാളിയെ അവഹേളിക്കുന്ന വികല ചരിത്ര രചന എന്നു വിലപിക്കുകയും അക്രമ ഭീഷണി മുഴക്കുകയും ചെയ്യുന്നു.ഹൈന്ദവവൽക്കാരിക്കപ്പെട്ടവർ പുതിയ ജീവിതപരിചയങ്ങളിൽ സംതൃപ്തരും അഭിമാനികളും ആയിക്കഴിഞ്ഞപ്പോൾ തങ്ങളുടെ എഴുന്നേല്പിന് പിന്നിൽ ഒരു ക്രൈസ്തവ സാന്നിധ്യം ഉണ്ടന്ന് പറയാൻ വിഷമമുണ്ട്.പഞ്ചമിയെ സ്‌കൂളിൽ കയറ്റുന്നതിനു പിന്നിലെ മിഷനറി സാന്നിധ്യം ഉണ്ടാന്നൊക്കെ അറിയുന്നത് അഭിമാന ക്ഷതമായി തോന്നിയതുകൊണ്ടാണ് ഒപ്പമുണ്ടായിരുന്ന ഇതര ജാതികളെയും ദളിത് ക്രിസ്ത്യാനിയെയും ചരിത്രത്തിൽ അപ്രത്യക്ഷമാക്കിയത്.ആ ഭാഗം തെളിവുകളുടെ തുറക്കുമ്പോൾ ശരിയായ വിഷമം ഉണ്ടാകും.

ഇതേ അനുഭവമാണ് പൊയ്കയിൽ യോഹന്നാനെക്കുറിച്ചു പറയുമ്പോൾ ഉണ്ടാകുന്നതും.നവോദ്ധാനത്തിൽ ദളിത് നിരയെ എഴുന്നേല്പിക്കുമ്പോൾ അതിൽ ഏറെ പ്രാധാന്യത്തോടെ തെളിഞ്ഞു വരുന്ന അപ്പച്ചനെ (പൊയ്കയിൽ യോഹന്നാനെ) ഒരു ഗവേഷകൻ അടയാളപ്പെടുത്തുന്നത് ലഭ്യമായ ആധികാരിക രേഖകളിലൂടെ ആയിരിക്കും.ഒരേ സമയം മിഷണറിമാരോടും നാടൻ ക്രിസ്ത്യാനിയോടും പൊരുതിനിന്ന അപ്പച്ചൻ ക്രൈസ്തവൻ എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.പ്രജാസഭയിൽ ദളിത് ക്രിസ്ത്യാനികൾക്കുവേണ്ടിയാണ് അദ്ദേഹം വാദിക്കുന്നത്. ക്രിസ്ത്യാനി ആയി ഇരിക്കെ തന്നെ അതിന്റെ ശരിയായ ഗുണം അദ്ദേഹം മനസ്സിലാക്കിയതുകൊണ്ടാണ് മുഖം മുറിഞ്ഞു നിന്നതും തന്റെ ആത്മീയതയെ രൂപപ്പെടുത്തുന്നതും.ഈ നിലപാടാണ് അപ്പച്ചനെ അനേകം ദളിത് ഉപദേശിമാരിൽ നിന്നും വ്യത്യസ്തനാക്കുന്നതും.prds ൽ ഒരു പ്രവാചക തുല്യനാകുന്നതും.ഇതിനു ജമൈക്കൻ  സങ്കല്പത്തോട് സമാനതയുണ്ട്.യഹൂദ്പാരമ്പര്യത്തിൽ നിന്നുകൊണ്ടു തന്നെ കറുത്തവന്റെ ആത്മീയതയും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നു.ബോബ് മാർലിയുടെ പാട്ടുകളിൽ അപ്പച്ചന്റെ പാട്ടുകളിൽ കാണുന്ന അടിമയും വിമോചനവും വിശുദ്ധീകരിക്കലുമൊക്കെ കടന്നു വരുന്നുണ്ട്.വേദനയോടെ നിലവിളിക്കുന്നുണ്ട്.രസ്തഫാരി സ്വതന്ത്രമായി നിന്നുകൊണ്ടു വെള്ളക്കാരന്റെ മേധാബോധത്തെയും സാമൂഹ്യ ബോധത്തെയും പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് മാർലിയുടെ പാട്ടുകളിൽ നിറഞ്ഞു നിൽക്കുന്നു.അപ്പച്ചനും അതുപോലെ നൊന്തു നീറി പാടുന്നുണ്ട്.നിന്റെ പാപമെത്ര കടും ചുമപ്പായാലും ഹിമം പോലെ വെളുപ്പിക്കുമെന്ന വാഗ്ദാനം ക്രിസ്ത്യാനിയെ സംബന്ധിച്ചു പ്രധാനമാണ്.കൃസ്തുവിൽ ആയിട്ടും പുലമാറാതായവന്റെ വ്യഥ ആ പള്ളീലോട്ടു വരുന്നില്ലന്ന നിലപാടിൽ കൊണ്ടുചെന്നെത്തിക്കുന്നു. 

അപ്പച്ചന്റെ ഈ ജീവിതത്തെയും അതിന്റെ ചൂടിനെയും റദ്ദ് ചെയ്തുകൊണ്ടുള്ള നിർമ്മിതികളാണ് മരണശേഷം ഒരു വിഭാഗത്തിൽ നിന്നും ഉണ്ടാകുന്നത്.അത് വളരെ ആസൂത്രിതമാണെന്നു ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാകും.അപ്പച്ചനെന്ന ചൂടുള്ള അനുഭവത്തെ ക്രമേണ കുമാരഗുരുവെന്ന നിർമ്മിതിയിലേക്കു പരിണമിപ്പിക്കുന്നു.ഇതിനു പ്രധാനമായും മറികടക്കേണ്ടിയിരുന്ന ഒരു പ്രതിബന്ധം എന്നു പറയുന്നത് യോഹന്നാൻ എന്ന വാസ്തവത്തിന്റെ നാൾവഴികൾ തന്നെയായിരുന്നു.അപ്പച്ചനോട് അടുത്തു നിന്നവരും പ്രവർത്തിച്ചവരും നിൽക്കെ ഉടനടി കീഴ്മേൽ മറിക്കൽ എളുപ്പമല്ലന്നുള്ളതുകൊണ്ടു ആസൂത്രിതമായി കൊണ്ടു വന്ന 'മറ' സിദ്ധാന്തം ഉപയോഗിച്ചുകൊണ്ടു അതിനെ മറികടക്കുന്നുണ്ട്.അതിന് ചുറ്റും സർവതും ജ്ഞാനമയമാക്കി.ക്രിസ്തു മതത്തെ ഒരുമറയാക്കി പുറത്തു പറയാൻ തക്ക ശക്തി ആർജ്ജിച്ചപ്പോൾ അപ്പച്ചൻ തന്റെ അവതാരോദ്ദേശം വെളിപ്പെടുത്തി.ഈ മറയെ prds സാഹിത്യകാരന്മാർ വലിയ ബിംബമായി എടുത്തുകാട്ടുന്നുണ്ട്.സാധാരണ വിശ്വാസികൾക്ക് വളരെ വൃത്തിയായി അംഗീകരിക്കാവുന്ന ഒന്നായിരുന്നു മറ എന്നു കാണാം.ജാതിയുടെ തീവ്രതയും അതിന്റെ ഇടപെടലുകൾ പൊള്ളിച്ച ആത്മാക്കൾക്കു സംശയമില്ലായിരുന്നു.

എന്നാൽ അവശേഷിക്കുന്ന ചിലതുണ്ട്.ഏതാണ്ട് അതേകാലത്തു ശുഭാനന്ദ ഗുരു ഉറച്ച ശബ്ദത്തിൽ സംസാരിക്കുന്നു,വൈകുണ്ഠസ്വാമികൾ മഹാരാജാവിനെ വരെ വെല്ലുവിളിക്കുന്നു.തൈക്കാട്ട് അയ്യാവു സ്വാമി മുറുകി നിൽക്കുന്നു..ഇവരാരും മറയില്ലാതെ നിവര്ന്നു നിന്നപ്പോൾ അപ്പച്ചൻ മറയിട്ടു നിന്നു എന്നു പറയുന്നത് മറ്റൊരുതരത്തിൽ അപ്പച്ചനെന്ന സത്യത്തെ അവഹേളിക്കലാണ്.തന്നെയുമല്ല,അവർ വിമർശിച്ചത് സാമൂഹ്യാധികാരത്തിന്റെ അവസാന വാക്കായ ഹിന്ദു മതത്തെയാണെന്നു ഓർക്കണം.അപ്പച്ചനോ, താരതമ്യേന അപകടം കുറഞ്ഞ പാരമ്പര്യ ക്രിസ്ത്യാനികളെയും മിഷണറിമാരെയുമായിരുന്നു. ഇതു പറയാൻ ഒരു മറയുടെയും ആവശ്യമില്ലെന്നും അങ്ങനെ ഒന്നുണ്ടായിട്ടില്ലന്നും അപ്പച്ചനെ അടുത്തു നിന്നു കാണുമ്പോൾ മനസ്സിലാക്കുമ്പോൾ; തന്ത്ര ശാലി ആയിരുന്നുവെങ്കിൽ ക്രിസ്ത്യാനി ഏൽപ്പിച്ച ആതങ്കം അദ്ദേഹത്തെ വേദനിപ്പിക്കില്ലായിരുന്നു എന്നു മനസ്സിലാക്കാം..അങ്ങനെയൊരാൾക്കു തനിക്ക് എത്തേണ്ടയിടത്തു എത്തിയാൽ മതി.ആ മതം വെറുമൊരു മറ അണങ്കിൽ വേദന നിറഞ്ഞ വിലാപ ഗീതങ്ങൾ അല്ലെങ്കിൽ പ്രതിഷേധ ഗീതങ്ങൾ ഉണ്ടാകുമായിരുന്നില്ല.ആ "പള്ളിയിലേക്കിനിയില്ല"എന്ന തീരുമാനത്തിൽ നിഴലിക്കുന്ന അപമാനവും വേദനയും  അവരുടെ ' മറ സിദ്ധാന്ത' ത്തെ റദ്ദ് ചെയ്യുന്നു.

മറയിൽക്കൂടി യഥാർത്ഥത്തിൽ ഒളിച്ചു കടത്തിയത് ഹിന്ദുത്വം ആണന്നു കാണാം.പിന്നീടങ്ങോട്ട് ആദിദ്രാവിട മൂർത്തിയായ ശിവനിലേക്കു പരിണമിക്കുന്നു.കുമാരഗുരുവെന്ന അശരീര സ്വത്വം രൂപംകൊള്ളുന്നത് പെട്ടന്നാണെന്നു കാണാം.പഞ്ചദൈവങ്ങളും മുരുകനും ഗണപതിയുമൊക്കെ കടന്നു വരുന്നു.പോയ വർഷം ശബരിമല തീർഥാടകർക്ക് ഇളവെടുക്കാനുള്ള ഇടമാക്കാനുള്ള തീരുമാനം വരെ ക്രമാനുഗതമായി ഹൈന്ദവമാക്കാനുള്ള നടപടികളുടെ വികാസമായി കാണാം.

പൊയ്കയിൽ യോഹന്നാൻ ഒരിക്കലും ജീവിതാവസാനം വരെ തന്റെ പേര് മാറ്റുകയോ ഹൈന്ദവമായി സന്ധി ചെയ്യുകയോ ഉണ്ടായിട്ടില്ല.കൂടെ നിന്ന ശുഭാനന്ദ ഗുരു ശൈവത്തിലേക്കു പോയപ്പോഴും വെള്ളിക്കര മത്തായി ചോതി ആയപ്പോഴും യോഹന്നാൻ 'യോഹന്നാനായി ' തന്നെ നിന്നു.അദ്ദേഹത്തെ പിന്തുടർന്ന നേരുള്ളവർ ഒരിക്കലും ശൈവത്തെ വിശ്വസിച്ചില്ല.അപ്പച്ചന്റെ ആത്മീയതയിൽ അവർ ഇന്നും തുടരുന്നു.

അപ്പച്ചന്റെ നാൾ വഴികളിൽ ക്രൈസ്തവനും prds രേഖകളിൽ ഒരു ക്രിസ്ത്യൻ സഭയായും കാണുന്നുവെന്നു സൂചിപ്പിക്കുന്നതാണ് ഇപ്പോഴുണ്ടായ വിവാദത്തിന് കാരണമെന്ന് നിലവിൽ ഉണ്ടായ എഴുത്തുകളിൽനിന്നും കാണാമെങ്കിലും സഭയ്ക്കെതിരെയുള്ള ആക്രമണമാണെന്നു വ്യാഖാനിക്കുകയും ചെയ്യുന്നു.ഇതിനെതിരെ  ദളിത് ഐക്യം തരുമെന്ന് പറഞ്ഞു ദളിത് ബുദ്ധിജീവിയെക്കൊണ്ടു ലൈവിടുവിച്ചു.കൂലിയെഴുത്തുകാരെക്കുണ്ട് സനൽമോഹൻ സാറിനെയടക്കം അപമാനിച്ചു.ഇവർ സത്യസന്ധതയുള്ളവരണങ്കിൽ എന്തിനാണ് ചരിത്രത്തെ ഭയപ്പെടുന്നത്?ഒരു ചരിത്രകാരനോ,സ്വയബോധമുള്ള അന്വേഷകനോ തെളിവുകളെയാണ് ആധാരമാക്കുന്നത്. തെളിവുകൾ മറയില്ലാതെ ജീവിച്ചവർക്കെ ഉള്ളു.അങ്ങനെ വരുമ്പോൾ 80 വർഷം മുമ്പ് നിർമ്മിച്ചെടുത്ത വിശ്വാസ രൂപത്തിന് ചരിത്രത്തിൽ ഇടമില്ലന്നു കാണാം.എന്നാൽ യോഹന്നാൻ വടിവോടെ തെളിഞ്ഞു നിൽക്കുന്നുണ്ട്.

ഇനി അഭിലാഷിന്റെ വാദത്തിലേക്കു വരാം.
'ഇപ്പോൾ മിഷനറി ക്രിസ്ത്യാനി vs അപ്പച്ചൻ എന്നൊരു യുദ്ധം നടക്കുന്നുണ്ട്'.അതിന്റെ അനന്തരഫലതേക്കുറിച്ചും വാചാലനാകുന്നുണ്ട്.ഇതു രാഷ്ട്രീയ രൂപമാകുമ്പോൾ വരാനിരിക്കുന്ന അപകടം നേരിടാൻ ദലിത് ക്രിസ്ത്യാനി തയ്യാറാകണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

സുറിയാനി ക്രിസ്ത്യാനിക്കു മിഷണറിയുടെ ബന്ധമൊന്നും ഇല്ലന്ന് മാത്രമല്ല എതിരും ആയിരുന്നു.ആ നിലയ്ക്ക് അതിന്റെ പിന്തുടർച്ച ദലിത് കൃസ്ത്യാനിക്കു മാത്രമാണ്.നമ്പൂതിരി മാരുടെ പാരമ്പര്യം അവകാശപ്പെടുന്ന സുറിയാനിക്കാർ ആ നിലയ്ക്ക് ദേശിയ ജനതയെന്ന നിലയിലേക്ക് എത്തുന്നുണ്ട്.അവർ സുരക്ഷിതരാകുന്നു.'ഞങ്ങൾ' ആദിദ്രാവിട പാരമ്പര്യമുൾക്കൊള്ളുന്ന ജനതയാണ് ഈ മണ്ണിന്റെ മക്കളാണ്.എന്നാൽ,ദളിത് ക്രിസ്ത്യാനിയുടെ ചരിത്രം മിഷണറിയിൽ നിന്നെ തുടങ്ങുന്നുള്ളൂ.അവർക്ക് പിറകോട്ടു പാരമ്പര്യമില്ല!!!എന്നു വെച്ചാൽ ഒരു വൈദേശിക ഉപോൽപ്പന്നം.ദേശീയതയിൽ ഇടമില്ലാത്തവർ.നാളെ ദേശീയതയുടെ പേരിൽ വൻ അപകടത്തിൽ പെടാൻ സാധ്യതയുള്ള ഈ ച്ചർച്ച അവസാനിപ്പിക്കുന്നതാണ് ദളിത് ക്രിസ്ത്യാനിക്കു  നല്ലതു.ഇതാണ് അവസാന ഭാഗത്തിന്റെ സാരാംശം.(ഇദ്ദേഹത്തിനു കോട്ടയത്തെ ബിജെപി കൗണ്സിലറുടെ സ്വരം വന്നത് മനപ്പോർവ്വമല്ല )

ഇതിൽ നിന്നും prds ഇന്നെവിടെ നിൽക്കുന്നുവെന്ന് അസന്ദിഗ്ധമായി തെളിയുന്നു. ദേശീയതയുടെ ഉരകല്ല് rss ആണെന്ന് പലരൂപത്തിൽ വ്യക്തമാക്കുകയും തങ്ങൾ ആർക്കൊപ്പമാണ് നിൽക്കുന്നതെന്നും വ്യംഗ്യമായി പറയുന്നത് സൗമ്യമായിട്ടാണെങ്കിലും  കൃത്യതയുണ്ടു.ഇത്രയും ദളിത് വിരുദ്ധമായ ഇടത്തു നിന്നുകൊണ്ടു ദളിത് വിമോചന ജ്ഞാനനിക്ഷേപം നടത്തിയവരെ വിശ്വസിച്ചവർക്കും വിമാർശിച്ചവർക്കും ആദരാഞ്ജലികൾ. 

വാൾക്കഷണം.
നമ്പൂതിരിമാരുടെ പാരമ്പര്യം ഉള്ള സുറിയാനിക്കാർ ദേശീയരാണന്നതിൽ അഭിലാഷിന് സംശയമില്ല.ഇനി പറയിപെറ്റ പന്തിരുകുലം 'ചരിത്രമാണെന്നു കൂടി പ്രഖ്യാപിച്ചാൽ ശുഭം.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...