Sunday, August 2, 2020

രാംകിങ്കർ ഓർമ്മ ദിനം.K.K. ബാബുമോൻ



ഇന്ന് രാംകിങ്കർ ബൈജ് ഓർമ്മ ദിനം.

വിഖ്യാത ഭാരതീയ ശില്പിയും, ചിത്രകാരനുമായ രാംകിങ്കർ ദിവംഗതനായിട്ട് 40 വർഷമാകുന്നു. 1980 ഓഗസ്റ്റ് രണ്ടിനാണ് അദ്ദേഹം അന്തരിച്ചത്.

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പഠിക്കുന്ന സമയത്ത് (1993-ൽ) ഓൾ ഇന്ത്യ ടൂർ പോയിരുന്നു. അപ്പോൾ ഉള്ളിലുണ്ടായിരുന്ന വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു രാം കിങ്കറിൻ്റെ 'സന്താൾ ഫാമിലി' നേരിട്ട് കാണണമെന്ന്. പക്ഷെ, ഒറീസ്സയിലെ കൊണാർക്ക് അടക്കമുള്ള പല വിസ്മയങ്ങളും കണ്ട് ബംഗാളിലേയ്ക്ക് കടന്നപ്പോൾ പണികിട്ടി... എവിടെ നിന്നോ ഉരുളക്കിഴങ്ങും മുട്ടയും മീനും ചേർത്ത ഒരു പ്രത്യേക കറി കഴിച്ചു. അതോടെ വയറ് പണിമുടക്കി. താമസിയാതെ അത് പനിയായി മാറി. ശാന്തിനികേതനിലെത്തിയപ്പോഴേയ്ക്കും കടുത്ത പനിയായി. അങ്ങനെ, എൻ്റെ 'സന്താൾ ഫാമിലി' സ്വപ്നം ബാക്കിയായി. പിന്നീട് ഹൈദരാബാദിൽ പഠിക്കുന്ന സമയത്താണ് ആ ആഗ്രഹം സഫലീകരിക്കപ്പെട്ടത്. അന്ന് അത്ര തിരക്കുള്ള ആൾക്കാരൊന്നും കൂട്ടത്തിൽ ഇല്ലാതിരുന്നതുകൊണ്ട് ശില്പം മതിയാവോളം നോക്കിക്കണ്ടു. കുറെ നേരം ശില്പത്തിലേക്കങ്ങനെ നോക്കി നിന്നപ്പോൾ രാംകിങ്കർ എങ്ങനെയായിരിക്കും ഇത് ചെയ്തിരിക്കുക എന്ന് ആലോചിച്ചു പോയി! പിന്നീട് അക്കാദമിയിൽ ജോലി ചെയ്യുന്ന സമയത്ത് കൊൽക്കത്ത, ശാന്തിനികേതൻ യാത്രയ്ക്കിടെ ഒരു പ്രാവശ്യം കൂടി നമ്മുടെ അഭിമാന സൃഷ്ടി കാണാൻ കഴിഞ്ഞു. എന്തോ, 'സന്താൾ ഫാമിലി' വീണ്ടും വീണ്ടും കാണാനൊരു ആഗ്രഹമാണ് മനസ്സിൽ.


1906-ൽ പശ്ചിമ ബംഗാളിലെ 'ബാംഗുര' യിൽ ഒരു നിർധന കടുംബത്തിലായിരുന്നു രാം കിങ്കറിൻ്റെ ജനനം. കലയോടുള്ള മൗലികവും ശക്തിമത്തുമായ സഹജവാസനയും നിശ്ചയദാർഢ്യവും അദ്ദേഹത്തെ ഇന്ത്യയിലെ പ്രധാനപ്പെട്ട ആദ്യകാല ആധുനിക കലാകാരന്മാരിലൊരാളാക്കി. കുട്ടിക്കാലത്ത്, നാട്ടിലുള്ള പരമ്പരാഗത ഗോത്രകലാകാരന്മാരുടെ കളിമൺ ശില്പ നിർമ്മാണം കണ്ടു വളർന്ന രാംകിങ്കർ, ഒരു ബാലനായിരിക്കെ തന്നെ ചെറിയ ചെറിയ കളിമൺ രൂപങ്ങൾ നിർമ്മിക്കുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തിരുന്നു. ചെറുപ്പത്തിൽ തന്നെ രാംകിങ്കറിലുള്ള ഈ പ്രത്യേക വാസനയെ അക്കാലത്തെ പ്രധാനപ്പെട്ട ദേശീയ പ്രസ്ഥാനപ്രവർത്തകരിലൊരാളായിരുന്ന രാമാനന്ദ ചാറ്റർജ്ജി കണ്ടെത്തുകയും ശാന്തിനികേതനിലെ കലാഭവനിലെത്തിക്കുകയും ചെയ്തു. രവീന്ദ്രനാഥ ടാഗോറിൻ്റെ വ്യക്തിപ്രഭാവം തുടിച്ചു നിന്ന ശാന്തിനികേതൻ അന്തരീക്ഷത്തിൽ, നന്ദലാൽ ബോസിൻ്റെ ശിക്ഷണത്തിൽ, രാം കിങ്കറിൻ്റെ ധിഷണയും, സർഗ്ഗാത്മകതയും രൂപപ്പെടുകയായിരുന്നു പിന്നെ. കലാഭവനിലെ പഠനത്തിനുശേഷം അവിടെ അദ്ധ്യാപകനായി ഉപജീവനം ആരംഭിച്ച അദ്ദേഹം നന്ദലാൽ ബോസും, ബിനോദ് ബിഹാരി മുക്കർജ്ജിയുമായി ചേർന്ന് സ്വാതന്ത്ര്യലബ്ധിയ്ക്കു മുൻപ് തന്നെ ശാന്തിനികേതനെ ഇന്ത്യൻ കലയുടെ ഒരു പ്രധാന കേന്ദ്രമാക്കി. 



കേവലം ഒരു പരിശീലനകേന്ദ്രം എന്നതിലുപരി കലയിലെ പരീക്ഷണത്തിൻ്റെയും അറിവിൻ്റെയും കൃത്യമായ സ്ഥലം എന്ന നിലയിലാണ് ശാന്തിനികേതനെ പിന്നീടങ്ങോട്ട് നാം കണ്ടത്. ഇത്, പുതുതായി എത്തിച്ചേരുന്ന കലാകാരന്മാർക്ക് തങ്ങളുടെ കാഴ്ചയ്ക്ക് ഒരു സാമൂഹികമാനം ഉണ്ടാക്കാൻ അവരെ പ്രാപ്തരാക്കി. തൻ്റെ സമകാലീനർക്കും പിൽക്കാല കലാകാരന്മാർക്കും പ്രചോദനമേകും വിധം ഈ അവസരം ഉപയോഗപ്പെടുത്തി രാം കിങ്കർ, സ്വപ്രയത്നത്താൽ വലിയ വലിയ ശില്പങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി ശാന്തിനികേതനിൽ സ്ഥാപിക്കുകയായിരുന്നു. വിഷയത്തിലും ശൈലിയിലും പരീക്ഷണാത്മകമായി പുതിയ മാർഗ്ഗം കണ്ടെത്തിയായിരുന്നു രാംകിങ്കറിൻ്റെ രചനകൾ പിറവികൊണ്ടത്.

ഇത്തരത്തിൽ, രാംകിങ്കറിൻ്റെ ഏറ്റവും പ്രസിദ്ധമായ സൃഷ്ടികളിലൊന്നായിരുന്നു മുൻപ് ഞാൻ സൂചിപ്പിച്ച 'സന്താൾ ഫാമിലി ' കോൺക്രീറ്റ് ശില്പം. ശില്പത്തിലെ (നിശ്ചയമായും അവർ ഭാര്യാഭർത്താക്കന്മാരായിരിക്കണം.) സ്ത്രീ ഒരു കുട്ടിയുടെ കൈയ്യിൽ പിടിച്ചിരിക്കുകയാണെങ്കിൽ, മറ്റെ കുട്ടിയെ എടുത്തിരിക്കുകയാണ് പുരുഷൻ. വലിയൊരു മുളംകോൽ അയാൾ ചുമലിലെടുത്തിട്ടുണ്ട്. മുളയുടെ അറ്റത്തുള്ള ബാസ്ക്കറ്റിലാണ് കുട്ടിയുള്ളത്. ഒപ്പം ഞെളിഞ്ഞു നടക്കുന്ന ഒരു നായയെയും കാണാം.എല്ലാ രൂപങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഒരു പ്രത്യേകത. ശില്പം ഏകദേശം ലൈഫ് സൈസിൻ്റെ ഒന്നര മടങ്ങ് വലുപ്പമുള്ളതാണ്.ഇതിൻ്റെ ചലനാത്മകതയാണ് ഒരു പ്രധാന സവിശേഷത. ഫിഗറുകളുടെ  രചനാപരമായ സ്ഥാനവും അംഗവിക്ഷേപങ്ങളും കൊണ്ടാണ്  രാംകിങ്കർ ഇത് സാധിച്ചത്. പരിമിതമായ വസ്ത്രവും, കുട്ടികളുടെ നഗ്നതയും ഇവരുടെ ദാരിദ്ര്യത്തെ വിളിച്ചോതുന്നു. ഒരു കർഷക കുടുംബത്തിൻ്റെ എല്ലാ സവിശേഷതകളും കാണപ്പെടുന്ന ഈ സന്താൾ കുടുംബം ചന്തയിൽ പോയി വരുന്ന വഴിയാണ്.ശാന്തിനികേതനെ കൃത്യമായി അറിഞ്ഞ് സൃഷ്ടിക്കപ്പെട്ട ഈ ശില്പം ഏറ്റവും ചുരുങ്ങിയ ചെലവിലാണ് രാംകിങ്കർ 1938-ൽ നിർമ്മിച്ചത്. അതിനും മുൻപ് 1935ൽ അദ്ദേഹം തൻ്റെ മറ്റൊരു ശില്പം 'സുജാത ' കോൺക്രീറ്റിൽ നിർമ്മിക്കുന്നുണ്ട്.  കോൺക്രീറ്റ് മാദ്ധ്യമമാക്കി ആദ്യമായി പൊതു ശില്പം ഇന്ത്യയിൽ നിർമ്മിക്കുന്നത് ഒരു പക്ഷെ, രാംകിങ്കറായിരിക്കും. 'സുജാത ' നിർമ്മിക്കുമ്പോൾ മുളയായിരുന്നു ആർമച്ചർ ആയി ഉപയോഗിച്ചിരുന്നതെങ്കിൽ, 'സന്താൾ ഫാമിലി'യിൽ ഇരുമ്പ് തന്നെയാണ് ഉപയോഗിച്ചിരുന്നത്. മാത്രവുമല്ല, സാധാരണ കോൺക്രീറ്റിനു പകരമായി ചരൾ സിമൻ്റുമായി ചേർത്ത് ,വിഷയവുമായി ഏറ്റവും അടുത്തു നിൽക്കുന്ന തരത്തിൽ ലാവണ്യബോധം പ്രദാനം ചെയ്യുന്ന രീതിയിലായിരുന്നു 'സന്താൾ ഫാമിലി' കലാചരിത്രത്തിൽ അടയാളപ്പെടുത്തിയത്. അതായത്, രാംകിങ്കറിൻ്റെ കലയിലെ പ്രമേയം ഒരർത്ഥത്തിൽ അദ്ദേഹം തന്നെയായിരുന്നു. മണ്ണിൻ്റെ മണവും ജീവിതവുമാണതിൽ നമുക്ക് കാണാനാവുക. അഥവാ, പ്രകൃതിയും ജീവിതവുമായി ആഴത്തിലുള്ള ബന്ധമാണ് രാംകിങ്കറിൻ്റെ സൃഷ്ടികളിലൂടെ നാം അറിയുന്നത്. ഒരിക്കലദ്ദേഹം പറയുന്നുണ്ട്,
 "സന്താളുകളുടെ ജീവിതത്തിൻ്റെ ഊർജ്ജസ്വലതയും താളവുമാണ് എന്നെ അവരിലേക്ക് ആകർഷിച്ചത്. അവരുടെ വാക്കും ചലനങ്ങളും താളാത്മകമാണ്. തങ്ങളുടെ വീട്ടുപണികളിലും, ദൈനംദിന പ്രവൃത്തികളിലും ആഘോഷങ്ങളിലുമെല്ലാം ഈ താളമാണ് കാണാനാവുക. നമ്മുടേത് പോലെ അഴുക്കോ വിദ്വേഷമോ ഉള്ള ജീവിതമല്ല അവരുടേത്. " 

രാംകിങ്കറിൻ്റെ വാട്ടർ കളറുകളുടെ സ്വാഭാവികതയും പോട്രേറ്റ് പെയ്ൻ്റിങ്ങുകളുടെ ചലനാത്മകതയും സവിശേഷമാണ്. എങ്കിലും, അദ്ദേഹത്തിൻ്റെ പോട്രേറ്റ് ശില്പത്തേക്കുറിച്ച് രണ്ട് വാക്ക് പറയാതെ വയ്യ. കുറച്ചു വർഷങ്ങൾക്കു മുൻപ് ജോണി എം.എൽ അവതരിപ്പിച്ച പ്രബന്ധത്തെക്കുറിച്ച് ഓർമ്മിക്കുന്നു. രവീന്ദ്രനാഥ ടാഗോറിനെപ്പറ്റിയുള്ള ഒരു പ്രബന്ധമായിരുന്നു. ടാഗോറിൻ്റെ എഴുത്തും കലയും ജീവിതവുമെല്ലാം ഗതിവിഗതികളോടെ അനുക്രമമായി അവതരിപ്പിച്ച ജോണി, അവസാനം എത്തിനിന്നത് രാംകിങ്കർ ചെയ്ത ടാഗോറിൻ്റെ പോട്രേറ്റിലാണ്. ടാഗോർ തൻ്റെ അവസാനകാലത്ത് യുദ്ധത്തിനെതിരെ മാനവികതയ്ക്കായി വിലപിക്കുന്നുണ്ട്.. നാം കണ്ടു പരിചയിച്ച ടാഗോർ രൂപത്തിൽ നിന്നും വിഭിന്നമായി ടാഗോറിനെ പൂർണ്ണമായും ഉൾക്കൊണ്ട് വളരെ വ്യത്യസ്ഥമായി രചിക്കപ്പെട്ട ഒന്നായിരുന്നു രാംകിങ്കർ  ചെയ്ത ആ പോട്രേറ്റ്. ആധുനികഇന്ത്യൻ പോട്രേറ്റ് ശില്പങ്ങളിൽ തന്നെ അനന്യമായി നിലകൊള്ളുന്ന ആ കലാസൃഷ്ടിയുടെ ദർശനവും സൗന്ദര്യ ശാസ്ത്ര വിശകലനവും വളരെ സാർത്ഥകമായാണ് അന്ന് ജോണി എം.എൽ അവതരിപ്പിച്ചത്.

കെ.കെ.ബാബുമോൻ
2020 ഓഗസ്റ്റ് 2
 

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...