Sunday, August 2, 2020

ജിതേഷിന് വിട :K.K.ബാബുരാജ്

 

ൺപതുകളുടെ അവസാനമാണെന്ന് തോന്നുന്നു ,മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ ദക്ഷിണ കർണ്ണാടകത്തിൽ വെച്ചു നടന്ന  പത്തുദിവസം നീണ്ടുനിന്ന ഒരു അഖിലേന്ത്യാ ദലിത് സാംസ്‌കാരിക ഉത്സവത്തിന് പങ്കെടുക്കുകയുണ്ടായി. ആന്ധ്രാപ്രദേശിലെ ദലിത് മഹാസഭയും കർണാടകയിലെ ദലിത് സംഘർഷ സമിതിയും സംയുക്തമായിട്ടാണ് ഈ ഉത്സവം സംഘടിപ്പിച്ചത് .അക്കാലത്തു ഈ രണ്ടു സംഘടനകളും വിപുലമായ ബഹുജനാടിത്തറയുള്ള വലിയ പ്രസ്ഥാനങ്ങളായിരുന്നു .സീഡിയൻ എന്ന ദലിത് സംഘടനയെ പ്രതിനിധീകരിച്ചു ഞാനും ഹരിലാലുമാണ് അതിൽ പങ്കെടുത്തത് .

   ഇന്ത്യയിലെ  വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് ദലിത് കല -സാംസ്‌കാരിക പ്രവർത്തകർക്കൊപ്പം ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ട നിരവധിപേരും അവിടെ  വന്നിരുന്നു .പത്തുദിവസവും രാത്രിയും പകലും പതിനായിരകണക്കിന് കാഴ്ചക്കാരാണ് ഉണ്ടായിരുന്നത് .ഏറ്റവും പ്രധാനമായി തോന്നിയത് ,ഏറ്റവും അടിത്തട്ടിൽ നിന്നും വന്ന കലാപ്രവർത്തകർക്കൊപ്പം ,ദലിതരായ വലിയ ഉദ്യോഗസ്ഥരും  ജഡ്ജിമാർ പോലും യാതൊരു തരംതിരിക്കലുമില്ലാത്ത ആ സമ്മേളനത്തിൽ പങ്കെടുത്തതാണ് .

      സാധാരണയായി ,നാടൻപാട്ടുകളും കീഴാളമായ കലാവിഷ്കാരങ്ങളും ആധുനികതയുടെ സമ്മർദ്ദത്താൽ പുറംതള്ളപ്പെട്ട '' പുരാവസ്തുക്കൾ'' മാത്രമാണെന്നാണല്ലോ വരേണ്യബോധം  കാണുന്നത് .എന്നെ സംബന്ധിച്ചു ഈ  വരേണ്യബോധത്തെ ഉപേക്ഷിക്കാൻ ആ സമ്മേളനം സഹായിച്ചു എന്നുപറയാം  .മറ്റൊരുകാര്യവും കൂടെ മനസ്സിലായി ;ഇന്ത്യയിലെ ദലിത് രാഷ്ട്രീയം മുഖ്യ ധാരയിൽ പരാജയപ്പെട്ടേക്കാം .എന്നാൽ ദലിത് സംസ്‌കാരവും ജ്ഞാനാവബോധങ്ങളും ഏതു പ്രതികൂല അവസ്ഥയെയും അതിവർത്തിച്ചു നിലനിൽക്കും എന്നതാണത്‌ .അതായത് ,ഇന്ത്യയുടെ സാംസ്‌കാരിക അബോധമെന്നത് ബ്രാഹ്മണ്യമല്ല ,മറിച്ചു കീഴാളത  അല്ലെങ്കിൽ ശ്രമണമാണ് .
 
     ജിതേഷിനെ പോലുള്ള കീഴാള കലാ  പ്രവർത്തകരോട് അഗാധമായ അടുപ്പം ഉണ്ടായതിനു  കാരണം ഇത്തരം ബോധ്യങ്ങളാണ് .
'
   ജിതേഷിന്റെ 'കൈതോല പായവിരിച്ചു 'എന്ന പാട്ട് ,കാതുകുത്തു കല്യാണം എന്ന കീഴാള ആഘോഷത്തിന്റെ  ഓർമ്മ പുതുക്കലാണ് .കേരളത്തിലെ സവർണ്ണ സമുദായങ്ങളുടെ പ്രധാനപ്പെട്ട ആഘോഷം പെൺകുട്ടികളുടെ ആർത്തവം തുടങ്ങുന്നതോട് അനുബന്ധിച്ചുള്ളതാണ് .ഇതേസമയം ,ദലിതരും ഇതര കീഴാള സമുദായങ്ങളും കൂടുതലായി നടത്തുന്നത് പെൺകുട്ടികളുടെ കാതുകുത്താണ് .ഈ ചടങ്ങിന് വീട്ടുകാരും ബന്ധുക്കളും ആഘോഷപൂർവം പങ്കെടുക്കുന്നതാണ് ഈ പാട്ടിലെ പ്രതിപാദ്യം.

  ഉത്തര ഇന്ത്യയിലെ സവർണ്ണ സമുദായങ്ങളിൽ പലരും പെൺകുട്ടികളുടെ ജനനത്തെ ശാപമായിട്ടാണ് കാണുന്നത് .കേരളത്തിലെ സവർണ്ണർ അടക്കമുള്ള സമുദായങ്ങൾ അങ്ങനെ കരുതുന്നവരല്ല .ദലിതരെ സംബന്ധിച്ചെടുത്തോളം ,പെൺകുട്ടികളുടെ ജനനത്തെ അനുഗ്രഹമായിട്ടാണ് കാണുന്നത് .ദലിത് സമുദായം  പൊതുവെ തങ്ങളുടെ പെൺകുട്ടികളോട് പുലർത്തുന്ന വാത്സല്യവും ,സ്നേഹവും ആ പാട്ടിലുണ്ട് .

    ഇരുപത്തിയാറ് വർഷം മുൻപ്‌ എഴുതിയ ഈ പാട്ട്   അന്യാധീനപ്പെട്ടതിനെ പറ്റി പലരും സൂചിപ്പിച്ചിട്ടുണ്ട് .ഫോക് ലോർ പഠിതാവായ ഡോ .ഏ .കെ .വാസു ;കീഴാള കലാപ്രവർത്തകർ അജ്ഞാതരായി പോകുന്നതിനെപ്പറ്റി നിരന്തരം  ഓർമിപ്പിക്കുന്നത്   ,ഒരുഘട്ടം കഴിഞ്ഞാൽ എത്ര ജനപ്രിയം ആണെങ്കിലും അവരുടെ  സംഭാവനകൾ സവർണ്ണരുടെ അധീനതയിലാകും എന്ന പ്രശ്നം നിലനിൽക്കുന്നതുമൂലമാണ് .

   ജിതേഷിന്റെ മറ്റൊരു പ്രശസ്തമായ പാട്ടായ' പാലോം പാലോം 'ഒരു കീഴാള മിത്തിനെ അവലംബമാക്കിയതാണ് .വടക്കൻ കേരളത്തിലെ ഒരു പ്രധാനപ്പെട്ട പാലം ഉറപ്പിക്കാൻ ഒരു കീഴാള അമ്മയെ ബലിയർപ്പിക്കുന്നതിനെയാണ് അതിൽ  പ്രതിപാദിക്കുന്നത് .തിരുവിതാംകൂറിൽ കൃഷിപ്പണിക്ക്  വെള്ളം തടഞ്ഞുനിറുത്തി  മടയുറപ്പിക്കാൻ ,ഏറ്റവും ആരോഗ്യവും കായികവിരുതുമുള്ള പുലയ ,പറയ യുവാക്കളെ ബലികൊടുക്കാറുണ്ട് എന്ന മിത്തു നിലനിൽക്കുന്നുണ്ട് .സമാനമായ വിധത്തിലുള്ള ഒരു മിത്താണ് ഈ പാട്ടിലുള്ളതും .ചിലപ്പോൾ ഈ മിത്തു യാഥാർഥ്യം തന്നെയാകാം .

  The Bridge on the Drina എന്ന അതിപ്രശസ്ത നോവലിൽ ,ജല പിശാചുക്കൾ  പാലം പണിയിൽ തടസ്സം വരുത്തുന്നു .അതിനെ തടയാൻ ഇരട്ടകളായ രണ്ടു ക്രിസ്‌ത്യൻ കുഞ്ഞുങ്ങളെ ബലികൊടുത്തു എന്നാണ് ഐതീഹ്യം .ഇത്തരം മിത്തുകളും  യാഥാർഥ്യങ്ങളും  ലോകവ്യാപകമായി കീഴാള ജീവിതത്തിന്റെ അതിജീവന പാഠം തന്നെയാണ്.

ജിതേഷിന് ആദരവോടെ വിട ."

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...