ഞങ്ങളുടെ കയ്യില്‍
ഭിക്ഷാ പാത്രവും
വെച്ച്
തന്നതെന്തിനാണന്ന്
ദൈവത്തോട്
ചോദിച്ചു.
ദൈവമോ, ഒന്നും
മിണ്ടാതെ
പിന്തിരിഞ്ഞു
നടന്നു.
മഹുവയുടെ ലഹരി
തുളുമ്പുന്ന
വനാന്തരങ്ങളിലേക്ക്
കടന്നു വന്നവര്‍
മടങ്ങിപ്പോയില്ല.
ഇറങ്ങിപ്പോയവര്‍
തിരികെ വന്നതുമില്ല.
താഴ്വരയില്‍ ശതകങ്ങളായ്
ഋതുക്കളെ
ലാളിചിരുത്തിയ വന്മരങ്ങളുടെ
അലര്‍ച്ചകള്‍
ഇടതടവില്ലാതെ...
പെയ്യാതെ,
വിരണ്ടോടിപ്പോകുന്ന
മേഘങ്ങള്‍
വീശാതെ തെന്നിമറിപ്പോകുന്ന
കാറ്റ്
അവസാനത്തെ
പൂക്കള്‍ നെഞ്ചിലേന്തി
വിറങ്ങലിച്ചു വീണ
കാട്!
ഒഴുകാന്‍ മറന്ന
അരുവികള്‍!!
ഉള്ളിലെക്കൊഴുകുന്ന
കണ്ണീരോടെ
ദൈവത്തെ വിളിച്ചു
ചോദിച്ചു.
കാണാതെ പോയ മകളുടെ
ചേലത്തുമ്പെങ്കിലും
തെരഞ്ഞുപോയ
പിതാവിനെ
തേടിപ്പോയ പൈതങ്ങളും
മാഞ്ഞുപോയതെങ്ങനെ?
ജീവനെപ്പോലെ
സ്നേഹിച്ച മണ്ണില്‍
കമിഴ്ന്നു വീണവരെ
പറിച്ചെറിഞ്ഞതെവിടെ?
ദൈവമപ്പോഴും,
നിന്നുകത്തുന്ന
പാറയില്‍ ഹുക്കയും വലിച്ച്
കുനിഞ്ഞിരിക്കുകയായിരുന്നു!!!

No comments:
Post a Comment