Wednesday, July 3, 2019

ജ്ഞാനവഴികൾ :ടി. കെ.മോഹൻദാസ്



   പ്രത്യക്ഷ രക്ഷാ ദൈവസഭ യുടെ ജ്ഞാനവ്യവഹാരങ്ങളിൽ പാഠവൽക്കരിക്കുന്ന "പാപം, ശാപം,മരണവിധി" എന്നിങ്ങനെ മൂന്നുപരികല്പനകൾ ഇന്നുവളരെയേറെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. അപ്പച്ചൻ നിരാകരിച്ച ചില വ്യവസ്ഥകളുടെ അനുബന്ധവും മറ്റ്ചില അന്ധതാ വിശ്വാസങ്ങളുടെ തുടർച്ചയുമായി ചിലരെങ്കിലും ഈ വിഷയത്തെ സമീപിച്ചു പോരുന്നുണ്ട്.  ഈ പരികല്പനകൾ  പൊയ്കയിൽഅപ്പച്ചൻ തന്റെ ജ്ഞാനഭാഷണങ്ങളിലൂടെ നിർദ്ധാരണംചെയ്ത്  വ്യക്തപ്പെടുത്തിയിട്ടുള്ളതാണ്. ഈ വിഷയനിർദ്ധാരണം രക്ഷാനിർണ്ണയ യോഗങ്ങളിൽ അതിപ്രധാനമായി നിർവഹിച്ചു പോരുന്നതുമാണ്.  പൊയ്കയിൽ അപ്പച്ചന്റെ ഭൗതികശരീരം വല്യ താന്നിക്കുന്നിൽ പണിതുയർത്തിയ സംരക്ഷണ അറയിൽ ജ്ഞാനനിക്ഷേപം ചെയ്യുന്നതിന് ഏറ്റവും ഒടുവിലായി, അപ്പച്ചന്റെ അനുഗാമിവൃന്തത്തിൽ നേതൃത്വപരമായി ഏറ്റവുംമുതിർന്ന വ്യക്തിത്വം ഞാലിയാകുഴിആശാൻ, അപ്പച്ചന്റെ  ശരീരത്തിനു മുമ്പിൽ സന്നിഹിതനായി,
 " അടിമസന്തതികൾക്കു വന്നു ചേർന്ന പാപവും ശാപവും മരണവിധിയും ഈ ശരീരത്തിൽ വച്ച് എന്നെന്നേയ്ക്കുമായി നീക്കിയിരിക്കുന്നു, നീക്കിയിരിക്കുന്നു, നീക്കിയിരിക്കുന്നു" എന്നൊരു  പ്രഖ്യാപനം നടത്തിയിട്ടുള്ളതും  ഈ വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെടാൻ കാരണമായിട്ടുണ്ട്.

O1

അടിമസന്തതികൾ കൊടിയപാപം ചെയ്ത് പാപികളായിത്തീർന്നവരാണ്  എന്നതല്ല "പാപം" (Miff )എന്ന പരികല്പന കൊണ്ട് PRDS വ്യവഹാരങ്ങളിലെ വിവക്ഷ. നിരവധി നൂറ്റാണ്ടുകളായി മതങ്ങളും മാർഗ്ഗങ്ങളും ആഭിചാര -സേവാമൂർത്തി ആരാധകരും ഒരേപോലെ, മനുഷ്യർ പാപികളാണെന്ന് പേർത്തും പേർത്തും പ്രഘോഷിക്കുക വഴി, മനുഷ്യ സമുദായത്തിനുമേൽ ജനിതക ഘടനയിലേക്കു  പോലും രൂഢമൂലമാക്കപ്പെട്ട വ്യാജനിർമ്മിതിയായ  പാപബോധം (Sence of iniquity ) സന്നിവേശിപ്പിക്കപ്പെട്ടിരുന്നു . മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള കല്പിത കഥകളിൽ മണ്ണു കുഴച്ച്  മനുഷ്യനെ നിർമ്മിച്ച് മൂക്കിലൂടെ ജീവവായു ഈതിക്കയറ്റുന്നതിനൊപ്പം ( മറ്റെല്ലാ മനുഷ്യസൃഷ്ടി കല്പനകൾക്കൊപ്പവും ) മതങ്ങൾ ഈ പാപബോധവും ഉൾച്ചേർത്തിരുന്നു. മനുഷ്യർ പൊതുവിൽ പാപികളാണെന്നും അടിമകളും അവമതിപ്പ് നേരിടുന്നവരും സ്ത്രീകളും കൊടുംപാപികളാണെന്നും  കഴിഞ്ഞ ജന്മത്തുവച്ച്  അവർതന്നെയോ  അവരുടെ മുൻഗാമികളോ ചെയ്തുപോയ പാപങ്ങൾ മൂലമാണ് ഇങ്ങനെയൊക്കെ ആയിപ്പോയതെന്നുമുള്ള  ബോധക്കേട് നിർമ്മിച്ച് നിലനിർത്താൻ മതചിന്തകൾക്ക് വലിയഅദ്ധ്വാനമില്ലാതെ സാധിച്ചിട്ടുണ്ട്. ഈ പാപബോധം, വ്യവസ്ഥകളെയും നിശ്ചയങ്ങളെയും മാറ്റമില്ലാതെ ഹിംസാത്മകമായി തുടരുന്നതിനും മതങ്ങൾക്ക് മനുഷ്യരെ നിർബാധം ചൂഷണംചെയ്യുന്നതിനും സഹായകരമായി ഭവിച്ചു.(എന്നാൽ യഹൂദരും ബ്രാഹ്മണും തങ്ങൾ പാപികളാണെന്ന് കരുതുന്നില്ല.) അടിമകളെ പാരമ്പര്യ അടിമകളായി നിലനിർത്തുന്നതിൽ പാപബോധത്തിന് വലിയ പങ്കുണ്ട്. മനുഷ്യസമുദായത്തെ വിടാതെ പിൻതുടരുന്ന ഈ പാപബോധത്തെയും "പാപി"യെന്ന വ്യാജസ്വത്വവിചാരത്തെയും (False Identity Thinking) നിർമ്മൂലനം ചെയ്യുന്നതിനുള്ള ജ്ഞാനപദ്ധതിയാണ് അപ്പച്ചൻ പ്രദാനംചെയ്തത്.പാപം നീക്കിയിരിക്കുന്നുവെന്ന് അപ്പച്ചൻ പറയുന്നത് ഈ ജ്ഞാനപദ്ധതിയുടെ പ്രയോഗമെന്ന രൂപത്തിലാണ്.

"പാപിയാമെന്നെയവൻ
കണ്ടുകരളലിഞ്ഞു
കരങ്ങളിലേന്തിക്കൊണ്ട്
കവിളുകളിന്മേൽ മുത്തി"
എന്നിങ്ങനെ പുല്ലാന്നി മണ്ണിൽ എബ്രഹാം പാടുമ്പോഴും  "പാപബോധം പേറുന്ന അടിമപ്പെട്ട തലമുറയെ " എന്നതാണ് നാം മനസിലാക്കേണ്ടത്.

O2

മതചിന്തകൾ പ്രചരിപ്പിക്കുന്നതുപോലെ പാപം ചെയ്തമനുഷ്യന് / മനുഷ്യപദത്തിന് പ്രതിഫലമായി ലഭിച്ച ദൈവികശിക്ഷ എന്ന രൂപത്തിലല്ല അപ്പച്ചൻ ശാപം (Revilement) എന്ന പരികല്പനയെ  ജ്ഞാനനിർദ്ധാരണം ചെയ്തിട്ടുള്ളത്. ശാപം ഒരു സാമൂഹ്യശാസ്ത്ര പരികല്പനയാണ്. അടിമജനപദങ്ങൾക്കുമേൽ സംഘടിത മതങ്ങളും അധികാരം കയ്യാളുന്ന സമൂഹങ്ങളും ഭരണകൂടങ്ങളും നടത്തുന്ന തിന്മവൽക്കരണത്തെയും  സാമൂഹ്യഭത്സനങ്ങളെ
യും  മുടിയാൻപ്രാക്കുകളെയുമാണ് ശാപമെന്ന് അപ്പച്ചൻ വിവക്ഷിച്ചത്. ശാപവച സുകൾ ഉരുക്കഴിച്ച് തലമുറകളിലേക്ക് ശാപദണ്ഡനം ചെയ്യുന്ന വ്യവസ്ഥകളെ നിഷേധിക്കുവാനും  നിരാകരിക്കുവാനുമുള്ള അവബോധ നിർമ്മിതിയാണ് പാപമെന്ന പരികപ്പനയുടെ നിർദ്ധാരണശേഷിപ്പ്.

" ഉർവ്വിയിൽ ശപിക്കപ്പെട്ട
സന്തതിയെന്നു നിത്യം
സർവ്വരും പഴിച്ചിടുന്നു
കൂസലില്ലാതെ " ........

എന്ന് അപ്പച്ചൻ തന്നെ പാടിയിട്ടുണ്ട്. ചരിത്രത്തിലുടനീളം തുടരുന്ന  ശപിക്കപ്പെട്ടവർ/മുടിഞ്ഞവർ / അപശകുനങ്ങൾ / അശ്രീകരങ്ങൾ/പൈശാചികജന്മങ്ങൾ എന്നിങ്ങനെയെല്ലാമുള്ള വരേണ്യരുടെ മുദ്രചാർത്തലും  ക്ഷുദ്രകല്പനകളുമാണ് ശാപമെന്ന് അപ്പച്ചൻ വ്യക്തതപ്പെടുത്തിയിട്ടുണ്ട്. ലോകത്തെവിടെയുമുള്ള അടിമകളും നിരന്തരം സാമൂഹ്യമായി ശപിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സാമൂഹ്യമായിത്തന്നെ ഈ മനോഗതിയെ / അതിക്രമത്തെ മറികടന്നു കൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ജ്ഞാന ബോധ്യവികാസമാണ് പാപത്തെ നീക്കുന്നു  എന്നുള്ള പ്രഖ്യാപനം.

O3

മരണവിധി (Sentenced to death),വ്യവസ്ഥിതിയുടെ (രാഷ്ട്രം/മതം/ദണ്ഡനീതി) നിശ്ചയങ്ങളാൽ അപ്രതിരോധാമാംവിധം  കൊലചെയ്യപ്പെടുക അല്ലെങ്കിൽ വ്യവസ്ഥിതിയുടെ ചക്രവ്യൂഹത്തിൽ  മരിക്കാനായി മാത്രം ജീവിക്കുക എന്നുള്ള വരേണ്യതയുടെ വിധിന്യായമാണ് (Judgement).മരണവിധി വിവിധ രൂപത്തിൽ നടപ്പിലാക്കിയിരുന്നത്, ആചാരങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും വഴക്കങ്ങളുടെയും അധികാരത്തിന്റെയും  ആഢ്യത്വത്വത്തിന്റെയും സംരക്ഷണത്തിനും  പ്രകടനപരതയ്ക്കും വേണ്ടിയായിരുന്നു. അതിനു പാത്രീഭവിക്കുന്നില്ലെങ്കിൽ നരകിച്ച് മരിച്ചൊടുങ്ങാനും വിധിന്യായത്തിൽ വ്യവസ്ഥയുണ്ട്. മരണത്തിന്റെ/ ഹിംസയുടെ ഇത്തരം വ്യവസ്ഥാപിത നിശ്ചയങ്ങളെയാണ് മരണവിധി നീക്കുന്നതിലൂടെ നിർമ്മൂലനം ചെയ്യുന്നത്.

"മരണമേ മൂർച്ഛയെവിടെ
പാതാള ജയമെവിടെ...
മരണത്തെ വെൽവിളിച്ചു
സദാനേരം ജീവിച്ചീടുവതിനായ് ".......

എന്ന് അപ്പച്ചന്റെ അനുഗാമികൾ പാടുകയും അപ്രകാരം ജീവിക്കുകയും ചെയ്യുന്നുണ്ട്.


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...