Monday, July 1, 2019

വായിച്ച് വിശപ്പ് മാററിയവർ : രജിശങ്കർ




   


       1978ലാണ് ഞാൻ നാഷണൽ ലൈബ്രറിയിൽ അംഗമാകുന്നത്.അന്ന് 30 പൈസ ആയിരുന്നു കുട്ടികൾക്കുള്ള മെമ്പർഷിപ്പിന് എന്നാണോർമ്മ.കത്തിപ്പാറയിൽ നിന്നും അടിമാലിവരെ കുട്ടികൾക്ക് ബസ്ചാർജ്ജ് 15 പൈസ ആയിരുന്നു.രണ്ടു വൈകുന്നേരങ്ങൾ 8 കിലോമീറ്റർ വീതം നടന്നാണ് അതിനുള്ള വക കണ്ടെത്തിയത്.അറുബോറൻ ക്ലാസുകൾക്കിടയിൽ ടോൾസ്റ്റോയിയെയും ചെക്കോവിനെയും മടിയിലൊളിപ്പിച്ചു വെച്ചു വായിച്ചു.ചിലപ്പോഴൊക്കെ ഓർക്കാതിരിക്കെ പുറത്തു അടിവീണിട്ടുണ്ട്.കയ്യോടെ പിടികൂടി ഓഫീസിൽ എത്തിക്കുമ്പോൾ കള്ളുകുടിച്ചാൽ സംഹാര രുദ്രനും,അല്ലാത്തപ്പോൾ കരുണാമയനും ആയ ഹെഡ്മാസ്റ്റർ "പുസ്തകം വായിച്ചതല്ലേ "എന്നുപറഞ്ഞു എന്നെ  രക്ഷപെടുത്തുന്നത് എനിക്ക് വളമായെന്നു മാത്യു സാർ പലപ്പോഴും പറയുമായിരുന്നു.അതിലിതിരി അഹങ്കാരവും എനിക്കുണ്ടായിരുന്നു.



ഒരിക്കൽ ഓഫീസിനു മുന്നിലെത്തിയപ്പോൾ ഹെഡ്മാസ്റ്റർ എന്നെ തടഞ്ഞുനിർത്തി. " നീയിപ്പോൾ ഏതു പുസ്തകമാ വായിക്കുന്നത് ?"
"'അമ്മ"
സാർ നെറ്റി ചുളിച്ചു അടിമുടി എന്നെ നോക്കി."കൊള്ളാം...!പക്ഷെ ക്ലാസിൽ വെച്ചു വായിക്കേണ്ട."

പിന്നെ ഞാൻ ക്ളാസ്സിൽവെച്ചു വായിച്ചില്ല.വായനയങ്ങു  വളർന്നു.ഞാനും.angel ജോൺ ചേട്ടന്റെ കൂടെ പരസ്യകള പഠിക്കാൻ ചേരുമ്പോൾ ലൈബ്രറിയുടെ അയൽക്കാരനായതാണ് ഏറെ സന്തോഷിപ്പിച്ച കാര്യം.ബാബുസാർ വർക്കിസാർ സുകുമാരൻ സാർ ഈ ത്രിമൂർത്തികൾ അതിനെ സജീവമാക്കി നിർത്തി.തിയ്യേറ്ററിൽ സിനിമ ഓടിക്കുമ്പോഴും പിന്നീട് സർക്കാർ ജോലിയിലിരിക്കുമ്പോഴും ബാബു സാറിന്റെ ജീവൻ ലൈബ്രറിയിൽ തന്നെ ആയിരുന്നു.വലിയവലിയ വായനക്കാർ ഉണ്ടായിരുന്നെങ്കിലും അത്രത്തോളം ലൈബ്രറിയെ ഹൃദയം കൊണ്ടേറ്റവർ വേറെയുണ്ടാകില്ല.

    സമപ്രായക്കാരായ ചെറുപ്പക്കാർ ഞങ്ങൾ ഒഴിവു നേരങ്ങളിൽ ലൈബ്രറിയിൽ സമ്മേളിച്ച.അന്നൊക്കെ സമയത്തിന് നല്ല നീളവും വീതിയും ഉണ്ടായിരുന്നു.തലേന്ന് വായിച്ചതിനെക്കുറിച്ചു,കണ്ട,മാതൃഭൂമിയിൽ നിന്നും വായിച്ചറിഞ്ഞ നല്ല സിനിമകളെക്കുറിച്ചു,രാഷ്ട്രീയത്തെക്കുറിച്ചു..പറഞ്ഞു ആസ്വദിച്ചു.onv യും ചുള്ളിക്കാടും ഈണത്തിലും ഈണമില്ലാതെയും  പുറത്തു വന്നു.സായാഹ്‌ന വായനയും ചർച്ചയും 8 മാണി കഴിയുമ്പോൾ ബാബുസാർ തത്തിച്ചിറക്കണം.എന്നാലേ സുഖം വരൂ.


എന്നെ നാലക്ഷരം എഴുതാൻ പ്രാപ്തനാക്കിയത് ഞങ്ങളുടെ ലൈബ്രറിയും കൂട്ടുകെട്ടും മാത്രമാണ്.ലോകത്തെ വിടർന്ന കണ്ണുകളോടെ നോക്കിയവർ 80 കാലിലെ കൗമാര,യൗവ്വനങ്ങളാണെന്നു ഞാൻ പറയും,നിങ്ങൾക്കിഷ്ടപ്പെട്ടില്ലെങ്കിലും.അത്രഏറെ സഗ്ഗാത്മകതയുള്ള സമൂഹത്തോട് പ്രതിബദ്ധതയുള്ള യുവത സമൂഹത്തിൽ തുളുമ്പി നിൽക്കുന്നത് പിന്നെയൊരിക്കലും കണ്ടിട്ടില്ല.ഇന്നത്തെപ്പോലെ വിജ്ഞാനം വിരൽ ത്തുമ്പിലില്ലാതിരുന്നകാലം,എഴുകടൽ നീന്തിക്കടന്നു അറിവിന്റെ സൗരഭ്യം കണ്ടെടുത്ത സാഹസികർ അന്നേ ഉണ്ടായിരുന്നുള്ളു. വായനശാലകളും വാർഷികാഘോഷങ്ങളും ഉത്സാഹിപ്പിച്ച ഇടുക്കിയുടെ മധ്യവേനലുകൾ ..നാടകങ്ങൾ ത്രസിപ്പിച്ച ആ രാത്രികൾ..തിരികെ ലഭിക്കാത്തത് വായനായില്ലാത്ത തലമുറയുടെ റെഡിമെയ്ഡ് ജീവിത വീക്ഷണംകൊണ്ടാണ്.മൊബൈൽ ഫോണിൽ ബ്യൂട്ടിക്യാമറയിൽ മാത്രം ഫോട്ടോയെടുക്കുന്നവർ ജീവിതത്തിന്റെ യഥാർത്ഥ നിറവും മണവും അറിയാൻ കഴിയാത്തവരാണ്.

ആളും അനക്കാവുമില്ലാത്ത ലൈബ്രറികൾ .എങ്കിലും നാഷണൽ ലൈബ്രറി ഇപ്പോഴും കുറെയൊക്കെ സജീവമായിത്തന്നെയിരിക്കുന്നു.നിലവാരത്തിലും.എല്ലാവിഷയത്തിലും റഫറൻസ്‌കളുള്ള ഈ ഗ്രന്ഥശാലയെ ഉപയോഗപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്താനുള്ള ബാധ്യത പഴയവർക്കുണ്ട്.

********************************************

കാലമൊത്തിരി കഴിഞ്ഞിട്ടും ഓർമ്മകളിലെ പഴയ വായനശാലയിൽ പുസ്തകമെടുക്കുന്നവരുടെ തിരക്കാണ്.പുറത്തിരുന്നു ചിലർ കഥ പറയുന്നു.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...