Friday, April 20, 2018

മനുഷ്യപുത്രനായി മാറിയ മല്ലപ്പള്ളി അടിമ .ടി. എം. യേശുദാസൻ

മനുഷ്യപുത്രനായി മാറിയ മല്ലപ്പള്ളി അടിമ
................................................................
ടി. എം. യേശുദാസൻ
==================

ജാതിഅടിമത്തത്തിന്റെ ജീവപര്യന്തം കഠിനതടവിൽ പരോളും വിടുതലുമില്ലാതെ പണിയെടുത്തു മുടിഞ്ഞുപോയ പുലയ പറയ കുറവ എെനവ ജാതികളുടെ വിശ്രമരഹിതമായ അത്യഅദ്ധ്വാനം, ഈഴവർ തൊട്ട് മേലോട്ടുള്ള ജാതി കേരളത്തിൽ അതിജീവനത്തിന് അനുപേക്ഷേണീയവും നിർണായകവുമായിരുന്നു. എങ്കിലും, കാടും കായലും കനകം വിളയുന്ന കൃഷിയിടങ്ങളാക്കി മാറ്റി യജമാനൻമാരുടെ കളപ്പുരകൾ സമൃദ്ധികൊണ്ട് നിറച്ച അടിമകൾ കന്നുകാലികളേക്കാൾ ഒട്ടും മേലെയല്ലാത്ത അവസ്ഥയിലാണ് പെറ്റുവീഴുകയും ചന്തകളിൽ വിൽക്കപ്പെടുകയും പണിയെടുത്തു ചത്ത്‌ വീഴുകയും ചെയ്തിരുന്നത്. പേറു കഴിഞ്ഞ് നാലഞ്ച് നാളുകൾക്കുള്ളിൽ പണിക്കിറങ്ങേണ്ടിയിരുന്ന അടിമപ്പെണ്ണുങ്ങൾ തൊട്ടടുത്ത മരത്തണലിന്റെ പായയിൽ ഉറക്കിക്കിടത്തിയ എത്രയോ ചോരക്കിടാങ്ങളാണെന്നോ ഉറുമ്പരിച്ചു ചത്തു പോയത് ? വസൂരിയും കോളറയും ഹെറോദാവിന്റെ കല്പനയുമല്ല; ഇത് ജാതിഅടിമത്തം നടത്തിയ ഹീനമായ വംശഹത്യ അഥവാ വംശിയശിശുഹത്യ ആയിരുന്നു. കേരളത്തിലെ വേറൊരു ജാതിയും അടിമച്ചന്തകളിൽ കാലികളെപ്പോലെ വിൽക്കപ്പെട്ടിട്ടില്ല. ഇങ്ങനെ കണ്ണിൽ ചോരയില്ലാത്തവിധം അപ്പനും അമ്മയും മക്കളും വേർപിരിക്കപ്പെട്ട് തകർക്കപ്പെട്ട വേറൊരു ജാതിയും കേരളത്തിലില്ല. ജാതിഅടിമത്തത്തിന്റെ മനുഷ്യത്വരഹിതമായ അക്രമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് പ്രൊട്ടസ്റ്റൻറ മതവും ഇസ്ലാം മതവും സ്വീകരിച്ച അടിമകളാണ് കേരളസമൂഹത്തിൻറെ സമൂലമായ ഉടച്ചുവാർക്കലിനുള്ള ആദ്യത്തെ മുന്നറിയിപ്പ് നൽകിയത്. മാറ്റുവിൻ ചട്ടങ്ങളെ എന്ന് ഉറക്കെപ്പാടിയ മഹാകവി കുമാരനാശാൻ അടിമകളുടെ നിശ്ശബ്ദമായ ഈ മുന്നറിയിപ്പ് വാക്കാൽ ആവർത്തിക്കുകയാണ് ചെയ്തത്

മലയാളികളുടെ കണ്ണിൽ അടിമത്തം തികച്ചും ന്യായമായ സാമൂഹികധർമ്മം മാത്രമായിരുന്നു. അതിൽ മനുഷ്യാവകാശധ്വംസനമൊന്നും അവർ കണ്ടിരുന്നില്ല. ക്രിസ്തുശിഷ്യനായ തോമസിന്റെ അനുയായികളും ഇതിനൊരു അപവാദമായിരുന്നില്ല. കാരണം, നമ്മുടെ കണ്ണും അതിന്റെ കാഴ്ചയും ചരിത്രപരമായും സാംസ്കാരികമായും രൂപപ്പെടുന്നതാണ്. വലിയൊരളവുവരെ നമ്മുടെ ജാതി അഥവാ ത്വക്ക് കൊണ്ടാണ് നാം ലോകത്തെ നോക്കിക്കാണുന്നത്. കേരളത്തിന്റെ സാംസ്കാരികരൂപകങ്ങളും സാഹിത്യസൃഷ്ടികളും ഉല്പത്തിക്കഥകളുമൊക്കെ അടിമത്തത്തെയും കേരളത്തിന്റെ ആദിഉടമകളായ ദളിതരെ അടിമകളാക്കിയ ചരിത്രത്തെയും മൂടിവയ്ക്കാനുള്ള അടപ്പുപാത്രങ്ങളായിരുന്നു. കേരളത്തിന്റെ ആദിഉടമകളായ അടിമകൾ മലയാളികളേ അല്ലെന്ന മനോഭാവമാണ് പൊതുവെ കേരളസംസ്കാരത്തിന്റെ മുഖമുദ്രയായി ശോഭിച്ചിരുന്നത്. ദക്ഷിണാഫ്രിക്കയിലെ കറുത്തവരോടു കുടിയേറ്റക്കാരായ വെള്ളക്കാർ പുലർത്തിയ അതേ സമീപനം. ഇത്തരമൊരു സാംസ്കാരിക തിമിരത്തിന്റെ റിബൺ കൊണ്ടാണ് അടിമത്തത്തിൻറെയും അടിമാനുഭവങ്ങളുടെയും യാഥാർത്ഥ്യങ്ങൾക്കു നേരെ മലയാളികൾ തങ്ങളുടെ കണ്ണുകൾ മൂടിക്കെട്ടിയത്. അതുകൊണ്ടുതന്നെ, വിദേശികളായ സഞ്ചാരികളുടെയും കോളനിവാഴ്ചക്കാരുടെയും മിഷനറിമാരുടെയും കണ്ണുകളിലാണ് കേരളത്തിലെ അടിമതത്തവും അടിമകളും ആദ്യം ശ്രദ്ധയിൽ പതിഞ്ഞത്.

വിപ്ലവപൂർവ ഫ്രാൻസിലെ സാമൂഹ്യാവസ്ഥയിലേക്ക്, പ്രത്യേകിച്ച് വയലുകളിൽ പണിയെടുക്കുന്ന പാവങ്ങളുടെ ദയനീയാവസ്ഥയിലേക്ക്, വെളിച്ചം വീശുന്ന ഒരു സഞ്ചാരിയുടെ ദൃശ്യവിവരണം കാരൻ ആംസ്ട്രോങ്ങ്‌ ദ ഗോസ്പൽ എക്കോർഡിങ് ടു വുമൻ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട്: ഗ്രാമങ്ങളിലെങ്ങും വെയിലുകൊണ്ട് വാടിക്കരിഞ്ഞ ഇരുണ്ട് മങ്ങിയ നിറമുള്ള ആണും പെണ്ണും അടങ്ങിയ പരിഭ്രാന്തരായ കുറേ ജന്തുക്കൾ മണ്ണിൽ കിളയ്ക്കുന്നതും കുഴിക്കുന്നതും കണ്ടു. ഭാഷ എന്ന് തോന്നിക്കുന്ന ഒരു തരം ഒച്ച അവർ പുറപ്പെടുവിച്ചിരുന്നു. രാത്രിയിൽ അവർ തങ്ങളുടെ മാളങ്ങളിലേക്ക് മടങ്ങും. അവിടെ പഞ്ഞപ്പുല്ലും പച്ച വെള്ളവും കിഴങ്ങുകളും ഭക്ഷിച്ച് അവർ കഴിഞ്ഞുകൂടുന്നു.

വിപ്ലവപൂർവ ഫ്രാൻസിലെ പാവങ്ങളുടെ അവസ്ഥ ജന്തു സമാനമായിരുന്നെങ്കിൽ സി. എം. എസ് മിഷനറിമാരായ റാഗ്ലണ്ടും ഹോക്സ് വർത്തും മല്ലപ്പള്ളിയിൽ കണ്ട അടിമകളുടെ അവസ്ഥ അതിലും മോശമായിരുന്നു. അവർ ജീവപര്യന്തംഅടിമകളായിരുന്നു. മാതാപിതാക്കളിൽനിന്ന് മക്കളിലേയ്ക്ക് നീളുന്ന പാരമ്പര്യമായിരുന്നു അടിമത്തം. അവരുടെ യജമാനൻമാരുടെ ഇഷ്ടം പോലെ അവരെ തല്ലുകയോ കൊല്ലുകയോ വിൽക്കുകയോ ചെയ്യാമായിരുന്നു. പല ഭൂവുടമകളും തങ്ങളുടെ കടങ്ങൾ വീട്ടാൻ അടിമകളെ വിൽക്കുക പതിവായിരുന്നു. ഒരു ആൺ അടിമയ്ക്ക് ഒരു കാളയുടെ വിലയേ ഉണ്ടായിരുന്നുള്ളു. നാട്ടിലെ കൃഷിപ്പണി മുഴുവൻ അവരെ ആശ്രയിച്ചാണ് നടന്നിരുന്നത്. എങ്കിലും അവരെ കാണുന്നതും തോടുന്നതും മലയാളികൾക്ക് അറപ്പായിരുന്നു. അവരുടെ കാല്പാടുപോലും അശുദ്ധമായിട്ടാണ് കരുതപ്പെട്ടിരുന്നത്. തങ്ങളുടെ സൗജന്യമായ അദ്ധ്വാനം കൊണ്ട് മലയാളികളുടെ ജീവൻ താങ്ങി നിർത്തിയ അവർ താളും തകരയും കാട്ടുകിഴങ്ങുകളും ഭക്ഷിച്ചാണ് സ്വന്തം ജീവൻ നിലനിർത്തിയത്.

അടിമവിവേചനത്തിൻറെ വാക്താവായി ലോകമെങ്ങും അറിയപ്പെട്ട വിൽബർഫോഴ്സ്, സി എം എസ് എന്ന മിഷനറി സംഘത്തിൻറെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു. അതുകൊണ്ട് തന്നെ, 1816ൽ കേരളത്തിലെത്തിയ സി എം എസ് എന്ന മിഷനറിമാരുടെ സംഘടിതമായ ശ്രദ്ധ അടിമകളിലേക്ക് തിരിയാൻ മൂന്ന് പതിറ്റാണ്ടിലേറെ വൈകിയതിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. സി എം എസ് എന്ന മിഷനറിമാരായ റാഗ്ലണ്ടും ഹോക്സ് വർത്തും അടിമകളുടെ ദയനീയമായ ജീവിതാവസ്ഥയിൽ നടത്തിയ സാഹസികവും കരുണാർദ്രവുമായ ഇടപെടലാണ് മല്ലപ്പള്ളിക്കടുത്ത കൈപ്പറ്റയിലെ അടിമപ്പള്ളിക്കൂടത്തിൻറെ സ്ഥാപനത്തിലേയ്ക്കും തെയ്യത്താൻ എന്ന അടിമയെ ഹാബേൽ എന്ന മനുഷ്യപുത്രനായ് മാറ്റിത്തിർത്ത സാമൂഹ്യപരിവർത്തനത്തിലേയ്ക്കും നയിച്ചത്.

നമ്മളാരും സ്വന്തം ഭാഗധേയം നിർണ്ണയിച്ചുകൊണ്ടല്ല ജനിക്കുന്നത്. നമ്മൾ നമ്മുടെ ഭാഗധേയം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, അടിമകൾക്ക് സ്വയംതീരുമാനമെടുക്കാനോ സ്വന്തം വഴി തിരഞ്ഞെടുക്കാനോ സ്വതന്ത്ര്യമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിനുള്ള അവകാശം നിക്ഷേധിക്കപ്പെട്ട അടിമയിൽനിന്ന് സ്വന്തം വഴി തെരഞ്ഞെടുക്കുന്ന ഉത്തരവാദ കർതൃത്വത്തിലേക്കുള്ള വികാസമാണ് തെയ്യത്താനിൽനിന്ന് ഹാബേൽ എന്ന ക്രിസ്ത്യാനിയിലേക്കുള്ള വഴിയിൽ സംഭവിച്ചത്. തെക്കൻ തിരുവിതാംകൂറിലെ മഹാരാശനും കൊച്ചിയിലെ കാളിയും കൈപ്പറ്റയിലെ തെയ്യത്താനും പാശ്ചാത്യ ആധുനികതയിലേക്ക് ബോധപൂർവ്വം എടുത്തുവച്ച കാൽച്ചുവടുകളാണ് വിവേകാനന്ദ സ്വാമികൾ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ സാക്ഷരസുന്ദരകേരളമാക്കിയ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചത്. ദളിത്‌ അടിമകൾ നാട്ടിലെങ്ങും കെട്ടിപ്പൊക്കിയ അടിമപ്പള്ളിക്കൂടങ്ങളാണ് കേരളം കൈവരിച്ച സാർവത്രികവിദ്യാഭ്യാസനേട്ടത്തിൻറെ അടിത്തറ പാകിയത്. ജാതിഭ്രാന്തന്മാർ പലവട്ടം അഗ്നിക്കിരയാക്കിയ അത്തരം സ്‌കൂളുകൾ നിലനിർത്താൻ അവർ കാട്ടിയ നിശ്ചയദാർഡ്യമാണ് അടിത്തട്ടിൽനിന്നുള്ള സാമൂഹ്യ മാറ്റത്തിന് ഊർജ്ജംപകർന്നതും കേരള മോഡൽ വികസനത്തിൻറെ പ്രാഥമികസ്രോതസ്സുകളിൽ ഒന്നായ് തീർന്നതും.പ്രൊട്ടസ്റ്റാറ്റൻറു മതത്തിലേക്കു തങ്ങൾ നടത്തിയ പടികയറ്റത്തെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സാംസ്കാരിക പ്രവർത്തനമായിട്ടാണ് അവർ കണ്ടത്.

മിഷനറിമാരും അവർ പ്രതിനിധാനം ചെയ്ത പാശ്ചാത്യ ആധുനികതയും അടിമകൾക്ക് മുൻപിൽ ഒരു ബദൽ സാധ്യതയുടെ വാഗ്ദാനം വെളിപ്പെടുത്തുകയും അത് തെരഞ്ഞെടുക്കാനുള്ള അവസരം തുറന്നു നൽകുകയുമാണ് ചെയ്തത്. ജാതി അടിമത്തം അടിച്ചേൽപ്പിച്ച വിധിവിശ്വാസത്തെ മറികടക്കാനും സ്വതന്ത്ര്യത്തിൻറെ സാധ്യതകൾ തേടുന്ന ഉത്തരവാദകർതൃത്വമായി മാറാനും കൈപ്പറ്റയിലെ തെയ്യത്താൻ എന്ന അടിമയെ പ്രാപ്തനാക്കിയത് സി എം എസ് മിഷനറിമാരും അവർ പ്രതിനിധാനം ചെയ്ത പാശ്ചാത്യ ആധുനികതയുമാണ്. സാദാരണ ഗതിയിൽ സാമാന്യനാമം ഉപയോഗിച്ചുമാത്രം പരാമർശിക്കപ്പെടാറുള്ള സാമൂഹ്യവിഭവങ്ങളിൽ നിന്ന് ( ഉദാഹരണത്തിന്, അടിമകൾ ) സംജ്ഞാനാമം വഹിക്കുന്ന വ്യക്തികൾ ഉയർന്നുവരികയും കാലഹരണപ്പെട്ട നിയമങ്ങളെയും മൂല്യങ്ങളെയും വെല്ലുവിളിക്കുകയും ചെയ്യുന്നത് ആധുനികതയുടെ സ്വഭാവങ്ങളലൊന്നാണ്. അടിമകൾ എന്ന സാമാന്യനാമത്തിൻറെ കൂടു പൊട്ടിച്ച് പുറത്തുവന്ന വേദമാണിക്യവും ലൂസിയും ഹാബേലും മറ്റും മിഷനറിമാരുടെ റിപ്പോർട്ടുകൾ വഴി ആഗോള അടിമവിമോചന വ്യവഹാരങ്ങളിൽ ഇടം നേടുകയും ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വങ്ങളായി മാറുകയും ചെയ്തു. ദളിതർക്കിടയിൽ അയ്യങ്കാളി ഉൾപ്പെടെയുള്ള ശ്രദ്ധേയവ്യക്തിത്വങ്ങൾ ഉയർന്നുവരാൻ സാഹചര്യം ഒരുങ്ങിയത് വേദമാണിക്യവും ലൂസിയും ഹാബേലുംതുടങ്ങിവച്ച സാമൂഹ്യപരിവർത്തനത്തിൻറെയും സാംസ്കാരികപ്രവർത്തനത്തിൻറെ യും ഫലമായിട്ടാണെന്ന് പറയാം.

യൂറോപ്പിന്റെ ചരിത്രത്തിൽ റിഫർമേഷനും കൗണ്ടർ റിഫർമേഷനും വഹിച്ച പങ്കുകളെപ്പറ്റി നാം കേട്ടിട്ടുണ്ട്. മനുഷ്യസ്വതന്ത്ര്യത്തിൻറെയും അവകാശങ്ങളുടെയുംസീമകൾ വികസിപ്പിക്കുന്ന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയാണ് റിഫർമേഷൻ ചെയ്തത്. കൗണ്ടർ റിഫർമേഷൻ ലക്ഷ്യമിട്ടത് പൗരോഹിത്യത്തിന്റെയും ഹയരാർക്കിയുടെയും ഫ്യൂഡൽ മൂല്യങ്ങളുടെയും പുനഃസ്ഥാപനമാണ്. ബോധപുർവമായ സാമൂഹ്യതെരഞ്ഞെടുപ്പിലൂടെ ക്രിസ്തുമതംസ്വീകരിച്ച ദളിതർ നിർവഹിച്ചത് മതംമാറ്റമല്ല , സാമൂഹ്യപരിവർത്തനമാണ്. കൺവേർഷനല്ല, ട്രാൻസ്ഫർമേഷൻ. തെയ്യത്താൻ എന്ന അടിമ ഹാബേൽ എന്ന മനുഷ്യപുത്രനായി മാറുകയാണ് ചെയ്തത്. അടിമകളെ മനുഷ്യരാക്കുന്ന മിഷനറിമാരുടെ സാംസ്‌കാരിക പ്രവർത്തനങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് ദേശിയതയുടെ മറവിൽ ഹിന്ദുത്വവാദികൾ തുടക്കം മുതൽ നടത്തിവന്നത്. ഇത് കൗണ്ടർ റിഫർമേഷനാണ്. അനന്തമായ ജാതിമേധാവിത്വം സ്വപ്നം കാണുന്ന ഹിന്ദു ഫാസിസ്റ്റുകൾ കൗണ്ടർ റിഫർമേഷൻറെ ഇൻക്വിസിഷനെ / മതദ്രോഹവിചാരണയെ അനുസ്മരിപ്പിക്കുന്ന ഘർ വാപസി പോലെയുള്ള മനുഷ്യദ്രോഹ പരിപാടികളുമായി മുന്നോട്ടു പോകുന്ന ഈ സമകാല സാഹചര്യത്തിൽ മതവിശ്വാസത്തെ വിമോചനത്തിന്റെയും ഉപാധിയായിക്കണ്ട കൈപ്പറ്റ
ഹാബേൽ എന്ന മഹൽ വ്യക്തിയെ അനുസ്മരിക്കുന്നതു തന്നെ ഒരു രാഷ്ട്രീയപ്രവർത്തനമാണ്.

ഹാബേൽ അനുസ്മരണത്തിന് പല തരത്തിലുള്ള അർഥങ്ങലുണ്ട്. ഒന്നാമതായി, അസന്തുഷ്ടരായ ദളിത്‌ വിശ്വാസികളെ പ്രീണിപ്പിക്കാനാണ് സഭാഅധികാരികൾ ആണ്ടുതോറും
ഹാബേൽ അനുസ്മരണം സംഘടിപ്പിക്കുന്നത്. രണ്ടാമതായി,
അനുസ്മരണ പരിപാടി ഗംഭീര വിജയമാക്കാൻ ഭരണാധികാരികൾക്ക് ഒത്താശ ചെയ്തുകൊണ്ട് വിശ്വാസികളായ ദളിതർക്കിടയിലെ നേതാക്കന്മാർ സഭയിൽ തങ്ങളുടെ സ്ഥാനം ഉറപ്പാക്കാനായി ഇതിനെ പ്രയോജനപ്പെടുത്തുന്നു. മൂന്നാമതായി ഹാബേലിന്റെ ഓർമ്മ ചുരുക്കം ചില ദളിത് വിശ്വസികളുടെ ഉള്ളിൽ സഭയുടെ ദളിത് വിരുദ്ധ സമീപനങ്ങളോടുള്ള പ്രതിക്ഷേധം സൃഷ്ടിച്ചെന്നും വരാം. മൂന്നു കൂട്ടരുടെയുംസമീപനത്തിൽ പൊതുവായ ഘടകം സഭയാണ്. സഭയുടെ ചെറിയ വൃത്തത്തിനുള്ളിൽ പരിമിതപ്പെടുത്തികൊണ്ടാണ് അവർ ഹാബേൽ അനുസ്മരണയെ ആചരിക്കുന്നത്. പി. സനൽമോഹനനും വിനിൽ പോളും ചേർന്നെഴുതിയ ഈ ജീവചരിത്രം ഹാബേൽസ്മരണയെ സഭയുടെ ചെറിയ വട്ടത്തിൽനിന്ന് പുറത്തെടുക്കുകയും സാമൂഹ്യമാറ്റത്തിൻറെ വിശാലമായ ചരിത്രത്തിൽ പ്രതിഷ്ടിക്കുകയും ചെയ്യുന്നു.

ചരിത്രത്തെ മനസ്സിലാക്കാൻ കീഴേ നിന്നുള്ള വീക്ഷീണത്തിന് പ്രാമുഖ്യം നൽകുന്നതാണ് കീഴാള ചരിത്രരചനാശാസ്ത്രം. അധസ്ഥിതരുടെ അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുമായി ബന്ധപ്പെട്ടതും പ്രാമാണിക ചരിത്രകാരന്മാർ പൊതുവേ അവഗണിക്കുന്നതുമായ ചരിത്രശകലങ്ങൾക്ക് സബാൾട്ടേൺ ഹിസ്റ്റോറിയോഗ്രാഫി നൽകുന്ന പരിഗണന ഏറെ വിലപ്പെട്ടതാണ്. സി എം എസ് മിഷനറിമാരുടെ കണക്കിൽ ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ അടിമയായ കൈപ്പറ്റ ഹാബേലുമായി ബന്ധപ്പെട്ട ചരിത്രശകലങ്ങൾ പ്രയോജനപ്പെടുത്തി രചിച്ചതും ഒരേ സമയം ആക്കാദമികവും ജനകീയവുമായ ഈ ജീവ ചരിത്രം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തെയും സാമൂഹ്യമാറ്റാത്തെയും കുറിച്ചുള്ള സാമാന്യ ധാരണകളുടെ പുനർവിചാരം ആവശ്യപ്പെടുന്നു

.കടപ്പപാട് ;ജീവചൈതന്യൻ ശിവാനന്ദൻ 

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...