Monday, February 19, 2018

മുത്തങ്ങ ഭൂസമരത്തിന്റെ രാഷ്ട്രീയ പ്രസക്തി ;.സുരന്‍ റെഡ്


കാലം പലതും മായ്ച്ച് കളഞ്ഞേക്കാം പക്ഷെ! മുത്തങ്ങയിൽ ചിതറിയ ചോര തുള്ളികളും, മുറിവുകളും ഒരിക്കലും ആർക്കും മായ്ച്ച് കളയുവാനാകില്ല. അത്രക്ക് ആഴത്തിലായിരുന്നു ആ മുറിവ്.
ആദിമ മനുഷ്യ സംസ്ക്കാരത്തിന്റെ സംസ്കൃതി തുടികൊട്ടുന്ന മലയടിവാരങ്ങളിലും, വനാന്തരങ്ങളിലും നൂറ്റാണ്ടുകളായ് ജീവിച്ചു വരുന്ന ജനത അവർക്ക് അന്യാധീനമായ സംസ്കാരവും, ജീവിതവും തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടതിന് ഒരാധുനിക സർക്കാർ കാട്ടി കൂട്ടിയ പേക്കൂത്തുകളും നരാധമ പ്രവർത്തികളും ആധൂനിക കേരളം ഇന്നുവരെ കണ്ടതിൽ ഏറ്റവും ഭീകരവും, കിരാതവുമായിരുന്നു.
80 കളുടെ ആദ്യ പകുതിക്ക് ശേഷം കേരളത്തിലെമ്പാടും ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്ക് വേണ്ടിയുള്ള മുറവിളി തുടങ്ങി. 90 കളോടെ പ്രക്ഷോഭം ശക്തമായി. ആ പ്രക്ഷോഭത്തിന്റെ അല സംസ്ഥാനത്തേമ്പാടും ഉയർന്ന് വരികയുണ്ടായി. CPI (ML) ന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ മണിയൻ കിണറിലും, ഒളകരയിലും, താമര വെള്ളച്ചാലിലും, ആനപാന്തത്തും, കള്ളി ചിത്രയിലും, സമരമാരംഭിച്ചു.മണിയൻ കിണറിൽ സമരം വൻ വിജയമായ്. ജണ്ട പൊളിച്ച് ഭൂമി കയ്യേറി. കള്ളി ചിത്രയിൽ സമരം വലിയ നേട്ടമുണ്ടാക്കി. സമരത്തിന്റെ ഭാഗമായി അട്ടപ്പാടിയിൽ ചിലയിടങ്ങളിൽ ആദിവാസി ഭൂമികൾ തിരിച്ചുപിടിച്ചു.വയനാട്ടിൽ പ്രക്ഷോഭം ശക്തമായി. പൂക്കോട് എസ്റ്റേറ്റും, സുഗന്ധഗിരിയും ആദിവാസികൾക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യങ്ങളുയർന്നു. ഇതിനിടയിൽ പാലക്കാട് നൂൽ ബോംബ് നടകം നടന്നു. സർക്കാർ തലത്തിൽ രസകരമായ ചില ചർച്ചകൾ ഉയർന്ന് വന്നു. ആദിവാസികളുടെ ഭൂമികളിൽ വലിയ രീതിയിലുള്ള നിർമ്മിതികൾ വളർന്ന് വന്നിരിക്കുന്നുവെന്നും അത് പൊളിച്ചുമാറ്റുവാൻ കഴിയില്ലെന്ന് ഭരണ പ്രതിപക്ഷങ്ങൾ ഒറ്റകെട്ടായ് പറഞ്ഞു. അവർ ഇടതും വലതും ഭൂമാഫിയകൾക്കും, കുടിയേറ്റ കൈയ്യേറ്റക്കാർക്കൊപ്പം അണിനിരന്നു. ഇതെ തുടർന്ന് 70 ലെ ആദിവാസി ഭൂ നിയമം ഭേധഗതി ചെയ്തു. ആദിവാസികൾ ആത്യന്തികമായി അവരുടെ ആവാസ മേഖലകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു.
ഇത്തരമൊരു രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ കുടിൽ കെട്ടി സമരമാരംഭിക്കുന്നത്. അനന്തപുരിയിലെ സിംഹാസനങ്ങൾക്ക് ഒട്ടും രസിക്കാത്ത കാര്യം. പക്ഷെ! കേരളത്തിലെ മനുഷ്യത്വം മരവിക്കാത്തവർ ഗോത്രമഹാസഭയോടൊപ്പം നിന്നു. അവസാനം സമരം വിജയിച്ചു. മറയൂരിൽ ആന്റണി മുഖ്യൻ നേരിട്ടെത്തി ഉടമ്പടിയുണ്ടാക്കി. ആദിവാസികളുമായി നൃത്തം ചെയ്തു. ഓരോ കുടുംബത്തിനും അഞ്ചേക്കർ ഭൂമി, തൊഴിൽ, അങ്ങിനെയങ്ങിനെ.
ഒന്നര പതിറ്റാണ്ട് തികയുന്ന മുത്തങ്ങ സമരത്തേ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഞാൻ പ്രവർത്തിച്ചിരുന്ന CPI ML റെഡ്ഫ്ലാഗ് നേതൃത്വം സമരത്തോട് എടുത്ത നിലപാട് ഏറെ വിചിത്രമായിരുന്നു. സി കെ. ജാനു ഫണ്ടിംങ്ങ് ഏജന്റാണെന്നും, അവർക്ക് പിന്നിൽ വിദേശ കരങ്ങളുണ്ടെന്നും, മാത്രവുമല്ല. സുഗന്ധഗിരിയും, പൂക്കോട് എസ്റ്റേറ്റും, മുത്തങ്ങ അടങ്ങുന്ന മേഖലകൾ അതിവ സൂഷ്മ ജീവി ജ്വാല ങ്ങളുടെ പ്രദേശമാണെന്നും, പരിസ്ഥിതിലോലമാണെന്നും കണ്ടെത്തി. ആദിവാസികൾക്ക് സൂക്ഷ്മജീവികളുടെ വിലപ്പോലും നൽകിയില്ല. അവരെ മനുഷ്യരുടെ ഗണത്തിൽ പോലും പരിഗണിച്ചില്ല അടിയോരുടെ പെരുമൻ സഖാവ് വർഗീസിന്റെ പിൻമുറക്കാരെന്ന് അവകാശപ്പെടുന്ന നക്സൽ നേതൃത്വം. അതുകൊണ്ട് ഗോത്രമഹാസഭയുടെ സമരത്തേ തുറന്ന് കാണിക്കുവാനും തീരുമാനിച്ചു. അങ്ങിനെയുള്ള എരണംകെട്ടവന്മാർ ഇന്ന് നല്ല പിണറായി ഭക്തരായി തീർന്നിരിക്കുന്നുവെന്നതും കൂട്ടി വായിക്കേണ്ടതുണ്ട്.
കരാർ നടപ്പാക്കാത്ത സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഗോത്രമഹാസഭ മുത്തങ്ങയിൽ കുടിൽ കെട്ടി സമരം തുടങ്ങി.സർക്കാരിന്റെ പല രീതിയിലുള്ള പ്രലോഭനങ്ങൾ കണ്ട സമര നേതൃത്വം പിൻതിരിയിലെന്ന് കണ്ടപ്പോൾ വൻ രീതിയിലുള്ള പോലീസ് ഫോഴ്സിനെ ഉപയോഗിക്കാൻ തീരുമാനിച്ചു. പിന്നീട് നടന്ന നരനായാട്ട് വിവരണാധിതമാണ്. അത്രക്ക് ഭീകരം. സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയും പേപ്പട്ടിയെ പോലെ തല്ലി. കുടിലുകൾ തീയിട്ടു. പോലീസ് വെടിവെച്ചു. ജോഗിയെന്ന ആദിവാസി യും, ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ഒളിവിൽ കഴിഞ്ഞിരുന്ന സമര നേതൃത്വമായിരുന്ന പിന്നീട് പിടിയിലായ ജാനുവിനേയും, ഗീതാനന്ദൻ മാഷിനേയും ഇഞ്ചയതക്കുന്നതു പോലെ പോലീസ് തല്ലിച്ചതച്ചു.
2003 ഫെബ്രുവരി 19 കേരളം അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ച് നിന്ന ദിവസമായിരുന്നു. പോലീസിന്റെ ക്രൗര്യം കണ്ട് ആർത്തലച്ച് സാമാന്യ ജനം നിന്നപ്പോൾ പൊതുസമൂഹവും, ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങളും സർക്കാരിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുകയായിരുന്നു. തെരുവിൽ ഒരു നാലം കിട ഗുണ്ട കൊലകത്തിക്കിരയായാൽ ബന്ദും ഹർത്താലും നടത്തുന്നവർ മൗനം കൊണ്ട് ആദിവാസി സമരത്തേ നേരിട്ടു. ആകെ നടന്നത് തൃശൂരിലെ വാടാനപ്പിള്ളിയിലെ ചില സാമൂഹിക ഉത്തരവാദിത്വമുള്ളവർ നടത്തിയ പ്രവർത്തനങ്ങൾ. അതിന് കയ്യിൽ കിട്ടിയവരെ ലോക്കപ്പിൽ കയറ്റി ശരിക്കും പെരുമാറി പോലീസ്. എന്റെ നാട്ടിൽ നടവരമ്പിൽ BSP ക്കാർ നടത്തിയ പ്രകടനം. അവരെയും പോലീസ് തരിപ്പ് മാറ്റി. ഇതായിരുന്നു പൊതു അവസ്ഥ. അവിടെ മുത്തങ്ങയിൽ അടി കൊണ്ടുവരും മരിച്ചതുമെല്ലാം ആദിവാസികളല്ലെ. അവർക്ക് എന്ത് നീതി. അവരെല്ലാം അത് സഹിക്കേണ്ടവർ, അതാണ് അവരുടെ പ്രിവിലേജ്.
പിന്നീട് ചില പൊറാട്ട് നാടകങ്ങൾ അരങ്ങേറി. പാലക്കാട് കളക്ടേറ്റിലേക്ക് CPI M നടത്തിയ മാർച്ചിൽ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ തല പൊട്ടിയ ഒരു സംസ്ഥാന നേതാവിന്റെ ചോര കൊണ്ട് മുഖം മിനുക്കിയ പരിപാടിയിലാണ് അന്നത്തെ നക്സൽ ഭൂതഗണങ്ങൾ ഉറഞ്ഞ് തുള്ളി ബന്ദ് നടത്തിയത്. നൂറ് കണക്കിന് മനുഷ്യരെ പുറം തല്ലി പൊളിച്ചും, കൈക്കാൽ തല്ലിയൊടിച്ചും നടത്തിയ പേക്കൂത്തിൽ വലിയ വായയിൽ ഇരുമ്പ് തള്ളി വെച്ചവർ തെരുവിലിറങ്ങി. അതാണ് മുത്തങ്ങ .
സമരത്തിന് ശേഷം ഏറെ കഴിഞ്ഞാണ് ഞാൻ മുത്തങ്ങയിലെ വീഡിയോ കാണുന്നത്. ഒരു തെരഞ്ഞെടുപ്പ് വേളയിൽ ഇടതുപക്ഷ കാമ്പിയിനിൽ. ഒരു ഞെട്ടലോടെയല്ലാതെ അത് ഓർക്കാൻ കഴിയുന്നില്ല. അടി കിട്ടി വീണു കിടക്കുന്നവരെ ആ വഴി വരുന്ന പോലീസുകാർ വളഞ്ഞിട്ട് തല്ലുന്നത് ഓർക്കുവാൻ പോലും കഴിയുന്നില്ല. ചോരയും, ഉമിനീരും കൂടി കൊടുത്ത ദ്രാവകം പതഞ്ഞ് വരുന്നവരുടെ മുഖങ്ങൾ. അടി കൊണ്ട് ആർത്തലക്കുന്ന കുഞ്ഞുങ്ങൾ. അലമുറയിടുന്ന അമ്മമാർ.
മുത്തങ്ങക്ക് ശേഷം എന്ത് എന്ന ചോദ്യങ്ങളുയരുമ്പോൾ കേരളത്തിലെമ്പാടും ഭൂമിക്ക് വേണ്ടിയീടുള്ള ക്ഷോഭങ്ങൾ ശക്തിപ്പെടുകയാണ്. ചെങ്ങറയിലും അരിപ്പയിലും മത്രമല്ല കേരളത്തിലെമ്പാടും ചെറുതും വലതുമായ സമരങ്ങൾ കരുത്താർജ്ജിക്കുകയാണ്. ജനങ്ങളുടെ ഉയിർത്തേഴുന്നേൽപ്പുകൾ ശക്തിപ്പെടുകയാണ്. പോലീസിന്റെ കിരാതമായ നരനായാട്ടുകൾക്കും, ഭരണകൂട അടിച്ചമർത്തലുകൾക്കും, വേട്ടയാടലുകൾക്കും ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലായ്മ ചെയ്യാനാകില്ല. അതാണ് മുത്തങ്ങയുടെ ബാക്കിപത്രം. അതാണ് വടയമ്പാടി. അതാണ് പുതുവൈപ്പ്, അതാണ് കീഴാറ്റൂർ..
LikeShow more reactions
Comment
Comments

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...