Sunday, August 6, 2017

ജീവൻറെ നിറമുള്ള പാട്ട്
രജിശങ്കർ
റവാലത്ത് വന്ന് നിന്ന്
എന്തിനാണിങ്ങനെ പിറുപിറുക്കുന്നത്?
വക്ക്പോയ പാത്രങ്ങൾ
തുള്ളികൾ വീണ് കലമ്പുമ്പോൾ,
എനിക്കിത് മെനയായ് 
കേൾക്കാൻ പറ്റുന്നില്ല.
നാക്കെരിഞ്ഞ്പോയവർ;
വായ്നിറയെ പറയുന്നത്
 കേൾക്കാനുള്ള കാതുകളിനിയും
 മുളക്കുന്നതേയുള്ളു.
സങ്കടലിൻറെ തുള്ളികൾ;
അതിലൊന്ന് മതിയായിരുന്നു 
എന്നെ കുതിർത്ത് കുഴക്കുവാൻ.

നിങ്ങളീ
വീടിൻറെ ഇറയത്തേക്ക്
 കയറി നൽക്ക്,

ഈ വീട്;
ചത്തിട്ടും തുലയാത്തവർ,
പിറപ്പിൻറേയും ഇറപ്പിൻറെയും 
കേടും പാടും നോക്കി മൊളയിലെ 
മൂച്ചും തുടിപ്പും പരണത്ത് 
കെട്ടിവെച്ചതഴിച്ചെടുത്ത്,
പാടാനൊരുങ്ങുന്നവൻറെ 
പറയാനൊരുങ്ങുന്നവൻറെ
നെഞ്ചിലേക്ക് വാരിയിട്ട്,
അപ്പനപ്പൂപ്പന്മാർ വച്ചിട്ട്പോയ 
കൺവെളിച്ചം മിനുക്കിയെടുക്കുമിടം.
നിങ്ങൾക്ക് പറയാനുള്ളത്
ഇന്നലെ ഊർന്ന് പോയതിനേക്കുറിച്ചാണ്.
കാലത്തിൻറെ അടരുകളിൽ,
ഉരുകിയൊലിച്ച് പടർന്ന
 വിഷലായനികളെ
 മായ്ക്കാനുള്ള രസതന്ത്രം 
കുഴിച്ചെടുക്കയാണ് ഞാൻ.
അതീ ചുവരുകൾക്കുള്ളിൽ 
ആഴത്തിലെവിടെയോ ഉണ്ട്.
പത്തും പലതും പറഞ്ഞ്
കൺ നനയിച്ചെൻറെ
കൈകളെ ബലഹീനമാക്കരുത്.

നിങ്ങളീ 
ഇറയത്ത് നിന്ന് അകത്തേക്ക് വരുക.
അമ്മ;ആദിയിലെന്നോ പാടിയ,
മണ്ണിലേക്ക് പൊക്കിൾ കൊടിയാഴ്ത്തിയ,
ആകാശത്തെ പൂത്തുലയിപ്പിച്ച
ജീവൻറെ നിറമുള്ള പാട്ട് പാടുക.
ഞാൻ ആഴങ്ങളിലേക്ക്
ഇറങ്ങി ചെല്ലുമ്പോൾ!

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...