Monday, September 25, 2017

കണ്ണട: ബിനോയ്‌ വർഗീസ്

                       
           

                ന്തി മയങ്ങിതുടങ്ങി , ഞാൻ നടത്തം വേഗത്തിലാക്കി എത്രയും പെട്ടന്ന് കുടിലിൽ എത്തണം കുടിലിൽ ഞാൻ ചെല്ലുന്നതും കാത്ത് ചോതിയും മക്കളും , വല്ലാത്ത മടുപ്പ് അനിഭവപ്പെടുന്നു. ഞാൻ ആരാണെന്നല്ലേ പറയാം :-  കാട്ടുമക്കളായ ഞങ്ങൾക്ക് ഞാൻ എന്നൊന്നില്ല എല്ലാവരും ഒന്നാണ് നാട്ടിലെ കപടതയും വഞ്ചനയും ഞങ്ങൾക്ക് വശമില്ല എന്നിരുന്നാലും കഥ പറയാനുള്ള സൗകര്യത്തിന്ഞാൻ എന്ന പദത്തെ ക്ഷമാപണത്തോടെ ഉപയോഗിക്കട്ടെ
         കാട് ഞങ്ങൾക്ക് വളർത്തമ്മയാണ് കുടിയിൽ ഒരു മൂപ്പൻ വേണം അച്ഛനായിരുന്നു വർഷങ്ങളോളം കുടിയിലെ മൂപ്പൻ അച്ഛൻ മരിച്ചതിന് ശേഷം നാട്ടുകൂട്ടം അടുത്ത മൂപ്പനായി എന്നെ വാഴിച്ചു. രാവിലെ മുതലുള്ള തേൻ തേടിയുള്ള യാത്ര ..... നിങ്ങൾ പട്ടണത്തിലുള്ളവരേക്കാൾ മുൻപേ ഞങ്ങൾക്കു കാട്ടിലെ ചലനങ്ങൾ തിരിച്ചറിയാൻ കഴിയും പൂമ്പൊടി ശേഖരിച്ചു കൂട്ടിലേക്ക്മടങ്ങുന്ന തേനീച്ചയെ പിന്തുടർന്നാണ് ഞങ്ങൾ തേൻകൂട് കണ്ടെത്തുന്നത് .എന്തോ മലദൈവങ്ങൾ കൈവെടിഞ്ഞില്ല. രണ്ടു കൂട്കൾ കണ്ടെത്താൻ കഴിഞ്ഞു , ഞാനും കൂടെയുള്ള ചേന്നനും കൂടി തേനീച്ചയെ നോവിക്കാതെ തേൻ റാഡുകൾ ഒന്നൊന്നായി അടർത്തി എടുത്തു തേനീച്ച കുഞ്ഞുങ്ങൾ ഉള്ള ഒരു റാഡ് ,പിന്നെ നിറയെ തേനുള്ള റാഡും കൂട്ടിൽനിന്ന് അടർത്താതെ  രണ്ടുകൂടുകളിലേയും തേൻ ശേഖരിച്ചു കാട്ടിലെ പുന്നമരത്തിൻറെ ഇല പറിച്ചെടുത്തു റാഡുകൾ അതിൽ പൊതിഞ്ഞു കുടിയിലേക്കു തിരികെനടന്നു കുടിയിൽ എത്തി  തേൻറാഡുകളിൽനിന്നും  തേൻപിഴിഞ്കണ്ണിയകലമുള്ള തോർത്തിൽ അരിച്ചു കുപ്പികളിലാക്കി . പന്ത്രണ്ടോളം കുപ്പി തേൻ കിട്ടി പകുതി തേൻ ചങ്ങാതിയായ ചേന്നന് കൊടുത്തുവിട്ടു ചേന്നൻ ചൂട്ടുംകത്തിച്ചു കുടിയിലേക്കുപോയി . ഇരുട്ടിയെങ്കിലും തോട്ടിൽപോയി നന്നായികുളിച്ചു. തിരികെ കുടിലിലെത്തി. നല്ലവിശപ്പ്തോന്നുന്നു  രാവിലെമുതലുള്ള അലച്ചിലല്ലേ ചോതി മൂന്ന് കോപ്പകളിലായി കഞ്ഞി വിളമ്പിവെച്ചു മോനും മോളും ഞാനുംകൂടി   കഞ്ഞികുടിക്കാൻ തുടങ്ങി ഞങൾ കഞ്ഞികുടിക്കുന്നതും നോക്കി ചോതി എന്റെയരുകിൽ ഇരിക്കുന്നുണ്ടായിരുന്നു . അവൾ എന്നും അങ്ങനെയാണ് . ,

                                                        മക്കളിൽ മൂത്തത് മകളാണ് കുടിയിലെ ഏകാദ്ധ്യാപക പള്ളിക്കൂടത്തിൽ നാലാംതരംവരെ അവൾ പഠിച്ചു. കഴിഞ്ഞ  വർഷo സർക്കാർ പള്ളിക്കൂടം നിർത്തലാക്കി അതോടെ മോളുടെ പഠനവും തീർന്നു .അങ്ങാടിയിൽനിന്നും വാങ്ങുന്ന സാധനങ്ങൾ പത്രക്കടലാസിൽ പൊതിഞ്ഞുവാങ്ങാൻ ഞാൻ ശ്രെദ്ധിക്കുമായിരുന്നു . പത്രത്താളുകൾ എന്റെമകൾ ആർത്തിയോടെ വായിക്കുന്നത് അവളുടെ അമ്മയും ഞാനും അനിയനും ഒരു  അദ്ഭുതലോകത്തിലെന്നപോലെ അങ്ങനെ കേട്ടിരിക്കും ശേഖരിച്ച തേൻമായി  രാവിലെ ചേന്നനേയുംകൂട്ടി പട്ടണത്തിലെ അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കണം .അങ്ങാടിയിൽ നിന്നും വാങ്ങിക്കേണ്ട സാധനങ്ങളുടെ പട്ടിക മനസ്സിൽ കുറിച്ചുവെച്ചു .... അങ്ങനെ ഓരോന്ന് ആലോചിച്ചുകിടന്ന്  ഉറങ്ങിപോയതറിഞ്ഞില്ല.
 ഓടിയന്റെ കുടിലിൽനിന്നും പുലർകാലെ കോഴികൂവുന്നതു കെട്ടാണുണർന്നത് നേരം പുലർന്നു തുടങ്ങി കുടിലുകളിലിനിന്ന് വർത്തമാനങ്ങൾ കേട്ടുതുടങ്ങി . മക്കൾ രണ്ടാളും നല്ല ഉറക്കം ചോതി രണ്ടുകോപ്പയിൽ കാപ്പിയുമായി അരുകിൽ വന്നിരുന്നു , അവൾ അങ്ങാടിയിൽ നിന്നും വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക വീണ്ടും ഓർമിപ്പിച്ചു. മലദൈവങ്ങളെ കുടിയിരുത്തിയിരിക്കുന്ന അമ്പലത്തിൽ ഉത്സവം അടുത്തുവരുന്നു മക്കളേയും ചോതിയേയും നന്നായി ഒരുക്കിവേണം അമ്പലത്തിൽ അയക്കാൻ , ഞാൻ കാണിയായതുകൊണ്ട് എനിക്ക് പുതിയ ഒരു ഒറ്റമുണ്ട് മതി , അത് കുടിയിലെ എല്ലാവരുംകൂടി വാങ്ങിത്തരണമെന്നാണ് ചട്ടം.
           ചേന്നൻ ഉറക്കെ വിളിക്കുന്നത് കേട്ടാണ്   ഞാൻ ചിന്തയിൽ നിന്നുണർന്നത്അങ്ങാടിയിലേക്ക് പോകുന്ന ജീപ്പ് വന്നു . ഞാൻ പെട്ടന്ന് ഒരുങ്ങി ചോതിയോട് യാത്രയും പറഞ് ചേന്നനോടൊപ്പം ജീപ്പിൽ കയറി തേൻകുപ്പികൾ പൊട്ടിപ്പോകാതെ മടിയിൽതന്നെവച്ചു, ജീപ്പ് പുറപ്പെടാറായി , ജീപ്പിൽ നിറയെ ആളുകൾ ഉണ്ട് വളവും തിരിവും ഇറക്കവും കയറ്റവുമൊക്കെയായി അവസാനം അങ്ങാടിയിൽ എത്തിച്ചേർന്നുഞങൾ ശേഖരിച്ച തേനും ചേന്നൻ കൊണ്ടുവന്ന തെള്ളിയും അങ്ങാടിയിലെ മരുന്നുകടയിൽ കൊടുത്തു പൈസവാങ്ങി ,പിന്നെ ഞങ്ങൾ അടുത്തുള്ള ചായക്കടയിൽനിന്നും ആഹാരം കഴിച് വിശപ്പടക്കി. ആവശ്യമുളള  സാധനങ്ങൾ വാങ്ങി തിരികെ കുടിയിൽ  എത്തിയപ്പോളേക്കും ഇരുട്ടുവീണിരുന്നു . പൊതികളെല്ലാം ചോതിയേയും മക്കളേയും ഏൽപ്പിച്ചു എല്ലാവർക്കും സന്തോഷമായി.  
        കാലങ്ങൾ അങ്ങനെ കഴിഞ്ഞുപോയതറിഞ്ഞില്ല മകളുടെ വിവാഹം അടുത്ത കുടിയിലെ മൂപ്പൻറെ കൊച്ചുമകനുമായിട്ടായിരുന്നു . മോൾക്ക് രണ്ടു കുട്ടികളും ഉണ്ട് . മകൻ പട്ടണത്തിൽ പണിക്ക് പോയിത്തുടങ്ങി, എന്റ്റെ കാലം കഴിഞ്ഞാൽ അടുത്ത മൂപ്പൻ അവനാണ് . കൃഷ്ണൻ അതാണ് അവന് ചോതി ഇട്ട പേര് അവൻ പണിക്കുപോകുന്നതുകൊണ്ട് കുടിലിൽ പട്ടിണി ഇല്ല .കുടിയിൽ ആർക്കും പ്രായമില്ല , കുടിയിലുള്ളവരോട് പ്രായം തിരക്കിയാൽ അവർ വായിൽ വരുന്ന പ്രായം പറയും . പെൺകുട്ടികൾക്ക് പ്രായമായി എന്നുതോന്നുംമ്പോൾ വീട്ടുകാർ കുടിയിലെ മൂപ്പനോട് പറയും , മൂപ്പന്റെ അനുഗ്രഹത്തോടെ മലദൈവങ്ങൾ കുടിയിരിക്കുന്ന കോവിലിൽവച്ച്  വലിയ ആര്ഭാടങ്ങളില്ലാതെ വിവാഹം നടക്കും . അനുയോജ്യരായ  വധുവരന്മാരെ  കണ്ടെത്തി വിവാഹം ഉറപ്പിക്കുന്നത് മൂപ്പനാണ്. കൃഷ്ണനും ചേന്നന്റെ മകൾ ചിരുതയുമായിട്ട് വിവാഹം കോവിലിൽവച്ചു നടന്നു .അധികം അലച്ചിലില്ലാതെ ജീവിതം അങ്ങനെ കഴിഞ്ഞുപോകുന്നു . എന്തോ അടുത്ത കാലത്തായി എന്റെ കാഴ്ചക്ക് മങ്ങലേറ്റതുപോലെ തോന്നിത്തുടങ്ങി , ചോതിയും അസുഖങ്ങളുടെ പിടിയിലായി . നാട്ടുവൈദ്യൻ ആണ് കുടിയിലെ എല്ലാവരെയും സുഖമാക്കുന്നത് എന്നാൽ ഈവട്ടം കൃഷ്ണൻ ഞങളെ പട്ടണത്തിലെ ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ചുചോതിയും അസുഖങ്ങളുടെ പിടിയിലായി അവളേയും ഡോക്ടറെ കാണിക്കണം, എന്തായാലും ഞങൾ പിറ്റേദിവസം യാത്രതിരിക്കാൻ  തീരുമാനിച്ചു.
        ഇപ്പോൾ കുടിയിൽനിന്നും പട്ടണത്തിലേക്ക് ബസുണ്ട് , കുടിയിലേക്ക് ബസ് ഓടിത്തുടങ്ങിയപ്പോൾ അതൊരാഘോഷമായിരുന്നു . എന്തായാലും രാവിലെപോകുന്ന ബസിൽ ഇടംപിടിച്ചു ചോതിയും കൃഷ്ണനും കൂടെയുണ്ട് . കണ്ണുഡോക്ടറുടെ ആശുപത്രിയിൽ നല്ലതിരക്കുണ്ടായിരുന്നു ,മകൻ പേരുപറഞ്ഞുകൊടുത്തു അവർ എൻറെ പ്രായംതിരക്കി കൃഷ്ണൻ എന്നെനോക്കി എനിക്കും അവനും അതറിയില്ലായിരുന്നു . ചീട്ട് എഴുതിത്തരുന്ന പെൺകുട്ടി എന്നേയും മകനേയും തുറിച്ചുനോക്കി , പിന്നീട് എന്തൊക്കയോ ചീട്ടിൽ കുത്തിക്കുറിച്ചു ഡോക്ടറെ ഉച്ചതിരിഞ്ഞു കാണാമെന്ന് ചീട്ടെടുത്തുതന്ന പെൺകുട്ടി പറഞ്ഞു . എന്നാൽ ചോതിയ ഡോക്ടറെ കാണിക്കാൻ തീരുമാനിച് ഞങ്ങൾ പുറത്തിറങ്ങി നേരേ ഡോക്ടറെ കാണാനായി പോയി ,ഞങൾ കാണാൻ ചെന്ന ഡോക്ടർക്ക് തിരക്ക് കുറവായിരുന്നു . ചോതിക്ക് കുറെ മരുന്നുകൾ കുറിച്ചുകൊടുത്തു , നന്നായി വിശ്രമം വേണമെന്ന ഉപദേശവും , ..... കുടിയിലുള്ളവർക്ക് എന്ത് വിശ്രമം .......?. കുറിച്ചുതന്ന മരുന്നുംവാങ്ങി ഞങൾ നേരേ കണ്ണാശുപത്രിയിൽ എത്തി ,തിണ്ണയിൽ ഇട്ടിരുന്ന ബെഞ്ചിൽ കാത്തിരുന്നു ....
       അങ്ങനെ ഞങ്ങളുടെ ഊഴമെത്തി അച്ഛാ മകൻ കൃഷ്ണൻ വിളിക്കുന്നത് കേട്ടാണ് ഞാൻ മയക്കത്തിൽനിന്ന് ഉണർന്നത് , ഞങ്ങൾ മൂന്നുപേരുംകൂടി മുറിയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ പേരുവിളിച്ച പെൺകുട്ടി തടഞ്ഞുകൊണ്ടുപറഞ്ഞു രോഗി മാത്രം കയറിയാൽ മതി ...... ചോതിയുടെ മുഖത്തു അവൾ ആദ്യമായി കുടിയിലേക്ക് കൈപിടിച്ചുകയറിയ നാളിലെ പിടച്ചിൽ ഞാൻ വീണ്ടും കണ്ടു ........ . ഡോക്ടർ പുഞ്ചിരിയോടെ എന്നെ നല്ല ചന്തമുള്ള കസേര കാണിച്ചു ഇരിക്കാൻ പറഞ്ഞു ... ഞാൻ ഇരുന്നു ജീവിതത്തിൽ അത്തരം കസാരയിൽ ഇരുന്നതായി എനിക്കോർമ്മയില്ല , ഡോക്ടർ ഒരു യന്ത്രം എന്റെ കണ്ണിനുനേരെ ചേർത്തുവച്ചു എന്നിട്ട് അതിലൂടെ നോക്കാൻ പറഞ്ഞു അദ്ദേഹം കുറച്ചുനേരത്തെ പരിശോധനകൾക്കു ശേഷം ചോദിച്ചു എന്താണ് തങ്ങളുടെ കണ്ണുകൾക്ക് അസ്വസ്ഥത ....... തീരെ മങ്ങിയാണ് അങ്ങുന്നേ എനിക്കു കാണാൻ കഴിയുന്നുള്ളു . മും .............. ഡോക്ടർ  നീട്ടിയൊന്നുമൂളി അതിനുശേഷം എന്റെ നേരേ വച്ചിരിക്കുന്ന പെട്ടിയിൽ വെളിച്ചമിട്ടു . വെളുത്ത പ്രകാശത്തിൽ എന്തോ കുറെ പാടുകൾ കാണപ്പെട്ടു . എന്റെ കണ്ണിൽ വച്ചിരിക്കുന്നചില്ലില്ലാത്ത കണ്ണടയിൽ രണ്ടു ചില്ലുകൾ ഇറക്കിവെച്ചു , വായിക്കാൻ കഴിയുന്നുണ്ടോ അദ്ദേഹം ചോദിച്ചു , ഞാൻ ഇല്ലെന്നു പറഞ്ഞു . അദ്ദേഹം ചില്ലുകൾ മാറ്റിയിട്ടു , വീണ്ടും ചോദിച്ചു ഇപ്പോഴോ .... ഞാൻ ഇല്ലന്ന് പറഞ്ഞു . ഡോക്ടർ ചില്ലുകൾ മാറ്റിയിട്ടുകൊണ്ടിരുന്നു ..... എന്നാൽ എന്റെ ഉത്തരത്തിന് മാറ്റമുണ്ടായില്ല അദേഹത്തിന്റെ പെട്ടിയിലെ ചില്ലുകൾ തീർന്നു . ചില്ലില്ലാത്ത കണ്ണട കണ്ണിൽനിന്നും ഊരിമാറ്റി നിരാശയോടെ അദ്ദേഹം കസാരയിൽ അൽപനേരം ആലോചിച്ചിരുന്നു . പിന്നീട് ഒരു പേപ്പറിൽ എന്തൊക്കയോ കുത്തിക്കുറിച്ചു അത് കൈയിൽ തന്നിട്ട് പറഞ്ഞു , പുറത്തു മര്ന്നുകടയിൽനിന്നും വാങ്ങണം മൂന്നുനേരവും കണ്ണിൽ മുടങ്ങാതെ രണ്ടുതുള്ളിവീതം ഒഴിക്കണം  മുടക്കം വരുത്തരുത് , ഞാൻ കൈകൂപ്പി മുറിയിൽനിന്നും പുറത്തിറങ്ങി . ആശുപത്രിയിൽ അടയ്ക്കേണ്ട തുക കൃഷ്ണൻ ചീട്ട് എഴുതിത്തന്ന പെൺകുട്ടിയുടെ കൈയിൽ കൊടുത്തു .ഞങൾ പുറത്തിറങ്ങി ഒരുമരുന്നുകടയിൽനിന്നും മരുന്ന് വാങ്ങിച്ചു .വേഗം നടന്ന് കുടിയിലേക്കു പോകുന്ന ബസ്സിൽ കയറി ഇരിപ്പുറപ്പിച്ചു . കുറച്ചുകഴിഞ്ഞപ്പോൾ ബസ് പുറപ്പെട്ടു നേരം മയങ്ങിത്തുടങ്ങിയപ്പോൾ കുടിയിലെത്തി കുടിയിൽ അരണ്ടവെളിച്ചം കാണുന്നുണ്ട് ,
                 മകളും മരുമകനും കുട്ടികളും എത്തിയിട്ടുണ്ട് . ഞാൻ ഡോക്ടറെ കണ്ട കഥ മകളോടു പറഞ്ഞു . അവൾ എല്ലാംകേട്ട് കുറച്ചുസമയം മിണ്ടാതിരുന്നു . പെട്ടന്ന് അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി . ഞങൾ അന്തംവിട്ടിരുന്നുപോയി , ഇവൾക്കെന്താണ് പറ്റിയത് , അവൾ പാടുപെട്ട് ചിരിനിർത്തി ....................................................................................... അപ്പാവുക്ക് പടിക്കതിരിയുമാ ..............................................

                                                                                  ,                                     


Friday, September 15, 2017

ഇന്നത്തെ ചിന്ത :സന്തോഷ്‌ ബാബു


ഞാൻ ഈശ്വരതുല്യം ആരാധിക്കുന്ന മഹാത്മാ അയ്യൻകാളി ആചാര്യന്റെ തൃപ്പാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശ്രീമൂലം പ്രജാസഭാപ്രവേശനം പ്രസംഗങ്ങൾ നിങ്ങളെ ഓർമ്മ പ്പെടുത്താൻ ശ്രമിക്കുന്നു.
എനിക്ക് അറിവ്ഏകിയ എല്ലാചരിത്ര ഗ്രന്ഥകാരേയും സ്മരിച്ചു കൊണ്ട് ഈ ഉദ്യമത്തിലേക്ക് കടക്കുന്നു.
ആമുഖം
ശ്രീ മൂലം പ്രജാസഭയിലെ പ്രഥമ അയിത്തജാതി പ്രതിനിധി മഹാത്മാ അയ്യൻകാളി 1912 ഫെബ്രുവരി 26 മുതൽ 1932മാർച്ച് 18വരെ നടത്തിയ പ്രസംഗങ്ങൾ. സഭാപ്രസംഗങ്ങളിലൂടെ നിരക്ഷരനായ അയ്യൻകാളി തന്റെ സമുദായത്തിന് താൻ ഉന്നംവച്ചത്എന്തോ അതൊക്കെ നേടാൻ ശക്തമായി തന്നെ അതേസമയം മറ്റ് ഉയർന്ന സമുദായങ്ങളെ വൃണപ്പെടുത്താതെയും സഭയിൽ ഉന്നയിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്തു.ഇതിനിടെ മറ്റ് അയിത്തസമുദായാംഗങ്ങളെ പ്രജാസഭാതലത്തിൽ നോമിനേറ്റ് ചെയ്യിക്കുകയും ചെയ്തു
മഹാത്മാ പ്രജാസഭയിൽ ആദ്യകാല പ്രസംഗങ്ങൾ തയ്യാറാക്കിയിരുന്നത് ബന്ധുവും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന തോമസ് വാദ്ധ്യാർ ആയിരുന്നു. പിന്നീട് ചെന്നിത്തല സമരനായകനും കൊല്ലം പെരിനാട് കലാപസമരത്തിൽ പങ്കെടുത്ത വിശാഖം തേവനാണ്(തേവൻസ്വാമി).1911ഡിസംബർ 5ന്റെ ഗസറ്റ് വഴിക്കാണ് മഹാത്മായെ തിരുവിതാംകൂർ പ്രജാസഭാംഗമാക്കിയത്.അന്ന് മുതൽ 1933ഫെബ്രുവരിവരെ 22വർഷം അയ്യൻകാളി പ്രജാസഭാമെമ്പർ ആയി പ്രവർത്തിച്ചു. (ഇതിനിടയിൽ സ്വപ്രയത്നത്താൽ സിക്ഷരനായി മാറുകയും അനേകം ഗ്രന്ഥങ്ങൾ ശേഖരിച്ച് സ്വായത്തമാക്കി ).ഭൂമിയില്ലാത്ത അധഃസ്ഥിതർക്ക് ഭൂമിയും,വിദ്യാഭ്യാസവുംവേണ്ടി ആയിരുന്നു 38പ്രസംഗങ്ങളിലൂടെ ഉന്നംവച്ചത്.1915ൽ പഞ്ചമി എന്ന പെൺകുട്ടിയേയും സഹോദരൻ കൊച്ചുകുട്ടിയെ യും കൊണ്ട് ഊരൂരുട്ടമ്പലം സ്കൂളിൽ പ്രവേശിപ്പിക്കുകയും സവർണ കോമരങ്ങളുമായി ഏറ്റുമുട്ടേണ്ടിവരികയും ചെയ്തു. ആ രാത്രിയിൽ സവർണ മാടമ്പികൾ ഊരൂട്ടമ്പലം സ്കൂൾ തീവച്ചു. ആതീയിൽ വേകാത്ത ഒരു ബഞ്ച് ഒരു നൂറ്റാണ്ട് കഴിഞിട്ടുംഅതേ സ്കൂളിൽ ഇന്നും ഉണ്ട്. ഊരൂട്ടമ്പലം സ്കൂൾ പ്രവേശന കലാപം കെട്ടടങ്ങുകയല്ല ചെയ്തത് തൊണ്ണൂറാമാണ്ട് ലഹളയായി തെക്കൻ തിരുവിതാംകൂറിലുടനീളംകത്തിപ്പടരുകയായിരുന്നു.
വിദ്യാലയ പ്രവേശനം നേടി എടുത്തതോടെ അടുത്തത് ഭൂമിക്ക് വേണ്ടിയുള്ളപോരാട്ടമായിരുന്നു.കന്നിപ്രസംഗത്തിലൂടെതന്നെ വീടില്ലാത്ത പരശതം പേർക്ക് താമസിക്കുവാൻ രാജ്യത്തെമ്പാടുമുള്ള തരിശുഭൂമിപതിച്ചുകിട്ടുവാൻഅഭ്യർത്ഥിക്കുകയും നിവേദനം കൊടുക്കുകയും ചെയ്തു.നിരന്തരമായ ആവശ്യത്തെ തുടർന്നും വാദഗതികളിലൂടെയും വിളപ്പിൽശാലയിലും നെടുമങ്ങാട് കൊക്കോതമംഗലത്തും500ഏക്കർ വീതം സർക്കാർ അധഃസ്ഥിതർക്ക് അനുവദിച്ചിരുന്നു. എന്നാൽ ഈ ഭൂമിയെല്ലാം റവന്യൂ അധികാരികളുടെ ഒത്താശയോടെ സവർണനീചൻമാർ കൃത്രിമ മാർഗത്തിൽ തട്ടിയെടുത്ത നിലയിലാണ്. വിളപ്പിൽശാലയിൽ അയിത്തജാതിക്കാർക്ക് പ്രജാസഭവഴി അയ്യൻകാളി യുടെ പേരിൽ പതിച്ചു വാങ്ങിയ 500ഏക്കർ സ്ഥലത്താണ് സി പി എമ്മിന്റെ ഇഎംഎസ് അക്കാദമിയുംവിളപ്പിൽശാല ചവർ സംസ്കരണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നതും ബാക്കിയുള്ളത് മറ്റുപലരുടെയും കൈവശം ഇതേപോലെയുള്ളഅവസ്ഥ നെടുമങ്ങാടും.
സ്കൂളിൽ ആദ്യമായി ഉച്ചക്കഞ്ഞി നടപ്പിലാക്കിയതുംഅയ്യൻകാളിയുടെ പ്രജാ സഭപ്രവർത്തനംകൊണ്ടാണ്.അതിന് വേണ്ടിയാണ് വഞ്ചി പുവർ ഫണ്ട് സ്ഥാപിക്കാൻ തന്നെ കാരണം. സർക്കാർ സർവീസിൽ കീഴ്ജീവനക്കാരായി പുലയരെ നിയമിക്കാൻ സാധിച്ചു. ഗവൺമെന്റ് പ്രസ്,ആശുപത്രികൾ,പൊതുമരാമത്ത്,വനംവകുപ്പ് എന്നിവിടങ്ങളിൽ ഒട്ടേറെ നിയമനങ്ങൾ സാധ്യമാക്കി.തിരുവനന്തപുരം ജനറൽ ആശുപത്രി പുലയവാർഡിൽ (ഇന്നത്തെ 9ആംവാർഡ്)നിയമനംസാധ്യമാക്കിയതും പ്രജാ സഭ വഴിക്കായിരുന്നു.ഡോക്ടർ അംബേദ്കർ ഭരണഘടന എഴുതി ഉണ്ടാക്കുന്നതിന് വർഷങ്ങൾക്ക് മുൻപാണ്അയ്യൻകാളി തിരുവിതാംകൂർ രാജഭരണകൂടത്തെ കൊണ്ട് പട്ടിക ജാതി കുട്ടികൾക്ക് സ്റ്റൈഫന്റും ഫീസ് ആനുകൂല്യങ്ങൾ എല്ലാം പ്രജാസഭവഴി അനുവദിപ്പിച്ചത്.ഇതൊക്കെ ഭരണഘടന നിർമ്മാണത്തിന് അംബേദ്കറിനെ സ്വാധീനിച്ചിട്ടുണ്ടാകാംഎന്ന് ഞാൻ വിശ്വസിക്കുന്നു.
ഇന്ന് കേരളത്തിലെ പട്ടിക ജാതിക്കാർ അനുഭവിക്കുന്ന ഒട്ടുമുക്കാൽആനുകൂല്യങ്ങളും അവകാശങ്ങളുംഅയ്യൻകാളി എന്ന ദീർഘവീക്ഷണ അതികായന്റെ പോരാട്ടവീര്യത്തിന്റെ നേർസാക്ഷ്യങ്ങൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നു നിങ്ങളോ?
ജയ് ജയ് മഹാത്മാ അയ്യൻകാളി

15-9-2017

മഹാബലിയെ വീണ്ടെടുക്കുമ്പോൾ:rejishankar



   
ഹാബലിയെ ദലിതർ  വീണ്ടെടുക്കുന്നത് ഒരു പ്രതിരോധമെന്ന നിലയിലാണ്. ഇത്തരം പ രിചകൾ പൊരുതുന്നവർ ചരിത്രത്തിൽനിന്നും ഐതിഹ്യങ്ങളിൽ നിന്നും  കണ്ടെടുക്കുന്നത് അസാധാരണമല്ല.
എന്നാൽ ഇവയിൽ പലതിനും യാഥാർഥ്യ വുമായി ഒരു ബന്ധവും കാണുകയില്ല. ഒരു ഉയിർത്തെഴുന്നേല്പിൻറെ ഊർജ്ജവാഹിയാണിവയെങ്കിലും തലമുറകളെ തെറ്റിദ്ധാരണയുടെ കുഴിയിൽ വീഴ്ത്തുന്നതാണന്ന കാര്യം ഓർക്കാതിരിക്കാൻ കഴിയില്ല.
         ദീർഘ കാലത്തെ മുഗൾ - ബ്രിട്ടിഷ് വാഴ്ചയിൽ മെലിഞ്ഞ് പോയ ഹിന്ദു ഇങ്ങനെ ആവശ്യമുള്ള ഐക്കണുകൾ കണ്ടെടുക്കുന്നുണ്ട്. ഒരുപക്ഷേ ഹിറ്റ്ലറിൻറെ ആര്യൻ വാദത്തേക്കാൾ ഇവ വിജയിക്കുന്നുമുണ്ട്. മേൽത്തരം വർണ്ണ ക്കാരുടെ അധീശത്വം വീണ്ടുമുറപ്പിക്കാൻ അവർ ഉപയോഗിച്ച ബിംബങ്ങളേറെയും വർണ്ണ ബാഹ്യരുടേതായിരുന്നുവെന്നതാണ് ഏറെ രസകരമായ കാര്യം.കീഴാളർ അപകടകരമായി വിഘടിതരാകുമ്പോൾ ഇത്തരമൊരു സംയുക്തമല്ലാതെന്താണ് മുന്നോട്ട് വയ്ക്കാനുള്ളത്?  അനേകായിരം ഗോത്രദൈവങ്ങൾക്ക് നിറം വയ്ക്കുന്നതും ദേശീയ പദവി ലഭിക്കുന്നതുമങ്ങനെയാണ്. ദൈവത്തിന്റെ  ത്രികാലങ്ങൾ ഭക്തർ മാത്രമറിയന്നതുകൊണ്ട്.കുഴപ്പമില്ല. വിശ്വാസ ബാഹ്യരുടെ ഖണ്ഡനങ്ങൾക്ക് പ്രസക്തിയുമില്ല. എന്നാൽ ശിവജിയെപ്പോലെ മനുഷ്യനായി ജനിച്ചു ജീവിച്ച് മരിച്ച ഒരാളെ ദേശാഭിമാനത്തിൻറ പ്രതീകമാക്കുമ്പോഴാണ് വൈചിത്ര്യം പ്രകടമാകുന്നത്. അദ്ദേഹത്തേയും പരമ്പരയേയും ജീവിതകാലം മുഴുവൻ അപമാനിച്ചവരാണ് പിന്നീട് പ്രതീകമായി ഉയർത്തുന്നത്.  വിദേശീകളായ മുഗളരെ എതിർത്ത എപ്പിസോഡാണ് പരിവാരങ്ങൾ ലോകത്തിന് മുമ്പിൽ വയ്ക്കുന്നത്. ഇതിലെ ഔചിത്യക്കേട് ചോദ്യം ചെയ്യപ്പെടുന്നില്ല.  ഇതിഹാസങ്ങൾ ചരിത്രത്തേക്കാൾ മൃദുവാണന്നുള്ളത്കൊണ്ട് കാര്യങ്ങൾ എളുപ്പമാണ്. എന്നാലതിന് ചരിത്രത്തേക്കാൾ ഉറപ്പുമുണ്ടന്ന് ഇത്തരം വികല സൃഷ്ടി കൾ തെളിയിക്കുന്നു. ഇതിൻറെ മറ്റൊരു രൂപമാണ് ദലിതരടക്കമുള്ള കീഴാളർ പിന്തതുടർന്ന് വരുന്നത്. അതുകൊണ്ട് തന്നെയാണ് സത്യസന്ധമല്ലാത്ത ചരിത്രത്തീൻറെ പുന:ർനിർമ്മിതി നടക്കുന്നത്.
       മഹാബലിയുടെ കാലം ഏതാണന്ന്  ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ല. പണ്ട് മുതലേ കഥകൾക്ക പഞ്ഞമില്ലായിരുന്നു. അനുകൂല സന്ദർഭങ്ങളടങ്ങിയ കഥകൾ ദലിതർ അന്നൊക്ക പതുക്കെ പറഞ്ഞു വന്നു. എന്നാൽ കൈവശവസ്തുവിൻറെ പട്ടയമില്ലാത്തവനേപ്പോലെ തന്നെയാണ് ഇന്നത്തെ അവസ്ഥ. ഇതിൻറെ കാരണം ഇനിയും  കാഥികർക്ക് പിടികിട്ടിയിട്ടിയിട്ടില്ല. പുതുനിർമ്മിതിയോ പുന:ർ നിർമ്മിതിയോ അല്ല നടക്കുന്നത് പ്രതി നിർമ്മിതി. സ്ഥലവും കാലവും ചരിത്രത്തിൽ പ്രധാനപ്പെട്ട രണ്ടു സംഗതികളാണ്. ഇതിലൊന്നുപോലും കൃത്യമല്ലെങ്കിൽ സത്യമെന്നുറപ്പിക്കാൻ അതറിയുംവരെ കാത്തിരിക്കുകയേ വഴിയുളളു.എന്നാൽ  പകരം ചെയ്യുന്നത് ഊഹാപോഹങ്ങൾ കൊണ്ടു ഓട്ടയടക്കുകയെന്നാണ്.
 ഇന്ത്യക്കാർക്ക് ഒന്നും വിശദീകരിക്കേണ്ടതില്ല; പുതിയതൊന്ന് കണ്ടാൽ കഥ അവർ സേവന ഉണ്ടാക്കിക്കൊള്ളുമെന്ന കാൻഷിറാംജിയുടെ തമാശ അത്ര തമാശയല്ല.
        കേരളത്തിൽ കുടിയേറിയ ഹിന്ദു മതം തങ്ങളുടെ വേരുകൾ ഉറപ്പിക്കുന്നത് രാഷ്ട്രീയത്ത്തിൽ മാത്രമല്ല തദ്ദേശിയവരുടെ പരമ്പരാഗത വിശ്വാസങ്ങളിൽക്കുടിയായിരുന്നു.ഹിന്ദു മതം കുടിയേറിയെന്ന് പറയുമ്പോൾ ആർക്കും അധികമങ്ങ് ദഹിക്കില്ലന്നറിയാം എങ്കിലും ചരിത്രം മറ്റൊന്നല്ല. അനാധിയായ ഹിന്ദുമതത്തിൽ ജനിച്ച ശേഷമേ മറ്റൊരു മതസ്ഥനാകാനാകൂ എന്നൊരു വിശ്വാസം ഇന്ത്യയിൽ ൾഇതരമതസ്ഥരും വച്ചു പുലർത്തുന്നുണ്ട്. ഐതിഹ്യം വിട്ടു ചരിത്രവീഥിയിലൂടെ പിന്നോട്ട് പോകുമ്പോൾ ഇത് തെറ്റാണന്ന് ബോദ്ധ്യപ്പെടും. എ. ഡി. നാലാം നൂറ്റാണ്ടിൽ കദംബരാജ്യം വാണ മയൂരവർമ്മനാണ്  ബ്രാഹ്മണരെ ആദ്യമായി ഇവിടെയെത്തിക്കുന്നത്. എന്നാൽ പിന്നെ യും രണ്ട് നൂറ്റാണ്ട് വേണ്ടി വന്നു ഒരു മതമെന്ന നിലയിൽ വളരാൻ. തദ്ദേശിയവിശ്വാസങ്ങൾക്കൂ മേൽ കഥമെനയാൻ പിന്നെയും സമയമെടുത്തു. അന്നത്തെ ഓണത്തിന്മേൽ ദശാവതാരകഥ വിദഗ്ധമായി വിളക്കിച്ചേർത്തു. ഓണാധിപനായ ബലിയെ ദശാവതാരകഥയില വിഷ്ണുവിൻറെ വില്ലനായി മാറ്റി. എഴുത്തും വായനയും സജീവമല്ലാതിരുന്ന കാലത്ത് മൂർച്ചയുള്ള നാക്കുകൾ പണിയെടുത്തു. എങ്കിലും ചോദ്യങ്ങൾ ബാക്കി നിന്നു. കഥയ്ക്കും വിശ്വാസത്തിനും ചോദ്യമില്ലാത്തത്കൊണ്ട് അത് ചരിത്രത്തിലേക്ക് കവിഞ്ഞൊഴുകി.പുരാണ പുരുഷന്മാരെ ചരിത്ര പുരഷന്മാരെന്നപോലെ പരിഗണിച്ച് ചരിത്ര രചന നടത്തിയവരാണ് പല ചരിത്രകാരന്മാരും. നിർഭാഗ്യവശാൽ ഇതിനുള്ള പ്രതിനിർമ്മിതിയാണ് ദലിത് പക്ഷത്തുനിന്നുണ്ടാകുന്നത്. ഈ പക്ഷത്തും ചരിത്രം കാര്യമായി പരിഗണിക്കപ്പെടുന്നില്ല. ഇവരും ഐതിഹ്യത്തെ ചരിത്രവുമായി കൂട്ടിക്കുഴച്ചു. ആര്യാധിനിവേശത്തിൽ വീണു പോയ പള്ളി ബാണപെരുമാളിൽ ബലിയെ കണ്ടെത്തിയവർ; ചരിത്രത്തിന് സ്ഥലവും കാലവും അനുബന്ധ വിശേഷങ്ങളും പ്രധാനമാണന്ന കാര്യം മറന്നു. ഒൻപതാം ശതകത്തോടെ നിലവിൽ വന്ന രണ്ടാം ചേരരാജ്യത്തെ ഭരണാധികാരിയായി പള്ളി ബാണപ്പെരുമാൾ ശരിക്കും കെട്ട് കഥകളിൽ കുരുങ്ങി ക്കിടക്കുകയാണ്. ഇനി ഈ പെരുമാളാണ് മഹാബലിയെങ്കിൽ സംഘകാലത്ത് നടന്ന ഓണാഘോഷത്തിൻറെ നാഥൻ ആരായിരിക്കും? മധുരൈ കാഞ്ചിയിൽ ഇതിനേക്കുറിച്ചുള്ള പരാമർശമുണ്ട്.
        മഹാവിഷ്ണുവിനേയും മഹാബലിയേയും നേർക്ക് നേർന്നു നിർത്തി രണ്ട് തരം മനുഷ്യരുടെ പ്രതീകങ്ങളാക്കുന്നതുകൊണ്ട് ദളിതരുടെ പരികല്‍പ്പനക്ക് വണ്ണം വെക്കുമെന്നല്ലാതെ    എന്ത് നേട്ടമാനുള്ളതെന്നു നോക്കാം .
        ഹിന്ദുക്കള്‍ കൊണ്ടുവന്ന ദശാവതാര കഥയിലെ മഹാബലിയെ ഇവിടുത്തെ ഓണാധിപനായ ബലിയിലേക്ക് സന്നിവേശിപ്പിച്ചു.ഈ കഥയും വിശ്വാസവും രൂഡമൂലമായ സമൂഹത്തില്‍ ദശാവതാര കഥയിലെ ബലിയെ അതില്‍നിന്നും പറിച്ചെടുത്ത്  പ്രതിനിര്‍മ്മിതി നടത്തുമ്പോള്‍ മറന്നുപോകുന്ന യാഥാര്‍ത്യങ്ങള്‍ വളരെ പ്രധാനമാണ് . വടക്കര്‍ തയ്യാറാക്കിയ വ്യാജകഥയ്ക്ക് ചരിത്രത്തിന്റെ പദവി നല്‍കുകയാണ് ചെയ്യുന്നത് . ആ കഥകളില്‍ നിന്നും ഊതിതെളിച്ച് എടുക്കുന്ന  മഹാബലിയെ ചരിത്രത്തിലേക്ക് പ്രതിഷ്ടിക്കുമ്പോള്‍ അതെ കഥയില്‍ എതിര്‍ ദിശയില്‍ നില്‍ക്കുന്ന വാമനനും ഒപ്പം ചരിത്ര പുരുഷനാകുന്നു.ഇതുവരെ ദളിതര്‍ നടത്തിയ പ്രതി നിര്‍മ്മിതികള്‍ എല്ലാംതന്നെ ഇത്തരത്തിലുള്ള ബുമാരാങ്ങുകള്‍ തന്നെയാണ് .വ്യവസ്ഥാപിത കീഴ്വഴക്കങ്ങളെ മറികടക്കാന്‍ കാണിക്കുന്ന ഈ പ്രവണതകള്‍ പിന്നീടു അപകടമാകുന്നത് സാധാരണമാണ്.ഇത്തരം പ്രതി നിര്‍മ്മികളിലൂടെയാണോ നാം ചരിത്രം വീണ്ടെടുക്കെണ്ടതെന്നു സ്വയം ചോദി ക്കേണ്ടിയിരിക്കുന്നു .ജാതി ഹിന്ദുവിനെ പ്രധിരോധിക്കാന്‍ തങ്ങളാണ് യഥാര്‍ത്ഥ ഹിന്ദുവെന്നു പ്രഖ്യാപിച്ചു വെല്ലുവിളിച്ച വരുടെ പുതിയ തലമുറ ഇന്നു ചെന്നു നില്‍ക്കുന്നിടമെവിടെയാണ്?
       ചരിത്രം എപ്പോഴും എവിടെയും ആവശ്യപ്പെടുന്ന ചില സംഗതികളുണ്ട്‌ .സ്ഥലം,കാലം,അനുബന്ധ വിശേഷങ്ങള്‍ എന്നിങ്ങനെ.ഇവ ബാധകമല്ലാത്ത ഏതു നിര്‍മ്മിതികളും അപനിര്‍മ്മിതികളായെ പരിഗണിക്കപ്പെടൂ.ആ നിലക്ക് പരിശോധിക്കുമ്പോള്‍ ദളിതര്‍ കണ്ടെടുക്കുന്ന മഹാബലിക്കു എന്ത് നിലനില്പ്പാനു ള്ളത്?പള്ളിബാണപ്പെരുമാളിന്റെ കാലഘട്ടം ഇന്ന് ചരിത്രകരന്മാര്‍ക്കറിയാം.അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഓണം ആഘോഷിച്ചു വന്നിരുന്നുവെന്നും .അതിനുമുമ്പിലേക്ക് ഊതിവീര്‍പ്പിച്ച കഥയുമായി വന്നുച്ചടിയിട്ടെന്തു ചെയ്യാന്‍?കൂറ കടിക്കുമ്പോള്‍ ഓലയെഴുതി കെട്ടിയപോലൊരു ഗുണം!ഇവിടെ വേണ്ടതെന്താണ്?ഈ   കഥകള്‍ക്കപ്പുര്‍ത്തുള്ള ചരിത്രത്തില്‍ നിന്നും മഹാബലിയെ കണ്ടെടുക്കണം .ചരിത്രത്തെ മൂടിവെക്കാമെങ്കിലും,ഉരുക്കിക്കളയാനോ,മായ്ച്ചു കളയാനോ സാദ്യമല്ല .അവിടെ നിന്നാണ് മഹാബലിയെ വീണ്ടെടുക്കേണ്ടത് .ദുര്‍ മേദസ്സില്ലാത്ത കരുത്തുള്ള മഹാബലിയെ.ഉത്തരേന്ത്യ ക്കാരന്റെ മഹാബലിക്കും നമ്മുടെ ബലിക്കും തമ്മിലുള്ള ബന്ധം വട്ടപ്പൂജ്യമാണ്.നമ്മളാണ് തീരുമാനിക്കേണ്ടത്,ഗോസ്സായിയുടെ ബലിയെ പുണര്‍ന്നു അടിമയാകണോ,നമ്മുടെ ബലിയെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി അഭിമാനിയാകണോയെന്നു .

Tuesday, September 5, 2017

ജോസ് കോനാട്ടിൻറെ കവിതകൾ

കുട്ടി ക്കുരുതി 
രയരുത് കുഞ്ഞേ
 പിറക്കുന്ന നേരത്തും
കുരുതി നിനക്കായ്
 കരുതി വച്ചവർ ഞങ്ങൾ.
 യന്ത്ര ശ്വാസത്തിൻറ
 ഭ്രാന്ത വേഗങ്ങളി
 പ്രാണതന്ത്രികൾ പൊട്ടി
 പ്രളയമിരമ്പുന്ന പ്രജ്ഞയിൽ
ശപ്തജന്മം കരിന്തിരി
കത്തിയൊടുങ്ങവേ
 നൊന്തു ശപിക്കുക
 നശിക്കട്ടെ നരവർഗ്ഗം


 കബന്ധങ്ങൾ
 ആരോ പെരും പാദങ്ങളാൽ
അവശേഷിച്ച  മൂന്നടി മണ്ണ് കൂടി
അളന്നെടുക്കുന്നു.
ഒരു പെരും കാൽ കൂടി
 അളവുകോലാകുമ്പോൾ
കുനിഞ്ഞ് നിന്ന് വിനീതനാകാൻ
 കഴുത്തിൽ ശിരസ്സെവിടെ?

Sunday, September 3, 2017

ശിഥിലം ;റോബിൻ എഴുത്തുപുര

മുറിഞ്ഞ
ഉടൽ നോക്കി,
ഒരു മേഘം.

നിഴൽ തിന്ന
പാദം നോക്കി,
മഴവില്ല്.
ചില്ലയിലുടക്കിയ
മുടി നോക്കി,
മഴക്കാറ്റ്.
മണ്ണ് ചുംബിച്ച
ഇലകൾ നോക്കി,
ശിശിരം.
ഇരിഞ്ഞ തൂവലിലെ
ചോര നോക്കി,
വെൺപ്രാവ്.
കനിവുറഞ്ഞ
സൂര്യനെ നോക്കി,
വേനൽപ്പുഴ.
പ്രണയമുള്ളവനെ
വഴി നോക്കി,
തപാൽപ്പെട്ടി.
ഭ്രാന്തുപിടിച്ച
കഴൽ നോക്കി,
വഴിക്കറുപ്പ്.
ഇരുട്ടിലെ
പൊയ്ക്കളം നോക്കി,
അന്ധൻ.
താരാട്ടു താളിലെ
അക്ഷരത്തെറ്റു നോക്കി,
അമ്മ.
മകളെഴുതിയ
കത്ത് നോക്കി,
അച്ഛൻ.
രക്തം നുണയുന്ന
അക്ഷരം നോക്കി,
കവി.
തീപിടിക്കുന്ന
പൂക്കൾ നോക്കി,
വേശ്യ.
ശിരസ്സറ്റ
ധർമ്മത്തെ നോക്കി,
ഈശ്വരൻ.
വീണുടഞ്ഞ
മൺപാവ നോക്കി,
ഒരു പൈതൽ...........

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...