Monday, March 8, 2021

നാട്ടുവൈദ്യത്തിലെ കഥ :വിനിൽ പോൾ

തിരുവിതാംകൂറിലെ ഒരു ചിത്രമാണ് (1924)
യുർവേദ/നാട്ടു വൈദ്യന്മാരെ കുറിച്ചുള്ള കഥകൾ രസകരമാണ്, അവയെ സൂക്ഷമതലത്തിൽ പഠിക്കപ്പെടേണ്ടതാണ്. ജാതി നിയമങ്ങളെ ദൃഢമാക്കി നിർത്തുന്നതിനു സഹായകരമായ ഒന്നായിരുന്നു ഈ രോഗ കഥകൾ എന്ന് തോന്നുന്നു. ഒരു കഥതന്നെ പലരുടെയും പേരിൽ പ്രചരിക്കാറുണ്ട്. ഉദാഹരണമായിആലത്തൂർ നമ്പിയുടെ ഒരു ചികിത്സാ അനുഭവവും ചോലയിൽ കുഞ്ഞുമാമി വൈദ്യരുടെ അനുഭവവും ഒരേ കഥ തന്നെയാണ് പറയുന്നത്.ആലത്തൂർ നമ്പിയുടെ അടുക്കൽ കുഷ്ഠരോഗം വന്ന ഒരു നമ്പൂതിരി ചികിത്സയ്ക്കായിവരുകയും, മുന്നാഴി പെരുമ്പാമ്പിൻ നെയ്യ് സേവിക്കാമെങ്കിൽ രോഗം പരിപൂർണ്ണമായും മാറുമെന്ന് നമ്പി പറയുകയുണ്ടായി. പെരുമ്പാമ്പിൻ നെയ്യ് അല്ലാതെ മറ്റൊരു ചികിത്സയില്ലെന്നും, ഞാൻ എന്നല്ല, ലോകത്ത് ആരുവിചാരിച്ചാലും ഇത് ഭേദപ്പെടുത്താൻ സാധിക്കില്ല എന്നും നമ്പി പറഞ്ഞു. പാമ്പിൻ നെയ്യ് ഭക്ഷിക്കാൻ കഴിയില്ല എന്ന കാരണത്താൽ നമ്പൂതിരി സങ്കടത്തോടുകൂടി മടങ്ങി. നമ്പി ഉപേക്ഷിച്ച കാരണത്താൽ നമ്പൂതിരി നേരെ ചമ്രവട്ടത്തെ (മലപ്പുറം) ക്ഷേത്രത്തിൽ പോകുകയും അവിടെ പന്ത്രണ്ട് ദിവസത്തെ ഭജന നടത്തുകയും, ഒരു ദിവസം രാത്രിയിൽ ചമ്രവട്ടത്തെ ശാസ്താവ് നമ്പൂതിരിയുടെ ഉറക്കത്തിൽ പ്രത്യക്ഷപ്പെടുകയും,ദിവസവും രാവിലെ പുഴയിൽ ചെന്ന് രണ്ട് കയ്യും നിറച്ചു മൂന്ന് വട്ടം പുഴവെള്ളം കുടിച്ചാൽ രോഗം മാറുമെന്നു ശാസ്താവ് പറഞ്ഞു കൊടുത്തു. ദർശനത്തിന്റെ അടിസ്ഥാനത്തിൽ നാല്പത് ദിവസം പുഴ വെള്ളം കുടിക്കുകയും രോഗം പരിപൂർണമായി ഭേദമാകുകയും ചെയ്തു. അനന്തരം ആലത്തൂർ നമ്പിയുടെ അടുക്കൽ ചെന്ന് രോഗം ഭേദമായത് അറിയിച്ചു. എന്നാൽ നമ്പിയ്ക്ക് ആ സ്ഥലം ഒന്ന് കാണണമെന്നു ആഗ്രഹം പ്രകടിപ്പിച്ചു. രണ്ട് പേരും കൂടി ചമ്രവട്ടത്തെ അമ്പലക്കടവിൽ നിന്നും പുഴവക്കത്തൂടെ കുറച്ചു ദൂരം ചെന്നപ്പോൾ അവിടെ ഒരു വലിയ പെരുമ്പാമ്പ് ചത്തു ചീഞ്ഞു കിടക്കുന്നത് കണ്ടു. ഇതാ ഇത് കണ്ടുവോ, ഈ നെയ്യോട് കൂടിയ വെള്ളമാണ് നമ്പൂതിരി പതിവായി കുടിച്ചത് എന്ന് നമ്പി പറഞ്ഞു.ഇതേ സംഭവം കുഞ്ഞാമി വൈദ്യരുടെ ജീവിത കഥകളിലും ചേർത്ത് പറയാറുണ്ട്. നമ്പൂതിരിയുടെ സ്ഥാനത്ത് ധനാഢ്യനായ ഒരാളും, കുഷ്‌ഠ രോഗത്തിന് പകരം രക്തവാദവും, പെരുമ്പാമ്പിന്റെ സ്ഥാനത്ത് മലമ്പാമ്പും, ചമ്രവട്ടത്തെ അമ്പലക്കടവിനു പകരം കാശിയുമാണ് ചേർത്തിരിക്കുന്നത്. എന്തായാലും രോഗം സൗഖ്യമാകുന്ന കഥകളാണ് രണ്ടും.



No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...