Sunday, August 2, 2020

മഹാത്മയും ദേശീയ ചരിത്രവും :വിനിൽ പോൾ



ഹാത്മാ, ദേശീയ ചരിത്രം തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുമ്പോൾ അവ  വളരെ വേഗത്തിൽ തന്നെ ദേശീയവാദത്തിന്റെ രാഷ്ട്രീയ ഇടത്തിൽ പ്രതിഷ്ഠിക്കപ്പെടുന്നു എന്ന് സാമൂഹിക ശാസ്ത്രം നിരീക്ഷിച്ചിട്ടുണ്ട്. 'വിശ്വാസവും വിമോചനവും: കൈപ്പറ്റ ഹാബെൽ (2015),' എന്ന പുസ്‌തകത്തിൽ സനൽ മാഷ് മഹാത്മാ പ്രയോഗത്തിനെ വിമർശനപരമായി സമീപിക്കുന്നുണ്ട്. ആദ്യമായി ക്രിസ്തു മതം സ്വീകരിച്ച ദളിതൻ എന്ന നിലയിൽ കൈപ്പറ്റയിലെ ഹാബെലിനെ മഹാത്മാ ഹാബെൽ എന്നാണ് സഭയായി അഭിസംബോധന ചെയ്യുന്നത്. "മഹാത്മാ ഹാബെൽ എന്ന പ്രയോഗം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ശകലത്തിന്റെ (fragments)  ഇടത്തിനെ നിരസിക്കുന്നതിലേയ്ക്കാണ് ചെന്നെത്തുന്നത് എന്നാണ് സനൽ മാഷ് നിരീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ സാമൂഹിക ശാസ്ത്രജ്ഞനായ ഗ്യാനേന്ദ്ര പാണ്ഡ്യയുടെ Defence Of The Fragment Writing About Hindu- Muslim Riots in India Today എന്ന ലേഖനത്തിലെ വാദങ്ങളുടെ പിൻബലത്തിൽ സനൽ മാഷ് ഇത് കൂടുതൽ വ്യക്തമാക്കി തരുന്നു ( ഈ ലേഖനം മലയാളത്തിൽ സൂസി താരു, എസ്. സഞ്ജീവ് എന്നിവർ എഡിറ്റ് ചെയ്ത കീഴാള പഠനങ്ങൾ(DC Books) എന്ന പുസ്തകത്തിൽ ലഭ്യമാണ്).' ശകല വീക്ഷണത്തിന്റെ ഒരു പ്രാധാന്യം എന്തെന്നാൽ അത് എളുപ്പത്തിൽ ഏകരൂപവത്കരിക്കാനുള്ള എല്ലാ ശ്രമങ്ങളെ ചെറുക്കുകയും, രാഷ്ട്രത്തിന്റെയും, ഭാവിയിലെ രാഷ്ട്രീയ സമുദായത്തിന്റയും കൂടുതൽ അർത്ഥപൂർണ്ണമായ  നിർവചനങ്ങൾക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്യും എന്നതാണ്. ഈ അർത്ഥത്തിൽ മഹാത്മാ എന്ന പ്രയോഗം ദേശരാഷ്ട്രത്തിന്റെ ഔദ്യോഗിക ആഖ്യാനങ്ങൾക്കുള്ളിൽ പ്രതിഷ്ഠിക്കപ്പെടുന്നു. ഇത് വഴിയായി പാണ്ഡ്യ ചൂണ്ടി കാണിച്ചപോലെ ജാതി അടിമത്തം നൽകിയ വേദനകളും അനുഭവങ്ങളും 
തമസ്ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. അതേപോലെ തന്നെ കേരളത്തിലെ ദളിത് സമൂഹങ്ങളുടെ ഇന്നത്തെ അവസ്ഥയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവും, സമൂഹം എന്ന നിലയിലുള്ള അവരുടെ അനുഭവങ്ങളുടെ ചരിത്രം എഴുതുമ്പോൾ ജാതി സമൂഹത്തിന്റെ ഹിംസാത്മകയെ മൂടി വെയ്ക്കുന്നതിനുള്ള സാഹചര്യവും ഈ മാഹാത്മ പ്രയോഗം സൃഷ്ടിക്കുന്നു (പേജുകൾ 69-70). അതേപോലെ കീഴാള പഠനക്കാർ ഉയർത്തിയ ഒന്നാമത്തെ ചോദ്യം തന്നെ ആരുടെ ദേശീയത എന്നതായിരുന്നു. കേരളത്തിലേയ്ക്ക് വന്നാൽ 1980-90 കളിൽ ചെന്താരശ്ശേരി നടത്തിയ സ്രോതസ്കളിലും, ക്രമേണ വന്നുപെട്ട  മഹത്മാ പ്രയോഗത്തിലും തന്നെയാണ് പിൽക്കാലത്തെ ദളിത് ചരിത്ര രചനകൾ കൂടുതലും ചേർക്കപ്പട്ടത് എന്ന് തോന്നുന്നു. ബ്രിഹത് ആഖ്യാനങ്ങളിലേയ്ക്കുള്ള കൂട്ടി ചേർക്കൽ അല്ല ദളിത് ചരിത്രം. എന്നാൽ ചരിത്ര രചനയിലെ ഈ കൂട്ടിച്ചേർക്കൽ പ്രക്രിയ പെട്ടെന്നുണ്ടാകുന്ന രാഷ്ട്രീയ തർക്കങ്ങളിൽ ദളിതർക്ക് ഇടം നേടിയെടുക്കുന്നതിനു ഉപകരിക്കുമെങ്കിലും അവയ്ക്ക് ആയുസ്സ് വളരെ കുറവായിരിക്കും എന്നു തോന്നുന്നു.ഉദാഹരണമായി ശബരിമല വിഷയം പറയാൻ സാധിക്കും.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...