Monday, August 17, 2020

മരിച്ചടക്കാൻ ആറടി മണ്ണ് പോലും സ്വന്തമായില്ലാത്തവർ :അഡ്വ : സജി ചേരൻ

.


കാണുന്നത് പെട്ടിമുടിയിലെ ദുരന്തത്തിൽ മരണപ്പെട്ട (ഇത് വരെ കണ്ടു കിട്ടിയ) നമ്മുടെ സഹോദരങ്ങളെ സംസ്കരിച്ച ഇടമാണ്. തലമുറകളോളം ടാറ്റ കമ്പനിയുടെ കൂലി തൊഴിലാളികളായി ലയങ്ങൾ എന്ന നരകങ്ങളിൽ ജീവിച്ച മനുഷ്യരുടെ ശവശരീരങ്ങൾ കുഴിച്ചു മൂടിയ സ്ഥലം. ടാറ്റ എന്ന കോർപ്പറേറ്റ് കമ്പനിയുടെ "ഉടമസ്ഥതയിലുള്ള" സ്ഥലം. 

മാന്യമായ സംസ്കാരത്തിന് ഓരോ പൗരനും  അവകാശം പ്രഖ്യാപിക്കുന്ന നിയമമുള്ള ഒരു രാജ്യത്ത്, ജെ സി ബി കൊണ്ട് മണ്ണ് മാന്തി മനുഷ്യനെ "കുഴിച്ചിട്ടിരിക്കുന്ന" സ്ഥലം. മരിച്ചടക്കാൻ ആറടി മണ്ണ് പോലും സ്വന്തമായില്ലാത്ത കുറെ മനുഷ്യരുടെ ദൈന്യതയുടെ പ്രതീകമായി അതവിടെ കാണപ്പെടുന്നു. 

ആരാണ് അവരുടെ ദൈന്യതയുടെ കാരണക്കാർ? തോട്ടം മേഖലയിൽ മരിച്ചടക്കാൻ ആറടി മണ്ണ് പോലും ഇല്ലാത്ത ലക്ഷകണക്കിന് മനുഷ്യരെ സ്യഷ്ടിച്ചവർ ആരാണ്? 

പശ്ചിമഘട്ടത്തിലെ കാടും, മലയും, മണ്ണും തുരന്നു തിന്നുന്നവരാണ് പെട്ടിമുടിയുടെ ദുരന്തത്തിന്റെ യഥാർത്ഥ കാരണക്കാർ. ഒപ്പം, അത്തരം കൈയേറ്റക്കാർക്ക് എല്ലാ ഒത്താശയും ചെയ്യുന്ന ഇടതു വലത് രാഷ്ട്രീയ പരിഷകളും, ഉദ്യോഗസ്ഥ പ്രമാണിമാരും. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനു നേരെ കണ്ണടച്ച രാഷ്ട്രീയ/ഭരണ നേത്യത്വമാണ് പെട്ടിമുടിയിലെ ദുരന്തത്തിന്റെ ഉത്തരവാദികൾ. അവരിൽ ചിലരെ പാർട്ടി ചിഹ്നങ്ങൾ ആലേഖനം ചെയ്ത ബാഡ്‌ജും, തൊപ്പിയും ധരിച്ചു രക്ഷാ പ്രവർത്തകരുടെ രൂപത്തിലും അല്ലാതെയും ഞങ്ങൾ പെട്ടിമുടിയിൽ കാണുകയുണ്ടായി. 
തോട്ടം മേഖലയിലെ ലക്ഷകണക്കിന് മനുഷ്യർക്ക് മരിച്ചാൽ അടക്കാൻ ആറടി മണ്ണ് പോലും ഇല്ലാത്തവരായി പെട്ടിമുടിക്ക് ശേഷവും നിലനിറുത്തുന്ന രാഷ്ട്രീയ/ഭരണ നേത്യത്വം രാജമാണിക്യം കമ്മീഷൻ റിപ്പോർട്ടിന് മുകളിൽ, നിവേദിത പി ഹരന്റെ കണ്ടെത്തലുകൾക്ക് മുകളിൽ ഇന്നും അടയിരിക്കുകയാണ്. ഭൂരഹിതരുടെ ദൈന്യതക്ക് മുകളിലൂടെ, വിദേശ കമ്പനികൾ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന അഞ്ചര ലക്ഷം ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ, സർക്കാരിന്റെ സ്വന്തമായ ചെറുവള്ളി എസ്റ്റേറ്റ് സ്വകാര്യ വ്യക്തിക്ക് കോടികൾ വില നൽകി വാങ്ങാൻ ഉത്തരവ് പാസാക്കുന്ന "പുരോഗമന സർക്കാരുകളാണ്" ഈ ദുരന്തത്തിന്റെ ഉത്തരവാദികൾ. തോട്ടം ഭൂമി കേസുകളിൽ കമ്പനികൾക്കായി കേസുകൾ തോറ്റു കൊടുക്കാൻ സുശീല ആർ ഭട്ടുമാരെ നാടു കടത്തുന്ന രാഷ്ട്രീയ/ഭരണ/ഉദ്യോഗസ്ഥ പുങ്കവന്മാരാണ് പെട്ടിമുടിയിലെ മരണത്തിന്റെ വ്യാപാരികൾ.

കേരളം ഒരേ ദിവസം കണ്ട രണ്ടു ദുരന്തങ്ങളിൽ വിവേചനപൂർവ്വം സഹായധനം പ്രഖ്യാപിച്ച നമ്മുടെ ഇരട്ട ചങ്കൻ മുഖ്യമന്ത്രി, പാവങ്ങളുടെ പടത്തലവൻ, പെട്ടിമുടിയിൽ എത്തി പ്രഖ്യാപിച്ച രണ്ടാം ഘട്ട സഹായ വാഗ്ദ്ദാനം വെറും പ്രഹസനമായി. ടാറ്റയുടെ ഭൂമിയിൽ തൊഴിലാളികൾക്ക് വീട് വെച്ചു നൽകുമെന്ന പ്രഖ്യാപനം പരിഹാസ്യമാണ്. മൂന്നാറിലെ തൊഴിലാളികൾക്ക് സ്വന്തമായി ഭൂമിയും വീടും നൽകുമെന്ന് പറയാനുള്ള ചങ്കുറപ്പ് ഇരട്ട ചങ്കൻ മുഖ്യമന്ത്രിയിൽ നിന്നും പ്രതീക്ഷിക്കാമോ? വല്ലവന്റെയും ഭൂമിയിൽ തൊഴിലാളികൾക്ക് വീട് വെച്ചു നൽകിയിട്ടു തൊഴിലാളിക്കു എന്ത് പ്രയോജനം എന്ന് മനസ്സിലാക്കാനുള്ള വിവേകം ഒരു തൊഴിലാളി വർഗ്ഗ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് ഇല്ലാതെ പോകുന്നത് ഒരു ദുരന്തമാണ്.

പെട്ടിമുടിയിലെ ദുരന്ത ഭൂമിയിലെ മനുഷ്യർ, ഏതു നിമിഷവും മറ്റൊരു ദുരന്തത്തെ കാത്തിരിക്കുന്ന ലയങ്ങളിൽ താമസിക്കുന്ന സാധാരണക്കാരൻ ആവശ്യപ്പെടുന്നത്...

1) മരണപ്പെട്ടവരുടെ ഉറ്റവർക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം.

2) സ്വകാര്യ കമ്പനികൾ അനധിക്യതമായി കൈവശം വെച്ചിരിക്കുന്ന ലക്ഷകണക്കിന് ഏക്കർ വരുന്ന തോട്ടം ഭൂമി സർക്കാർ ഏറ്റെടുക്കുക.

3) മൂന്നാറിലെ ഓരോ ഭൂരഹിത തൊഴിലാളിക്കും സ്വന്തമായി 5 ഏക്കർ വീതം ഭൂമി നൽകുക. 

4) ഓരോ ഭവന രഹിത കുടുംബങ്ങൾക്കും സർക്കാർ വാസയോഗ്യമായ വീട് നിർമ്മിച്ച് നൽകുക.

5) മൂന്നാറിലെ തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക.

6) പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരെ അടക്കം ചെയ്തിരിക്കുന്ന സ്ഥലത്ത് അവർക്ക് അനുയോജ്യമായ ഒരു സ്മാരകം നിർമ്മിക്കുക.

അങ്ങനെയെങ്കിലും, രാഷ്ട്രീയ/ഭരണ/ഉദ്യോഗസ്ഥ നേത്യത്വത്തിന്റെ വിവേചനത്തിന്റെ ബലിയാടുകളോട്, അവരുടെ ഓർമ്മകളോട് നമ്മുക്ക് നീതി പുലർത്താം.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...