Sunday, August 6, 2017

എന്റെ ഗ്രാമത്തിലൂടെ :മൈഥിലി സായ്മീര

ൻറെ ഗ്രാമത്തിൽ 
കണ്ണീർ ഒഴുക്കി ഒരു പുഴ നാവ് വരണ്ട് കിടപ്പുണ്ട്.

പണ്ട് ചിരിച്ചും കരഞ്ഞും
വെള്ളിക്കൊലുസിട്ട്
തുള്ളി ഒഴുകിയ അവളെ
ആരോ " ദേവിയാറെ " ന്ന് വിളിച്ചു.

ആർത്ത് പെയ്ത പെരുമഴക്കാലത്ത്
അവൾ പലപ്പോഴും  കണ്ണ് ചുവപ്പിച്ച് 
ഉറഞ്ഞുതുള്ളി പലരെയും 
വലിച്ചിഴച്ച് കൊണ്ട് പോയിട്ടുണ്ട്.


 ഇന്ന്;
പാതി തളർന്ന് 
പകൽ മയക്കത്തിലെന്നപോലെ
കുതിക്കാതെ കിതക്കാതങ്ങനെ..!

തീക്കുന്തം വെയിലത്ത്
എൻറെ ഗ്രാമത്തിലെ
 കുന്നും മലകളും 
കരിക്കട്ട കണക്കെ, കരിഞ്ഞു.
മരതകക്കല്ലുപോലെ അവ 
 പണ്ട് തിളങ്ങി നിന്നിരുന്നുവെന്ന്
ചിലമ്പിക്കരഞ്ഞും പതം പറഞ്ഞു.
വസന്തവും ശിശിരവും തേടി  
കിളിക്കൂട്ടങ്ങളും പറന്നുപോയി.

പൂത്തുമ്പിയും പൂമ്പാറ്റയും
ഇനിയൊരു പൂക്കാലത്തിൻറെ
വരവിനായി കാത്ത് 
എവിടെയോ മറഞ്ഞിരിക്കുന്നു.

വയലും ഞാറ്റുവേലയും 
പകൽവെട്ടത്തിൽ എവിടെയും കണ്ടില്ല.
ഇന്നലെയും പെയ്യാത്ത മഴ രാത്രിമഴയായി 
എൻറെ സ്വപ്നത്തിൽ മാത്രം 
ഗ്രാമത്തിലൂടെ പെയ്തുപോയി.

ആ മഴയത്ത്
പൂഴിമണ്ണ് കുഴഞ്ഞ നാട്ടിടവഴിയിലൂടെ  
വിളിച്ചു പറഞ്ഞും
 ഒരു നീളൻ നിഴൽ  കടന്നുപോയി.

" ജീവൻറെ ഉറവയാകുന്ന
 മരങ്ങൾ മുറിക്കരുത്..
കുന്നുമ്മലയുമിടിക്കരുത്..
നാട്മുടിയും...
ഇനിയൊരു വാഴ്വിനായി 
മനുഷ്യനന്മകൾ തളിർത്ത്
പൂക്കുന്ന പൂമരമാകാം..
നമുക്ക് ജീവൻറെ മരങ്ങൾ നടാം..
 ഉണർവ്വിൻറെ പാട്ട് പാടാം.. "

വെയിൽ ഞരമ്പുകളിൽ
പച്ചപ്പ് നഷ്ടമായ എൻറെ ഗ്രാമം
വെന്തുപുകഞ്ഞങ്ങനെ വിങ്ങി നിന്നു.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...