പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, എം.ജി യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ പഠിക്കുമ്പോള്‍, ജയനുമൊത്ത് Kp Jayakumar കുങ്കുമം വാരികയില്‍ എഴുതിയ, യൂനിവേഴ്‌സിറ്റി അഴിമതികളെക്കുറിച്ചുള്ള കവര്‍ സ്‌റ്റോറി അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു: ആര്‍ക്കു വേണ്ടിയാണ് ഈ സര്‍വകലാശാലകള്‍? ജീവനക്കാരെ നിയമിക്കാനോ? കുറേ പേര്‍ക്ക് അധികാര സ്ഥാനത്തിരിക്കാനുള്ള ഇടം തീര്‍ക്കാനോ? രാഷ്ട്രീയ സ്വാധീനത്തിലൂടെ ചിലര്‍ക്ക് വിസിയും പിവിസിയും രജിസ്ട്രാറുമൊക്കെ ആവാനോ? അതോ കോടികളുടെ കെട്ടിടങ്ങള്‍ പണിതുയര്‍ത്താനോ? ഇതിനൊന്നുമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. അക്കാദമിക് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സര്‍വകലാശാലകള്‍. അതിന്റെ ഉടമകള്‍ വിദ്യാര്‍ത്ഥികളാണ്. അവര്‍ക്കു വേണ്ടിയാണ് ഈ സിസ്റ്റം. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കാന്‍ മാത്രമാണ് അധികാരികളും കെട്ടിടങ്ങളുമെല്ലാം. അവരെ സഹായിക്കാന്‍ വേണ്ടിയാണ് ജീവനക്കാര്‍. എന്നാല്‍, ഈ സര്‍വകലാശാലയില്‍ എന്താണ് അവസ്ഥ? ഇവിടെ വിദ്യാര്‍ത്ഥികള്‍ പുറത്താണ്. അവര്‍ ഈ സംവിധാനം നിലനിര്‍ത്താനുള്ള ടൂളുകള്‍ മാത്രമാണ്. എല്ലാം സഹിച്ച് ഓച്ഛാനിച്ച് നില്‍ക്കേണ്ടവരാണ് അവര്‍. പരീക്ഷകള്‍ നേരാം വണ്ണം നടത്താനോ പഠന സംവിധാനങ്ങള്‍ വളര്‍ത്താനോ, അക്കാദമിക ആവശ്യങ്ങള്‍ നടത്താനോ ഒന്നുമല്ല ഈ സര്‍വകലാശാലയ്ക്ക് താല്‍പ്പര്യം. തട്ടുകടകള്‍ പോലെ ഓഫ് കാമ്പസുകള്‍ അനുവദിച്ച് കച്ചവടം നടത്താനും കോടികളുടെ കെട്ടിടക്കൃഷി നടത്താനുമുള്ള തിരക്കിനിടെ അധികാരികള്‍ക്ക് എന്ത് വിദ്യാര്‍ത്ഥികള്‍? ഈ അവസ്ഥയാണ് മാറേണ്ടത്. സര്‍വകലാശാലയുടെ ഫോക്കസ് വിദ്യാര്‍ത്ഥികളിലേക്ക് മാറണം. അക്കാദമിക് കാര്യങ്ങളിലേക്ക് മാറണം. വിദ്യാര്‍ത്ഥികളുടെ വീക്ഷണകോണിലൂടെ കാര്യങ്ങള്‍ മാറ്റാന്‍ സര്‍വകലാശാലാ അധികാരികള്‍ തയ്യാറാവണം. ഓരോ ചെറിയ ആവശ്യവും അവകാശവും വിദ്യാര്‍ത്ഥികള്‍ തൊണ്ട പൊട്ടി മുദ്രാവാക്യം വിളിച്ച് നേടിയെടുക്കേണ്ട അവസ്ഥ മാറണം.'
അതു കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങള്‍. ഇപ്പോഴും അവസ്ഥ അതു തന്നെ. കെട്ടിടക്കൃഷി. അതില്‍നിന്നുള്ള ലാഭം പറ്റല്‍. അതിന്റെ ആനുകൂല്യം പറ്റല്‍. പഠനവും വിദ്യാര്‍ത്ഥികളും അധ്യാപകരും അക്കാദമിക്ക് ആവശ്യങ്ങളുമെല്ലാം ഇപ്പോഴും പടിക്കു പുറത്ത്. അധികാരികളൊക്കെ മാറി. ഭരണകൂടവും മാറി. എന്നിട്ടും വിദ്യാര്‍ത്ഥികളോടും അധ്യാപകരോടുമുള്ള നിലപാട് ഒന്നു തന്നെ. അതിന്റെ കൃത്യമായ തെളിവാണ്, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയരക്ടറായ ഡോ. വിസി ഹാരിസിനോട് 'കടക്ക് പുറത്ത്' എന്നു പറയുന്ന ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റെ നിലപാട്. കെട്ടിച്ചമച്ച കള്ളപ്പരാതികള്‍ മാത്രം മതി ഒരു ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടറെ നീക്കം ചെയ്യാന്‍ എന്ന വ്യക്തമായ സന്ദേശമാണിത്. അതിന് അന്വേഷണം വേണ്ട. അന്വേഷണത്തില്‍, പരാതികള്‍ ശരിയാണെന്ന് തെളിയണ്ട. ഒറ്റയടിക്ക് ആരെയും പിഴുതെറിയാം. താന്തോന്നിത്തം കാണിക്കാം. പഠനമെന്ന പ്രാഥമിക ആവശ്യത്തില്‍നിന്നും വിദ്യാര്‍ത്ഥികളെ തടഞ്ഞ് തൊണ്ട പൊട്ടുന്ന മുദ്രാവാക്യങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും വലിച്ചെറിയാം. കോണ്‍ഗ്രസ് ഭരണകാലങ്ങളില്‍ യൂനിവേഴ്‌സിറ്റിയിലെ കുത്തഴിഞ്ഞ അവസ്ഥകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പോരാടിയ പൊതുപ്രവര്‍ത്തകരും ഇടതുപക്ഷ നേതാക്കളും തന്നെയാണ് അധികാരം കിട്ടിയപ്പോള്‍, മുമ്പ് അവര്‍ എതിര്‍ത്ത അതേ ധാര്‍ഷ്ഠ്യത്തിന്റെ വെളിച്ചപ്പാടുകള്‍ ആയി മാറുന്നത്. മുമ്പ് അവര്‍ പൊരുതിയ അതേ അഴിമതിയുടെ ആളുകളാവുന്നത്. അന്നവര്‍ക്കൊപ്പം പ്രതിഷേധിക്കാന്‍ നെഞ്ചുറപ്പോടെ നിന്ന വിസി ഹാരിസിനെപ്പോലെ ഒരാളെ തങ്ങളുടെ നെറികേടുകള്‍ നടത്തുന്നതിലുള്ള കരടായി കാണുന്നത്. പണ്ട് തങ്ങള്‍ എതിര്‍ത്ത അതേ നെറികേടുകള്‍ കുലചിഹ്‌നമായി കൊണ്ടുനടന്ന്, അതേ ഹാരിസിനെ വലിച്ചു പുറത്തിടുന്നത്. ഈ ഇടതുപക്ഷ സിന്‍ഡിക്കേറ്റ് ഇടതു കേരളത്തിന് അപമാനമാണ്. വെറുമൊരു മാനേജര്‍ മാത്രമായി തുടരുന്ന വിസിയുടെ അതേ മാതൃക തുടരുന്നത് ഇടതുപക്ഷ ബോധം ഇപ്പോഴും പറയുന്ന അതേ നാവുകള്‍ ആണെന്നത് അപമാനമാണ്. സര്‍വകലാശാലാ കാമ്പസിലെ എസ് എഫ് ഐ ഈ നെറികേടുകള്‍ക്കെതിരെ ഹാരിസ് സാറിനൊപ്പം നില്‍ക്കുന്നത് ഈ ബോധ്യത്തിന്റെ പുറത്തുതന്നെയാണ്. ഈ സന്ദേശം തിരിച്ചറിയേണ്ടത് സര്‍ക്കാരാണ്. ഇടതുപക്ഷക്കാരനായ വിദ്യാഭ്യാസ മന്ത്രിയാണ്. തെറ്റു തിരുത്താന്‍ നടപടി എടുക്കേണ്ടത് ഇടതുപക്ഷ നേതൃത്വമാണ്. വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തേണ്ട സാഹചര്യം ഇല്ലാതെ, പ്രശ്‌നം പരിഹരിക്കേണ്ടത്, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലൂടെ പൊതുരംഗത്തുവന്ന സഖാവ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഭരണകൂടമാണ്.
പിണറായി വിജയന്‍ എന്നെഴുതുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് ഹാരിസ് സാര്‍ പണ്ട് സംവാദം മാസികയില്‍ എഴുതിയ ആത്മകഥയിലുള്ള ആ പരാമര്‍ശമാണ്. 'ഞാനാദ്യത്തെ ശമ്പളം വാങ്ങിയത് പിണറായി വിജയന്റെ കൈയില്‍നിന്നാണ്. കോളജ് പഠനം കഴിഞ്ഞ സമയത്ത് പിണറായി അധ്യക്ഷനായ സഹകരണ സംഘത്തിന്റെ സ്ഥാപനത്തിലാണ് പഠിപ്പിച്ചിരുന്നത്. പിണറായിയുടെ കൈയില്‍ നിന്നാണ് ഞാനാദ്യ ശമ്പളം വാങ്ങിയത്'. അതേ കുറിപ്പില്‍, തന്റെ പഠന കാലത്തെക്കുറിച്ച് പറയുന്നുണ്ട് ഹാരിസ് സര്‍. മുടി നീട്ടിയ ചെറുപ്പക്കാരെയെല്ലാം വേട്ടയാടിയിരുന്ന പൊലീസുകാരുടെ കാലം. ഇടതുപക്ഷ ചിന്തയുള്ള ചെറുപ്പക്കാരെയെല്ലാം വേട്ടയാടിയ കാലം. മുടി നീട്ടിയാല്‍ നക്‌സലൈറ്റാവുമെന്ന തോന്നലില്‍, സാക്ഷല്‍ പുലിക്കോടന്‍ നാരായണനടക്കമുള്ളവര്‍ വിദ്യാര്‍ത്ഥികളെ പിടികൂടി മുടി വെട്ടിപ്പിക്കുന്ന കാലം. ആ കാലത്തെയൊക്കെ മറി കടന്നാണ് വിസി ഹാരിസ് ഇന്നത്തെ അവസ്ഥയില്‍ എത്തിയത് എന്ന് സിന്‍ഡിക്കേറ്റിലെ ഇസ്തിരിയിട്ടു മിനുക്കിയ കുപ്പായങ്ങള്‍ ഓര്‍ക്കുന്നത് നന്ന്. സര്‍വകലാശാലാ അധ്യാപകന്റെ സുരക്ഷിതത്വമുള്ള, സൗകര്യമുള്ള കസേരയില്‍ ആസ്വദിച്ച് ഇരുന്നിരുന്ന ഒരാളായിരുന്നില്ല ഹാരിസ്. മികച്ച അധ്യാപകനായിരിക്കുമ്പോഴും അദ്ദേഹം സാമൂഹ്യമായ മുന്നേറ്റങ്ങളുടെയെല്ലാം ഭാഗമായിരുന്നു. കേരളത്തിലെ ദലിത്, സ്ത്രീ സമരങ്ങള്‍ക്കെല്ലാമൊപ്പം ആ മനുഷ്യന്‍ സജീവമായി ഉണ്ടായിരുന്നു. ഇടതു പക്ഷ മുന്നേറ്റങ്ങള്‍ക്കൊപ്പം നിന്നിരുന്നു. എം.ജി സര്‍വകലാശാലാ അധികൃതരുടെ തോന്ന്യാസങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയ ഇടതുപക്ഷ അധ്യാപക സംഘടനാ പ്രവര്‍ത്തനത്തിലും അദ്ദേഹമുണ്ടായിരുന്നു. അക്കാദമിക കാര്യങ്ങളിലും അധ്യാപനത്തിലും എഴുത്തിലുമെല്ലാം സജീവമായി ഇടപെടുന്ന അതേ സമയത്തു തന്നെയായിരുന്നു ഇതും.
ഈയൊരു മനുഷ്യനെയാണ് നിങ്ങള്‍ ഭയക്കുന്നത്. അതിനു കാരണം, നിങ്ങള്‍ക്ക് ഹാരിസ് എന്ന മനുഷ്യനെ അറിയാം എന്നതു തന്നെയാണ്. ഹാരിസ് സാറിനെപ്പോലെ ഒരാളെ മുന്നില്‍ നിര്‍ത്തി നിങ്ങള്‍ക്ക് കോടികളുടെ കച്ചവടം എളുപ്പത്തില്‍ നടത്താനാവില്ല. 'നിങ്ങള്‍ തന്നെ ഇങ്ങനെയൊക്കെ ചെയ്യാമോ' എന്ന് അദ്ദേഹം നിങ്ങളുടെ മുഖത്തുനോക്കി ചോദിക്കുമ്പോള്‍ സ്വന്തം ഭൂതകാലത്തെ ഓര്‍ത്ത് സ്വയം ചൂളി നില്‍ക്കാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല. അധികാരം കാണിച്ചോ പ്രീണിപ്പിച്ചോ ഈ മനുഷ്യനെ അടിമയാക്കി നിര്‍ത്താനാവില്ല എന്നും നിങ്ങള്‍ക്ക് അറിയാവുന്നതാണ്. അതു തന്നെയാണ് കടക്കു പുറത്ത് എന്ന് അദ്ദേഹത്തോട് പറയാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്. സ്്വന്തം മനസാക്ഷിയെ അഭിമുഖീകരിക്കാനുള്ള മടിയും ഉള്ള കാലം കൊണ്ട് നാലു കാശ് വരാനുള്ള ആര്‍ത്തിയുമെല്ലാം ചേര്‍ന്നുള്ള സങ്കീര്‍ണ്ണമായ നിങ്ങളുടെ മാനസികാവസ്ഥകളുടെ പ്രതിഫലനം മാത്രമാണത്.
അധ്യാപകന്‍ എന്ന നിലയില്‍, വെറുമൊരു ക്ലാസെടുക്കല്‍ തൊഴിലാളി ആയിരുന്നില്ല അദ്ദേഹമെന്ന് ആ ക്ലാസുകളില്‍ ഇരുന്ന, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ, ഒരാള്‍ എന്ന നിലയ്ക്ക് നിസ്സംശയം പറയാനാവും. സിലബസ് തയ്യാറാക്കുന്നതിലും അതിന്റെ സ്വഭാവം നിര്‍ണയിക്കുന്നതിലും പരീക്ഷകള്‍ കൃത്യസമയത്ത് നടത്തുന്നതിലും അക്കാദമികമല്ലാത്ത പരിപാടികള്‍ കുട്ടികള്‍ക്കൊപ്പം നടത്തുന്നതിലുമെല്ലാം സഹപ്രവര്‍ത്തകര്‍ക്കൊപ്പം നേതൃപരമായ പങ്കു വഹിച്ചിരുന്നു ഹാരിസ് സര്‍. പാഠഭാഗങ്ങള്‍ എടുത്തു തീര്‍ക്കുക എന്ന കലാപരിപാടിയേക്കാള്‍, വിദ്യാര്‍ത്ഥികളിലുള്ള ഉള്‍ക്കാഴ്ചകളെ ഉൗതിത്തെളിയിക്കാനായിരുന്നു അദ്ദേഹത്തിന് താല്‍പ്പര്യം. മറ്റാരും കാണുന്നത് പോലെയല്ലാതെ ലോകത്തെ കാണാന്‍, ജീവിതത്തെ വ്യത്യസ്തമായി അറിയാനുള്ള മനസ്സാണ് അദ്ദേഹമുണ്ടാക്കിയത്. അധ്യാപകന്‍ എന്ന മസിലുപിടിച്ചു ചെയ്യാവുന്ന പണിയെ, കുട്ടികളുമായുള്ള ആഴത്തിലുള്ള സംവേദനങ്ങളിലൂടെ, തോളില്‍ കൈയിട്ട് നടക്കാവുന്ന സൗഹൃദത്തിലൂടെ, പുതിയ വഴികള്‍ തുറക്കാന്‍ പ്രേരിപ്പിക്കുന്ന ചിന്തകളിലൂടെ, രാപ്പകലില്ലാത്ത ചര്‍ച്ചകളിലൂടെ മാറ്റിമറിക്കുകയായിരുന്നു അദ്ദേഹം. ഞാനടക്കമുള്ള അനേകം പേരുടെ അനുഭവം എനിക്ക് പറയാനാവും. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ പോയില്ലായിരുന്നുവെങ്കില്‍, നരേന്ദ്ര പ്രസാദ് സാറിനെപ്പോലെ, ഡി വിനയചന്ദ്രന്‍ മാഷിനെപ്പോലെ, ഹാരിസ് സാറിനെപ്പോലെ, പിപി രവീന്ദ്രന്‍ സാറിനെപ്പോലെ, കൃഷ്ണന്‍ സാറിനെപ്പോലെ, ബാലേട്ടനെപ്പോലെ, ഉമര്‍ സാറിനെപ്പോലെ, വി ആര്‍ പ്രബോധചന്ദ്രന്‍ നായര്‍ സാറിനെപ്പോലെയുള്ള പല നിലപാടുകളുള്ള, പല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നഅധ്യാപകരുടെ സാമീപ്യവും ഇടപെടലുകളും ഇല്ലായിരുന്നുവെങ്കില്‍, ഉറപ്പായും ഇങ്ങനെയാവില്ലായിരുന്നു ഞങ്ങളാരും. പോയ ആളുകളായിരുന്നില്ല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങിയത്. അത്രയ്ക്ക് വിദ്യാര്‍ത്ഥികളെ മാറ്റിമറിക്കാന്‍ പര്യാപ്തമായിരുന്നു ലെറ്റേഴ്‌സിലെയും കാമ്പസിലെയും അന്നത്തെ അന്തരീക്ഷം.
പഞ്ഞു വന്നത് ഹാരിസ് സാറിനെ കുറിച്ചാണ്. വെറുമൊരു അധ്യാപകന്‍ മാത്രമായിരുന്നില്ല ഒരിക്കലും അദ്ദേഹം. സാഹിത്യ വായനയുടെ അകംപുറം മാറ്റിമറിച്ച നിരൂപകന്‍, ആക്ടിവിസ്റ്റ്, നടന്‍, സംവിധായകന്‍, ഒറേറ്റര്‍, സംഘാടകന്‍, അക്കാദമിക് പണ്ഡിതന്‍ അങ്ങനെയങ്ങിനെ എന്തൊക്കെ വഴികള്‍. ഐഎഫ്എഎഫ്‌കെയുടെ തുടക്കം മുതല്‍ അതിന്റെ മുന്നണിയിലുണ്ടായിരുന്ന ഹാരിസ് സാര്‍ അതിന്റെ സ്വഭാവവും ദിശയും എന്താവണമെന്ന് നിശ്ചയിക്കുന്ന പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കാണ് വഹിച്ചത്. പില്‍ക്കാലത്ത് നിറം കെട്ടുപോവുകയും പിന്നീടില്ലാതാവുകയും ചെയ്ത മേളയിലെ ഓപ്പണ്‍ ഫോറത്തിന്റെ ജീവാത്മാവായും അദ്ദേഹം പ്രവര്‍ത്തിച്ചു. ജര്‍മനിയിലെ സര്‍വകലാശാലയില്‍ അധ്യാപകനായി പോയ കുറച്ചു നാളുകള്‍ക്കു ശേഷം ഹാരിസ് സാര്‍ തിരിച്ചെത്തിയത് പഴയ ജര്‍മന്‍ സിനിമകളില്‍ സജീവമായി നിന്നിരുന്ന ഇന്ത്യന്‍ കഥകളെക്കുറിച്ചുള്ള അതുവരെ കേള്‍ക്കാത്ത ഉള്‍ക്കാഴ്ചകളുമായാണ്. മലയാളത്തിന് അപരിചിതമായ ദലിത് അവസ്ഥകള്‍ പകര്‍ത്തിയ സി അയ്യപ്പന്റെ 'പ്രേതഭാഷണം' എന്ന കഥയ്ക്ക് അദ്ദേഹമെഴുതിയ തിരക്കഥ സിനിമയായി മാറാത്തത് മലയാളത്തിന്റെ നഷ്ടം തന്നെയാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട ടി.കെ രാജീവ് കുമാറിന്റെ 'ജലമര്‍മ്മരം' എന്ന സിനിമയിലെ നായകന്‍ എന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബാലേട്ടന്റെ സവിശേഷമായ നാടകങ്ങളിലെ അഭിനേതാവായും സംവിധായകനായുമെല്ലാം ഹാരിസ് സാറുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍, കാള്‍ മാര്‍ക്‌സിന്റെ ജീവിതം പറയുന്ന നാടകത്തില്‍ മാര്‍ക്‌സ് ആയിരുന്നു ആ മനുഷ്യന്‍.
സത്യമാണ്, മനുഷ്യര്‍ക്കിടയിലായിരുന്നു എന്നും അദ്ദേഹം. സ്വന്തം വിദ്യാര്‍ത്ഥികളെ സുഹൃത്തുക്കളെ പോലെ സമീപിച്ച ഒരാള്‍. അവരുടെ പ്രശ്‌നങ്ങളില്‍ ഒപ്പം നിന്നൊരാള്‍. പുതിയ വഴികള്‍ കാട്ടിക്കൊടുത്ത ഒരാള്‍. ബഷീറിനെതിരായ എന്‍ എസ് മാധവന്റെ കുറിപ്പ് വന്നപ്പോള്‍ 'മുറ്റു പാര്‍ട്ടീസ്' എന്നു പറഞ്ഞ് അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ മറുകുറിപ്പ് അന്നത്തെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. എം.ടി അന്‍സാരിയുടെ എന്‍ എസ് മാധവന്‍ കുറിപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പില്‍ക്കാലത്ത് മലയാളം ഏറെ ചര്‍ച്ച ചെയ്ത പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏറെ പ്രധാനമായിരുന്നു. സംവാദം മാസികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച 'ആത്മകഥ' മലയാളത്തിലെ ആത്മകഥാ സാഹിത്യ ശാഖയില്‍ സമാനതകളില്ലാത്ത ഒന്നായിരുന്നു.
ഇത്തരം ഒരാളെയാണ്, ഇടതുപക്ഷ പ്രവര്‍ത്തകരുടെ മുന്‍കൈയിലുള്ള സിന്‍ഡിക്കേറ്റ് ഇപ്പോള്‍ വേട്ടയാടുന്നത്. ഇല്ലാത്ത കഥകള്‍ പറഞ്ഞ്, കള്ളപ്പരാതികള്‍ ഉണ്ടാക്കി, അസംബന്ധ നാടകങ്ങളിലൂടെ പുറത്തിറക്കുന്നത്. നോക്കൂ, ഇനി ഒരു വര്‍ഷം മാത്രമേയുള്ളൂ അദ്ദേഹത്തിന്റെ സര്‍വീസ്. ഈ വര്‍ഷമാദ്യമാണ് റൊട്ടേഷന്‍ വ്യവസ്ഥ പ്രകാരം അദ്ദേഹം ഡയരക്ടറായത്. ഇത്രയും ഉള്‍ക്കാഴ്ചയുള്ള, നിലപാടുള്ള, സംഘാടന ചാതുരിയുള്ള, അക്കാദമിക് ധാരണകളുള്ള ഒരു അധ്യാപകന് ആ സ്ഥാനത്തിരുന്ന് ഏറെ ചെയ്യാനാവും. വിദ്യാഭ്യാസ കച്ചവടത്തിന്റെ പുതിയ കാലത്ത്, ഫാഷിസത്തിന്റെ പലമാതിരി വരവുകള്‍ ആശങ്ക ഉള്ളില്‍ തീ പടര്‍ത്തുന്ന ഇക്കാലത്ത്, ഡോ. ഹാരിസിനെപ്പോലുള്ള ഒരാളെ ഈ വിധത്തില്‍ കൈകാര്യം ചെയ്യുന്നത് ജനാധിപത്യ കേരളത്തിന് തന്നെയാണ് അപമാനം. ഈ തിരിച്ചറിവിലാണ് അവിടത്തെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്. ഇടതുപക്ഷ സിന്‍ഡിക്കേറ്റിനെതിരെ എസ് എഫ് ഐ രംഗത്തിറങ്ങുന്നത്. ഇത് തിരിച്ചറിയേണ്ടത് വിദ്യാഭ്യാസ മന്ത്രി തന്നെയാണ്. അടിയന്തിരമായി ഈ തീരുമാനം പിന്‍വലിച്ചേ മതിയാവൂ. അതിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ ഒപ്പം നില്‍ക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമ കൂടിയായി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇങ്ങനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കപ്പെടേണ്ട ഒരാളല്ല ഡോ. വിസി ഹാരിസ്. നമ്മള്‍ ഒപ്പം നില്‍ക്കേണ്ടതുണ്ട്.


No comments:
Post a Comment