Sunday, August 13, 2017



രു പാതിരാത്രിയിലാണ് ഞങ്ങൾ

അടിമാലിയിൽ എത്തുന്നത്


സെക്രെട്രേറിയെറ്റ് പടിക്കൽ കെട്ടിയ

കുടിലിൽ നിന്ന്
ഇടുക്കിയിലെ കുടിലുകളിലേക്ക്.


'ഇതാണ് മന്നാൻകാല"

അടിമാലി "സിറ്റിയിൽ "വച്ച്
മനോജ്‌ പറഞ്ഞു.


കുടിയേറ്റക്കാർ മാറ്റിയിട്ട പേരാണ് ഈ "അടിമാലി "

എന്നിട്ടും ഗോത്ര ഭാഷയുടെ
വള്ളിപ്പടരുകൾ മുഴുവനായും
വെട്ടിത്തെളിയ്ക്കനവർക്കയില്ല
"അടിമാലി" എന്നാൽ താഴ്‌വാരം എന്നാണല്ലോ
ഗോത്രഭാഷയിൽ . .


പറഞ്ഞ് പറഞ്ഞ് നടന്ന് നടന്ന്

ചെന്നെത്തേണ്ട വീട്ടിലെ കുട്ടുകാരന്റെ മകൾക്കായ്‌
കരുതിയിട്ടുണ്ടായിരുന്നു അവനൊരു കുഞ്ഞുടുപ്പ്‌


പിന്നെയും നടത്തം......

കൂമ്പൻ പാറയിൽ തങ്ങിത്തങ്ങി നിലാവ്
മലനിരകൾ മഴവെള്ളച്ചാലുകൾ
ഇടവഴികൾ ഇടയ്ക്കിടെ കുത്തുകല്ലുകൾ


വണ്ടി ഇറങ്ങിയാൽ പിന്നെ ആദ്യമാദ്യം നല്ല നല്ല വീടുകൾ

പിന്നങ്ങോട്ട് കുരുമുളക് കാലുകൾ
മാട്ടയിൽ ഇരുട്ടിൽ കാപ്പിപ്പൂ മണം
ഉരുണ്ടു വന്നേക്കാവുന്ന പാറകൾ
ചേ റും ചെ ളിയും കടന്നു നടന്ന്
വഴിയങ്ങ് ചെന്ന് ചെന്ന്
തീർന്നു തീർന്നു പോകുന്നിടത്താണ്
പി എസ് പുതുക്കുടിയുടെ ഓടിട്ട വീട്.


പാതിരാ നിലാവിൽ ഒറ്റയ്ക്കായ് തുറന്നു വച്ച വീട്ടിൽ

വായിച്ചു മടക്കാത്ത പുസ്തക ക്കൂട്ടം
പലഭാഷാ ബൈബിൾ
അംബേദ്ക റിന്റെ വാള്യങ്ങൾ സകലതും
ഫൂലെ ,മണ്ടേല ,റാ നടേ,സാഹു മഹാരാജ്
ആളും അനക്കവുമായി ഞങ്ങളെ വിളിച്ചു .


"ഇന്നിത്തിരി നേരത്തെ ഇങ്ങു പോന്നു"

എന്നുപചാരം ചൊല്ലി പാതിരായും കഴിഞ്ഞ്
പുതുക്കുടിയും
പിന്നാലെ വന്നെത്തുന്നു തല വെന്ത യുവത്വങ്ങളും


സെക്രെട്രേറിയെറ്റ് സമരം, കുടില്കെട്ട് , സീക്കെ,ഗീതൻ , കപിക്കാട് ......

കഴുകുന്ന അരിയിൽ ഒടിച്ചുകത്തിക്കും വിറകിൽ
തിളയ്ക്കും ചോ റിൽ
എംഡി തോമസ്‌ ,കുമാരദാസ്,എം കെ നാരായണൻ ,
അനിൽ,ബിജു.......


അടുക്കളത്തട്ടിലെ ഒഴിഞ്ഞ പാട്ടകൾ

ഉപ്പിലും പച്ചക്കുരുമുളകിലും വെന്ത കോഴിക്കറി
ചൂട് കുടഞ്ഞിടും ചോറ്
ഇലയിൽ ഞങ്ങളുടെ കാഞ്ഞ വയറിൽ നിറയുന്നു.


ഇടുക്കിയുടെ മലമുകളിലിരുന്ന്

കൻഷിറാമിനെ കാണുന്നു
കല്ലറസുകുമാരന്റെ ശബ്ദത്തെ അഴിച്ചു വിടുന്നു
ഗിരിമുടികളിൽ അംബേദ്കറെ സുവിശേഷിക്കുന്നു.


ഞങ്ങളെയും കൂട്ടി നടന്നു

വാത്തിക്കുടി,മണിയാറൻകുടി
പണിക്കൻകുടി ,മന്നാക്കുടി
ശാന്തൻപാറ ,വടാട്ടുപാറ
തുമ്പിപ്പാറ,പൂപ്പാറ
അടിച്ച മർത്തപ്പെട്ടവരാൽ ഇടിച്ചു നിരത്തപ്പെട്ട
കുണ്ടള എന്ജിനിയറിംഗ് കോളേജ്
കുറിച്ചി സജിവോത്തമാപുരം കോളനി
പൊട്ടിച്ചെറിഞ്ഞ ഇലവൻ കെ വി യുടെ "പവ്വർ ലൈനുകൾ"
മറയൂരിൽ മന്ത്രി നാട്ടു കരിഞ്ഞ മാവിൻ തൈ.


കുട്ടികൾക്ക് മുറിച്ചും തുന്നിയും പഠിയ്ക്കാൻ

സ്വയം ശരീരം കു‌ടി ക്കൊടുത്തിട്ടു പോകാൻ
പുതുക്കുടി അടിമാലിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കു
മലയിറങ്ങുന്നു .........


തലച്ചോറും ഹൃദയവും മുറിക്കുമ്പോൾ

കുട്ടികൾ കണ്ടെത്തുമോ ?
ബൈബിൾ കോളെജിലെ അടക്കമുള്ള വിദ്യാർത്ഥിയെ
സുവിശേഷമറിയിക്കാൻ മല കയറിപ്പോയ
തങ്കച്ചൻ പാസ്റ്ററെ
അരമായ, ഗ്രീക്ക് ,സുറിയാനി ,സകല ഭാഷയിലെയും ബൈബിളിൽ
തന്റെ വംശത്തിൻ "രക്ഷ" തിരഞ്ഞുപോയ ധിക്കാരിയെ .


കുടിയേറ്റക്കാരുടെ കുന്നായ്മകളുടെ കുരിശു കണ്ട്

എല്ലാ ബൈബിളും കീറി തീ എരിച്ച്
മതങ്ങളുടെ പോടുകൾ പൊട്ടിച്ച്
മരിച്ചവന് ഇനി ശുശ്രുശയൊന്നും വേണ്ടന്നു കൂടിപ്പറഞ്ഞ
നിങ്ങൾക്കു മുന്നിൽ മലർന്ന ഈ മനുഷ്യനെ
.




"

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...