Sunday, August 2, 2020

ദലിത് ക്രിസ്ത്യൻ പുറത്തായ ദലിതകം





( Reji Shankar Bodhi യുടെ'ദലിത് ക്രൈസ്തവർ ദലിതകത്തിൽ അഭിവാദ്യം ചെയ്യപ്പെടുന്നില്ല 'എന്ന വാദത്തിനുള്ള മുരളിയുടെ മറുപടിയും അതിനുള്ള ജോയി തുരുത്തേലിൻറെ മറുപടിയും)

⛔ ഈ നിരീക്ഷണം ചരിത്രവിരുദ്ധം -1 ⛔
C.S.മുരളീശങ്കർ

അകാലത്തിൽ ജീവിതത്തിൽ നിന്നും "പടിയിറങ്ങി" പോയ 
പ്രിയപ്പെട്ട ദലിത് കവി
സണ്ണി കപിക്കാട് "ഞാൻ അപരൻ" എന്ന പേരിൽ പച്ചക്കുതിര'മാസികയിൽ 2012 ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ( "സഭകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും
ഇതര ദലിത് സംഘടനകളുടെയും
പ്രവർത്തനഫലമായി
ദലിത് ക്രൈസ്തവരുടെ
സാമൂഹ്യവും  സർഗാത്മകവുമായ വഴികൾ
അടഞ്ഞുപോകുന്നത്
ശക്തമായി കൊണ്ടിരിക്കുകയാണെന്ന"വിലയിരുത്തലാണ് ആ ലേഖനത്തിന്റെ കാതൽ )
നിന്നാണ്  റെജി ശങ്കർ ബോധി ആരംഭിക്കുന്നത്.

"സ്വയം കല്പിക്കുന്ന അപരത്വം" എന്നപേരിൽ പ്രമുഖ ദളിത് സൈദ്ധാന്തികനായ
കെ എം സലിം കുമാർ അപ്പോൾ തന്നെ ആലേഖനം ഉന്നയിച്ച പ്രശ്നങ്ങൾക്ക് വിശദമായ മറുപടി പറഞ്ഞതാണ്.

"ദലിത് ജനാധിപത്യ ചിന്ത" എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ ആ ലേഖനം ചേർത്തിട്ടുണ്ട്. ( കൂടുതൽ വിശദാംശങ്ങൾക്കു
വേണ്ടി  അത് കാണുക)

കേരളത്തിലെ ദലിത് സൈദ്ധാന്തിക മണ്ഡലം
വളരെ പ്രായോഗികമായി പരിഹരിച്ച ഒരു പ്രശ്നം വീണ്ടും ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നതിന്റെ പിന്നിലെ താൽപര്യം എന്താണ് ?

 ⛔ ഈ നിരീക്ഷണം ചരിത്രവിരുദ്ധം-2 ⛔

 1970-കളിൽ രൂപപ്പെട്ട സീഡിയൻ സർവീസ് സൊസൈറ്റി മുതൽ, എൺപതുകളിൽ രൂപപ്പെട്ട
ഇന്ത്യൻ ദലിത് ഫെഡറേഷൻ
അധസ്ഥിത നവോത്ഥാന മുന്നണി,
തൊണ്ണൂറുകളിൽ രൂപപ്പെട്ട
ദലിത് ഐക്യസമിതി,
പുതിയ നൂറ്റാണ്ടിൽ രൂപപ്പെട്ട
കേരള ദലിത് മഹാസഭ വരെയുള്ള  " ദലിത് സംഘടനകൾ" എല്ലാം തന്നെ
ഒരു മതത്തിലും വിശ്വസിക്കാത്തവരുടെയും, ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവരുടെയും, ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നവരുടെയും
( അന്ന് ബുദ്ധ മത വിശ്വാസം പ്രകടമോ പ്രബലമോ ആയിരുന്നില്ല. [ഇതിന്  ഒറ്റപ്പെട്ട ചില വ്യക്തികൾ ഉണ്ടായിരുന്നില്ല എന്നർത്ഥമില്ല] ഇസ്ലാം മതം സ്വീകരിച്ച കേരളത്തിലെ ദലിതുകൾ ഇതുവരെ സ്വയം പ്രതിനിധാനവുമായി ഇതുവരെ  രംഗത്തും വന്നിട്ടില്ല! ) സാഹോദര്യ സംഘടനകൾ തന്നെയായിരുന്നു.
ഈ സംഘടനകളിൽ പ്രവർത്തിച്ചു
ജീവിച്ചു മരിച്ചവരും
ഇന്ന് ജീവിച്ചിരിക്കുന്നവരും
അതിനു സാക്ഷ്യം പറയും !

( രേഖപ്പെടുത്തപ്പെട്ട ആ ചരിത്ര
രേഖകളെ മുൻനിർത്തി എത്രവേണമെങ്കിലും വിപുലമായി എഴുതാൻ കഴിയും. ഇവിടെ ചില സൂചനകൾ നൽകുക മാത്രമാണ് എന്റെ ലക്ഷ്യം)

പാമ്പാടി ജോൺ ജോസഫിൽ നിന്ന് ആരംഭിച്ച്, പോൾ ചിറക്കരോടും, അഡ്വ:
പി ഒ ജോണും
എം ഡി തോമസുമായി നിലയുറപ്പിച്ചവർ   ( ദലിത് ക്രൈസ്തവ സംവരണത്തെ പറ്റി മലയാളത്തിലെ ഏറ്റവും നല്ല പ്രബന്ധം രചിച്ചത് എം ഡി തോമസണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം) 
ഒക്കെ കേരളത്തിലെ ദലിത് മുന്നേറ്റ ചരിത്രത്തിലെ  നായകരാണ്.(ഒരു സമഗ്ര ചരിത്രമെഴുത്ത് അല്ലാത്തതുകൊണ്ട് മുഴുവൻ പേരുകളും ഇവിടെ രേഖപ്പെടുത്തുന്നില്ല )

പ്രൊഫസർ ടി എം യേശുദാസിനെ പോലെയുള്ള
വേറിട്ട വഴിയിലൂടെ സഞ്ചരിച്ചവർ എഴുതിയ പുസ്തകങ്ങൾ  കേരളത്തിലെ ദലിതകത്തിന് മാറ്റി നിർത്താൻ കഴിയുമോ.?

( പ്രധാനമായും കേരളത്തിലെ  ദലിത് പ്രവർത്തനങ്ങളുടെ തുടക്കകാലത്ത് വന്ന
"ദളിത് പഠനങ്ങൾക്കൊരാമുഖം" എന്ന പുസ്തകത്തെ. അത് പ്രസിദ്ധീകരിച്ച മാസികയുടെ സബ് എഡിറ്റർകൂടി ആയിരുന്നു ഈ ലേഖകൻ. പ്രൂഫ് റീഡർ കൂടിയായിരുന്നതുകൊണ്ട് ഇന്നും ആ പ്രബന്ധം ഓർമ്മയിൽ നിന്നും എടുത്തെഴുതാൻ കഴിയും എനിക്ക് ! അക്കാലത്തെ എന്റെ പ്രസംഗങ്ങളുടെ ഒരു സ്ക്രിപ്റ്റ് അതായിരുന്നു.)

കേരളത്തിലെ ദലിത് സംഘടനാ പ്രവർത്തന രംഗത്തും, സൈദ്ധാന്തിക രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ "ദളിത് ക്രിസ്ത്യാനികളെ" ഒഴിവാക്കിക്കൊണ്ട് കേരളത്തിലെ ദലിതരുടെ രാഷ്ട്രീയ-സാംസ്കാരിക ധൈഷണിക മണ്ഡലത്തെ പറ്റി  ആർക്കെങ്കിലും  എന്തെങ്കിലും 
എഴുതുവാനോ പറയുവാനോ കഴിയും എന്ന് ഞാൻ കരുതുന്നില്ല.

വെറും "കെപിഎംഎസ് ബോധ"ത്തിൽ നിൽക്കുന്ന
ചിലരുടെ ഫേസ്ബുക്ക് "സാഹിത്യവാരഫലം"  കൊണ്ടു മായ്ച്ചുകളയാൻ കഴിയുന്ന ഒന്നല്ല  ഇതെന്നുളള കാര്യം
എഴുതാൻ ഇരിക്കുമ്പോൾ ഓർക്കണം നിങ്ങൾ. അനവസരത്തിലും അകാലികമായും ഇക്കൂട്ടർ
നടത്തുന്ന പ്രസ്താവനകളും പ്രസംഗങ്ങളും ആയിരിക്കാം
ഒരുപക്ഷേ നിങ്ങൾ കയർ എടുക്കാൻ കാരണം എന്നു കരുതുന്നു.

⛔ ഈ നിരീക്ഷണം ചരിത്ര വിരുദ്ധം-3⛔

"ദലിത് രാഷ്ട്രീയവും സാംസ്കാരിക രംഗവും ദലിത് ക്രിസ്ത്യാനിയെ അഭിസംബോധന ചെയ്യുന്നില്ല."എന്ന പ്രസ്താവനയും അതുപോലെതന്നെ അവാസ്തവികമാണ്.

ദലിത്  സംഘടനാ പ്രവർത്തന രംഗത്തും സൈദ്ധാന്തിക രംഗത്തും ഒരുപോലെ ശ്രദ്ധേയരായ
കെ കെ കൊച്ചിന്റെ "കലാപവും സംസ്കാരവും" മുതൽ "ദലിത് നേർക്കാഴ്ചകൾ" വരെയുള്ള പുസ്തകങ്ങൾ, കെ എം സലിംകുമാറിന്റെ "ദലിത് പ്രത്യയശാസ്ത്രവും
സമുദായവൽക്കരണവും" മുതൽ "ദലിത് ജനാധിപത്യ ചിന്ത" വരെയുള്ള പുസ്തകങ്ങൾ
നിങ്ങൾ എഴുതിയ "ദലിത് ക്രിസ്ത്യാനിയെ" പല തലങ്ങളിൽ അഭിസംബോധന ചെയ്യുന്ന പുസ്തകങ്ങളാണ്.
മാത്രമല്ല പ്രസിദ്ധീകരിക്കപ്പെട്ട
"ദലിത് ഐക്യ സമിതി"യുടെ മാനിഫെസ്റ്റോയും, കേരള ദലിത് മഹാസഭയുടെ "പരിപാടി"യും
കൃത്യമായും വ്യക്തമായും
"ദലിത് ക്രിസ്ത്യൻ പ്രശ്ന"ത്തെ
അഭിസംബോധന ചെയ്യുന്ന
സംഘടനാപരമായ രേഖകളാണ്.

ഇതൊക്കെ ആർക്കും ലഭ്യമാണെന്നിരിക്കെ
"സ്റ്റീഫൻ വട്ടപ്പാറ മോഡൽ" എഴുത്തുകളിൽ നിന്നും
റെജി ശങ്കർ  ബോധി പിൻമാറുമെന്ന് പ്രത്യാശിക്കുന്നു.


*********************************
ജോയ്‌ തുരുത്തേലിൻറെ  മറുപടി
*********************************
സി.എസ്. പറയും വിധം വ്യത്യസ്ഥതകളെ ഉൾകൊണ്ട  ദളിത്  സംഘടന രീതി കേരളത്തിൽ ഉണ്ടായിട്ടില്ലന്നത് മാത്രമല്ല    മതേതരമായ ഒരു ദളിത് ജ്ഞാന മണ്ഡലം പോലും സാധ്യമായില്ലന്നതല്ലെ വസ്തുത.  കുറയേറെ മുൻകാല ദളിത് സംഘടനകളെയൊ ചില ശ്രദ്ദേയരായ പേര് കാരേയൊ  ഉദ്ദരിച്ചത്കൊണ്ട്  ഈ വസ്തുതയെ  നിഷേധിക്കാൻ കഴിയുമോ?.ദളിത് ഹിന്ദുക്കൾ /ദളിത് ക്രൈസതവർ എന്ന പിളർപ്പിനെ അഭിസംബോധന ചെയ്യുന്ന  ഒരു ദളിത് സമുദായമെന്ന സങ്കൽപ്പത്തെ ബോധപൂർവ്വം വികസിപ്പിക്കുന്ന ഒരു സമുദായ  പ്രവർത്തനം പോലും  കേരളത്തിൽ നടന്നതായി കാണാൻ സാധ്യമല്ല. അത്തരത്തിൽ ദളിത് രാഷ്ട്രീയ ചർച്ചകൾ പോലും അതിന്റെ ബാലാരിഷ്ടതകൾ  മറികടക്കാനാകാതെ  കിതച്ച് നിൽക്കുന്നത്  താങ്കളും അനുഭവസ്ഥനല്ലേ? മുൻപ് ഒരു വികാരമായി മാത്രം ദളിത് ക്രൈസതവരും ദളിത് ഹിന്ദുക്കളുമായി ചേർന്ന് പ്രവർത്തിച്ച സംഘടനകൾ  എല്ലാം തന്നെ ദളിത് ക്രൈസതവരുടെ ഭരണഘടന അവകാശങ്ങളെ സംബന്ധിച്ച വിഷയത്തിൽ നിഷ്ക്രിയമാകുകയൊ സ്വയം പിരിഞ്ഞ് പോകുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ദളിത് ഹിന്ദുക്കളായ ഓരോ ദളിത് നേതാക്കളും സാമൂഹിക നീതിയെക്കുറിച്ച് സംസാരിക്കുമ്പോൾ  ഇരട്ടത്താപ്പ് മാത്രമെ പുലർത്തിയിട്ടുള്ളു. കെ.കെ. കൊച്ച്., കെ എം സലീം കുമാർ, ഗീതാനന്ദൻ ഇവർ ആരും ഈ കാര്യത്തിൽ വ്യത്യസ്ഥരായിരുന്നില്ല. താങ്കൾ പറയുന്ന ഒരു എഴുത്തുകാരും മറിച്ചൊരു എഴുത്തും നടത്തിയിട്ടില്ല. 1977 ലെ പട്ടിക ജാതി ഭൂമി വീണ്ടെടുക്കൽ  ഉത്തരവ് അതേപടി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന സലീം കുമാർ  1950 ലെ പ്രസിഡണ്ടിന്റെ ഉത്തരവിനെ സംബന്ധിച്ച് വിയോജിപ്പ് ഒന്നും പറഞ്ഞിട്ടില്ല. ഇന്ത്യയിലെ മത നൂനപക്ഷങ്ങൾക്കിടയിൽ ജാതിയ വിവേചനം നിലനിൽക്കുന്നു എന്നും അത് Dc വർക്ക്Sc  സംവരണത്തിന് അർഹതയായി ചൂണ്ടിക്കാണിക്കുന്ന രംഗനാഥ മിശ്രകമ്മീഷൻ റിപ്പോർട്ടിനെതിരായി നില ഉറപ്പിച്ചിരിക്കുന്ന ആൾ ആണ് ഗീതാനന്ദൻ. ഇനി ദളിത് സൈന്ധാന്ദികനും ചരിത്രകാരനുമായ കെ.കെ കൊച്ചിന്റെ ദളിത് ക്രൈസ്തവ സമീപനം കൂടി അറിയണ്ടതാണ്. "ദളിത് ക്രൈസ്തവർ ആകട്ടെ ഭിന്നമായ വിശ്വാസങ്ങളും ആചാരങ്ങളും വെച്ചുപുലർത്തുന്നവരാണ് അതിനാധാരമായ മതമാകട്ടെ ഇന്ത്യയുടെ ദേശീയതയിൽ  നിന്നുയർന്നുവന്നതല്ല. വൈദേശികമാണ്. ബുദ്ധ സിഖ് മതങ്ങളിൽ നിന്ന് ക്രിസ്തുമതത്തെ വ്യത്യസ്തമാക്കുന്നത് ദേശീയതയുടെ അഭാവമാണ്. അപ്രകാരം ഒരു മത വിശ്വാസമുള്ള ജനത പൂർണമായും ദേശീയ മതവിശ്വാസം ഉള്ളവരുമായി  സം യോജിക്കപ്പെടുമ്പോൾ സംഭവിക്കുന്നത് ദളിതുകളുടെ  ദേശീയ അസ്തിത്വത്തിന്റെ ന്യൂനികരണം ആണ്. ഇത്അവരുടെ സാമുദായിക സ്വത്വത്തെ ദുർബലപ്പെടുത്തി ഹിന്ദു സമുദായത്തിലെ സംഘർഷത്തെ ലഘുകരിക്കുകയായിരിക്കും ചെയ്യുന്നത്." (കെ കെ കൊച്ച് ) ക്രൈസ്തവമത പരിവർത്തനം വഴി എത്രയൊ മുമ്പേ  ഹിന്ദു സ്റ്റേറ്റിന്റെ പ്രതികാരത്തിന് / പുറംതള്ളലിന് വിധേയമാകുന്നതാണ് ദളിത് ക്രൈസതവ അനുഭവം. ഇതിൽ നിന്ന് ഒട്ടും വ്യത്യസ്ഥമല്ല കേരളത്തിലെ ഹിന്ദു പൊതുബോധത്തിന് അടിമപെട്ട ദളിത് പക്ഷത്തു നിന്നും ഓരോ ദളിത് ക്രൈസതവർക്ക് ' നേരിട്ട അനുഭവങ്ങളും.


1 comment:

  1. കാപട്യങ്ങളെ മൂടി വെക്കലാണ് ഇതു വരെ നടന്നത്. ചോദ്യം ചെയ്യുക എന്നതാണ് മുന്നോട്ടു പോകുന്നതിനുള്ള ഉപാധി.
    കേരളത്തിലെ ദളിത്‌ പ്രവർത്തകർ പൊതുവിൽ പട്ടികജാതി ബോധത്താൽ നയിക്കപ്പെടുന്നവരാണ്. ബുദ്ധി ജീവികളും വിഭിന്നരല്ല.
    കെ കെ കൊച്ചിന്റെ ഇവിടെ കൊടുത്ത ഉദ്ധരണി തന്നെ അതിന് ഉദാഹരണം. എത്ര അപഹാസ്യമായ ദേശീയതാ വീക്ഷണം ആണ് അദ്ദേഹം പുലർത്തുന്നത്.

    പ്രശ്നത്തെ പൊതിഞ്ഞു വെച്ചു വ്യാഖ്യാനിക്കലല്ല അതിനോട് സംവദിക്കുമ്പോഴാണ് ഒരു ജനാധിപത്യ സമൂഹം രൂപപ്പെടുക. സി എസ് മുരളി യെപ്പോലുള്ള ബുദ്ധി ജീവികൾ അതു മറന്നു പോകുന്നു

    ReplyDelete

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...