Tuesday, August 8, 2017

  ക്രൈസ്തവര്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നത് ഒരു വാര്‍ത്തയേ അല്ല. കേരളത്തിലൊഴികെ നിത്യേന അവര്‍ ആക്രമിക്കപ്പെടുന്നുണ്ട്. ഇത് പകല്‍പോലെ സത്യമാണെങ്കിലും യഥാര്‍ത്ഥ ഇരകള്‍ ആരാണെന്ന കാര്യത്തില്‍ മാത്രമേ അവ്യക്തതയുള്ളൂ. ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ എന്നപേരില്‍ ഇതുവരെ അക്രമിക്കപ്പെട്ടവരില്‍ കൂടുതല്‍ പേരും ദലിതരും ആദിവാസികളുമായിരുന്നു. സമ്പന്നരും അഭിജാതരുമായവര്‍ ഒരിക്കലും ആക്രമിക്കപ്പെടുന്നില്ല. ഇത് കാണിക്കുന്നത് ജാതിയുടെകാലാതിവര്‍ത്തിയായ ശക്തിപ്രഭാവത്തേയാണ് . കേരളത്തില്‍ മതപരിവര്‍ത്തനത്തിന് ശേഷം ഈഴവന്‍ മുതല്‍ മുകളിലേക്കുള്ളവരുടെ ജാതി അപ്രത്യക്ഷമായി. ദലിതരുടെ ജാതി പഴയതിലും കടുകട്ടിയായി നിലനില്‍ക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ മതം മാറിയാലും ജാതിയെ മറച്ചുവെക്കാതെ പഴയതുപോലെ നിലനിര്‍ത്തുന്നു. മതബോധത്തേക്കാള്‍ ജാതിബോധം ആപത്ഘട്ടങ്ങളില്‍ ഉപകരിക്കുമെന്ന് അവിടങ്ങളില്‍ നടന്നു വരുന്ന മതസംഘട്ടനങ്ങള്‍ സൂചിപ്പിക്കുന്നു.

    

  ദലിതര്‍ മതം സ്വീകരിച്ചാലും അവരുടെ സാമൂഹ്യാന്തസ്സിന് കാതലായ മാറ്റമൊന്നും വരുന്നില്ല. ചാത്തനില്‍ നിന്നും ചാക്കോയിലേക്കുള്ള ദൂരം പൂജ്യത്തിനല്‍നിന്നും പൂജ്യത്തിലേക്കുള്ളതാണ്. പിന്നെ എന്തുകൊണ്ട് മതം മാറുന്നുവെന്നുള്ള ചോദ്യം പലരും ചോദിച്ചിട്ടുള്ളതാണ്. എന്തുകൊണ്ട് ഒരു സവര്‍ണ്ണഹിന്ദു ദലിതര്‍ മാറുന്ന വേഗത്തില്‍ മാറുന്നില്ലായെന്നൊരു ചോദ്യം ഇതിനൊരുത്തരമാകാം. ജാതിക്ക് സുപ്രധാന സ്ഥാനം കല്‍പ്പിക്കുന്ന നമ്മൂടെ സമൂഹത്തില്‍ ഈ ചോദ്യം വളരെ പ്രാധാന്യമാര്‍ഹിക്കുന്നു. ദലിതര്‍ മതംമാറിയത് ജ്ഞാനനിക്ഷേപത്തിനായിരുന്നില്ല. ചവുട്ടിയരക്കപ്പെട്ട ജീവിതത്തിന്റെ മുറിവുണക്കാമെന്ന വ്യാമോഹത്തോടെയായിരുന്നു. ഇതിന് പുറമേ ആത്മീയതയുടെ ഒരു മേലങ്കിയുണ്ടെങ്കിലും, ആവശ്യം തികച്ചും ഭൗതികമായിരുന്നു. വൃത്തിയുള്ള ജീവിതസാഹചര്യം, മക്കളുടെ വിദ്യാഭ്യാസം ഇതെല്ലാം ഏതൊരു ആളിന്റെയും സ്വപ്നമാണ്. ക്രിസ്ത്യന്‍ സംഘടനകള്‍ നല്‍കുന്ന വാഗ്ദാനവും ഇതു തന്നെയാണ്. പിന്നെ സ്വര്‍ഗ്ഗവും ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ കടന്ന ്‌ചെന്ന് അത്യന്തം ഹീനമായ ജീവിതം നയിക്കുന്ന പാവങ്ങള്‍ക്ക് മേല്‍ നടക്കുന്ന മിഷനറി സംഘങ്ങള്‍ നിരവധിയാണ്. ആതുരസേവയും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവരുടെ മുഖമുദ്രയാണ്. ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്നതിനുള്ള ലൈസന്‍സാണിതെന്ന് വേണമെങ്കില്‍ പറയാം. മതപരിവര്‍ത്തനത്തിന് ഈ ആയുധം എക്കാലത്തും ഉപയോഗിച്ചുവന്നു. പാവപ്പെട്ട മനുഷ്യരെ സംബന്ധിച്ച് ഇതുവരെ ജീവിച്ചുവന്ന സാഹചര്യത്തില്‍നിന്നും അല്‍പ്പം ഭേദമുണ്ടാകുമ്പോള്‍ അവര്‍ക്കത് വലിയ ആശ്വാസമായിരിക്കും. ഹിന്ദുമതത്തില്‍ നിലനിന്നുകൊണ്ട് അതിനെ തകരാതെ കാത്തുസൂക്ഷിക്കേണ്ട ബാധ്യത ഇല്ലെന്നു പുതിയ സാദ്ധ്യതകളില്‍ നിന്നും അവര്‍ മനസ്സിലാക്കുന്നു. ഈ മാറ്റത്തിലൂടെ നിശബ്ദമായൊരു പ്രതികാരത്തിന്റെ സുഖം കൂടി അവര്‍ അനുഭവിക്കുന്നു. ഇതൊക്കെയാണ് ഇന്ത്യന്‍ കുഗ്രാമങ്ങളില്‍ ക്രിസ്തുമതം സ്വീകാര്യമാകുന്നതിനുള്ള അടിസ്ഥാന കാരണങ്ങള്‍. ഇതല്ലാതെ ക്രിസ്തുമതസാരം ജനങ്ങളുടെ ഹൃദയങ്ങളില്‍ അഗാധമായി സ്പര്‍ശിച്ചതു കൊണ്ടല്ല.

       ഉത്തരേന്ത്യയില്‍ പ്രധാനമായും കത്തോലിക്കരും പെന്തക്കോസ്ത് വിഭാഗങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പ്രവര്‍ത്ത രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നത് കത്തോലിക്ക സഭയാണെന്ന് പറയാം. സ്‌കൂളുകളും കോളേജുകളും ആശുപത്രികളും ആശ്രമങ്ങളുമായി കോടിക്കണക്കിന് ആസ്തിയുള്ള ഇവര്‍ക്ക് എതിരാളികളെ നിലക്ക് നിര്‍ത്താനുള്ള വൈഭവമുണ്ട്. പെന്തക്കോസ്ത് വിഭാഗങ്ങളും ആസ്തിയില്‍ ഒട്ടും പിന്നിലല്ല. എന്നാല്‍ ഇവയില്‍ പലതും വ്യക്തികളുടേതാകയാല്‍ കത്തോലിക്ക സഭക്കുള്ള ശക്തി ഇവര്‍ക്കുണ്ടാകുന്നില്ല. കെ. പി. യോഹന്നാനെപ്പോലുള്ള വമ്പന്‍ സ്രാവുകള്‍വരുന്നത് ഈ മേഖലയില്‍ നിന്നുമാണ്. മനുഷ്യരുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടായികഴിഞ്ഞേ അവരില്‍ ഈശ്വരചിന്തപോലും ഉദിക്കുന്നുള്ളൂ. ഈ തിരിച്ചറിവില്‍നിന്നുകൊണ്ടുവേണം മതപ്രചാരണത്തേയും പരിവര്‍ത്തനത്തേയും മനസ്സിലാക്കാന്‍.

  
പരമമായ ആദ്ധ്യാത്മിക സത്യങ്ങള്‍ ലോകത്തിന് വെളിവാക്കിയത് ഭാരതമാണെന്ന് അവകാശപ്പെടുന്നു. ആത്മീയതയുടെ അകമ്പൊരുള്‍ തേടിവന്ന വിദേശികളേറെ. അവര്‍ ഭാരതീയ ആദ്ധ്യാത്മിക സാധനകള്‍ ചര്യയാക്കി മാറ്റുമ്പോഴാണ് വിദേശികള്‍ കയ്യൊഴിഞ്ഞ ക്രസ്തുമതത്തെ ഇന്ത്യയിലെ ജനലക്ഷങ്ങള്‍ ആശ്ലേഷിക്കുന്നത്. എന്തുകൊണ്ടാണ് വലിയ ജ്ഞാന നിക്ഷേപങ്ങള്‍ക്കരുകില്‍ അജ്ഞാനം കൂടാരം കെട്ടിയാടുന്നത്? ഇത്തരമൊരു കാഴ്ചയാണ് മതപരിവര്‍ത്തനത്തേക്കുറിച്ച് ചിന്തിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്. ആര്‍ഷ ഭാരതത്തിലെ ആത്മീയമണ്ഡലത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാത്തവരാണ് മറ്റൊരു തീരം തേടുന്നതെന്ന യാഥാര്‍ത്ഥ്യം മറച്ചു. ദലിതരുടെ മതപരിവര്‍ത്തനം ഹിന്ദുക്കളുടെ മതപരിവര്‍ത്തനമായി മാറുന്നത് തികച്ചും സാങ്കേതികമാണ്. ആന്തരികമായി ഹിന്ദുക്കളല്ലാത്തവര്‍ ഒരു ഓര്‍ഡിനന്‍സിലൂടെ ഹിന്ദുക്കളായവരാണ്. പതിനെട്ട്- പത്തൊമ്പത് നൂറ്റാണ്ടുകളില്‍ ഇന്ത്യയിലുടനീളം അയിത്തജാതിക്കാര്‍ക്കിടയില്‍ വലിയൊരളവില്‍ സ്വാതന്ത്ര്യത്തിനായുള്ള മുന്നേറ്റമുണ്ടായി. തത്ഫലമായി ഒരു പീഢനയന്ത്രം മാത്രമായ ഹിന്ദുമതത്തിന്റെ ഭാഗമായി നില്‌ക്കേണ്ടതില്ലന്ന ബോധം ഉണ്ടാവുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പേ തുടങ്ങിയ മതപരിവര്‍ത്തനം, സ്വാതന്ത്ര്യലബ്ധിക്കുശേഷം അപകടകരമായി പരിണമിക്കുമെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ്സിലെ ഹൈന്ദവ നേതാക്കളാണ് ഒരു ഓര്‍ഡിനന്‍സ്സ് വഴി ദലിതരെയൊക്കെ ഹിന്ദുക്കളാക്കി മാറ്റിയത്. അല്ലെങ്കില്‍ ഹിന്ദുമതത്തിന്റെ ഭാഗമായി നിന്നവര്‍ക്കായി മാത്രം സംവരണം നിജപ്പെടുത്തി. ഒരു ജനാധിപത്യരാജ്യത്ത് സമുദായരാഷ്ട്രീയം അധികാരകേന്ദ്രത്തില്‍ നിര്‍ണ്ണായക ശക്തിയാകുമെന്ന തിരിച്ചറിവാണ് അയിത്തജാതിക്കാരെ നാമമാത്രമായെങ്കിലും ഹിന്ദുവായി അംഗീകരിക്കാനുള്ള കാരണം. അതുവഴി കുറയൊക്കെ മതപരിവര്‍ത്തനത്തെ തടയാന്‍ കഴിഞ്ഞില്ലെങ്കിലും, സംവരണതത്വം പാലിക്കപ്പെടാത്ത ഉത്തരേന്ത്യയില്‍ മിഷനറിമാരുടെ പ്രവര്‍ത്തനം സംവരണത്തേക്കാള്‍ വിലമതിക്കുന്നു.

ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നതിന്റെയും പുനപരിവര്‍ത്തനം സംഘടിപ്പിക്കുന്നതിന്റെയും അടിസ്ഥാന കാരണങ്ങള്‍ക്കൂടി പരിശോധിക്കേണ്ടതുണ്ട്. തന്റെ മതത്തിന്റെ അംഗബലം കുറയുന്നത് മാത്രമാണോ കാരണം? സമീപകാലത്തുണ്ടായ സംഭവങ്ങള്‍ അല്ലെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇവിടെയെല്ലാം ആക്രമിക്കപ്പെട്ടത് ദലിതരും ആദിവാസികളുമടങ്ങുന്ന ക്രിസ്ത്യാനികള്‍ മാത്രമായിരുന്നു. തദ്ദേശീയരായ അഭിജാത ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടില്ല. അതിന് കാരണം അവരുടെ പൂര്‍വ്വാശ്രമമാണ്. വസന്തകാല സംപ്രാപ്‌തേ കാക കാക പിക പിക എന്ന പറഞ്ഞുപോലെ നിര്‍ണ്ണായ നിമിഷത്തില്‍ ജാതി ജാതി തന്നെയായി പുറത്ത് വരും. ഹിന്ദുക്കളെ ഇത്തരമൊരും കൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകം കൊഴിഞ്ഞ് പോക്ക് മാത്രമല്ല. പുതിയ വിശ്വാസം സ്വീകരിച്ചവര്‍ ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളുടെ വിഴുപ്പ് ചുമക്കാന്‍ തയ്യാറാവുന്നില്ല. (അന്യ ദൈവങ്ങളെ ആദരിക്കരുതെന്നാണ് ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യപാഠം). താഴ്ന്ന ജോലികള്‍ ചെയ്യാന്‍ ആളില്ലാതാകുന്നതും അഭ്യസ്തവിദ്യരാകുന്ന ദലിതര്‍ അപകടകാരികളാകുമെന്ന ഭയവും ഹിന്ദുവിനെ ഭ്രാന്തനാക്കുന്നു. മറ്റൊന്ന് മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയമാണ്. ക്രിസ്ത്യന്‍ മേഖല വളരുന്നതിനനുസരിച്ച് അതിന്റെ രാഷ്ട്രീയവും വ്യത്യസ്ഥമാകുന്നത് സ്വാഭാവികം. കേരളത്തിലെ മാത്രം അംഗബലം കൊണ്ട് ഇന്ത്യന്‍ രാശ്ട്രീയത്തില്‍ വിലപേശുന്ന സമ്മര്‍ദ്ദതന്ത്രം മുമ്പേ മനസ്സിലായിട്ടുള്ളതാണ്. മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നതിനുള്ള കാരണം ഇതൊക്കെത്തന്നെയാണ്. അയിത്തജാതിക്കാര്‍ക്ക് ബ്രിട്ടീഷ്‌കാര്‍ വോട്ടവകാശം നല്‍കിയതിനെപ്പോലും ഗാന്ധിയും കോണ്‍ഗ്രസ്സും നോക്കിക്കണ്ടത് രാഷ്ട്രീയ വേര്‍പാടായിട്ടായിരുന്നു. അയിത്തജാതിക്കാര്‍ ഹിന്ദുവില്‍ നിന്നും സ്വതന്ത്രരാകുന്നതിനെ അവര്‍ അന്നേ ഭയപ്പെട്ടിരുന്നു.


ഇന്ത്യന്‍ മുസ്ലീങ്ങള്‍ എല്ലാവരും പുറത്ത് നിന്നും വന്നിട്ടുള്ളവരല്ലന്ന് എല്ലാവര്‍ക്കുമറിയാം. വിവിധകാലഘട്ടങ്ങളിലൂടെ പലകാരണങ്ങളാല്‍ മതപരിവര്‍ത്തനം ചെയ്തവരാണിവര്‍. ഇന്ന് മുസ്ലീങ്ങളോടുള്ള പകയുടെ കാരണവും ചരിത്രപരമാണ്. എക്കാലത്തേയും പോലെ അന്നും മതപരിവര്‍ത്തനം ചെയ്തവരിലേറെയും ദലിതരായിരുന്നു. കാരണം സ്വാതന്ത്ര്യം. മേല്‍ജാതിക്കാര്‍ക്ക് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, തങ്ങളില്‍ പെടാത്തവരേയും അവരുടെ വിശ്വാസങ്ങളേയും അവര്‍ അങ്ങേയറ്റം വെറുത്തിരുന്നു. അയിത്തജാതിക്കാര്‍ക്ക് അന്നത്തെ ഇന്ത്യ തുറന്ന ജയില്‍ മാത്രമായിരുന്നു. ഇസ്ലാമില്‍ അവര്‍ സുരക്ഷിതത്വം കണ്ടെത്തി. ഒരു മതം മാറ്റത്തിലൂടെ പുനര്‍ജന്മത്തിലെന്നപോലെ പദവിയും അംഗീകാരവും ലഭിച്ചു. തങ്ങളെ ചവുട്ടി മെതിച്ചവര്‍ക്കു മുന്നിലൂടെ തല ഉയര്‍ത്തി നടക്കാനുള്ള ശേഷിയും കൈവരിച്ചു. അയിത്തജാതിക്കാരുടെ ആ മാറ്റമാണ് ഹിന്ദുക്കളെ ചൊടിപ്പിക്കുന്നത്; അല്ലാതെ കേവലമൊരു മതപരിവര്‍ത്തനമല്ല.

മുസ്ലീംഭരണാധികാരികളുടെ പ്രീതി സമ്പാദിക്കാതിരുന്ന രാജാക്കന്മാരും പ്രഭുക്കളും ഉണ്ടായിരുന്നില്ല. രജപുത്രരും ബ്രാഹ്മണനും ക്ഷത്രിയരും വൈശ്യരും ഇതിനായി മത്സരിച്ചു. മതവൈജാത്യം ഭാരതത്തെ അത്ര കണ്ട് അലട്ടിയിട്ടില്ലന്ന് കാണാം. ഇസ്ലാമിക ദര്‍ബാറുകളില്‍ ബ്രാഹ്മണപണ്ഡിതര്‍ കുറവായിരുന്നില്ല. 600 വര്‍ഷത്തിലേറെ ദില്ലിഭരിച്ച മുഗളന്മാര്‍ക്കെതിരെ വലിയ പ്രതിഷേധങ്ങളൊന്നും ഉണ്ടായിട്ടില്ല. ഏറെ സഹകരണങ്ങള്‍ കാണാന്‍ കഴിയും. അക്ബറിന്റെ പ്രിയമന്ത്രി ബീര്‍ബല്‍ ബ്രാഹ്മണന്‍ ആയിരുന്നു. ഭാര്യ ജോധാഭായ് രജപുത്രയായിരുന്നു. ദക്ഷിണേന്ത്യയില്‍ ടിപ്പുസുല്‍ത്താന്റെ മന്ത്രി പൂര്‍ണ്ണയ്യ ബ്രാഹ്മണന്‍ ആയിരുന്നു. നാല്‍പ്പയിലധികം ക്ഷേത്രങ്ങളുടെ നിത്യച്ചെലവുകള്‍ ടിപ്പു നേരിട്ട് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ കോട്ടയിലും കൊട്ടാരങ്ങളിലും ഹൈന്ദവ പ്രതിഷ്ഠകള്‍ ഉണ്ടായിരുന്നു. ക്ഷേത്രങ്ങളും മഠങ്ങളും കൊള്ളയടിച്ച മറാഠികള്‍ക്കെതിരെ ഹിന്ദുക്കള്‍ ടിപ്പുവിനെയാണ് സമീപിച്ചിരുന്നത്. വിദേശ അക്രമിയായിരുന്നു മുഹമ്മദ് ഗസ്‌നിയെ നിലക്ക് നിര്‍ത്തിയ പൃഥ്വിരാജ് ചൗഹാനെ ചതിച്ചുവീഴിത്താന്‍ മുഹമ്മദിനെ സഹായിച്ചത് ഹിന്ദുരാജാക്കന്മാരായിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇസ്ലാമിനോടല്ല അങ്ങോട്ടുള്ള ദലിതരുടെ പരിവര്‍ത്തനത്തെയാണ് ഹിന്ദു വെറുപ്പോടെ നോക്കുന്നത്. ഇന്നും ഇതേ മനോഭാവമാണ് ഇവര്‍ക്കുള്ളത്. ദലിത് ഹിന്ദുവിനോട് സഹകരിക്കുന്നതിനേക്കാള്‍ സവര്‍ണ്ണ ക്രൈസ്തവരോടോ സവര്‍ണ്ണ മുസ്ലീമിനോടോ സഹകരിക്കാന്‍ എളുപ്പമാണെന്ന വര്‍ത്തമാനകാല തിരിച്ചറിവ് ഇതിനെ ശരിവെക്കുന്നു. അന്ന് മുസ്ലീംങ്ങള്‍ കുറെയൊക്കെ സുരക്ഷിതരായിരുന്നു.

ലോകത്തിന്റെ അങ്ങേയറ്റംവരെ പോയി സകല ജനത്തോടും സുവിശേഷം അറിയിക്കുവിന്‍ എന്ന് യേശുക്രിസ്തു അരുളി ചെയ്തതിന്റെ ഫലമായാണ് മതപ്രചരണം നടത്തുന്നതെന്ന് സഭകള്‍ പറയുന്നു. സുവിശേഷം അറിയിക്കുകയെന്നത് അവരുടെ ദൗത്യമാണ്. സംസ്‌കാരത്തിന്റെ ഭാഗവുമാണ്. പക്ഷേ, ഭാരതത്തെ സംബന്ധിച്ച് ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ക്രൂശികരണത്തിനടത്തുകാലത്തുതന്നെ മതം ഇന്ത്യയിലെത്തിയെന്ന് സഭാ വ്യത്യാസമില്ലാതെ അവകാശപ്പെടുന്നു. ആ ആദിമസഭയുടെ പാരമ്പര്യം അവകാശപ്പെടുന്ന കത്തോലിക്ക സഭ വളരെ അടുത്തകാലത്ത് മാത്രമാണ് സുവിശേഷപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. കേരളത്തില്‍ ഇതര സഭകളെ അപേക്ഷിച്ച് കാത്തോലിക്ക് സഭയില്‍ ദലിതരുടെ അംഗസംഖ്യ കുറവാണെന്നു കാണാം. കാരണം, അവരും ഹിന്ദുക്കളേപ്പോലെ ജാതിയില്‍ എല്ലാവരേക്കാളും ഉറച്ച് വിശ്വസിക്കുന്നു. പേരിലും ആചാരങ്ങളിലും ചില വ്യത്യാസങ്ങളൊഴികെ അവരും നാട്ടാചാരങ്ങള്‍ പിന്‍തുടര്‍ന്നുവര്‍മാത്രമായിരുന്നു.

എഡി. മൂന്നാം നൂറ്റാണ്ടിലോ അതിനടുത്ത കാലത്തോ പേര്‍ഷ്യന്‍ പ്രദേശങ്ങളില്‍നിന്നും കൂടിയേറിപ്പാര്‍ത്തവരും അവര്‍ മാര്‍ഗ്ഗം ചേര്‍ത്തവരുമായ ഇവിടുത്തെ ക്രിസ്ത്യാനികള്‍ നമ്മുടെ ദേശീയാചാരങ്ങള്‍ ചില ഭേദഗതികളോടെ അംഗീകരിക്കുകാണുണ്ടായത്. 1498 ല്‍ ഗാമ വരുമ്പോള്‍ കണ്ട നസ്രാണി കുടുമ്മയും കടുക്കനുമുള്ളവനായിരുന്നു.

പത്തൊമ്പതാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലാണ് ആദ്യമായെയൊരു ദലിതന്‍ ക്രിസ്ത്യാനിയാകുന്നത്. തെയ്യത്താന്‍’. ഹാബേല്‍ എന്ന പേര്‍ സ്വീകരിച്ച് ദലിത് ക്രെസ്തവരുടെ കുലപതിയായി. ബൈബിളില്‍ ജേഷ്ഠനായ കായിന്റെ കയ്യാല്‍ ഹാബേല്‍ കൊല്ലപ്പെടുന്നു. കേരളത്തിലെ ദുരിതക്രെസ്തവരുടെ മുന്‍ഗാമിയും ഒരു ഹാബേലായത് യാദൃശ്ചികമല്ലെന്ന് തോന്നിപ്പോകും. ദലിതരെ ആദ്യമായി ജ്ഞാനസ്‌നാനം ചെയ്യിക്കുന്നത് മിഷറിമാരായിരുന്നു അവര്‍ ജാതിവ്യവസ്ഥയില്‍ വിശ്വസിക്കാതിരുന്നതുകൊണ്ട് അറപ്പ് തോന്നിയില്ല. 1854 ന് ശേഷം ബാസല്‍ മിഷന്‍, സി. എം. ലൂഥറന്‍ സഭ, ഫാ. പീറ്റര്‍ കെയ്‌റോണിയുടെ പുലയമിഷന്‍ തുടങ്ങിയ സംഘടനകള്‍ ദലിതര്‍ക്കിടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇത് ആത്മാവിനെ മറുകരയെത്തിക്കാനുള്ള ഭാഗമായിരുന്നില്ല.
   
അടിമകളുമായുള്ള മിഷനറിമാരുടെ ബന്ധം മേല്‍ജാതിക്കാരില്‍ രോഷമുളവാക്കി, അടിമകള്‍ അത്യാകാംക്ഷയോടെ മിഷനറിമാരുടെ സഹായത്തിനായി നിലകൊണ്ടു. സ്വതന്ത്രനായ ഒരടിമ തന്റെ പ്രിയപ്പെട്ടവളെ മോചിപ്പിക്കാന്‍ ഹെന്ററി ബേക്കര്‍ ജൂനിയറിനോട് പണം ചോദിക്കുകയുണ്ടായി. അദ്ദേഹം അവന് 7 രൂപ കൊടുത്തു. അതുകൊണ്ട് അയാള്‍ ഭാര്യയേയും അവളുടെ സഹോദരനേയും മോചിപ്പിച്ചു. മിഷനറില്‍ ചേരാന്‍ അപേക്ഷിക്കുകയും ചെയ്തു. എനിക്ക് കുറേ കഴിവുണ്ടായിരുന്നെങ്കില്‍, വളരെപ്പേരെ മോചിപ്പിക്കുമായിരുന്നു. എന്ന് ഹെന്റി ബേക്കര്‍ ജൂനിയര്‍ എഴുതി.

(കെ. ടി. റെജികുമാര്‍, അടിമവ്യാപാര നിരോധനവും ചരിത്രവും.)

ഇത്തരമൊരു ചിന്തയില്‍നിന്നുമാണ് യഥാര്‍ത്ഥ ആത്മീയത ജനിക്കുന്നത്. മതപരിവര്‍ത്തനത്തിനെതിരെ വെല്ലുവിളികളുമായി നടക്കുന്നവരും പരിവര്‍ത്തന ദൗത്യവുമായി നടക്കുന്നവരും അടിമകളുടെ ചരിത്രം ഒരാവര്‍ത്തിയെങ്കിലും വായിച്ച് നോക്കേണ്ടതാകുന്നു. മിഷനറിമാര്‍ അടിമകള്‍ക്കതായി ഗവണ്‍മെന്റില്‍ശക്തമായ ഇടപെടലുകള്‍ നടത്തിയത് സവര്‍ണ്ണ ക്രൈസ്തവരെ പ്രകോപിപ്പിച്ചു. അടിമകള്‍ക്ക് ലഭിക്കുന്ന ചെറിയൊരിളവുപോലും മറ്റ് സവര്‍ണ്ണരേപ്പോലെ മുസ്ലീമിനും ക്രിസ്ത്യാനിക്കും സഹിക്കുമായിരുന്നില്ല. കൊച്ചിയിലെ പള്ളികള്‍ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ അടിമത്താവളമായിരുന്നു. പോപ്പിന്റെ വൈരികളായ ബ്രിട്ടീഷുകാരോട് പണ്ടേയുള്ള വിരോധം ഇരട്ടിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോപ്പിന് നിവേദനം നല്‍കാന്‍ നിധീകരിക്കല്‍ മാണിക്കത്തനാര്‍ നടത്തിയ റോമായാത്ര പില്‍ക്കാലത്ത് മലയാള സാഹിത്യത്തിന്റെ ഭാഗമായി.

കത്തോലിക്കര്‍ കാലാന്തരത്തില്‍ തങ്ങളുടെ നിലപാട് മാറ്റി വന്നു. അവരും ദലിതരെ മതം മാറ്റാനാരംഭിച്ചു. പക്ഷേ അത് ചില ഉടമ്പടികളോടെ മാത്രമായിരുന്നു. പുലയരായ നിങ്ങള്‍ പുലയരായിത്തന്നെയിരിക്കണം. തങ്ങളുമായി വിവാഹം പോലുള്ള ബന്ധങ്ങള്‍ ഉണ്ടായിരിക്കുകയില്ലെന്ന ദൃഢപ്രതിജ്ഞയെടുപ്പിച്ചാണ് സഭയില്‍ ചേര്‍ത്തത്. ലോകത്തിന്റെ അറ്റത്തോളംപോയി സുവിശേഷം അറിയിക്കേണ്ട ദൗത്യത്തിന്റെ ഭാഗമായല്ല, വിളിപ്പുറത്ത് ആളുണ്ടാകണമെന്ന ചിന്തയാണ് ഇതിന് പ്രേരിപ്പിച്ചത്. യാക്കോബായ സഭയും ഇതേനിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. ഒരുവന്‍ ക്രിസ്തുവിലായാല്‍ പുതിയ സൃഷ്ടിയത്രേഎന്ന് ബൈബിള്‍ പറയുന്നു എന്നാല്‍ ദലിതര്‍ ക്രിസ്ത്യാനി ആയാല്‍ പുതുക്രിസ്ത്യാനിയത്രേ. പു. ക്രി. എന്നൊരു പരിഹാസ ചുരുക്കെഴുത്ത് പഴയ കണക്കില്‍പ്പെടുന്നുണ്ട്. സുവിശേഷ മാമാങ്കമെന്ന് കൊട്ടിഘോഷിക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനില്‍വെച്ച് അപമാനിതനായതിനാലാണ് പൊയ്കയില്‍ യോഹന്നാന്‍ കുമാരഗുരുദേവനിലേക്ക് നടന്നു കയറിപ്പോയത്. അദ്ദേഹം ഉപേക്ഷിച്ചുപോയ ബൈബിളില്‍ കണ്ണീരിന്റെ ഉപ്പും അപമാനത്തിന്റെ കറയുമുണ്ടായിരുന്നു പറയാനൊരു പള്ളി പുലയനൊരു പള്ളി മീന്‍പിടുത്തക്കാരന്‍ മരക്കാനൊരു പള്ളിഎന്നിങ്ങനെതരാതരം പള്ളികള്‍ തീര്‍ത്തവരുടെ സുവിശേഷീകരണത്തിന്റെ ഉദ്ദേശശുദ്ധി ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാണ്. സവര്‍ണ്ണ ക്രൈസ്തവരായ കത്തോലിക്കരും യാക്കോബായക്കാരും ദലിതരെപറ്റി ചിന്തിച്ചതും ചിന്തിക്കുന്നതും വ്യത്യസ്തമായല്ല. നിന്ദ്യവും അതിനീചവുമായ കറ ക്രൈസ്തവ സഭയുടെ കുപ്പായത്തില്‍ പറ്റിപ്പിടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പാഠപുസ്തക വിവാദം വാനോളമുയത്തിയത്. എന്നാല്‍ അത് എല്ലാവരും ഉദ്ദേശിച്ചതുപോലെ മതമില്ലാത്ത ജീവനെച്ചൊല്ലി ആയിരുന്നില്ല. പൊയ്കയില്‍ യോഹന്നാന്റെ കഥ തേടിച്ചെല്ലുന്നവര്‍ ചീഞ്ഞുനാറുന്ന ക്രൈസ്തവ സഭാചരിത്രം വാരിപ്പുറത്തിടുമെന്ന് ഭയപ്പെട്ടു. ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ അതിക്രൂരമായി കൊല്ലപ്പെടുമ്പോള്‍പോലും ഇവര്‍ ഇത്രമേല്‍ ശക്തമായി പ്രതികരിച്ചിട്ടില്ലന്നോര്‍ക്കുക.

പെന്തക്കോസ്ത് സഭ സ്ഥാപിതമാകുന്നതും ദലിത ഭൂരിപക്ഷത്തിനിടയിലായിരുന്നെങ്കിലും, നായകര്‍ പതിവുപോലെ സവര്‍ണ്ണരായിരുന്നതുകൊണ്ട് മറ്റ് സഭകളില്‍നിന്നും വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. മുന്‍കാലങ്ങളില്‍ ഏതെങ്കിലുമൊരു കോണില്‍ ഒതുങ്ങിയിരുന്ന് പ്രാര്‍ത്ഥിച്ചിരുന്നതിനുപകരം, തന്റെതായ ഭാഷയില്‍ ഉറക്കെ വിലപിച്ച് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു. പാരതന്ത്ര്യത്തിലും വീര്‍പ്പ് മുട്ടിയവര്‍ പുതിയ പ്രസ്ഥാനത്തിലേക്ക് ഒഴുകിയെത്തി.
 
ഇതിന്റെ സാമ്പത്തിക വിനിമയ സാദ്ധ്യത മനസ്സിലാക്കിയ സവര്‍ണ്ണര്‍ ഇവരെ ഏറെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. സഭാമൂപ്പന്‍മാര്‍ വന്‍മരങ്ങളായപ്പോള്‍ വിശ്വാസികള്‍ ഇദ്ദരയില്‍ ഇഴഞ്ഞുനടന്നു. വിശ്വാസത്തിന് മേല്‍ ജാതി അമര്‍ന്നിരിക്കുന്ന കാഴ്ചയാണ് ഇവിടേയും കാണാന്‍ കഴിയുന്നത്. സുവിശേഷകനായ കുക്ക് സായിപ്പിന്റെ ഒരനുഭവം പറഞ്ഞുകേട്ടത് ഇവിടെ ഓര്‍ക്കുന്നു. ഒരിക്കല്‍ സുവിശേഷയോഗം നടക്കുമ്പോള്‍ കാറ്റിലും മഴയിലും പന്തല്‍ തകര്‍ന്നുവീണു. സവര്‍ണ്ണര്‍ അടുത്തുള്ള മേല്‍ജാതിക്കാരുടെ വീടുകളില്‍ അഭയം തേടിയ അയിത്തജാതിക്കാരെ ആര് സഹായിക്കാന്‍. സ്ത്രീ പിഞ്ചുകുഞ്ഞുങ്ങളും കാറ്റിലും മഴയിലും വിറങ്ങലിച്ച് നിന്നു. കുക്ക് സായ്പ്പ് പക്ഷേ അവരോടൊപ്പം പ്രാര്‍ത്ഥനയോടെ നിന്നു. അദ്ദേഹത്തിന് വേണമെങ്കില്‍ ഏതെങ്കിലുമൊരു വീട്ടില്‍ കയറി നനയാതെ നില്‍ക്കാമായിരുന്നു. ദയനീയമായ അവരുടെ മുഖത്ത് നോക്കിയിട്ട് വിട്ട് പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇത്തരം തീരുമാനങ്ങളിലാണ് ഈശ്വരചൈതന്യം ഉണ്ടാകുന്നത്. ദലിതര്‍ ഏത് മതത്തിലായാലും ശരി, പിന്നാമ്പുറത്തുകൂടി മാത്രം നടക്കേണ്ടവരാണെന്ന് ചരിത്രം തെളിയിച്ച് കഴിഞ്ഞതാണ്. ദലിതരുടെ ശവത്തേപ്പോലും അവഹേളിച്ച ചരിത്രമാണ് കത്തോലിക്കാ സഭക്കുള്ളത്. ഈ തിരിച്ചറില്‍ നിന്നാണ് പൊയ്കയില്‍ യോഹന്നാന്‍ ക്രിസ്ത്യാനിയുടെ കുപ്പായമൂരിയെറിഞഞ് പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിക്കുന്നത്. പി. ആര്‍. ഡി. എസ് അടിമകളുടെ ചരിത്രത്തിലെ ആറ്റവും വലിയ ചരിത്രനിഷേധമായിരുന്നു. പക്ഷേ, അതിനെ ഒരു തനത് ദലിത് ആത്മീയകേന്ദ്രമാക്കി മാറ്റാനോ കാലാനുസൃതമായി സമൂഹത്തില്‍ ഇടപെടാനോ കഴിഞ്ഞില്ല.

ദലിതര്‍ക്ക് വേണ്ടി മിഷനറിമാര്‍ സ്ഥാപിച്ച പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കവര്‍ന്നെടുത്തതാണ് ഏറ്റവും വലിയ ദുരന്തം. കത്തോലിക്കാ,യാക്കോബിറ്റ് സഭകള്‍ ദലിതരോട് അനീതികാട്ടിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ വഞ്ചന കാട്ടിയിട്ടില്ല. ഏതാനം ദലിതരെ മുന്‍ നിര്‍ത്തിയായിരുന്നു കോടിക്കണക്കിനി രൂപാ വിലമതിക്കുന്ന സ്വത്ത് കവര്‍ന്നെടുത്തത്. കോട്ടയം സിഎംഎസ് കോളേജും ഹോസ്പിറ്റലുമടക്കം എത്രയെത്ര സ്ഥാപനങ്ങളാണ് അവരുടെ കയ്യിലേക്ക് എത്തിച്ചേര്‍ന്നത്. യഥാര്‍ത്ഥ അവകാശികള്‍ക്ക് ഇതിന്മേല്‍ യാതൊരു അവകാശവുമില്ല. പ്രതിഷേധങ്ങളെ പൊലീസിനേയും ഇഥരമാര്‍ഗ്ഗങ്ങളുമുപയോഗിച്ചും അമര്‍ച്ച ചെയ്തു.

ഇങ്ങനെ ഏത് വിധത്തില്‍ ചിന്തിച്ചാലും വഞ്ചനയുടെ ചരിത്രമാണ് എവിടെയും കാണാന്‍ കഴിയുന്നത്. ഇത്രയേറെ ദലിത് വിരുദ്ധരായ ഇവര്‍ എന്തിനാണ് മുന്നൂറ്റിയറുപത്തിയഞ്ച് ദിവസവും സുവിശേഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത് എന്തിനാണെന്ന് ആരും ചോദിച്ചിട്ടില്ല. തങ്ങളുടെ മെഡിക്കല്‍ കോളേജില്‍ ഒരു രൂപപോലും ഫീസിളവ് അനുവദിക്കാത്തവര്‍ കോടികള്‍ ചെലവ് ചെയ്ത് ആതുരസേവനം നടത്തുമെന്ന് വിശ്വസിക്കാന്‍ പ്രായസമുണ്ട്. വിദേശനിക്ഷേപമാണിതിന്പിന്നിലെന്ന് വ്യക്തമാണ്. ശതകോടികള്‍ സമാഹരിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് ഇവര്‍ പേരും പെരുമയും സമ്പാദിക്കുന്നു. സമ്മര്‍ദ്ദശക്തിയായ ഇവരെ ചോദ്യം ചെയ്യാനുള്ള ധൈര്യം ഒരു ഗവണ്‍മെന്റിനുമില്ല. മരതപരിവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ അത് സാമൂഹ്യപരിവര്‍ത്തനത്തിന്റെ കര്‍ത്തവ്യം കൂടി നിര്‍വ്വഹിച്ചു. ആ ദൗത്യം ഇന്ത്യന്‍ സായ്പന്‍മാരുടെ കൈകളിലെത്തിയപ്പോള്‍ യേശു നിങ്ങളില്‍ കാശ് ഞങ്ങളില്‍ എന്നതിനപ്പുറത്തേക്ക് വളരുന്നില്ല. ഇപ്പോള്‍ ഉത്തരേന്ത്യയിലെ ദലിത് ക്രൈസ്തവര്‍ ചെകുത്താനും കടലിനും ഇടക്കായ സ്ഥിതിയിലാണ്. ഹിന്ദുതീവ്രവാദികളുടെ ഭീഷണി ഒരുവശത്തും വിശ്വാസത്തിലുറച്ചുനില്‍ക്കാനുള്ള പ്രബോധനം മറുവശത്തും. അയിത്ത ജാതിക്കാരില്‍ മനുഷ്യരെ കാണാന്‍ കഴിയാത്ത ഹിന്ദുഭീകരര്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തിയും പുരുഷന്മാരെ കൊന്നു കൊലവിളിച്ചും രസിക്കുന്നു. സഭകളോ; ഇതെല്ലാം നേട്ടമാക്കി മാറ്റുന്നു.


1 comment:

  1. vasu a.k
    ചർച്ച ചെയ്യപ്പെടേണ്ട ഗൗരവമുള്ള വിശകലനമാണ്‌ റജിശങ്കർ മുന്നോട്ട് വച്ചിരിക്കുന്നത് പള്ളിയിൽ പോകുന്ന ഈഴവർ SNDP യിലും പ്രവർത്തിക്കുന്ന അവസ്ഥ തിരുവനന്തപുരത്തു കണ്ടിട്ടുണ്ട് .. ഇത് കൊണ്ടാവും TKC കടവാവലായും S ജോസഫ് മണിഞ്ഞിൽ ആയും ഈ ജനതയെ ഉപമിച്ചതു എങ്ങും പിടിച്ചു നിൽക്കാനാകാതെ വംശനാശം നേരിട്ടാൽ ഇരട്ട ജീവിതമുള്ളതിനാലെന്ന് എഴുതി ചേർക്കാൻ ജോസഫ് ആഹ്വാനം ചെയ്യുന്നു ,,,

    ReplyDelete

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...