Thursday, August 6, 2020

ദേശീയ ബിംബം: കെ. അംബുജാക്ഷൻ

     
പുരാണ കഥാപാത്രമായ രാമനെ രാഷ്ട്രീയ ബിംബമാക്കിക്കൊണ്ടാണ് 80-കളിൽ സംഘപരിവാർ ഹിന്ദുത്വ രാഷ്ട്രീയത്തെ ശകതിപ്പെടുത്തിയത്.
ബ്രാഹ്മണിക് ദൈവശാസ്ത്രത്തെ നിഷേധിച്ച തദ്ദേശീയ ജനതയുടെമേലുള്ള ജാതിയുടെ അധീശത്വം തുടരുക, ഹിന്ദുത്വ സംസ്ക്കാരിക ദേശീയതയുടെ നിർവ്വചനങ്ങൾക്കു 
പുറത്തുനിർത്തി അപരവൽക്കരിക്കപ്പെട്ടവരെ ഉന്മൂനം ചെയ്യുക എന്നീ ദ്വിമുഖ വംശീയ പദ്ധതിയുമായിട്ടാണ് ഹിന്ദുത്വ രാഷ്ട്രീയം വികസിച്ചത്.
ഒരു ഭരണാധികാരി എന്ന നിലയിൽ ഒരാദർശവും കാത്തുസൂക്ഷിച്ചിരുന്നില്ല രാമനെന്നും, വ്യക്തി ജീവിതത്തിലും രാഷ്ടീയ ജീവിതത്തിലും ഒട്ടും നീതിമാനായിരുന്നില്ലന്നും   രാമായണകഥയെ വിശകലനം ചെയ്തുകൊണ്ട് രാമനും കൃഷ്ണനും ഒരു പ്രഹേളിക എന്ന ലേഖനത്തിൽ ഡോ.അംബേദ്ക്കർ വിശദീകരിക്കുന്നുണ്ട്.(ഡോ.അംബേദ്ക്കർ സമ്പൂർണ്ണ കൃതികൾ, പേജ്. 367, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)
രാമരാജ്യ സങ്കല്പത്തിൻ്റെ വരേണ്യാധികാരഘടനയിലടങ്ങിയിട്ടുള്ള ജാതിയുടെ ധർമ്മശാസ്ത്രത്തയും അസമത്വരൂപങ്ങളെയും സ്ത്രീവിരുദ്ധതയെയും ചോദ്യം ചെയ്യുന്ന പ്രതിവ്യവഹാരത്തിൻ്റെ വൈയ്യക്തിപരവും ആശയപരവുമായ പ്രതിനിധാനമാണ് ഡോ. അംബേദ്ക്കർ.

രാമരാജ്യം പോലെയുള്ള സങ്കല്പങ്ങളെ താലോചിക്കുകയും ജാതിഹിംസയുടെ ദർശനമായ ഗീതയിൽ നിന്നും ഊർജം ഉൾക്കൊള്ളുകയും ചെയ്ത മതേതര ദേശീയതയുടെ ഗാന്ധിയൻ ഭാവനകൾ കൊണ്ട് പ്രതിരോധിക്കാൻ കഴിയാത്ത രാഷ്ട്രീയ രാമനെ പ്രതിഷ്ടിച്ചുകൊണ്ടാണ് ഹിന്ദുത്വ ഫാസിസം അധികാര പ്രവേശനം നടത്തിയത്.
മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിൻ്റെ ഫലമായി രൂപപ്പെട്ട സവർണ്ണാ-വർണ്ണ ധ്രുവീകരണത്തെ  മുസ്ലീം പൊതുശത്രുവിനെ സൃഷ്ടിച്ചുകൊണ്ട് മറികടക്കാൻ രഥയാത്രയെയും രാമക്ഷേത്ര പ്രചരണത്തെയും ഉപയോഗിച്ചു.
വർഗ്ഗീയ ധ്രുവീകരണം, കോർപ്പറേറ്റ് ചെങ്ങാത്തം, EVM മാനിപ്പുലേഷൻ എന്നീ ചേരുവകൾ തീർത്ത വിജയമെന്നോണം അധികാരത്തിലേറിയ സംഘപരിവാർ ദലിത്- മുസ്ലീം വേട്ടയിലൂടെയും മതേതരജനാധിപത്യ ഭരണഘടനയുടെ നിരാകരണത്തിലൂടെയും ഹിന്ദുരാഷ്ട്രത്തിലേക്ക് മുന്നേറുമ്പോൾ ഇക്കാലമത്രയും ന്യൂനപക്ഷങ്ങൾ വിശ്വാസം അർപ്പിച്ച കോൺഗ്രസ്സും ഇടതുപക്ഷവും ദുർബലമായ നോക്കുകുത്തികൾ മാത്രമായി അവശേഷിച്ചത് ഇന്ത്യയുടെ വർത്തമാനകാല ജനാധിപത്യത്തിന് സംഭവിച്ച മഹാദുരന്തമാണ്. ഒടുവിൽ കോൺഗ്രസ് തറവാട്ടിലെ കിരീടാവകാശികൾ രാമരാഷ്ട്രീയത്തിൻ്റെ ഇരുവശങ്ങളിലുമായി നിലയുറപ്പിക്കുന്ന വിഢിക്കാഴ്ചകൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
മോഡിയുടെയും സംഘപരിവാറിൻ്റെയും ഹിന്ദുരാഷ്ട്ര അജണ്ഡയെ വെല്ലുവിളിച്ചു കൊണ്ട് രാജ്യത്ത് രൂപപ്പെട്ട ദലിത് ദേശീയ ബന്ദ്, ഡൽഹിയിലെ ദലിത് ക്ഷേത്ര പ്രക്ഷോഭം, ഭീമാ കൊറേഗാവ് മുന്നേറ്റം എന്നിവയിലൂടെ ഉയർന്നു വന്ന അംബേദ്ക്കറൈറ്റ് ദലിത് മുന്നേറ്റവും  രാജ്യമെമ്പാടും ജനങ്ങൾ അണിചേർന്ന പൗരത്വ പ്രക്ഷോഭത്തിലെ മുസ്ലീം സാമൂഹ്യ കർതൃത്വത്തിലൂടെ വികസിച്ചുവന്ന ജനാധിപത്യപ്പോരാട്ടവുമാണ് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിൻ്റെ പുതിയ സാദ്ധ്യതയും പ്രതീക്ഷയുമായി മാറിയത്.
 

85 ശതമാനത്തിലധികം വരുന്ന ഇന്ത്യൻ ജനതയുടെ സാമൂഹ്യ ഘടകങ്ങളായ ദലിത് മുസ്ലിം പിന്നാക്ക ജനതയുടെ ഐക്യത്തിൻ്റെയും രാഷ്ടീയ പ്രാതിനിധ്യത്തിൻ്റെയും പ്രതീകമായ ബാബാ സാഹെബ് അംബേദ്ക്കറുടെ സ്വാധീന ശക്തിയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1992-ൽബാബരി മസ്ജിദ് തകർക്കാൻ അദ്ദേഹത്തിൻ്റെ ചരമദിനമായ ഡിസംബർ 6 തന്നെ തെരഞ്ഞെടുത്തത്.
മനുസ്മൃതി കത്തിക്കുകയും ഹിന്ദുരാഷ്ട്രത്തെ എതിർക്കുകയും മാത്രമല്ല ഹൈന്ദവ - ബ്രാഹ്മണിക്കൽ മൂല്യങ്ങളെ റദ്ദുചെയ്തു കൊണ്ട് അവർണ്ണ ജനതക്ക് അധികാരപങ്കാളിത്തം കല്പിക്കുന്നൊരു ഭരണഘടനക്ക് രൂപം കൊടുക്കുകയും ചെയ്ത ഡോ. അംബേദ്ക്കറ്റ എക്കാലവും ഹിന്ദുത്വത്തിൻ്റെ പ്രതിയോഗിയായിട്ടാണ് കണക്കാക്കിയിട്ടുള്ളത്..

ഭീമാ കൊറേ ഗാവ് മുന്നേറ്റത്തിന് നേതൃത്വം നൽകിയ Dr.അംബേദ്ക്കറുടെ കൊച്ചുമകനായ പ്രൊഫ. ആനന്ദ് ടെൽട്ടുംബ്ലെ അടക്കമുള്ളവരെ അംബേദ്ക്കർ ജയന്തി ദിനമായ ഏപ്രിൽ 14 നു അറസ്റ്റു ചെയ്തതും പൗരത്വ പ്രക്ഷോഭത്തിൻ്റെ മുൻനിര നേതാക്കളെ ഓരോരുത്തരെയായി ജയിലിലടച്ചുകൊണ്ടുമാണ് സംഘപരിവാർ ഇപ്പോൾ ബാബരിഭൂമിയിൽ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്.

പൗരത്വ പ്രക്ഷോഭത്തിനുമുന്നിൽ തോറ്റു കീഴടങ്ങേണ്ടി വരുമായിരുന്ന മോഡിയേയും കൂട്ടരേയും രാമക്ഷേത്രത്തിനു കല്ലുപാകാൻ അനുഗ്രഹിച്ചത് രാമനല്ല മറിച്ച് ഇന്ത്യൻ ജനതയുടെ സാമൂഹ്യ-രാഷ്ടീയ സ്വാതന്ത്ര്യത്തെ തത്ക്കാലം ലോക് ഡൗൺ ചെയ്ത കോവിഡ് 19 പകർച്ചവ്യാധിയും കൊറോണാ വൈറസുമാണ്. 

ഇന്ത്യയുടെ ഐക്യത്തെ തല്ലിക്കെടുത്തി സ്നേഹവും സമാധാനവും നശിപ്പിച്ചുകൊണ്ടാണ് അഞ്ച് നൂറ്റാണ്ടോളം പള്ളിനിന്ന ഭൂമിയിൽ ഫാഷിസത്തിൻ്റെ കല്ലുപാകിയത്. 
ഭരണഘടനാ സദാചാരത്തെ കയ്യൊഴിഞ്ഞ് സുപ്രീം കോടതിയേപ്പോലും ദുരുപയോഗപ്പെടുത്തിക്കൊണ്ടാണ് വംശീയ ഫാഷിസം ഒറ്റയാൾ ഗോളടിച്ചത്.
130 കോടി ജനങ്ങളിൽ ഭൂരിപക്ഷവും സംഘപരിവാർ നിർമ്മിക്കുന്ന  സവർണ്ണ - ബ്രാഹ്മണ ക്ഷേത്രത്തിൽ പ്രവേശനം പോലും ലഭിക്കാനിടയില്ലാത്ത അയിത്തക്കാരും അവർണ്ണരുമടങ്ങുന്നവരാണന്ന സത്യം മറച്ചു പിടിക്കാൻ കഴിയില്ല.

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...