Saturday, February 10, 2018

ഇന്നത്തെ ചിന്ത :സജി ചേരമന്‍തൊഴിലാളിവർഗ്ഗ പാർട്ടി നേതാക്കളുടെ മക്കൾക്കു വിദേശത്തു കോടികളുടെ ബിസിനസ്സ്, തൊഴിലാളിവർഗ മക്കൾക്കു നാട്ടിൽ വാർക്ക പണി, ഗുണ്ടാ പണി, റെഡ് വാളണ്ടിയർ പരേഡ്, കൊടി പിടിക്കൽ, സ്റ്റേജിനു കഴുകോലു കുത്തൽ, ജാദക്ക് നീളം കൂട്ടൽ, രക്തസാക്ഷിത്വം. ഇതാണ് ശരിയായ വൈരുത്യാത്മാമിക ഭൗതിക വാദം. ഇത്രയേറെ വൈരുദ്യം മറ്റേവിടെ കാണാൻ കഴിയും?

Friday, February 9, 2018

കവികൾ;ലിനസ്സ്വാതന്ത്ര്യം നഷ്ടപ്പെട്ട 
കവികൾ പൂക്കളെ കുറിച്ചും 
പൂമ്പാറ്റയെക്കുറിച്ചും 
മുരുകൻ കാട്ടാക്കടയുടെ 
കണ്ണട വെച്ച് നിർത്താതെ 
വായിക്കുന്നു
സ്വാതന്ത്ര്യം നഷ്ടപ്പെട്ട കവികൾ നെരൂദയുടെ 
കവിതകൾ ,വിയർപ്പിന്റെ 
മണവും , ഹൃദയത്തിന്റെ 
ഭാഷയും വായിക്കാൻ
മറന്നു പോകുന്നു 
സ്വാതന്ത്ര്യം നഷ്ടപ്പെട്ട കവികൾ 
പുറം കയ്യിൽ തിരുകിയ 

മുഷിഞ്ഞ നോട്ടിന്റെ വികൃതിയിൽ 
സ്ഥലകാല ബോധമില്ലാതെ 

ചങ്ങലകൾ എടുത്തണിഞ്ഞു 
അടിമയാണെന്നു പ്രഖ്യാപിക്കുന്നു 
വെള്ളിക്കാശുകൾ 
കൈമാറുന്നു 
കൊലക്കത്തികൾ 
രാകി മിനുക്കി നൽകുന്നു 
സ്വാതന്ത്ര്യം നഷ്ടപ്പെട്ട കവികൾ പതിയെ 
കണ്ണട മാറ്റി വെള്ളിക്കാശിന്റെ 
ഹോൾ സെയിൽ ഡീലർ മാരായി നടിച്ച്

 കോട്ടകൾ പണിതുയർത്തുന്നു 
കോട്ടയ്ക്കുള്ളിൽ ആലകൾ 
ഉയർന്നു പൊങ്ങുന്നു 
കോട്ടയിലെ മതിലുകൾക്കു പുറത്ത് ചുറ്റും പൂവുകൾ നട്ട് പിടിപ്പിക്കുഞ്ഞു 
സ്വാതന്ത്ര്യം നഷ്ടപ്പെട്ട കവികൾ 
ഇടക്ക് കവിതയെഴുതാൻ ആ
പൂവും കായും തേടുന്നു ...വര :മുത്താര 

Wednesday, February 7, 2018

ഒരു പൊതുബോധത്തിന്റെ സൃഷ്ടി ;മാത്യു ഡേവിഡ്


'' സാംസ്കാരിക പ്രവർത്തകരും ആക്ടിവിസ്റ്റുകളും രാഷട്രീയ പ്രവർത്തകരും ഒന്നിച്ചയിടമാണ് വടയമ്പാടി. ഒന്നിപ്പ് ഒരു പൊതുബോധത്തിന്റെ സൃഷ്ടിയാകുമ്പോൾ ഓരോന്നിനെയും വേറിട്ട് കാണുന്നത് തെറ്റാവാം' എന്നാൽ കൺവെൻഷൻ എന്ന പൊതു സംജ്ഞയിൽ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും പങ്കാളിത്തം സ്വാഭാവികം തന്നെയാണ് 
'രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന കൺവെൻഷനിൽ എത്തുന്നവർക്ക് സ്വയം ഏത് സമയവും തെരഞ്ഞെടുക്കാം എന്നൊരു ഓപ്ഷനുണ്ടായിരുന്നു' അതാണ് വടയമ്പാടിയിൽ ഉണ്ടായത്. ഉദാഹരണത്തിന് ജി ഗ്നേഷ് മേവാനിയോ മറ്റോ 10 മണിക്ക് എത്തിച്ചേരുമായിരുന്നു എങ്കിൽ എല്ലാവരും 10 മണിക്ക് തന്നെ വരാൻ ശ്രമിക്കുമായിരുന്നു. മറിച്ച് അങ്ങനൊരു VIP ഇല്ലാതിരുന്നതിനാൽ ഓരോ സംഘടനയും സ്വയം തെരഞ്ഞെടുത്ത സമയ ക്രമീകരണം ആണ് വടയമ്പാടിയിൽ ഉണ്ടായത്. പോലീസും കാവിപ്പടയും കൺവെൻഷനെ ഇപ്പോൾ സംഭവിച്ച വിധത്തിൽ തടയുമെന്ന മുൻ വിധിയൊന്നുമുണ്ടായിരുന്നില്ല എന്നതും സത്യം .
യഥാർത്ഥത്തിൽ പോലീസ് നടപടി അവിചാരിതമായിരുന്നു. ആ സമയത്ത് എല്ലാവരും എത്തിച്ചേർന്നിരുന്നുമില്ല. അവിടെ ഉണ്ടായിരുന്ന മുഴുവൻ നേതൃത്വത്തെയും അറസ്റ്റ് ചെയ്ത് പ്രഖ്യാപിത കൺവെൻഷൻ തടഞ്ഞ് കാവി താല്പര്യം സംരക്ഷിക്കപ്പെട്ടപ്പോൾ ആളുകൾ ചിതറുകയും രണ്ടു പോലീസ് സ്റ്റേഷനുകളിലേക്ക് നീങ്ങുകയും ചെയ്‌തു ' കാവി എന്നത് തദ്ദേശീയ കൂട്ടായ്മയും സമരക്കാർ പുറത്തു നിന്നുമുള്ള കടന്നുകയറ്റക്കാരും എന്ന കാവി ഭാഷ്യം പോലീസ് കമ്മി പിന്തുണയോടെ അംഗീകരിക്കകയും പുറത്തു നിന്നും വന്നവർ മർദ്ദിക്കപ്പെടേണ്ടവരാണെന്ന് നിശ്ചയിക്കുകയും ചെയ്തു.

എന്നാൽ വടയമ്പാടിയിലെ 3 കോളനിയിലെയും ജനങ്ങൾ അവിടെ സമരരംഗത്തുണ്ടായിരുന്നുവെങ്കിൽ സമരമുഖം മറ്റൊന്നാകുമായിരുന്നു. സമരസമിതി യോടൊപ്പം ആ പഞ്ചായത്തിലെ ദളിതർ പോലും ഉണ്ടായിരുന്നില്ല എന്ന ഖേദകരമായ വസ്തുത നാം ഇനിയെങ്കിലും തിരിച്ചറിയണം.
ഇത്തരം ന്യൂനതകളാണ് ഇന്നത്തെ വടയമ്പാടി സമരത്തെ ഇന്നത്തെ വാർത്തയാക്കിയത്.അതിനാൽ പരസ്പരം മാനിക്കുവാനാണ് നാം തയാറാകേണ്ടത്. കുറെക്കൂടി പഴുതടഞ്ഞ ക്രമീകരണം നമ്മൾ പ്ലാൻ ചെയ്യണം - വടയമ്പാടിയുടെ നാമമാത്രമായ പങ്കാളിത്തത്തെ വർധിപ്പിക്കുവാൻ ശ്രമിക്കണം. 
70 കളിൽ മിടുക്കരായ ഒരു ദളിത് നേതൃത്യം അവിടെയുണ്ടായിരുന്നെങ്കിൽ ദളിതരുടെ പതി നിലനിൽക്കുന്ന ആ ഭൂമി അവർ പട്ടയം വാങ്ങി സ്വന്തമാക്കുമായിരുന്നു. അവർ കഴിവ് കെട്ടവരായതുകൊണ്ടല്ലാ, അത്തരം സ്വന്തമാക്കലുകളെ ബുദ്ധിപൂർവം വിനിയോഗിക്കുന്നവർ ആയിരുന്നില്ല അവർ എന്ന സത്യം മനസിലാക്കി പൊതു സമൂഹവും ഇതിനെ പിന്തുണയ്ക്കേണ്ടതാണ് എന്നുകൂടി പറയുന്നു
'

Friday, December 1, 2017

ഹാരിസ് മാഷ് മാമൂൽ ധൈഷണികജീവിതത്തോട് കലഹിച്ച പ്രതിഭ;ശശി മേമുറി


       കസിനും ഗവേഷണ വിദ്യാർത്ഥിയും കവിയുമായ സാജു എൻ ടി യും Saju Santhamma സാജുവിന്റെ സഹോദരൻ സജി എൻ ടി യും എന്റെ വീട്ടിൽ വന്നപ്പോഴാണ് ഡോക്ടർ വി സി ഹാരിസിനുണ്ടായ അപകടത്തെക്കുറിച്ചു സൂചിപ്പിച്ചതു. ഹാരിസ് മാഷ് വെന്റിലേറ്ററിൽ ആണെന്നും രക്ഷപ്പെടുക പ്രയാസകരമാണെന്നും പറഞ്ഞു. അവർ പോയ ഉടനെ ഞാൻ ടി വി ഓൺ ചെയ്തു. സങ്കടകരമായ ആ വാർത്ത ടി വിയിൽ എഴുതിക്കാണിക്കുന്നു, ഡോക്ടർ വി സി ഹാരിസ് അന്തരിച്ചു. മുൻപൊരിക്കൽ മരണത്തെ മുഖ മുഖം കണ്ടിരുന്ന ഹാരിസ് മാഷ് അതിനെ അഭുതകരമായ അതി ജീവിച്ചിരുന്നു. നല്ല രംഗ ബോധമുണ്ടായിരുന്ന മാഷിനെ രംഗബോധം ഇല്ലാത്ത മരണം എന്ന കോമാളി തട്ടിയെടുത്തു മറഞ്ഞു. അടുത്ത ബന്ധുവിന്റെ അകാല മൃത്യു തരുന്ന വേദന പോലെ മാഷിന്റെ ചരമ വാർത്ത ഹൃദയത്തിൽ നിശബ്തമായ നീറിപ്പുകഞ്ഞു.
1991 ൽ ആണ് ഹാരിസ് മാഷ് കോട്ടയത്തു എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എത്തുന്നത്. വൈജ്ഞാനിക മേഖലയിലെ നിരവധി പ്രതിഭകൾ അവിടെ ഉണ്ടായിരുന്നു, എന്നാൽ മാമൂൽ സൈദ്ധാന്തകരിൽ നിന്നും തികച്ചും വെത്യസ്തനായിരുന്ന ഹാരിസ് മാഷ് തികഞ്ഞ കലാകാരനും മനുഷ്യസ്നേഹിയുമായിരുന്നു . മാനദണ്ഡങ്ങളോ പ്രതേക പരിഗണനകളോ ഇല്ലാതെ അധ്യാപക/ വിദ്യാർഥി /സുഹൃത് സൗഹൃദങ്ങളെ അദ്ദേഹം നെഞ്ചിൽ ഏറ്റി, അരികു ജീവിതങ്ങളുടെ സഹയാത്രികൻ ആയി.
സംവാദ / വിമര്ശന പാഠങ്ങളുടെ അക്കാദമിക് പരിസരത്തു മാത്രം നിൽക്കാതെ ജനകീയ പ്രതിരോധങ്ങളിലും, ദളിത് / ആദിവാസി പ്രക്ഷോഭങ്ങളിലും, കീഴാള പഠനങ്ങളിലും, സമാന്തര നാടക/ സിനിമ പ്രവർത്തനങ്ങളിലും ലോകോത്തര ഫിലിം ഫെസ്റ്റ് ഓപ്പൺ ഫോറത്തിലെ ചർച്ചകളുടെ പ്രധാന വാഗ്പ്രമാണിയും ആയി ഉത്തരാധുനിക വ്യവഹാരങ്ങളെ ഏറ്റവും സര്ഗാത്മകവും അര്ഥപൂര്ണവും ആക്കി ഹാരിസ് മാഷ്. പ്രസിദ്ധ ചിന്തകന്മാരായ ഹൂക്കോയെയും ദെറീദയെയും കുറിച്ചുള്ള ഹാരിസ് മാഷിന്റെ പഠനങ്ങൾ സാഹിത്യ ഗവേഷണ ലോകത്തിനു വലിയ സംഭാവന ആണ് നൽകിയിരിക്കുന്നത്.
1994 മുതൽ കുറിച്ചി ദളിത് വിമൻസ് സൊസൈറ്റിയിൽ വെച്ച് പ്രസിദ്ധ ചിന്തകനും എഴുത്തുകാരനും ആയ പ്രൊഫസർ ടി എം യേശുദാസനും T M Tmy T M Yesudasan ഭാര്യ ലവ്ലി സ്റ്റീഫനും തുടങ്ങി വെച്ച ദളിത് പഠന പാരമ്പരകൾക്കു ഡോക്ടർ എ കെ രാമകൃഷ്ണൻ, ഡോക്ടർ എം കുഞ്ഞമ്മാൻ, Sunny Mannumanam Kapicadu ഡോക്ടർ പി ശിവാനന്ദൻ, ഡോക്ടർ രാജൻ ഗുരുക്കൾ, ഡോക്ടർ വത്സല ബേബി , ഡോക്ടർ സനൽ മോഹൻ സിനിമ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ , ഡോക്ടർ വി സി ഹാരിസ് തുടങ്ങി അക്കാഡമിക് രംഗത്തെ പ്രഗത്ഭർ നേതൃത്ത്വം നൽകി. ഹാരിസ് മാഷുമായി വ്യക്തി ബന്ധം ഉണ്ടാവുന്നത് ഈ പഠന ക്ളാസ്സുകളിൽ വെച്ചാണ് . കേരളത്തിൽ നടാടെ നടന്ന ഈ പഠനശിബിരങ്ങൾക്കു ദളിത് സ്വതാനേഷണത്തിനും നവ ജ്ഞാന നിർമ്മിതിക്കും പുത്തൻ രാഷ്ട്രീയ സാംസ്കാരിക വ്യവഹാരത്തിനും വൈവിധ്യമായ ചിന്താ ധാരകളെ വിസ്പോടനകരമാക്കി വളർത്തുവാൻ കഴിഞ്ഞു. അന്നത്തെ ചില സെമിനാർ പ്രബന്ധങ്ങൾ ഇപ്പോൾ എം ജി യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥികൾക്കായി സിലബസിൽ ചേർത്തിട്ടുണ്ട്.
1997 ൽ പ്രൊഫൊസ്സർ റ്റി എം യേശുദാസൻ പ്രസിദ്ധ എഴുത്തുകാരൻ സി അയ്യപ്പൻറെ പ്രേതഭാഷണം എന്ന ചെറുകഥയെ അവലംബിച്ചു വേഴ്ച എന്ന പേരിൽ നാടകത്തിനായ് സ്ക്രിപ്റ്റ് ചെയ്തു. (ഈ നാടകം ഭാഷാബോഷിണി പ്രസിദ്ധീകരിച്ചിരുന്നു.) ഡോക്ടർ സാംകുട്ടി പട്ടംകരി Samkutty Pattomkary സംവിധാനം നിർവഹിച്ച ഈ നാടകം കേരളത്തിലെ ആദ്യത്തെ ദളിത് സ്ത്രീ നാടകവേദിയുടെ (കുറിച്ചി) നേതൃത്വത്തിൽ ബാംഗളൂർ അടക്കം നിരവധി സ്ഥലങ്ങളിൽ അവതരിപ്പിച്ചു. ഷൈലമ്മ, പ്രീയാമോൾ കെ.സിPriya Chacko, ബിന്ദു അപ്പുകുട്ടൻ, മല്ലിക, അപ്പുകുട്ടൻ, എം റ്റി ജയൻ, ജോസ് എം ജെ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്തു. ഞാനും അനിയൻ കെ സിയും Aniyan Kc മറ്റു സുഹൃത്തുക്കളും ചേർന്ന് ഇതിന്റെ രംഗകല ചെയ്തു. ഈ നാടകം കണ്ട ഹാരിസ് മാഷ് വേഴ്ചയെന്ന ഈ സ്ക്രിപ്റ്റിനെ അവലംബിച്ചു ചലച്ചിത്രാവിഷ്ക്കാരം ചെയ്യണമെന്ന താത്പര്യവുമായി മുന്നോട്ടു വന്നു. സണ്ണി എം കപിക്കാട് ഞങ്ങൾ മറ്റു സുഹൃത്തുക്കൾ ഈ ചർച്ചയിൽ പങ്കെടുത്തു. ഏകദേശം കഥാപാത്രങ്ങൾക്കുള്ള കാസ്റ്റിംഗും നടന്നു. സിനിമക്ക് പറ്റിയ കുറച്ചു ദളിത് കോളനികൾ കണ്ടു വെക്കണമെന്ന് മാഷ് പറഞ്ഞു. അങ്ങനെ കോട്ടയത്ത് പ്രാന്ത പ്രദേശങ്ങളിലെ ചിലി കോളനികൾ ഞങ്ങൾ കണ്ടു മാഷിനെ വിവരം ധരിപ്പിച്ചിരുന്നു. ഈ സിനിമക്കായി ഹാരിസ് മാഷിന്റെ നിരവധി ശ്രെമങ്ങൾ നടന്നെങ്കിലും എന്തെക്കൊയോ കാരണങ്ങളാൽ അത് നടക്കാതെ വന്നു.
മധ്യ കേരളത്തിലെ ദളിത് അവകാശ പോരാട്ടങ്ങൾക്കൊപ്പം പ്രത്യക്ഷമായി ഹാരിസ് മാഷ് ഇടപെടുന്നതു 2000 ൽ കുറിച്ചിയിലെ സചിവോത്തമപുരം ദളിത് കോളിനിയിൽ ആയിരക്കണക്കിന് വീടുകൾക്ക് മുകളിലൂടെ കോളിനിവാസികളുടെ ജീവനെ ഭീക്ഷണി ആയി ഉയർന്ന 11 ലൈൻ അഴിച്ചു മാറ്റണമെന്ന പ്രഷോഭത്തിൽ ആയിരുന്നു. നീതി ലഭിക്കുവാൻ ആത്മാഹൂതി ചെയ്ത കുറിച്ചി ശ്രീധരന് (2000 ഫെബ്രുവരി 2) 2000 ഫെബ്രുവരി 5 ന് ചിങ്ങവനത്ത് ഗോമതി ജങ്ഷനിൽ ഐക്യദാർട്യം പ്രഖ്യാപിച്ച സമ്മേളനം ഉത്ഘാടനം ചെയ്തത് ഡോക്ടർ വി സി ഹാരിസ് ആയിരുന്നു. തുടക്കത്തിൽ 20 പേര് പങ്കെടുത്ത സമരജാഥയിൽ മിനിറ്റുകൾക്കുള്ളിൽ 500 ൽ അധികം ആളുകൾ പങ്കെടുത്തു. എം ഗീതാനന്ദൻ, സണ്ണി എം കപിക്കാട്, എം ഡി തോമസ് , എം ആർ രേണുകുമാർ , എം ബി മനോജ് Mb Manoj Mb , കല്ലറ അനിൽ ബിജു , അപ്പുക്കുട്ടൻ, ബിന്ദു അപ്പുകുട്ടൻ, രേഖാരാജ്, സന്തോഷ് പെറുതുരുത്, കല്ലറ ശ്രീകുമാർ, എം റ്റി ജയൻ, ബാബു തൂമ്പൻ Babu Babuthoomban Thoombil തുടങ്ങി ഞങ്ങൾ മാസങ്ങൾ നീണ്ടു നിന്ന അവകാശ സമരങ്ങളിൽ സജീവമായിട്ടുണ്ടായിരുന്നു. ശക്തമായ ദളിത് പ്രതിരോധങ്ങളെ അടിച്ചൊതുക്കുവാൻ സർക്കാർ ദിവസങ്ങളോളം നൂറു കണക്കിന് പോലീസ് സേനയെ കോളിനി മുഴുവൻ വിന്യസിച്ചിരുന്നു. സ്വകാര്യ വ്യകതിയുടെ ഫാക്ടറിക്ക് വേണ്ടിയാണു കോളിനിക്ക് മുകളിലൂടെ 11 ലൈൻ വലിച്ചത്. ദളിത് സ്വത്വ രാഷ്ട്രീയത്തെയും ദളിത് അവകാശ പോരാട്ടങ്ങളെയും എതിർക്കുന്ന ഭരണകൂടം നീതി നിഷേധത്തിൽ കോളിനി വാസികളുടെ ജീവന് പുല്ലു വില നൽകുകയായിരുന്നു.
ഒരു മാസക്കാലം കോളനിയിൽ താവളം ഉറപ്പിച്ച ആയിരക്കണക്കിന് പോലീസ് സേനയെ തീറ്റിപ്പോറ്റിയതിന്റെയും അവരുടെ വാഹനങ്ങൾ ഭീതികരമായ അന്തരീക്ഷം ഉണ്ടാക്കി കോളനിക്കു കുറുകെ ചീറിപ്പാഞ്ഞതിന്റെയും പകുതി പണം പോലും വേണ്ടായിരുന്നു 11 കെ വി ലൈൻ അഴിച്ചു മാറ്റി ജനവാസം ഇല്ലാത്ത വഴിയേ പുതിയ ലൈൻ കൊടുക്കുവാൻ. എന്നാൽ ഗവർണ്മെന്റിന്റെ നിലപാട് കേവലം സ്വകാര്യ വ്യക്തിയുടെ താത്പര്യത്തെയും അയാളുടെ ബിസിനസിന്റെ വളർച്ചയെ സഹായിക്കുകയും ചെയ്യുക എന്നുള്ളതിന് ഉപരി ദളിത് അവകാശ ബോധത്തെ രാഷ്ട്രീയ ബോധത്തെ/ ദളിത് കൂട്ടായ്മകളെ തല്ലിക്കെടുത്തി ഒരിക്കലും വളരാതെ അവരെ എക്കാലവും അടിച്ചമർത്തി നിശബ്തരാക്കുക എന്നുള്ളതാണ്. കാരണം അവരുടെ കസേരകൾ ഇളകാതെ ഇരിക്കണമെങ്കിൽ ഈ ദളിത് ബഹുജൻ കൂട്ടായ്മകളെ അവരുടെ അടിയാളർ ആയി എക്കാലത്തും നിലനിർത്തണം. രാഷ്ട്രീയ ബോധ്യമുള്ള ആത്മാഭിമാനം ഉള്ള ദളിത് യുവനിര ഗവർമെന്റിന്റെ നീതി നിരാസത്തിനു ബദൽ ആയി കുറിച്ചി സചിവോത്തമപുരം ദളിത് കോളിനിയിലേക്കു ഒഴുകി എത്തി അനന്തരം കുറെ ചെറുപ്പക്കാർ ചേർന്ന് 2000 ഫെബ്രുവരി 27 ന് 11 ലൈൻ അറുത്തു അഴിച്ചെറിഞ്ഞു. ദളിത് അവകാശ പോരാട്ടത്തിന് പുതിയ ചരിത്രം എഴുതി
ചരിത്രത്തിൽ എക്കാലത്തും ശ്രെദ്ധേയം ആയ ഈ അവകാശ പോരാട്ടത്തിൽ ഹാരിസ് മാഷ് അണിചേർന്നത് അരികുജീവിതങ്ങളോട് ഉള്ള അദ്ദേഹത്തിന്റെ അനന്യമായ ആത്മബന്ധം കൊണ്ടാണ്.
ഈ സമരത്തിന് മുഖ്യ നേതൃത്വം വഹിച്ചത് ഞങ്ങൾ യുവാക്കൾ ജേഷ്ഠ സഹോദരൻ ആയി കാണുന്ന കേരളത്തിലെ നിർണ്ണായക ദളിത് അവകാശ പോരാട്ടണങ്ങളുടെയും ഭൂ സമരങ്ങളുടെയും ജാതി ലിംഗ വിവേചനനൾക്കെതിരെയും തന്റെ ജീവിതം സമർപ്പിച്ച ഞങ്ങൾക്ക് എക്കാലത്തെയും ആവേശമായിരുന്ന ശ്രീ എം ഡി തോമസ് Emdeethomas Thomas ആണ്. ഹാരിസ് മാഷിന്റെ സുഹൃത്തു ആയിരുന്നു എം ഡി തോമസ്.
2007 ൽ കോട്ടയം ലളിത കലാ അക്കാഡമി ആര്ട്ട് ഗ്യാലറിയിൽ ഞാനും കവിയും ചിത്രകാരനുമായ എം ആർ രേണുകുമാറും, എഴുത്തുകാരനും ചിത്രകാരനും ആയ ഡോക്ടർ അജയശേഖറും, ചിത്രകാരന്മാരായ അനിരുദ്ധ് രാമനും Anirudh Raman,ജെയിൻ കെ ജിയും ചേർന്ന് എമേർജിങ് ഐസ് എന്ന പേരിൽ ഒരു ചിത്ര പ്രദർശനം നടത്തി. ഹാരിസ് മാഷ് ഞങ്ങളുടെ ചിത്രപ്രദർശനം കാണുവാൻ വന്നിരുന്നു. അന്ന് എന്റെ ബഷീർ ചിത്രങ്ങൾ കണ്ട മാഷ് സ്കൂൾ ഓഫ് ലെറ്റേഴ്സ് ബഷീർ ചെയറിൽ വെക്കുവാൻ ബഷീറിന്റെ ഒരു വലിയ ഡ്രോയിങ് വരച്ചുകൊടുക്കണമെന്നു പറഞ്ഞു. വർഷങ്ങൾ കുറെ പിന്നിട്ടു. ആ ചിത്രം വരാക്കുവാൻ എനിക്ക് കഴിഞ്ഞില്ല. പിന്നീട് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഞങ്ങൾ പരസ്പരം അതിനെക്കുറിച്ച് സംസാരിച്ചിട്ടുമില്ല.
വര്ഷങ്ങള്ക്കു മുൻപ് കോട്ടയത്ത് ദർശന കൾച്ചറൽ സെന്ററിൽ വെച്ച് ഡോക്ടർ പി ബാലചന്ദ്രൻ P Balachandran Nadakomസംവിധാനം ചെയ്ത നാടകത്തിൽ ഹാരിസ് മാഷാണ് മുഴുനീള പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്ചതു. ആ നാടകം കാണുവാൻ ഞാൻ പോയിരുന്നു. മെറ്റമോർഫോസിസ്ന്റെ രസതന്ത്രം തന്റെ കഥാപാത്ര സൃഷ്ടിയിൽ പൂര്ണമാക്കി പുതിയ തീയേറ്റർ ഭാഷയെ ആവിഷ്കരിച്ചത് ഏവരെയും അത്ഭുത പരതന്ത്രരാക്കിയത് ഓർമ്മിക്കുന്നു. രംഗഭാഷയെ കുറിച്ച അഗാധമായ അറിവുള്ള നടനും കൂടിയായിരുന്നല്ലോ മാഷ്.
സണ്ണി എം കപിക്കാടുമായ് ഹാരിസ് മാഷിന് അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്നു. ആ ബന്ധം ഞങ്ങൾ സുഹൃത്തുക്കൾക്ക് അദ്ദേഹവുമായി അടുത്ത് ഇടപെടാനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടാനും പലപ്പോഴായി അവസരം ഉണ്ടായിട്ടുണ്ട്. എല്ലാ ജനകീയ പ്രതിരോധങ്ങളിലും തന്റെ പ്രീയ ജീവിത സഖി, സൂര്യ നെല്ലി കേസുകളടക്കം കേരളത്തിന് നിർണ്ണായക കേസുകൾ ഏറ്റു എടുത്ത അഡ്വക്കേറ്റ് അനില ജോര്ജും മാഷിന് ഒപ്പം കൂട്ടിനുണ്ടായിരുന്നു. ഹാരിസ് മാഷ് അവസരവാദ ബുദ്ധിജീവി നാട്യങ്ങൾക്കും അപ്പുറം ഒരു മനുഷ്യന്റെ എല്ലാ ഗുണങ്ങളും ചേർന്ന ഒരു പച്ചമനുഷ്യൻ ആയിരുന്നു.
എഴുത്തുകാരൻ, വിദ്യാഭ്യാസ വിചി ഷണൻ, വിദ്യാർഥികളുടെ പ്രീയ ഗുരു നാഥൻ, നാടകപ്രവർത്തകൻ , നിരൂപകൻ, പരിഭാഷകൻ, സാമൂഹിക പ്രവർത്തകൻ വൈവിധ്യ മേഖലയിലൂടെ അടയാളപ്പെടുത്തിയ നടത്തം നിലയ്ക്കുമ്പോൾ വലിയ ശൂന്യതയും നഷ്ടപ്പെടലും ഉണ്ടാവുന്നു. ഒക്ടോബർ 10 നു കോട്ടയത്ത് കെ പി എസ് മേനോൻ ഹാളിൽ പൊതു ദർശനത്തിനു വെച്ചപ്പോഴും പിന്നീട് മാഷ് ഏറ്റുമാനൂരിന് അടുത്ത് പട്ടിത്താനത്തു കവി സ് ജോസഫിന്റെ അടുത്ത് വാങ്ങിച്ച സ്ഥലത്തു മതപരമായ ചടങ്ങുകൾ ഒന്നും ഇല്ലാതെ അടക്കം ചെയ്തിടത്തും ഞാൻ പോയ്. ആ പച്ചമനുഷ്യൻ മണ്ണിന്റെ പച്ചഹൃദയത്തിൽ നിത്യതയിലേക്കു മടങ്ങുമ്പോൾ അവിടെ കൂടിയ എല്ലാവരും വിതുമ്പി. ഹാരിസ് മാഷ് അനശ്വരമായ ഒരു മഴ മേഘം ആണ് അത് ഹൃദയങ്ങളിലേക്ക് , പുതിയ ധാരകളിലേക്കു അപാരതകളിലേക്കു പെയ്തു പെയ്തു കൊണ്ടിരിക്കും

Thursday, November 2, 2017

രോഷ്മി നീലകണ്‌ഠനു ആദരാന്ജലികള്‍ :ഷിന്റോ കൃഷ്ണന്‍   

മുഖപുസ്തകം ഒരുപാട് നല്ല സൗഹൃദങ്ങൾ തന്നിട്ടുണ്ട് അതിൽ ഏറ്റവും പ്രിയപെട്ടതിൽ ഒന്നായിരുന്നു കെപിഎംസ് നേതാവ് നീലകണ്ഠൻ മാസ്റ്ററുടെ മകൾ രോഷ്‌മി ചേച്ചി യുമായുള്ള സൗഹൃദം കഴിഞ്ഞ നിയമസഭ ഇലക്ഷൻ സമയത്തായിരുന്നു പരിചയപ്പെട്ടത് ഏതോ ഗ്രൂപ്പ് ചാറ്റിലൂടെ തമ്മിലടിച്ചു അവസാനം സുഹൃത്തുക്കളാവുകയിരുന്നു ഇലക്ഷൻ പ്രചാരണത്തിന് മാസ്റ്ററെ സഹായിക്കാൻ ഡെറാഡൂണിൽ ഹോസ്പിറ്റലിൽ ജോലിയിൽ നിന്ന് ലീവ് എടുത്തു വന്നതായിരിന്നു എന്നോട് ചില സഹായങ്ങൾ ചോദിച്ചു പറ്റുന്നത് ചെയ്തു കൊടുത്തു ഇലക്ഷന് ശേഷം തിരിച്ചു ഡെറാഡൂണിൽ പോയപ്പോളും എല്ലാ ദിവസവും ഫോണിൽ വിളിക്കും പിന്നെ എപ്പോളോ രണ്ടു മാസത്തോളം തിരക്കുകൾ കാരണം സൗഹൃദം മുറിഞ്ഞു വെറുതെ ഇരുന്നപ്പോൾ രോഷ്‌മി ചേച്ചി നിങ്ങൾ ഇപ്പൊ ജീവനോടെ ഉണ്ടോന്നു ചോദിച്ചു വാട്സ് ആപ്പിൽ മെസേജ് കൊടുത്തു റിപ്ലൈ " എനിക്ക് ബ്ലഡ്‌ ക്യാൻസർ ആണെടാ ഞാൻ മരിക്കാറായെന്നുള്ള" മറുപടി ഞാൻ ആദ്യം ഒന്നും വിശാസിച്ചില്ലാരുന്നു പിന്നെ കുറച്ചു വിവിധ ടെസ്റ്റുകളുടെ റിസൾട് അയച്ചു തന്നപ്പോളാണ് വിശ്വസിച്ചത്.പിന്നിടെപ്പോളോ കേരളത്തിലേക്ക് മടങ്ങി തിരുവനന്തപുരം rcc യിൽ ചികിത്സ തേടി പിന്നീട് മാസങ്ങളോളം rcc യിലും അതിനടുത്തു എടുത്ത വാടക വീട്ടിലുമായിരിന്നു ലോകത്തുള്ള സകല വിഷയങ്ങളും പറയുന്നതിനടക്കു ഇടക്ക് ഫയങ്കര pain ആണെടാ സഹിക്കാൻ പറ്റുന്നില്ല ന്നു പറയും അപ്പോളൊന്നും എനിക്ക് മറുപടിയില്ലായിരുന്നു ബ്ലഡ്‌ ക്യാൻസറിനെ പറ്റി ഞാൻ കൂടുതൽ മനസിലാക്കുന്നതും രോഷ്‌മി ചേച്ചിയിലൂടെ യായിരുന്നു രണ്ടു ദിവസം മുന്നേ വരെ വാട്സ് ആപ്പിൽ ചാറ്റിൽ വന്നപോളും പറഞ്ഞത് വേദനയുടെ കാര്യം ആയിരുന്നു ഇന്നിപ്പോൾ മനസ്സിൽ ഒരുപാട് നന്മകൾ സൂക്ഷിച്ചിരുന്ന രോഷ്‌മി ചേച്ചി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. 

ബാഷ്പാഞ്ജലികൾ

മാധ്യമങ്ങളിലെ സബാൾട്ടൺസാന്നിധ്യം :സബ്ലൂ തോമസ്‌     റോബിൻ ജെഫ്രി മിസ്സിംഗ് ഫ്രം ദി ഇന്ത്യൻ ന്യൂസ് റൂം എന്ന ലേഖനത്തിന്റെ തുടക്കത്തിൽ ആഫ്രോ-അമേരിക്കൻ,ഹിസ്പാനിക്കുകൾ എന്നിവരുടെ പ്രശ്നങ്ങളെ കുറിച്ചുള്ള അമേരിക്കൻ മാധ്യമങ്ങളിലെ റിപ്പോർട്ടിങ്ങുകളെ ഒരു നീരിക്ഷകന്റെ അഭിപ്രായം ഉദ്ധരിക്കുന്നുണ്ട്. മാധ്യമങ്ങളിൽ നിന്നും മാത്രം ആഫ്രോ-അമേരിക്കൻ വംശജരെയോ ,ഹിസ്പാനിക്കുകളെയോ കുറിച്ച് അറിയുന്നവരെ സംബന്ധിച്ചു അവർ യാത്ര ചെയ്യുകയോ,ഭക്ഷണം കഴിക്കുകയോ,കല്യാണം കഴിക്കുകയോ പോലും ചെയ്യാത്ത ജനതയായിരിക്കുമെന്നാണ് ആ ഉദ്ധരണി.

   
അമേരിക്കൻ മാധ്യമങ്ങളിൽ ആഫ്രോ-അമേരിക്കൻ വംശജരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനു സമാനമാണ് ഇന്ത്യൻ മാധ്യമങ്ങൾക്ക് ദളിത് വിഷയങ്ങളോടുള്ള സമീപനം.
1996കളുടെ ആരംഭത്തിൽ,കാൻഷി റാമും മാധ്യമങ്ങളും തമ്മിലുള്ള സുഖകരമല്ലാത്ത ബന്ധത്തെ കുറിച്ച് അഭിപ്രായം തേടാൻ ഡൽഹിയിൽ തൊഴിൽ ചെയ്യുന്ന ഒരു ദളിത് മാധ്യമ പ്രവർത്തകനെ കണ്ടെത്താൻ വാഷിംഗ്‌ടൺ പോസ്റ്റ് ലേഖകനായ കെന്നത് ജെ കൂപ്പർ എന്ന ആഫ്രോ-അമേരിക്കൻ മാധ്യമ പ്രവർത്തകൻ ശ്രമിക്കുന്നു.തന്റെ ആഫ്രോ-അമേരിക്കൻ ഐഡന്റിറ്റി കൊണ്ട് തന്നെ കൂപ്പറിന് ഈ വിഷയത്തിൽ ഒരു ദളിത് മാധ്യമ പ്രവർത്തകന്റെ അഭിപ്രായത്തിനു പ്രാധാന്യമുണ്ട് എന്ന് തോന്നി. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ അദ്ദേഹത്തിന് ഒരാളെ പോലും കണ്ടെത്താനായില്ല.

   അദ്ദേഹം പയനിയറിൽ പ്രവർത്തിച്ചിരുന്ന ബി എൻ.ഉണ്യാൽ എന്ന മുതിർന്ന മാധ്യമ പ്രവർത്തകനോട് തൻറെ അനുഭവത്തെ കുറിച്ച് പറയുന്നു. അപ്പോഴാണ് ഉണ്യാൽ ഒരു കാര്യം മനസിലാക്കുന്നത് തന്റെ 30 വർഷത്തെ മാധ്യമ പ്രവർത്തന ജീവിതത്തിൽ ഒരു ദളിത് മാധ്യമപ്രവർത്തകനുമൊപ്പം ജോലി നോക്കിയിട്ടില്ല എന്ന്. തുടർന്ന് ഉണ്യാൽ പയനിയറിൽ ഇൻ സെർച്ച് ഓഫ് എ ദളിത് ജേർണലിസ്റ്റ് എന്ന ലേഖനം എഴുതുന്നു.
വർഷം 2013 അജാസ് അഷ്‌റഫ് എന്ന മാധ്യമ പ്രവർത്തകൻ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണികേഷന്റെ ക്യാമ്പസിൽ ഉള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ നിൽക്കുമ്പോൾ ഉണ്യാലിന്റെ പഴയ ലേഖനം ഓർമയിൽ വരുന്നു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണികേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്ന ദളിത് വിദ്യാർഥികൾ എവിടെ പോവുന്നു? അദ്ദേഹത്തിന് സംശയമുണ്ടാവുന്നു. തുടർന്ന് അദ്ദേഹം നടത്തുന്ന അന്വേഷണത്തിൽ മാധ്യമപ്രവർത്തന തൊഴിൽ ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്ത ചില ദളിത് മാധ്യമ പ്രവർത്തകരെ കണ്ടെടുക്കുന്നു. അവരുമായി ദീർഘമായി സംസാരിച്ചു ഇന്ത്യൻ മാധ്യമങ്ങളിലെ ദളിത് അദൃശ്യതയുടെ കാരണങ്ങൾ തേടി മൂന്നു ലക്കങ്ങളായി ദി ഹൂട്ട് എന്ന മാധ്യമ വിമർശന വെബ്‌സൈറ്റിൽ എഴുതുന്നു. അജാസ് അഷ്‌റഫ് ആ ലേഖനങ്ങളിൽ മനസിലാക്കുന്ന മാധ്യമങ്ങളിലെ ദളിത് സാന്നിധ്യത്തെ കുറിച്ചുള്ള കണ്ടെത്തലുകൾ ഇതൊക്കെയാണ്:
- Many Dalits enter the media because they believe it can empower their community and help focus on issues hobbling them.
-- Dalits have a greater presence in the Hindi or other Indian language media than in the English media.
-- Discrimination against and antagonism to Dalits is rampant in the Hindi and other language media; it is less pronounced in the English media.
-- Nonetheless, discrimination is a principal factor behind their decision to leave the private sector media and opt for government jobs.
-- Apart from discrimination, they feel a career in the media is a risky proposition.
-- Their weak economic base makes them fear job insecurity which is a defining characteristic of the private sector. ( അവരുടെ സമൂഹത്തെ ശക്തിപ്പെടുതാനുള്ള ഇടപെടൽ നടത്താനാവുമെന്ന വിചാരിച്ചും ദളിതർക്ക് നേരെയുള്ള വിവേചനകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്നുമുള്ള ധാരണയിലുമാണ് പല ദലിതരും മാധ്യമങ്ങളിലെ തൊഴിലിൽ പ്രവേശിക്കുന്നത്.
   
  ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഉള്ളതിലധികം സാന്നിധ്യം ഹിന്ദിയിലും മറ്റ് ഇന്ത്യൻ ഭാഷകളിലെ മാധ്യമങ്ങളിലും ഉണ്ട്.
ഹിന്ദിയിലും മറ്റ് ഭാഷാ മാധ്യമങ്ങളിലും ദളിതരോടുള്ള വിവേചനം കൂടുതലാണ്. അതിനെ അപേക്ഷിച്ചു ഇംഗ്ലീഷ് മാധ്യമങ്ങളിൽ വിവേചനം കുറവാണ്.
സ്വകാര്യമേഖലയിലെ മാധ്യമ തൊഴിൽ ഉപേക്ഷിക്കാനും ഗവൺമെന്റ് ജോലികൾ തിരഞ്ഞെടുക്കാനും അവരുടെ തീരുമാനത്തിനു പിന്നിലുള്ള ഒരു പ്രധാന കാരണം അവർ നേരിട്ട വിവേചനമാണ്.
വിവേചനത്തിന് പുറമെ, മാധ്യമങ്ങളിൽ തൊഴിൽ സുരക്ഷ കുറവാണ് എന്നും അവർ കരുതുന്നു.
    
അവരുടെ ദുർബലമായ സാമ്പത്തിക അടിത്തറ കാരണമാണ് തൊഴിൽ ഭദ്രതയെ കുറിച്ച് ആശങ്ക ഉണ്ടാവുന്നത്. പോരെങ്കിൽ തൊഴിൽ സുരക്ഷിതമിലായ്മ സ്വകാര്യ മേഖലയുടെ നിർണായകമായ സ്വഭാവമായി അവർ കരുതുന്നു.)
എൻ.ബി: ഇന്നലെ ഒക്ടോബർ 30 തികളാഴ്ച ചെമ്പഴന്തി എസ് എൻ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ നടത്തിയ ബിയോണ്ട് ദി 
മാർജിൻ എന്ന സെമിനാർ പരമ്പരയുടെ ഭാഗമായി മാധ്യമങ്ങളിലെ സബാൾട്ടൺ സാന്നിധ്യത്തെ കുറിച്ച് ഞാൻ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞ കാര്യങ്ങളിൽ ചിലതാണ് മുകളിൽ കൊടുത്തിരിക്കുന്നത്

വര:മുത്താര

Wednesday, November 1, 2017

അശോക് ദാസ്.....! പത്രാധിപരായ ദലിത് യുവാവ്.. :സനിഷ് തങ്കച്ചന്‍
ശോക് ദാസ്.....!!!!പത്രാധിപരായ ദലിത് യുവാവ്...!!!
ഒരു ലക്ഷത്തിലേറെ വായനക്കാരുള്ള 'ദലിത് ദസ്തക്' ആണ് IIMC യിൽ നിന്നും മാസ്റ്റർ ബിരുദമെടുത്തിട്ടുള്ള അശോക് ദാസ് വിജയിപ്പിച്ച സംരംഭം....!!!! 
അംബേദ്കറിസത്തിലുള്ള ഇച്ഛാശക്തി ഒന്നു മാത്രം കൊണ്ട് ഒരു സംരംഭം വിജയപഥത്തിലെത്തിക്കാം എന്ന പാഠമാണ് അശോക് ദാസ് എന്ന
31കാരന് സഹജീവികൾക്ക് നൽകുന്നത്. അശോക് ദാസിന്റെ ഈ വിജയത്തിനു പിന്നിലും ജാതിവെറിയുടേയും പീഢനങ്ങളുടേയും പുറത്താക്കലുകളുടേയും ദുരനുഭവങ്ങളേറെയുണ്ട്. പഠനം കഴിഞ്ഞ് 2006 ല് മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ഒരു ഹിന്ദി പത്രത്തിൽ ജോലി നോക്കി. അവിടെ 'ദാസ്' എന്ന തന്റെ ജാതി നാമം മാറ്റി 'കുമാർ' എന്നാക്കി. തന്റെ രചനകളിൽ ദലിത് വിമോചനത്തിനു വേണ്ടിയുള്ള മാർഗരേഖകൾ ഉള്ളടങ്ങുന്നു എന്ന വിവരം പത്രമുടമ മനസിലാക്കിയതോടെ അശോക് ദാസിന്റെ ജാതി തിരിച്ചറിയപ്പെടുകയും അതിന്റെ ഫലമായി അവിടത്തെ ജോലി നഷ്ടമാകുകയും ചെയ്തു. പിന്നീട് അശോക് ദാസ് യു.പിയിലെ ഒരു ഹിന്ദി പത്രത്തിൽ ചേർന്നു. അവിടെ സഹപ്രവർത്തകരെല്ലാം ഉന്നത കുലജാതരായിരുന്നു. ദലിത്അട്രോസിറ്റി വാർത്തകളൊന്നും പ്രസിദ്ധീകരിക്കാൻ അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. അതിനുവേണ്ടി നിലകൊള്ളുന്ന അശോക് ദാസിനെ അവർ വെച്ചു പൊറുപ്പിച്ചതുമില്ല...!!!!!
2012 ലാണ് 'ദലിത് ദസ്തക്' തുടങ്ങിയത്....!!!! ദലിത് പ്രസിദ്ധീകരണങ്ങൾക്ക് പരസ്യങ്ങൾ നൽകാൻ ആരും മുന്നോട്ടു വരില്ലല്ലോ? ദലിതരിൽ നിന്നുള്ള സംഭാവനകൾ സമാഹരിച്ചുകൊണ്ടാണ് അശോക് ദാസ് ആ പരിമിതിയെ തരണം ചെയ്തത്..!!!
രോഹിത് വെമുലയെ കുറിച്ച് രണ്ട് ആർട്ടിക്കിളുകൾ ദലിത് ദസ്തകിൽ പ്രസിദ്ധീകരിച്ചു...!!!!
അതിലെ ഒന്ന് 'ഞങ്ങൾക്കിനിയും ഒരു ഏകലവ്യനെ വേണ്ടാ..!' എന്നതാണ്. സമപ്രായക്കാരായ ദലിത് യുവാക്കളിൽ അശോകിന് വനപ്രതീക്ഷയുണ്ട്...!!! അതെ, ഒറ്റ ദിവസംകൊണ്ട് ഒരു റോമാ നഗരം തീർക്കാൻ ഒറ്റക്കു പോലും ഒരു ദലിതനേ കഴിയൂ എന്ന പ്രപഞ്ച സത്യവാചകത്തിന് അശോക് ദാസും അടിവരയിടുന്നു....!!!! ഈ ഭീംപുത്രന് അഭിവാദ്യങ്ങള്...!!!! ജയ്ഭീം...!!!!

ഇന്നത്തെ ചിന്ത :സജി ചേരമന്‍

തൊ ഴിലാളിവർഗ്ഗ പാർട്ടി നേതാക്കളുടെ മക്കൾക്കു വിദേശത്തു കോടികളുടെ ബിസിനസ്സ്, തൊഴിലാളിവർഗ മക്കൾക്കു നാട്ടിൽ വാർക്ക പണി, ഗുണ്ടാ പണി,...