Friday, December 1, 2017

ഹാരിസ് മാഷ് മാമൂൽ ധൈഷണികജീവിതത്തോട് കലഹിച്ച പ്രതിഭ;ശശി മേമുറി


       കസിനും ഗവേഷണ വിദ്യാർത്ഥിയും കവിയുമായ സാജു എൻ ടി യും Saju Santhamma സാജുവിന്റെ സഹോദരൻ സജി എൻ ടി യും എന്റെ വീട്ടിൽ വന്നപ്പോഴാണ് ഡോക്ടർ വി സി ഹാരിസിനുണ്ടായ അപകടത്തെക്കുറിച്ചു സൂചിപ്പിച്ചതു. ഹാരിസ് മാഷ് വെന്റിലേറ്ററിൽ ആണെന്നും രക്ഷപ്പെടുക പ്രയാസകരമാണെന്നും പറഞ്ഞു. അവർ പോയ ഉടനെ ഞാൻ ടി വി ഓൺ ചെയ്തു. സങ്കടകരമായ ആ വാർത്ത ടി വിയിൽ എഴുതിക്കാണിക്കുന്നു, ഡോക്ടർ വി സി ഹാരിസ് അന്തരിച്ചു. മുൻപൊരിക്കൽ മരണത്തെ മുഖ മുഖം കണ്ടിരുന്ന ഹാരിസ് മാഷ് അതിനെ അഭുതകരമായ അതി ജീവിച്ചിരുന്നു. നല്ല രംഗ ബോധമുണ്ടായിരുന്ന മാഷിനെ രംഗബോധം ഇല്ലാത്ത മരണം എന്ന കോമാളി തട്ടിയെടുത്തു മറഞ്ഞു. അടുത്ത ബന്ധുവിന്റെ അകാല മൃത്യു തരുന്ന വേദന പോലെ മാഷിന്റെ ചരമ വാർത്ത ഹൃദയത്തിൽ നിശബ്തമായ നീറിപ്പുകഞ്ഞു.
1991 ൽ ആണ് ഹാരിസ് മാഷ് കോട്ടയത്തു എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എത്തുന്നത്. വൈജ്ഞാനിക മേഖലയിലെ നിരവധി പ്രതിഭകൾ അവിടെ ഉണ്ടായിരുന്നു, എന്നാൽ മാമൂൽ സൈദ്ധാന്തകരിൽ നിന്നും തികച്ചും വെത്യസ്തനായിരുന്ന ഹാരിസ് മാഷ് തികഞ്ഞ കലാകാരനും മനുഷ്യസ്നേഹിയുമായിരുന്നു . മാനദണ്ഡങ്ങളോ പ്രതേക പരിഗണനകളോ ഇല്ലാതെ അധ്യാപക/ വിദ്യാർഥി /സുഹൃത് സൗഹൃദങ്ങളെ അദ്ദേഹം നെഞ്ചിൽ ഏറ്റി, അരികു ജീവിതങ്ങളുടെ സഹയാത്രികൻ ആയി.
സംവാദ / വിമര്ശന പാഠങ്ങളുടെ അക്കാദമിക് പരിസരത്തു മാത്രം നിൽക്കാതെ ജനകീയ പ്രതിരോധങ്ങളിലും, ദളിത് / ആദിവാസി പ്രക്ഷോഭങ്ങളിലും, കീഴാള പഠനങ്ങളിലും, സമാന്തര നാടക/ സിനിമ പ്രവർത്തനങ്ങളിലും ലോകോത്തര ഫിലിം ഫെസ്റ്റ് ഓപ്പൺ ഫോറത്തിലെ ചർച്ചകളുടെ പ്രധാന വാഗ്പ്രമാണിയും ആയി ഉത്തരാധുനിക വ്യവഹാരങ്ങളെ ഏറ്റവും സര്ഗാത്മകവും അര്ഥപൂര്ണവും ആക്കി ഹാരിസ് മാഷ്. പ്രസിദ്ധ ചിന്തകന്മാരായ ഹൂക്കോയെയും ദെറീദയെയും കുറിച്ചുള്ള ഹാരിസ് മാഷിന്റെ പഠനങ്ങൾ സാഹിത്യ ഗവേഷണ ലോകത്തിനു വലിയ സംഭാവന ആണ് നൽകിയിരിക്കുന്നത്.
1994 മുതൽ കുറിച്ചി ദളിത് വിമൻസ് സൊസൈറ്റിയിൽ വെച്ച് പ്രസിദ്ധ ചിന്തകനും എഴുത്തുകാരനും ആയ പ്രൊഫസർ ടി എം യേശുദാസനും T M Tmy T M Yesudasan ഭാര്യ ലവ്ലി സ്റ്റീഫനും തുടങ്ങി വെച്ച ദളിത് പഠന പാരമ്പരകൾക്കു ഡോക്ടർ എ കെ രാമകൃഷ്ണൻ, ഡോക്ടർ എം കുഞ്ഞമ്മാൻ, Sunny Mannumanam Kapicadu ഡോക്ടർ പി ശിവാനന്ദൻ, ഡോക്ടർ രാജൻ ഗുരുക്കൾ, ഡോക്ടർ വത്സല ബേബി , ഡോക്ടർ സനൽ മോഹൻ സിനിമ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ , ഡോക്ടർ വി സി ഹാരിസ് തുടങ്ങി അക്കാഡമിക് രംഗത്തെ പ്രഗത്ഭർ നേതൃത്ത്വം നൽകി. ഹാരിസ് മാഷുമായി വ്യക്തി ബന്ധം ഉണ്ടാവുന്നത് ഈ പഠന ക്ളാസ്സുകളിൽ വെച്ചാണ് . കേരളത്തിൽ നടാടെ നടന്ന ഈ പഠനശിബിരങ്ങൾക്കു ദളിത് സ്വതാനേഷണത്തിനും നവ ജ്ഞാന നിർമ്മിതിക്കും പുത്തൻ രാഷ്ട്രീയ സാംസ്കാരിക വ്യവഹാരത്തിനും വൈവിധ്യമായ ചിന്താ ധാരകളെ വിസ്പോടനകരമാക്കി വളർത്തുവാൻ കഴിഞ്ഞു. അന്നത്തെ ചില സെമിനാർ പ്രബന്ധങ്ങൾ ഇപ്പോൾ എം ജി യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥികൾക്കായി സിലബസിൽ ചേർത്തിട്ടുണ്ട്.
1997 ൽ പ്രൊഫൊസ്സർ റ്റി എം യേശുദാസൻ പ്രസിദ്ധ എഴുത്തുകാരൻ സി അയ്യപ്പൻറെ പ്രേതഭാഷണം എന്ന ചെറുകഥയെ അവലംബിച്ചു വേഴ്ച എന്ന പേരിൽ നാടകത്തിനായ് സ്ക്രിപ്റ്റ് ചെയ്തു. (ഈ നാടകം ഭാഷാബോഷിണി പ്രസിദ്ധീകരിച്ചിരുന്നു.) ഡോക്ടർ സാംകുട്ടി പട്ടംകരി Samkutty Pattomkary സംവിധാനം നിർവഹിച്ച ഈ നാടകം കേരളത്തിലെ ആദ്യത്തെ ദളിത് സ്ത്രീ നാടകവേദിയുടെ (കുറിച്ചി) നേതൃത്വത്തിൽ ബാംഗളൂർ അടക്കം നിരവധി സ്ഥലങ്ങളിൽ അവതരിപ്പിച്ചു. ഷൈലമ്മ, പ്രീയാമോൾ കെ.സിPriya Chacko, ബിന്ദു അപ്പുകുട്ടൻ, മല്ലിക, അപ്പുകുട്ടൻ, എം റ്റി ജയൻ, ജോസ് എം ജെ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്തു. ഞാനും അനിയൻ കെ സിയും Aniyan Kc മറ്റു സുഹൃത്തുക്കളും ചേർന്ന് ഇതിന്റെ രംഗകല ചെയ്തു. ഈ നാടകം കണ്ട ഹാരിസ് മാഷ് വേഴ്ചയെന്ന ഈ സ്ക്രിപ്റ്റിനെ അവലംബിച്ചു ചലച്ചിത്രാവിഷ്ക്കാരം ചെയ്യണമെന്ന താത്പര്യവുമായി മുന്നോട്ടു വന്നു. സണ്ണി എം കപിക്കാട് ഞങ്ങൾ മറ്റു സുഹൃത്തുക്കൾ ഈ ചർച്ചയിൽ പങ്കെടുത്തു. ഏകദേശം കഥാപാത്രങ്ങൾക്കുള്ള കാസ്റ്റിംഗും നടന്നു. സിനിമക്ക് പറ്റിയ കുറച്ചു ദളിത് കോളനികൾ കണ്ടു വെക്കണമെന്ന് മാഷ് പറഞ്ഞു. അങ്ങനെ കോട്ടയത്ത് പ്രാന്ത പ്രദേശങ്ങളിലെ ചിലി കോളനികൾ ഞങ്ങൾ കണ്ടു മാഷിനെ വിവരം ധരിപ്പിച്ചിരുന്നു. ഈ സിനിമക്കായി ഹാരിസ് മാഷിന്റെ നിരവധി ശ്രെമങ്ങൾ നടന്നെങ്കിലും എന്തെക്കൊയോ കാരണങ്ങളാൽ അത് നടക്കാതെ വന്നു.
മധ്യ കേരളത്തിലെ ദളിത് അവകാശ പോരാട്ടങ്ങൾക്കൊപ്പം പ്രത്യക്ഷമായി ഹാരിസ് മാഷ് ഇടപെടുന്നതു 2000 ൽ കുറിച്ചിയിലെ സചിവോത്തമപുരം ദളിത് കോളിനിയിൽ ആയിരക്കണക്കിന് വീടുകൾക്ക് മുകളിലൂടെ കോളിനിവാസികളുടെ ജീവനെ ഭീക്ഷണി ആയി ഉയർന്ന 11 ലൈൻ അഴിച്ചു മാറ്റണമെന്ന പ്രഷോഭത്തിൽ ആയിരുന്നു. നീതി ലഭിക്കുവാൻ ആത്മാഹൂതി ചെയ്ത കുറിച്ചി ശ്രീധരന് (2000 ഫെബ്രുവരി 2) 2000 ഫെബ്രുവരി 5 ന് ചിങ്ങവനത്ത് ഗോമതി ജങ്ഷനിൽ ഐക്യദാർട്യം പ്രഖ്യാപിച്ച സമ്മേളനം ഉത്ഘാടനം ചെയ്തത് ഡോക്ടർ വി സി ഹാരിസ് ആയിരുന്നു. തുടക്കത്തിൽ 20 പേര് പങ്കെടുത്ത സമരജാഥയിൽ മിനിറ്റുകൾക്കുള്ളിൽ 500 ൽ അധികം ആളുകൾ പങ്കെടുത്തു. എം ഗീതാനന്ദൻ, സണ്ണി എം കപിക്കാട്, എം ഡി തോമസ് , എം ആർ രേണുകുമാർ , എം ബി മനോജ് Mb Manoj Mb , കല്ലറ അനിൽ ബിജു , അപ്പുക്കുട്ടൻ, ബിന്ദു അപ്പുകുട്ടൻ, രേഖാരാജ്, സന്തോഷ് പെറുതുരുത്, കല്ലറ ശ്രീകുമാർ, എം റ്റി ജയൻ, ബാബു തൂമ്പൻ Babu Babuthoomban Thoombil തുടങ്ങി ഞങ്ങൾ മാസങ്ങൾ നീണ്ടു നിന്ന അവകാശ സമരങ്ങളിൽ സജീവമായിട്ടുണ്ടായിരുന്നു. ശക്തമായ ദളിത് പ്രതിരോധങ്ങളെ അടിച്ചൊതുക്കുവാൻ സർക്കാർ ദിവസങ്ങളോളം നൂറു കണക്കിന് പോലീസ് സേനയെ കോളിനി മുഴുവൻ വിന്യസിച്ചിരുന്നു. സ്വകാര്യ വ്യകതിയുടെ ഫാക്ടറിക്ക് വേണ്ടിയാണു കോളിനിക്ക് മുകളിലൂടെ 11 ലൈൻ വലിച്ചത്. ദളിത് സ്വത്വ രാഷ്ട്രീയത്തെയും ദളിത് അവകാശ പോരാട്ടങ്ങളെയും എതിർക്കുന്ന ഭരണകൂടം നീതി നിഷേധത്തിൽ കോളിനി വാസികളുടെ ജീവന് പുല്ലു വില നൽകുകയായിരുന്നു.
ഒരു മാസക്കാലം കോളനിയിൽ താവളം ഉറപ്പിച്ച ആയിരക്കണക്കിന് പോലീസ് സേനയെ തീറ്റിപ്പോറ്റിയതിന്റെയും അവരുടെ വാഹനങ്ങൾ ഭീതികരമായ അന്തരീക്ഷം ഉണ്ടാക്കി കോളനിക്കു കുറുകെ ചീറിപ്പാഞ്ഞതിന്റെയും പകുതി പണം പോലും വേണ്ടായിരുന്നു 11 കെ വി ലൈൻ അഴിച്ചു മാറ്റി ജനവാസം ഇല്ലാത്ത വഴിയേ പുതിയ ലൈൻ കൊടുക്കുവാൻ. എന്നാൽ ഗവർണ്മെന്റിന്റെ നിലപാട് കേവലം സ്വകാര്യ വ്യക്തിയുടെ താത്പര്യത്തെയും അയാളുടെ ബിസിനസിന്റെ വളർച്ചയെ സഹായിക്കുകയും ചെയ്യുക എന്നുള്ളതിന് ഉപരി ദളിത് അവകാശ ബോധത്തെ രാഷ്ട്രീയ ബോധത്തെ/ ദളിത് കൂട്ടായ്മകളെ തല്ലിക്കെടുത്തി ഒരിക്കലും വളരാതെ അവരെ എക്കാലവും അടിച്ചമർത്തി നിശബ്തരാക്കുക എന്നുള്ളതാണ്. കാരണം അവരുടെ കസേരകൾ ഇളകാതെ ഇരിക്കണമെങ്കിൽ ഈ ദളിത് ബഹുജൻ കൂട്ടായ്മകളെ അവരുടെ അടിയാളർ ആയി എക്കാലത്തും നിലനിർത്തണം. രാഷ്ട്രീയ ബോധ്യമുള്ള ആത്മാഭിമാനം ഉള്ള ദളിത് യുവനിര ഗവർമെന്റിന്റെ നീതി നിരാസത്തിനു ബദൽ ആയി കുറിച്ചി സചിവോത്തമപുരം ദളിത് കോളിനിയിലേക്കു ഒഴുകി എത്തി അനന്തരം കുറെ ചെറുപ്പക്കാർ ചേർന്ന് 2000 ഫെബ്രുവരി 27 ന് 11 ലൈൻ അറുത്തു അഴിച്ചെറിഞ്ഞു. ദളിത് അവകാശ പോരാട്ടത്തിന് പുതിയ ചരിത്രം എഴുതി
ചരിത്രത്തിൽ എക്കാലത്തും ശ്രെദ്ധേയം ആയ ഈ അവകാശ പോരാട്ടത്തിൽ ഹാരിസ് മാഷ് അണിചേർന്നത് അരികുജീവിതങ്ങളോട് ഉള്ള അദ്ദേഹത്തിന്റെ അനന്യമായ ആത്മബന്ധം കൊണ്ടാണ്.
ഈ സമരത്തിന് മുഖ്യ നേതൃത്വം വഹിച്ചത് ഞങ്ങൾ യുവാക്കൾ ജേഷ്ഠ സഹോദരൻ ആയി കാണുന്ന കേരളത്തിലെ നിർണ്ണായക ദളിത് അവകാശ പോരാട്ടണങ്ങളുടെയും ഭൂ സമരങ്ങളുടെയും ജാതി ലിംഗ വിവേചനനൾക്കെതിരെയും തന്റെ ജീവിതം സമർപ്പിച്ച ഞങ്ങൾക്ക് എക്കാലത്തെയും ആവേശമായിരുന്ന ശ്രീ എം ഡി തോമസ് Emdeethomas Thomas ആണ്. ഹാരിസ് മാഷിന്റെ സുഹൃത്തു ആയിരുന്നു എം ഡി തോമസ്.
2007 ൽ കോട്ടയം ലളിത കലാ അക്കാഡമി ആര്ട്ട് ഗ്യാലറിയിൽ ഞാനും കവിയും ചിത്രകാരനുമായ എം ആർ രേണുകുമാറും, എഴുത്തുകാരനും ചിത്രകാരനും ആയ ഡോക്ടർ അജയശേഖറും, ചിത്രകാരന്മാരായ അനിരുദ്ധ് രാമനും Anirudh Raman,ജെയിൻ കെ ജിയും ചേർന്ന് എമേർജിങ് ഐസ് എന്ന പേരിൽ ഒരു ചിത്ര പ്രദർശനം നടത്തി. ഹാരിസ് മാഷ് ഞങ്ങളുടെ ചിത്രപ്രദർശനം കാണുവാൻ വന്നിരുന്നു. അന്ന് എന്റെ ബഷീർ ചിത്രങ്ങൾ കണ്ട മാഷ് സ്കൂൾ ഓഫ് ലെറ്റേഴ്സ് ബഷീർ ചെയറിൽ വെക്കുവാൻ ബഷീറിന്റെ ഒരു വലിയ ഡ്രോയിങ് വരച്ചുകൊടുക്കണമെന്നു പറഞ്ഞു. വർഷങ്ങൾ കുറെ പിന്നിട്ടു. ആ ചിത്രം വരാക്കുവാൻ എനിക്ക് കഴിഞ്ഞില്ല. പിന്നീട് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഞങ്ങൾ പരസ്പരം അതിനെക്കുറിച്ച് സംസാരിച്ചിട്ടുമില്ല.
വര്ഷങ്ങള്ക്കു മുൻപ് കോട്ടയത്ത് ദർശന കൾച്ചറൽ സെന്ററിൽ വെച്ച് ഡോക്ടർ പി ബാലചന്ദ്രൻ P Balachandran Nadakomസംവിധാനം ചെയ്ത നാടകത്തിൽ ഹാരിസ് മാഷാണ് മുഴുനീള പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്ചതു. ആ നാടകം കാണുവാൻ ഞാൻ പോയിരുന്നു. മെറ്റമോർഫോസിസ്ന്റെ രസതന്ത്രം തന്റെ കഥാപാത്ര സൃഷ്ടിയിൽ പൂര്ണമാക്കി പുതിയ തീയേറ്റർ ഭാഷയെ ആവിഷ്കരിച്ചത് ഏവരെയും അത്ഭുത പരതന്ത്രരാക്കിയത് ഓർമ്മിക്കുന്നു. രംഗഭാഷയെ കുറിച്ച അഗാധമായ അറിവുള്ള നടനും കൂടിയായിരുന്നല്ലോ മാഷ്.
സണ്ണി എം കപിക്കാടുമായ് ഹാരിസ് മാഷിന് അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്നു. ആ ബന്ധം ഞങ്ങൾ സുഹൃത്തുക്കൾക്ക് അദ്ദേഹവുമായി അടുത്ത് ഇടപെടാനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടാനും പലപ്പോഴായി അവസരം ഉണ്ടായിട്ടുണ്ട്. എല്ലാ ജനകീയ പ്രതിരോധങ്ങളിലും തന്റെ പ്രീയ ജീവിത സഖി, സൂര്യ നെല്ലി കേസുകളടക്കം കേരളത്തിന് നിർണ്ണായക കേസുകൾ ഏറ്റു എടുത്ത അഡ്വക്കേറ്റ് അനില ജോര്ജും മാഷിന് ഒപ്പം കൂട്ടിനുണ്ടായിരുന്നു. ഹാരിസ് മാഷ് അവസരവാദ ബുദ്ധിജീവി നാട്യങ്ങൾക്കും അപ്പുറം ഒരു മനുഷ്യന്റെ എല്ലാ ഗുണങ്ങളും ചേർന്ന ഒരു പച്ചമനുഷ്യൻ ആയിരുന്നു.
എഴുത്തുകാരൻ, വിദ്യാഭ്യാസ വിചി ഷണൻ, വിദ്യാർഥികളുടെ പ്രീയ ഗുരു നാഥൻ, നാടകപ്രവർത്തകൻ , നിരൂപകൻ, പരിഭാഷകൻ, സാമൂഹിക പ്രവർത്തകൻ വൈവിധ്യ മേഖലയിലൂടെ അടയാളപ്പെടുത്തിയ നടത്തം നിലയ്ക്കുമ്പോൾ വലിയ ശൂന്യതയും നഷ്ടപ്പെടലും ഉണ്ടാവുന്നു. ഒക്ടോബർ 10 നു കോട്ടയത്ത് കെ പി എസ് മേനോൻ ഹാളിൽ പൊതു ദർശനത്തിനു വെച്ചപ്പോഴും പിന്നീട് മാഷ് ഏറ്റുമാനൂരിന് അടുത്ത് പട്ടിത്താനത്തു കവി സ് ജോസഫിന്റെ അടുത്ത് വാങ്ങിച്ച സ്ഥലത്തു മതപരമായ ചടങ്ങുകൾ ഒന്നും ഇല്ലാതെ അടക്കം ചെയ്തിടത്തും ഞാൻ പോയ്. ആ പച്ചമനുഷ്യൻ മണ്ണിന്റെ പച്ചഹൃദയത്തിൽ നിത്യതയിലേക്കു മടങ്ങുമ്പോൾ അവിടെ കൂടിയ എല്ലാവരും വിതുമ്പി. ഹാരിസ് മാഷ് അനശ്വരമായ ഒരു മഴ മേഘം ആണ് അത് ഹൃദയങ്ങളിലേക്ക് , പുതിയ ധാരകളിലേക്കു അപാരതകളിലേക്കു പെയ്തു പെയ്തു കൊണ്ടിരിക്കും

No comments:

Post a Comment