Tuesday, October 31, 2017

ദൈവത്തിന്റെ മക്കള്‍:ഡോ .രാധാകൃഷ്ണന്‍

    ദൈവത്തിന്റെ മക്കളോ? ഛേ... എന്തൊരു.. വൃത്തികേട്........ ഗാന്ധിയുടെ മതക്കാർ [ ഈ പ്രയോഗത്തിന് പണ്ടത്തെകോൺഗ്രസ്സ് പ്രസിഡന്റായിരുന്ന മൗലാനാ മുഹമ്മദാലിയോടു കടപ്പാട് ] നൂറ്റാണ്ടുകളായി ചവിട്ടി തേച്ചു കൊണ്ടിരുന്ന ഇന്ത്യയിലെ അടിസ്ഥാന ജനതക്ക് 1933ൽ ഗാന്ധി ഒരോമന പേർ നൽകി. "ഹരിജൻ "ഗുജറാത്ത് ഗാന്ധിയുടെ ജന്മനാടാണല്ലോ. അവിടുത്തുകാരനായ ഭക്ത കവി നരസിംഹ മേത്ത ഒരിക്കൽ ദേവദാസി സംബ്രദായത്തെ ഇതിവൃത്തമാക്കി ഒരു കവിത രചിച്ചു.അക്കാലങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങളിലെ അടിച്ചുതളിക്കാരായ ദേവദാസികൾക്ക് ബ്രാഹ്മണ പൂജാരിമാരിൽ നിന്നു ജനിക്കുന്ന കുട്ടികൾ തന്തയില്ലാത്ത മക്കളായി സമൂഹത്തിന്റെ അപമാന വാക്കുകളും ആക്ഷേപ ശരങ്ങളുമേറ്റ് കഴിയുന്ന സാമൂഹിക പശ്ചാത്തലമുണ്ടായിരുന്നു. തന്റെ കവിതയിലെ കേന്ദ്ര കഥാപാത്രമായ ദേവദാസീ പുത്രനെ കവി ആശ്വസിപ്പിക്കുന്നു, " കുഞ്ഞേ, അച്ഛനില്ലാത്തതിന്നെയോർത്ത് നീ സങ്കടപ്പെടരുത്: നിന്നെ അക്കാരണം കൊണ്ടു് കളിയാക്കുന്ന നിന്റെ കൂട്ടുകാർക്ക് അച്ഛനുണ്ടെങ്കിലും ആ അച്ഛൻമാർ വെറും മനുഷ്യരാണ്. എന്നാൽ നീയോ നീ ദൈവത്തിന്റെ ... വിഷ്ണുവിന്റെ [ഹരിയുടെ ] മകനാണ് ..... ഹരിജനാണ്. അമ്പലത്തിൽ ജനിച്ച തന്തയില്ലാത്ത കുട്ടിക്ക് കവി നരസിംഹ മേത്ത നൽകിയ ആശ്വാസപ്പേരു് ഇന്തൃയിലെ അടിസ്ഥാന വർഗ്ഗങ്ങൾക്ക് ഓമനപ്പേരായി ഗാന്ധി നൽകിയപ്പോൾ മഹാനായ ഡോ.അംബേദ്ക്കർ ശക്തിയുക്തം അതിനെ എതിർത്തു.നിങ്ങളെ ദൈവത്തിന്റെ മക്കൾ എന്ന് സ്നേഹ പൂർവ്വം വിളിക്കുന്നത് ഒരു ബഹുമതിയായി കണ്ടു കൂടേ എന്ന് അന്നു ചിലർ അംബേദ്ക്കറോടു ചോദിച്ചപ്പോൾ അദ്ദേഹം തിരിച്ചടിച്ചു "ഞങ്ങൾ ദൈവത്തിന്റെ മക്കളാണെങ്കിൽ ഗാന്ധിയും കൂട്ടരുമാര് ?": ...  
     
അപമാനകരമായ ആ പേരുമായി 6 ദശവത്സരങ്ങൾ ഒരു ജനതയ്ക്കു ജീവിക്കേണ്ടി വന്നത് അവരുടെ ഗതികേടു്. ഗാന്ധിയും കൂട്ടരും അവകാശപ്പെടുമ്പോലെ ആ പേരിൽ ഒരു ബഹുമതി അടങ്ങിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ടു് ഇന്ത്യയിലെ കോൺഗ്രസ്സുകാരെങ്കിലും അതു സ്വയം സ്വീകരിച്ച് ഗാന്ധിയോടുള്ള തങ്ങളുടെ ആദരവു പ്രകടിപ്പിച്ചില്ല? ഒരിയ്ക്കൽ ഗാന്ധി ഭക്തനായ ശ്രീ.സുകമാർ അഴിക്കോട് പറഞ്ഞു " ഹരിജൻ " എന്ന പേരിൽ വിശ്വാസപരമായ ഒരു വിപ്ലവം അടങ്ങിയിട്ടുണ്ട്..... തോട്ടിയെ ദൈവത്തോളമുയർത്തുന്ന വിപ്ലവം ! അഴീക്കോട് അങ്ങിനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.... ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുദേവനിലും, "ഞാൻ ജാതി വ്യവസ്ഥയിൽ വിശ്വസിക്കുന്ന ഒരു സനാതന ഹിന്ദുവാണ് " എന്നു പറഞ്ഞ ഗാന്ധിയിലും ഒത്തിരി സമാനതകൾ ദർശിച്ച സാംസ്കാരിക നായകനാണദ്ദേഹം!

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...