Thursday, August 24, 2017





'വിധേയത്വമുണ്ടാക്കാനായിരുന്നു അംബേദ്ക്കറെ കോണ്‍സ്റ്റിറ്റിയൂവെന്റ് അസംബ്ലിയുടെ ചെയര്‍മാനാക്കിയത്. ഇതില്‍ മഹാത്മഗാന്ധിയുടെകൂടി അതിസാമര്‍ത്ഥ്യം കൂടിയായിരുന്നു. കാരണം അംബേദ്ക്കര്‍ തയ്യറാക്കുന്ന ഭരണഘടനയോട്, അക്കാര്യം കൊണ്ട് തന്നെ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ വിധേയത്വം കാണിച്ചുകൊള്ളുമെന്ന ധാരണയായിരുന്നു അതിന് പിന്നില്‍. അതെത്രമാത്രം ശരിയായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെടുന്നുമുണ്ട്''. എന്നാണ് ആനന്ദ് തെല്‍തുംദെ പറയുന്നത്.
ഭരണഘടനാ അവകാശങ്ങളെയും പൗരാവകാശങ്ങളെയും കൂടുതൽ ഉയർത്തിപ്പിടിക്കാൻ നിർബന്ധിതമാകുന്ന സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യയിലെ ദലിതർ ഇക്കാലം വരെയും കടന്നു പോകുന്നത്. അതിനെ 'വിധേയത്വം' എന്നൊക്കെ ചുരുക്കിക്കാണുന്നത് വളരെ കുഴപ്പം പിടിച്ച രാഷ്ട്രീയമാണ്.
കൂടാതെ അംബേദ്കറുടെ ഭരണഘടനാ സമിതി പ്രവേശനത്തെപോലും എത്ര ചുരുക്കുകയും നിസ്സാരവത്കരിക്കുകയും ചെയ്തിരിക്കുന്നു എന്നും കാണാം. കേവലം ഗാന്ധിയുടെ അതിസാമർത്ഥ്യം കൊണ്ടൊന്നുമല്ല അംബേദ്കർ ഭരണഘടനാ നിർമ്മാണ സമിതി ചെയർമാനായത് എന്ന് അദ്ദേഹത്തിന്റെ സഭയിലെ ആദ്യ ഇടപെടൽ മുതൽ ശ്രദ്ധിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ.
അംബേദ്കർ ഭരണഘടനാ നിർമ്മാണ സമിതിയിൽ എത്തിയ ശ്രമകരമായ സംഭവത്തിന്റെ ചരിത്രം അറിഞ്ഞിരിക്കുന്നത് തന്നെ വലിയ ഒരളവോളമുള്ള തെറ്റിധാരണകൾ മാറ്റാൻ സഹായകമാകും എന്ന് തോന്നുന്നു. ഈ വിഷയത്തെക്കുറിച്ച് വളരെ നാളുകൾക്ക് മുമ്പ് മറ്റൊരു അവസരത്തിൽ Saji Cheramanഎഴുതിയ ഒരു പോസ്റ്റ് ചുവടെ
-----------------------------------------------
1946 മെയിലാണ് ക്യാബിനറ്റ് മിഷന്‍ ഭരണഘടന നിര്‍മ്മാണ സഭയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 1946 ജുലൈയിലായിരുന്നു തെരഞ്ഞെടുപ്പ്. ആകെ 389 അംഗങ്ങള്‍. 93 പേര്‍ നാട്ടു രാജ്യങ്ങളെ പ്രതിനിധികരിച്ച് തെരഞ്ഞെടുക്കപ്പെടും. ബാക്കി 296 അംഗങ്ങളെ തെരഞ്ഞെടുക്കാനാണ് ജൂലൈയില്‍ തെരഞ്ഞെടുപ്പ്. നിലവിലുള്ള പ്രവിശ്യ നിയമസഭാ അംഗങ്ങളാണ് വോട്ടര്‍മാര്‍. അംബേദ്‌കറടെ പാര്‍ട്ടിയായ അഖിലേന്ത്യാ പട്ടികജാതി ഫെഡറെഷന്‍ തൊട്ടു മുന്‍പ് നടന്ന പ്രവിശ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും മദിരാശിയില്‍ രണ്ട് സിറ്റിലും ബംഗാളില്‍ ഒരു സിറ്റിലും (അഖിലേന്ത്യാ പട്ടികജാതി ഫെഡറെഷന്‍ നേതാവായ ജോഗേന്ദ്രനാഥ മണ്ഡല്‍) മാത്രമാണ് വിജയിക്കാനായത്. 5 പ്രവിശ്യാ നിയമസഭാ അംഗങ്ങളുടെ വോട്ടു നേടിയാല്‍ മാത്രമേ ഒരാള്‍ ഭരണഘടന നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമായിരുന്നുള്ളൂ. "അംബേദ്‌കര്‍ക്ക് മുന്നില്‍ ഭരണഘടനാ നിര്‍മ്മാണ സഭയുടെ വാതിലുകള്‍ മാത്രമല്ല ജനാലകള്‍ കുടി അടഞ്ഞു കിടക്കുമെന്നാണ്" സര്‍ദാര്‍ പട്ടേല്‍ ഈയവസരത്തില്‍ പരസ്യമായി പ്രഖ്യാപിച്ചത്.
ജോഗേന്ദ്രനാഥ് മണ്ഡലിന്റെ നേത്യത്വത്തില്‍ അഖിലേന്ത്യാ പട്ടികജാതി ഫെഡറെഷന്റെ നേതാക്കള്‍ ബാബാസാഹെബിനെ ബംഗാളിലേക്ക് ക്ഷണിച്ചു കൊണ്ട് പോയി അവിടെ നിന്നും മത്സരിപ്പിക്കുകയായിരുന്നു. ബംഗാള്‍ പ്രവിശ്യാ നിയമസഭയില്‍ ആകെയുള്ള 250 അംഗങ്ങളില്‍ 30 പേര്‍ പട്ടികജാതിക്കരായിരുന്നു. 26 കോണ്ഗ്രസ്സ് പട്ടികജാതിക്കാര്‍, 3 സ്വതന്ത്ര പട്ടികജാതി അംഗങ്ങള്‍, അഖിലേന്ത്യാ പട്ടികജാതി ഫെഡറെഷന്റെ ഏക പ്രതിനിധിയായ ജോഗേന്ദ്രനാഥ് മണ്ടലും. അഖിലേന്ത്യാ പട്ടികജാതി ഫെഡറെഷന് നേതാക്കളും അതിന്റെ യുവജന വിഭാഗവും നടത്തിയ ഐതിഹാസികമായ ഒരു പോരാട്ടത്തിന്‍റെ ചരിത്രമാണ് പിന്നീട് അരങ്ങേറിയത്.
അംബേദ്കറെ പരാജയപ്പെടുത്തുന്നതിനായി കോണ്ഗ്രസിലെ പട്ടികജാതി എം എല്‍ എ മാര്‍ ബാബാസാഹെബിനു വോട്ടു ചെയ്യാതിരിക്കാനായും “മതേതരവാദികളായ” കോണ്ഗ്രസ്സ് രണ്ട് കാര്യങ്ങളാണ് ചെയ്തത്. 1. ഒരു പട്ടികാജതിക്കാരനെ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് കോണ്ഗ്രസ്സ് സ്ഥാനാര്‍ത്തിയാക്കി മത്സരിപ്പിച്ചു. 2. കോണ്ഗ്രസ്സ് എം എല്‍ എ മാര്‍ക്ക് വിപ്പ് നല്‍കി.
സ്വതന്ത്ര എം എല്‍ എയായ എന്‍ എന്‍ റായി തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അംബേദ്‌കര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു. അംബേദ്‌കര്‍ക്കു വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ച കോണ്ഗ്രസ്സ് പട്ടികജാതി എം എല്‍ എ ഗയാനാഥ്‌ ബിശ്വാസിനെ കൊണ്ഗ്രസ്സുകാര്‍ തട്ടി കൊണ്ട് പോയി. പക്ഷെ പിന്നീട് അദ്ദേഹത്തെ മോചിപ്പിച്ചു കൊണ്ട് വന്നു അംബേദ്‌കര്‍ക്ക് വോട്ടു ചെയ്യിച്ചു. സ്വതന്ത്ര പട്ടികജാതി എം എല്‍ എ ആയിരുന്ന മുകുന്ദ ബെഹാരി മുല്ലിക് തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് അംബേദ്‌കര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ജോഗേന്ദ്രനാഥ് മണ്ഡലിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഫലമായി കോണ്ഗ്രസ്സ് പട്ടികജാതി എം എല്‍ എ ദ്വാരിക നാഥ് ബറുയി അവസാന നിമിഷം അംബേദ്‌കര്‍ക്ക് വോട്ടു ചെയ്തു. കൊണ്ഗ്രസ്സുകരായ കേത്രോനാഥ് സിംഗാ, പട്ടികവര്ഗ്ഗക്കാരനായ ബിര്‍ ബിര്‍സ തെരഞ്ഞെടുപ്പ് തിയതിയില്‍ ബംഗാള്‍ പ്രവിശ്യാ നിയമസഭാ മന്ദിരത്തിനു മുന്നില്‍ അഖിലേന്ത്യാ പട്ടികജാതി ഫെഡറെഷന്റെ പ്രവര്‍ത്തകര്‍ നടത്തിയ ധീരമായ പ്രകടനത്തിന്റെ സ്വാധിനത്തില്‍ അംബേദ്‌കര്‍ക്ക് വോട്ടു ചെയ്തു.
വോട്ടെടുപ്പ് ദിവസം ആയിരകണക്കിന് അഖിലേന്ത്യാ പട്ടികജാതി ഫെഡറെഷന്റെ പ്രവര്ത്തകാരാണ് ബംഗാള്‍ പ്രവിശ്യാ നിയമസഭാ മന്ദിരത്തിനു മുന്നില്‍ തടിച്ചു കുടിയത്. കല്‍ക്കട്ടയില്‍ താമസിക്കുന്ന പഞാബിലെ അയിത്തജാതിക്കാരുടെ പോരാട്ട മികവ് അംബേദ്‌കരുടെ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു. അംബേദ്‌കറെ പിന്തുണച്ചതിന്റെ പേരില്‍ അവരില്‍ പലരും ആക്രമിക്കപ്പെട്ടു. അവരുടെ വിടുകള്‍ അഗ്നിക്കിരയാക്കപ്പെട്ടു. പക്ഷെ അതൊന്നും അവരുടെ പോരാട്ട മികവിനെ പിന്നോട്ടടിച്ചില്ല. തെരഞ്ഞെടുപ്പ് ദിവസം (ജൂലൈ 18നു ) ബാബാ ബുദ്ധ സിംഗ് മഹനാല്‍ ഊരി പിടിച്ച വാളുമായിട്ടാണ് ബംഗാള്‍ നിയമ സഭാ മന്ദിരത്തിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നത്. പഞ്ചാബിലേ അയിത്തജാതിക്കാരും, ബംഗാളിലെ നാമ സുദ്രരും നടത്തിയത് ഐതിഹാസികമായ പോരാട്ടമായിരുന്നു.
വോട്ടെണ്ണിയപ്പോള്‍ 5 വോട്ടുകള്‍ വേണ്ടിടത്ത് 7 വോട്ടുകള്‍ കരസ്ഥാമാക്കിയാണ് അംബേദ്‌കര്‍ വിജയിച്ചത്.
ഇവിടെ ജോഗേന്ദ്ര നാഥിന് മുസ്ലിം ലീഗിന്റെ സഹായം ലഭിച്ചിട്ടുണ്ട്, കൊണ്ഗ്രസ്സുകാര്‍ തട്ടി കൊണ്ട് പോയ ഗയാനാഥ് ബിശ്വാസിനെ മോചിപ്പിക്കാനും, ചില പട്ടികജാതി എം എല്‍ എ മാരെ അംബേദ്‌കര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുവാനും.
പക്ഷെ പിന്നീട് ഇന്ത്യാ പാകിസ്താന്‍ വിഭജന വേളയില്‍ അംബേദ്‌കര്‍ പ്രതിനിധികരിച്ചിരുന്ന ജോഷൂര്‍ കുല്‍നാ എന്നീ പട്ടികാജാതി ഭുരിപക്ഷ പ്രേദേശങ്ങള്‍ പാകിസ്ഥാന് വിട്ടു നല്‍കി അംബേദ്കറെ കോണ്ഗ്രസ് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്നും പുറത്താക്കുകയാനുണ്ടായത്.
ഇംഗ്ലണ്ടിലെ ഭരണ പ്രതിപക്ഷ നേതാക്കളുമായി അംബേദ്‌കര്‍ നടത്തിയ ഉജ്ജ്വലമായ നയതന്ത്രത്തിനോടുവിലാണ് വിണ്ടും അംബേദ്‌കര്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
എം ആര്‍ ജയാര്‍ക്കാര്‍ എന്ന കൊണ്ഗ്രസ്സുകാരന്‍ രാജിവെച്ച ഒഴിവില്‍ എതിരില്ലാതെ അംബേദ്‌കര്‍ വിണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതിനു കോണ്ഗ്രസ്സ് തന്നെ മുന്‍ കൈയെടുത്തു എന്നതാണ് രസകരമായ വസ്തുത. “ദേശിയ താല്പര്യത്തെ” മുന്‍ നിറുത്തിയാണ് കോണ്ഗ്രസ്സ് അങ്ങനെ പ്രവര്‍ത്തിച്ചത് എന്ന്‍ നമ്മുക്കങ്ങു വിശ്വസിക്കാം. പക്ഷെ 1947 ജൂലൈ 14നാണു അംബേദ്‌കര്‍ രണ്ടാമത് ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജുലൈ 15 നാണു ഇന്ത്യക്ക് അധികാര കൈമാറ്റം നടത്തുന്നതിനുള്ള തിയതി ബ്രിട്ടിഷ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഇത് ഒരു സുചനയായി കരുതാമെന്നാണ് ദാദാസാഹെബ് കാന്ഷിരാംജി നിരീക്ഷിച്ചത്.


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...