Thursday, August 10, 2017



-

 സാമൂഹിക പരിവര്‍ത്തനത്തിന്റെ ഉപാധിയും ആധുനിക തയിലേക്കുള്ള പ്രവേശന കവാടവുമായി ബാബാ സാഹേബ് അംബേദ്‌കര്‍ വിദ്യാഭ്യാസത്തെ വിലയിരുത്തുമ്പോള്‍, ലോകത്തിലെ അതി പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നും, ഡോ. ബി.ആര്‍. അംബേദ്‌കര്‍ മുതല്‍ കെ.ആര്‍.നാ രായണന്‍ വരെയുള്ള പ്രതിഭാധനര്‍ പഠിച്ചതുമായ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ കേരളത്തില്‍ നിന്ന് സ്വപ്രയ ത്നത്താല്‍ പഠിച്ച് മുന്നേറിയ, സവര്‍ണ്ണ സമൂഹം ആദിവാ സി എന്ന് മുദ്ര കുത്തിയ വിഭാഗത്തിലെ ബിനേഷ് ബാലന്‍ തന്റെ അനുഭവങ്ങള്‍ പങ്ക് വക്കുന്നു.---

                        Shanmughan Kannan Meloth




സാമൂഹിക പരിവര്‍ത്തനത്തിന്റെ ഉപാധിയും ആധുനികതയിലേക്കുള്ള പ്രവേശന കവാടവുമായി ബാബാ സാഹേബ് അംബേദ്‌കര്‍ വിദ്യാഭ്യാസത്തെ വിലയിരുത്തുമ്പോള്‍, ലോകത്തിലെ അതി പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നും, ഡോ. ബി.ആര്‍. അംബേദ്‌കര്‍ മുതല്‍ കെ.ആര്‍.നാരായണന്‍ വരെയുള്ള പ്രതിഭാധനര്‍ പഠിച്ചതുമായ  ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ കേരളത്തില്‍ നിന്ന് സ്വപ്രയത്നത്താല്‍ പഠിച്ച് മുന്നേറിയ, സവര്‍ണ്ണ സമൂഹം ആദിവാസി എന്ന് മുദ്ര കുത്തിയ വിഭാഗത്തിലെ ബിനേഷ് ബാലന്‍ തന്റെ  അനുഭവങ്ങള്‍ പങ്ക് വക്കുന്നു.



Q) കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത പ്രദേശമായ കൊളിച്ചാലിന്റെ ഗ്രാമീണതയില്‍ നിന്നും ലണ്ടനിലേക്കുള്ള സ്വപ്നം നേടി എടുക്കുമ്പോള്‍ മറ്റ് കുട്ടികളില്‍ നിന്ന് എത്ര മാത്രം വിഭിന്നമായിരുന്നു താങ്കളുടെ ബാല്യകാലം?

Ø  ഏതൊരു സാധാരണ കുട്ടിയുടേത് പോലെ തന്നെ ആയിരുന്നു എന്റെയും ബാല്യം. കുട്ടിക്കാലത്ത് പഠനത്തില്‍ അധികം ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല. എന്തെന്നാല്‍ വിദ്യാഭ്യാസമില്ലാത്ത കൂലി വേലകള്‍ ചെയ്ത് ഉപജീവനം നടത്തുന്ന എന്റെ മാതാപിതാക്കള്‍ക്ക് വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങള്‍ പറഞ്ഞു തരുവാനോ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉപദേശിക്കുവാനോ കഴിഞ്ഞിരുന്നില്ല. കുട്ടിക്കാലം മുതല്‍ തന്നെ ഉപജീവനമായിരുന്നു ലക്‌ഷ്യം. ചെറിയ പ്രായം മുതല്‍ തന്നെ ക്വാറി പണിയും വാര്‍ക്ക പണിയും ചെയ്തിരുന്നു.

Q) പിന്നീട് എങ്ങനെ ആണ് പഠനകാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തി തുടങ്ങിയത്?

Ø  പത്താം ക്ലാസ്സ്‌ മുതല്‍ കമ്പ്യുട്ടറിനോട് തോന്നിയ താല്പര്യം പ്ലസ്‌ ടുവിന് കൊമേഴ്സ്‌ (കമ്പ്യുട്ടര്‍ ആപ്ലികേഷന്‍) തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ചു. സാങ്കേതിക വിദ്യയിലുള്ള താല്പര്യം പിന്നീട് എന്നെ ബി.എസ്.സി. നെറ്റ്വര്‍കിംഗ് എന്ജിനിയറിങ്ങിലെക്ക് എത്തിച്ചു. അങ്ങനെ ബാംഗ്ലൂറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അഡ്മിഷന്‍ കിട്ടി. എന്നാല്‍ കോഴ്സ് ഫീസും ചിലവുമോക്കെ ആയി നാല് ലക്ഷം രൂപ വേണ്ടിയിരുന്നു. ഇടത് പക്ഷ അനുഭാവികളായിരുന്ന എന്റെ മാതാ പിതാക്കള്‍ അന്നത്തെ എം.പി. ആയിരുന്ന പി.കരുണാകരനോട് സഹായം അഭ്യര്‍ഥിച്ചു. അദ്ദേഹം അന്ന് അനുകൂലിച്ചുവെങ്കിലും, ഇതേ കോഴ്സ് നാട്ടില്‍ ഉണ്ടെന്നു പറഞ്ഞ് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ മൂലം ആ സ്വപ്നം വിഫലമാവുകയായിരുന്നു. എങ്കിലും സാങ്കേതിക വിദ്യയിലുള്ള താല്പര്യത്തെ നഷ്ടപ്പെടുത്താതെ മുന്നോട്ട് പോകുവാന്‍ ശ്രമിച്ചു.

Q) ഇത് പോലൊരു തടസ്സമാണല്ലോ ഇപ്പോള്‍ നീക്കി കിട്ടിയിരിക്കുന്നത്. ഇങ്ങനെ തുടര്‍ച്ചയായി നേരിടുന്ന ബ്ലോക്കുകളെ എങ്ങനെയാണ് നേരിടുന്നത്?

Ø  സമൂഹത്തില്‍ അധസ്ഥിതരെന്നു പഴിചാരി അകറ്റി നിര്ത്തപ്പെടുന്നവര്‍ക്ക് ഇത്തരം തടസ്സങ്ങള്‍ അവരുടെ ജീവിതച്ചര്യയുടെ ഭാഗമായി മാറിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം മറ്റുള്ളവര്‍ എത്രത്തോളം  നിരുല്‍സാഹപ്പെടുത്തുന്നുവോ അല്ലെങ്കില്‍ ഞാന്‍ എത്രത്തോളം  അടിച്ചമര്‍ത്തല്‍ അഭിമുഖീകരിക്കുന്നുവോ അതിനോത്ത  അതിജീവനത്തിനുള്ള ശക്തിയാര്‍ജിക്കുവാന്‍ സ്വായത്തനായി തീര്‍ന്നിട്ടുണ്ട്.
Q) സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷമുള്ള പഠന പാതകളെ പറ്റി വിവരിക്കാമോ?

Ø  സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം രാജപുരം സെന്റ്‌ പയസ് കോളേജില്‍ നിന്നും ബി.എ. ഡെവലപ്മെന്റ് ഇകണോമിക്സില്‍ ബിരുദം നേടി. ബിരുദ പഠന കാലത്ത് തന്നെ കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ എം.ബി.എക്ക് അഡ്മിഷന്‍ കിട്ടി. എം.ബി.എക്ക് റിസര്‍വേഷന്‍ സീറ്റില്‍ ആയിരുന്നു പ്രവേശനം ലഭിച്ചത്. അത് മൂലം പല അദ്ധ്യാപകരില്‍ നിന്നും വിവേചനം ഉണ്ടായിട്ടുണ്ട്. ആ കാലയിളവില്‍ ചെറുപ്പം മുതല്‍ ഉണ്ടായിരുന്ന സാങ്കേതിക വിദ്യയോടുള്ള അഭിനിവേശം കൊണ്ട് ഞാന്‍ എച്.റ്റി.എം.എന്‍.സി.എം.എസ്., ജാവ സ്ക്രിപ്റ്റ്, അഡോബ് ആഫ്റ്റര്‍ ഇഫക്റ്റ്, അഡോബ് പ്രീമിയര്‍ എന്നിവ യൂ ട്യുബ് വഴി പഠിച്ചെടുത്തു. കൂടാതെ ഗവേഷണങ്ങലോടുള്ള താല്പര്യം എന്നെ മാനവീക വിഷയങ്ങളിലേക്ക് ആകര്‍ഷിച്ചു. മദ്യപാനത്തോടുള്ള ആസക്തി കുറയ്ക്കാനുള്ള പരമ്പരാഗത മരുന്നിനെ കുറിച്ചുള്ള ഒരു റിസര്‍ച്ച് ജേര്‍ണല്‍ ഓഫ് മള്‍ട്ടി ഡിസിപ്ലിനറി സ്റ്റഡീസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Q) വിദേശ ഉപരിപഠനത്തിനു അവസരം നിഷേധിക്കപ്പെടുന്ന തരത്തില്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ അനുഭവം വിവരിക്കാമോ?

Ø  ആദ്യമായി ഞാന്‍ സെക്രട്ടറിയേറ്റില്‍ പോകുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച അപേക്ഷയുടെ സ്ഥിതി അറിയുവാനായിരുന്നു. അന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത് 5 ലക്ഷത്തില്‍ കൂടുതല്‍ തുക അനുവദിക്കുകയില്ലെന്നാണ്. അങ്ങനെ മേയ് മാസം സാമ്പത്തിക സഹായത്തിനായി നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാം എന്ന കത്ത് അയച്ച് ഉദ്യോഗസ്ഥര്‍ ആ ഫയല്‍ ക്ലോസ് ചെയ്തു. കാരണം ആരാഞ്ഞപ്പോള്‍ മുകളില്‍ നിന്നുള്ള ഉത്തരവാണ് എന്ന് പറഞ്ഞവര്‍ കയ്യൊഴിഞ്ഞു. ഇവരുടെ ഈ തരത്തിലുള്ള പെരുമാറ്റത്തില്‍ വളരെ മനം നൊന്താണ് മുഖ്യ മന്ത്രിക്കും എസ്.റ്റി. കമ്മിഷനും പരാതി നല്കിയത്. ഒപ്പം ഇതുമായി ബന്ധപ്പെട്ട് അന്നത്തെ പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയെയും ഇടത് പക്ഷ എം.എല്‍.എ സുനില്‍ കുമാറിനെയും കണ്ട് പുതിയ അപേക്ഷ നല്‍കി. ഫയല്‍ മന്ത്രിയുടെ നിര്‍ദേശ പ്രകാരം റീ ഓപ്പണ്‍ ചെയ്തപ്പോള്‍ മാനസീക സമ്മര്‍ദം ചെലുത്തി എന്നെ പിന്തിരിപ്പിക്കുവാന്‍ അവര്‍ ശ്രമിക്കാന്‍ തുടങ്ങി.പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത അളവില്‍ അവരെന്നെ മാനസികമായി തളര്ത്തുവാന്‍ പരിശ്രമിച്ചു. അവഹേളനവും പരിഹാസവും കേള്‍ക്കുന്നതിനേക്കാള്‍ ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്ന ചിന്തയിലേക്ക് വരെ എന്നെ കൊണ്ടെത്തിച്ചു. മുന്പ് ഇത് പോലെ വിദേശ ഉപരി പഠനം നടത്തുന്ന വിദ്യാര്‍ത്ഥിക്ക് ഇന്റര്‍ നാഷണല്‍ ബിസിനസ് എന്ന കോഴ്സിനു 20 ലക്ഷം രൂപ ഒരു മാസത്തില്‍ കൂടുതല്‍ വൈകാതെ ലഭിച്ചതും, എന്റെ ഫയലിന് തീരുമാനം എടുക്കുവാന്‍ ഒമ്പത് മാസമായിട്ടും ആ കുട്ടിയുടെ കാര്യത്തില്‍ കാണിച്ച താല്പര്യം കാണിക്കാത്തതെന്ത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, അവന്റെ അച്ഛനോ അമ്മയോ ഏതെങ്കിലും ഉദ്യോസ്ഥ പദവിയില്‍ ആയിരിക്കുമെന്നും അല്ലെങ്കില്‍ അവന് ഉദ്യോഗസ്ഥരെയോ മന്ത്രിമാരെയോ സ്വാധീനിക്കുവാന്‍ കഴിവുണ്ടായിരിക്കുമെന്നും ആണ്. എനിക്ക് അത് സാധിക്കാത്തത് എന്റെ കഴിവ് കേടാണെന്ന് വരെ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരിക്കല്‍ ഫയലിന്റെ സ്റ്റാറ്റസ് അന്വേഷിക്കുവാന്‍ ഉയര്‍ന്ന പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനെ കാണുവാന്‍ പോയപ്പോള്‍ സ്റ്റാറ്റസ് ഒക്കെ അവിടെ നില്‍ക്കട്ടെ, ഞാന്‍ സെക്ഷനില്‍ വിളിച്ച് അസഭ്യം പറഞ്ഞെന്നും മര്യാദകേടായി സംസാരിച്ചുവെന്നും പറഞ്ഞു അദ്ദേഹം തട്ടി കേറി. എന്നിട്ട് സെക്ഷന്‍ ഓഫീസറെ ക്യാബിനില്‍ വിളിപ്പിച്ച് രണ്ട് പേരും അര മണിക്കൂറോളം എന്നെ മാനസീകമായി തളര്‍ത്തി. എന്റെ വിദ്യാഭ്യാസ യോഗ്യത പോരെന്നും എനിക്ക് സംസ്കാരമില്ലെന്നും പറഞ്ഞായിരുന്നു കളിയാക്കല്‍. പുറത്ത് പറയാന്‍ മടിയുളവാക്കുന്ന നിരവധി അനുഭവങ്ങളിലൂടെ കടന്നു പോയി. അങ്ങനെ 2016 മെയ്‌ 12ന് നാഷണല്‍ ഓവര്‍സീസ്‌ സ്‌കോളര്ഷിപ്പിനുള്ള ഇന്റര്‍വ്യൂ കാര്‍ഡ്‌ കിട്ടി. അപ്പോഴാണ്‌ വീണ്ടും പ്രതീക്ഷകള്‍ ഉണര്‍ന്നത്. 2016 മേയ് 28ന് പ്രസിദ്ധീകരിച്ച റിസള്‍ട്ടില്‍ ഞാനും ഉണ്ടായിരുന്നു. പിന്നീട് ജൂലൈ 28ന് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ പ്രവേശനം ലഭിച്ചതായി ഈ മെയില്‍ വന്നു.

Q) ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ തീര്‍ച്ചയായും ഓരോ ദളിത്‌ വിദ്യാര്‍ത്ഥിയുടെ മനസ്സിനെയും അടിച്ചമര്‍ത്തലിനെ പ്രതിരോധിക്കുവാന്‍ തക്ക ഊര്‍ജ്ജമായി തീര്‍ത്തിട്ടുണ്ട്.

Ø  വളരെ ശരിയാണ്. രോഹിതിന്റെ വേര്പാടിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്, അടിച്ചമര്‍ത്തലിന്റെയും തിരസ്ക്കരണത്തിന്റെയും അഗാധതയില്‍ മുങ്ങി താഴുന്ന നമ്മുക്ക് / ദളിതര്‍ക്ക് ഇനിയും ജീവിക്കണമെന്ന / അതിജീവിക്കണമെന്ന സന്ദേശമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സെക്രട്ടെറിയെറ്റിലെ ഉദ്യോഗസ്ഥര്‍ മാനസികമായി തളര്‍ത്തിയ സമയത്ത് ഞാനും ആത്മഹത്യയെ പറ്റി ചിന്തിച്ചിരുന്നു. ആ സമയത്താണ് രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പും ലേഖനങ്ങളും വായിക്കുന്നത്. അദ്ധേഹത്തെ പോലൊരു റിസോഴ്സ് പേഴ്സണ് പൊതു  സമൂഹത്തിനും ദളിത്‌ സമൂഹത്തിനും നഷ്ട്ടപ്പെട്ടതിനാല്‍ ഇനി അങ്ങനെ സംഭവിച്ചു കൂടാ എന്ന് തീരുമാനിച്ചുറച്ചു.

Q) ജാതി വിവേചനത്താലുള്ള തടസ്സങ്ങളെ അതിജീവിക്കാന്‍ ബാബാ സാഹേബ് അംബേദ്‌കര്‍ എത്ര മാത്രം പ്രചോദനമായിടുണ്ട്?

Ø  തീര്‍ച്ചയായും ഡോ.ബി.ആര്‍.അംബേദ്കര്‍ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം. അദ്ധേഹത്തിന്റെ ജീവിതാനുഭവം ആണ് വിദേശ സര്‍വകലാശാലയില്‍ അന്ത്രോപോളജിയില്‍ അഡ്മിഷന്‍ നേടാന്‍ പ്രചോദനമായത്. അദ്ധേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും അദ്ധേഹത്തെ പറ്റിയുള്ള സിനിമയും എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. അദ്ധേഹത്തിന്റെ ആശയത്തെ പിന്‍പറ്റി തന്നെയാണ്‌ ദളിതര്‍ ഇന്ന് പ്രതികരിക്കുവാന്‍ തുടങ്ങിയിരിക്കുന്നത്.
Q) ഉയര്‍ന്നു വരുന്ന ദളിത്‌ സമൂഹത്തിലെ വിദ്യാര്‍ത്ഥികളോട് എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്?

Ø  ഒരു പാട് യാതനകളും മാനസീക സംഘര്ഷങ്ങളും അനുഭവിച്ചെങ്കില്‍ മാത്രമേ ദളിത്‌ വിദ്യാര്‍ത്ഥിക്ക് ജീവിതത്തില്‍ മുന്നേറുവാന്‍ സാധിക്കുകയുള്ളൂ എന്ന അവസ്ഥ വേദനാജനകമാണ്. എനിക്ക് പറയുവാനുള്ളത് വിദ്യാര്‍ത്ഥികള്‍ നല്ല ദീര്‍ഘവീക്ഷണത്തോടെയും മനോബലത്തോടെയും മുന്നോട്ട് പോവുക. എന്നേക്കാള്‍ കൂടുതല്‍ കഴിവുള്ള അനേകം വിദ്യാര്‍ത്ഥികള്‍ നമുക്കിടയില്‍ ഉണ്ട്. അവര്‍ക്ക് എന്നെക്കാള്‍ മുന്നില്‍ എത്തുവാന്‍ കഴിയുമെന്ന വിശ്വാസവും എനിക്കുണ്ട്. അതിനു പ്രതിസന്ധികളെ തരണം ചെയ്ത് അപകര്‍ഷതകളെയും അവഹേളനങ്ങളെയും ആത്മവിശ്വാസവും ഇച്ഛാശക്തിയും കൊണ്ട് പൊരുതി തോല്‍പ്പിച്ച് മുന്നേറണം.



 ഞങ്ങള്‍ ഒരിക്കല്‍ എന്നെന്നേക്കു മായി ഈചങ്ങലകള്‍ തകര്‍ക്കുമെന്ന ബാബാ സാഹേബ് അംബേദ്കറിന്റെ വാക്കുകളുടെ പ്രതിഫലനമായി ബിനേഷ് പുഞ്ചിരിയോടെ, ആത്മവിശ്വാസ ത്തോടെ ചുവടുകള്‍ മുന്നോട്ട് വയ്ക്കുമ്പോള്‍, ഏറ്റുവാങ്ങിയ പരിഹാസത്തെ  വെല്ലുന്ന മഹത് വ്യക്തിത്വമായുള്ള  മടങ്ങി വരവില്‍ അത് പങ്ക് വയ്ക്കാനുള്ള അവസരം ഈ തൂലികയ്ക്കും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. അദ്ദേഹം റെവന്യു മന്ത്രിയാല്‍ അനുമോദിക്കപ്പെടുന്ന വേദിയി ലേക്ക് നടന്നു തുടങ്ങി.

------------------------------------------------ 


അഭിമുഖ സംഭാഷണം നടത്തിയ അരുന്ധതി സിന്ധു.ആര്‍ കാസറഗോഡ് സ്വദേശിനിയായ അധ്യാപികയാണ് ആണ്.

                      [കടപ്പാട് ;ഇടനേരം ]

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...