Wednesday, August 16, 2017

Rejishankar

മോശപ്പാപ്പനെന്ന് 
നാട്ടിൽ വിളിപ്പേരുള്ള
 ചരദൻ ചാക്കോച്ചിയെന്ന
എന്റെ വല്യപ്പച്ചൻ.
ഏലയാസറെന്ന
വെടിക്കാരൻ ഐമുവിൻറെ
 നിഴലായിരുന്നു.
വന നിഗൂഢതയുടെ നിശബ്ദതയുടെ
അടിവാരങ്ങളിൽ രണ്ടു ശ്വാസങ്ങളായവർ 
ഇരുളിലങ്ങിങ്ങറിഞ്ഞു.

ചാകാത്ത, വാഴാത്ത ജീവിതങ്ങളെ 
ഇരുട്ടിന്റെ മറവിൽ വാരിക്കുട്ടി
ആരെയും പിരിച്ചുകാണാത്ത 
വന്യതയുടെ മടിയിലേക്ക് 
മലകയറി പോയപ്പോഴാണ്
ചരദൻ ചാക്കോച്ചി ;മോശയയായത്.
സമയത്തിൻറെ അടരുകളോരോന്ന്
വിണ്ടർന്നപ്പോൾ മോശപ്പാപ്പനായി. ;
ചരദൻ ചാക്കോച്ചിയെന്ന പേര്;
അതിപുരാതന കാലത്തെന്നോ
ഏതോ കൽമടക്കുള്ളിലെ കോറിവരക്കലായി.

മുള്ളരിങ്ങാട്ട്,
കുടിയും വെടിവെപ്പുമായി നടന്ന്
നാട്ടുകാരുടെ ഉറക്കം കെട്ടപ്പോൾ
മന്നാങ്കണ്ടത്തിൽ വന്ന്
തിരിഞ്ഞ് നോക്കിയ
വെടിക്കാരൻ ഏലയാസർ;
എരുമേലിക്കാരൻ മരക്കച്ചവടക്കാരൻ
പൂക്കോയയുടെ വെടിക്കും തടിക്കും
 ഉന്നമായി നടന്നു.
(അങ്ങനെയാണ് ഏലയാസർ ഐമുവാകുന്നത്. )
നിഴലായി വല്യപ്പച്ചനും.
അന്നൊക്കെ വല്യപ്പച്ചന് 
ചെവിയും മൂക്കും മാത്രമേ ഉണ്ടായിരുന്നുള്ളു. 
വേരുകളില്ലാത്തവർ
ആകാശത്തേക്ക് വളർന്നു തുടങ്ങിയ കാലത്ത്,
പൂക്കോയ മലയിറങ്ങിപ്പോയി. അതിന് 
മുമ്പേ;പാതിവനം കുന്നിറങ്ങിയിരുന്നു.

ഐമു പിന്നെ;
കാടാറുമാസംനാടാറുമാസം 
അവതാരലക്ഷ്യം തുടർന്നു. മോശപ്പാപ്പനും.
ഓരോരോ കിടിലൻ കഥകളുമായി
അവർ നാടിറങ്ങി തിരിച്ചുപോകും.
കണക്കില്ലാത്ത കാലങ്ങളായി
കാട് കാത്ത്സൂക്ഷിച്ച രഹസ്യങ്ങൾ
ചായക്കടയിലും ചാരായക്കടയിലും പതഞ്ഞ് പൊങ്ങി.
നിഗൂഢതയിലേക്ക് പേടിയില്ലാതിറങ്ങിപ്പോകുന്ന
ഐമുവിനെ പേടികലർന്ന
ആരാധനയിൽ പൊതിഞ്ഞ് 
വച്ചവർക്കിടയിലൂടെ
 അയാൾ നാട്ടിലില്ലാത്തപ്പോഴും
ചുറ്റിത്തിരിഞ്ഞു.

അക്കാലം,
നാട്ടിലെ മച്ചികളെല്ലാം പെറ്റു.
പുരുഷനെയറിയാത്ത കന്യകമാരും.

അന്ന്
കാടിറങ്ങി വന്നത് നടുക്കുന്ന
കഥയുമായാണ്.
ശരീരമാസകലം പരിക്കുമായിവന്ന<br>
ഐമു സകല
രേയും നടുക്കി.
മുന്നിൽ വീണ വെടിയിറച്ചിയാരും കണ്ടില്ല. 
ചുരുളഴിഞ്ഞ  ഐമുവിൻറെ മൗനം 
അവർക്കിടയിൽ പത്തിവിരിച്ചു നിന്നു.
കരിങ്കോളി!!
കഥകളിൽ കേട്ട വലിയ പാമ്പ്.
തലയിൽ കോഴിപ്പൂവുള്ള
കറുത്ത ഭീകരൻ.
ഞൊടിയിൽ എവിടെയും പറന്നെത്തുന്നവൻ. 
ഇണയെ വെടിവെച്ചിട്ട
ഐമുവിൻറെ പിന്നാലെ പാഞ്ഞ കരിങ്കോളിയെ
അകക്കണ്ണിൽക്കണ്ടവർ വീട്ടിലേക്ക്പാഞ്ഞു.

അക്കാലം
വല്യപ്പച്ചൻ  വീട്ടിൽ നിന്നും
പുറത്തിറങ്ങിയതേയില്ല.
മിണ്ടാട്ടത്തിൻറെ റേഷനും തീർന്ന്,
കണ്ണും തുറിച്ചങ്ങനെയിരുന്നു.
 ഓരോ പത്ത് നിമിഷവും
 പാവാടക്കാരിയിയായ 
മേരിയാൻറിയെ വന്ന് നോക്കും. 
തോണ്ടയിൽനിന്നും
മൂക്കിലേക്കെത്തുന്ന മൂളലുകൾ 
കറുകറെ പുറത്ത് വരും.

 വല്യപ്പച്ചൻ
ആരെയോ കാത്തിരിക്കുമ്പോലെ
ഉറങ്ങാതിരുന്നു.
ഓരോ ഇലയനക്കങ്ങളിലേക്കും 
കണ്ണുകൾ കൂട്ടിപ്പിരിച്ച് നീട്ടി. 
തുണിയുരിഞ്ഞ് വച്ച്,
യാമങ്ങൾ കടവിറങ്ങുമ്പോൾ
കണ്ണൂകുടഞ്ഞ വല്യമ്മച്ചി
" ഒടേതമ്പുരാൻറ അനിച്ച "യെന്ന് കരഞ്ഞു. 

വല്യമ്മച്ചീടെ കൂടെ വന്ന
പ്രാർത്ഥനാവരമുള്ള ഉപദേശിമാർ
ലെഗ്യോനെക്കണ്ട് ഭയന്നോടിപ്പോയി.
 വല്യമ്മച്ചി പെരക്ക് ചുറ്റും
 പ്രാകിക്കരഞ്ഞ് നടന്നു.

ഉറക്കം നഷ്ടപ്പെട്ട രാപ്പകലുകളിലൂടെ<
കരിങ്കോളി പ്രതികാര
 ദാഹവുമായി അദൃശ്യമായി
പുളച്ച് നടന്നു.

കുഞ്ഞിട്ടിപ്പറയനെന്ന്
പൊലയാടിമക്കളുടെ പൊടിപ്പുകൾ പോലും 
വിളിച്ചുവന്ന ഇട്ടിച്ചാൻ
 വല്യപ്പച്ചൻറെ കൂട്ടുകാരനായിരുന്നു. 
മൂത്തമകൾക്ക്
അവിഹിത ഗർഭം മരണവാറണ്ടായത് മുതൽ
ഇട്ടിഛ്ചാനൊരു ഇരുമ്പുതൂണായി.
ഉറങ്ങാതെ വീടിന്  രാപ്പകൽ കാവലിരുന്നെങ്കിലും
ഇതിനോടകം അനേകം പെണ്ണുങ്ങളേപ്പോലെ
 ഇളയമകൾ
മേലുപോയോ കീപോയോന്നറിയാതെ
നാടന്തിച്ചു നിന്നു. 
കരിങ്കോളി ഒരു യാഥാർഥ്യമായന്ന്
 ഐമുവിൻറ 
പരിക്കോടെ നാട്ടുകാർക്ക് 
ബോദ്ധ്യമായി.
പക്ഷേ;
ഗർഭങ്ങൾ പിന്നെയും 
ചോദ്യചാചിഹ്നമായി.

കരിങ്കോളി;
ഭയത്തിൻറ കരിമേഘമായ് നിൽക്കുമ്പോഴാണ്
 കൊച്ചുവർക്കി
കാലുകുത്തുന്നത്.
കുഞ്ഞിട്ടിച്ചാൻറേയും വല്യപ്പച്ചൻറേയും 
നാട്ടുകാരനും പേരുകേട്ട നായാട്ട്കാരനും.
സായ്പിൻറെ പട്ടാളംവിട്ട്  കാട്കയറിയവൻ. 
ആനാം വെള്ളം
വീണു ഉയിർത്തവരിൽ ഒരു വൻ.

കരിങ്കോളിയും തിരോധാനവും
ദിവ്യ ഗർഭങ്ങളും കൊച്ചുവർക്കിയെ തീണ്ടിയില്ല.
പെണ്ണി നെ കാണാതായതിന് ഏഴാംപക്കം 
പതാലിലേക്കൊരു വാക്കത്തിയുമായി ഇറപ്പോയ
ഇട്ടിച്ചാൻ പിന്നെ തിരികെ വന്നില്ല.

 കവലയിലേക്ക് ചോരയിൽ കുളിച്ച്  
 ഓടിക്കതച്ചെത്തീയ ഐമു
വീണ്ടുമൊരിടിത്തീയായ്.
" ഇട്ടിയെ കൊണ്ടോയി,
ഒന്നും ചെയ്യാമ്പറ്റീല്ല. "
സീതികാക്ക നീട്ടിയ 
നാരങ്ങാവെള്ളം കുടിച്ച് 
ഐമു നടന്നു പോയി.

എഴുന്നേറ്റുവന്നകൊച്ചുവർക്കി 
ഐമുപോയ ദിക്കിലേക്ക് നോക്കി നിന്നു.
പിന്നെ  തിരിഞ്ഞ് പുരുഷാരത്തെയും.
അയാളുടെ കണ്ണിൽ നിന്നും
വെയിൽ പെയ്യുന്നത്
മീങ്കാരി മറിയ മാത്രം കണ്ടു !

അന്തം വിട്ട വേനലിൽ
അന്ന് രാത്രി
ഇടവപ്പാതിപോലെ മഴപെയ്തു.
ഇണപിരിയുന്ന കരിനാഗങ്ങളേപ്പോലെ
 മഴനാരുകൾ ഇടിമിന്നലിൽ
തെളിഞ്ഞ് മറഞ്ഞു കൊണ്ടിരുന്നു.
വല്യമ്മച്ചി പേടിച്ച് വിറച്ച്
 വേദപുസ്തകം നെഞ്ചിലമർത്തി.
മക്കളോടോട്ടിക്കിടന്നു.

എന്നാലോ;
അന്നത്തെ രാത്രി വല്യപ്പച്ചൻ
ശാന്തമായറങ്ങുകയാണ്. 
വല്യമ്മച്ചിയത് കൂർക്കം വലിയി ൽനിന്നും
തിരിച്ചറിഞ്ഞു.

അടുത്തെവിടെനിന്നോ.
പാതിരാക്കോഴി ചതഞ്ഞ് കൂവി.
പതുക്കെ; ആ ദേശത്ത് പരിചിതമല്ലാത്ത 
ഏതോ പൂവിൻറെ സുഗന്ധം വന്നു നിറഞ്ഞു.
 മഴയുടെ കട്ടി കുറഞ്ഞു
ഇറവാലത്തെ കലങ്ങളിൽ വീണ
മഴത്തുള്ളി ചിണുങ്ങലിനും മീതെ
പരിചയമുള്ള പലയൊച്ചകൾ വന്നേങ്ങലടിച്ചു.

 പെട്ടെന്ന്;
"ചാക്കോച്ചീ "യെന്നൊരു വിളി
ഇടിയൊച്ചക്കൊപ്പം മുഴങ്ങി.
കേൾക്കാനിരുന്നപോലെ
ചാടിയേറ്റ വല്യപ്പച്ചൻ.
അവർക്കരുകിൽ  വന്നിരൂന്നു.
  നെഞ്ചിൽ ചേർത്ത് വച്ച വലംകൈ
 വല്യമ്മച്ചിയുടെ നെഞ്ചിൽ വച്ചു. പിന്നെ
കാന്തവലയത്തിൽ കുടുങ്ങിയപോലെ
 പുറത്തേക്ക് നടന്നു.

 പിടഞ്ഞെണീറ്റ
വല്യമ്മച്ചീടെ കാൽ
വാതിൽ കടന്നില്ല.
 വിളിക്കാൻ ഒച്ച പൊങ്ങീല്ല.
പെട്ടെന്ന് വെട്ടിയ മിന്നലിൽ കണ്ടു;
മുറ്റത്തിനപ്പുറത്ത് വഴിയിൽ
കരിവീട്ടിപോലെ കൊച്ചുവർക്കി.!
അയാൾക്കപ്പോൾ കൊന്നത്തെങ്ങിൻറെ
 വലുപ്പമുണ്ടായിരുന്നു.



പിന്നെ;
ആരും കണ്ടില്ല
കണ്ടില്ലഐമുവിനേയും.

നാപ്പത്തൊന്നാം നാൾ സന്ധ്യക്ക്; 
 വല്യമ്മച്ചീടെ മുന്നിലൊരാൾ
 മണ്ണെണ്ണ മേടിച്ച്
തിരിച്ച് വരുമ്പോൾ
സ്വരാജിൽനിന്നിറങ്ങി വന്നു.
  വല്യമ്മച്ചീടെ കയ്യിൽ കൊടുത്ത
വിലാസത്തിൽ വല്യപ്പച്ചൻ.
പിടഞ്ഞ്പോയ വല്യമ്മച്ചിയോടയാൾ പറഞ്ഞു
" കത്ത്കിട്ടാൻ വൈകി;
പിറവത്ത്ന്നാ... കൊച്ചു വർക്കി.."
""""""""" """"""    """::"""""""""""""
എൻറെ
എൻറെ മൂത്തമകൾ വയസ്സറിയിച്ചയന്ന്
വർഷങ്ങളായി പുറത്തക്ക് വരാറില്ലാത്ത വല്യമ്മച്ചി
 തിണ്ണയിലീരുന്ന എന്റെടുത്ത് വന്ന്
വന്ന്ചെവിയിൽ പറഞ്ഞു :
" കരിങ്കോളി ഒരു മായാവി സർപ്പമല്ല!! '

അപ്പോൾ; 
ഇരുട്ടിൽ കൊച്ചുവർക്കിയിലേക്കിറങ്ങിപ്പോകുന്ന
വല്യപ്പച്ചനെ ഞാൻ  കണ്ടു

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...