Saturday, August 26, 2017



വെയിലുകൊണ്ടു
കറുത്തുപോയെന്നു 
നെറ്റി തലോടുന്നു രാത്രിയെ
വെളിച്ചത്തെഴുത്തിനിരുത്തിയ
തിനുരുട്ടില്ലന്നു കരഞ്ഞു
നിലാവിൻറെ സ്ളേറ്റിലെഴുതിയ
ഹൃദയം തെളിയാതെ
ചകോരം കുറുകി
മനസ്സു
പുലർന്നു .
റേഡിയോ പൂട്ടി
തകരവാതിലിനുകൊളുത്തിട്ടു
വീടുമടുക്കളയും
വാരിക്കെട്ടിയ ബാഗുമെടുത്തു
നടന്നു തിന്നുകൊണ്ടും
തനിയെ
പറഞ്ഞുകൊണ്ടും
വൈകിയതിനു
തയ്യൽക്കടയിലൊരു
മിഷ്യൻ കാലുകഴച്ചു
കുമ്പിട്ടുനിന്നു.
എത്ര തയ്ച്ചിട്ടും
മറുകരതുന്നിത്തീരാതെ
സഞ്ചിയുംനെഞ്ചുമഴിഞ്ഞു
വെന്തുപോകാതെസന്ധ്യ
തിളയ്ക്കുന്ന
ബസ്സിൽ
ഊരിയിറങ്ങി
നടന്നോടിയൊരുകിടുകിടുപ്പു
മക്കളെയെന്നൊരു
വള്ളിചെരിപ്പൂരിയിടുന്നൊറ്റ
മുറിയുള്ള
രാത്രി .
കണ്ണടുപ്പു
പുകഞ്ഞു നീറി
മൂക്കിൻതുമ്പിൽ
നിന്നൊരുതുള്ളിവിയർപ്പിറ്റു
വീണു,രക്തമെണ്ണയിറ്റിച്ച
മീൻകറി കൂട്ടി
പാതിയുറക്കത്തിനുവാരി
ക്കൊടുത്തു,കഴുകിത്തുട
ച്ചൊരുമിച്ചിരിട്ടുകെട്ടിപ്പിടിച്ചു
ഓർമ്മകൾകുപ്പിച്ചില്ലു
കടിച്ചുചവച്ചിറക്കുന്നവിഞ്ഞ
പായ,വെളുക്കുംവരെ
കീറത്തുണി ചങ്കിൽ
വെട്ടിയുംതുന്നിയും
കണ്ണുമിഴിച്ച
സൂചിയും
നൂലും

No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...